കേരള സംസ്ഥാനം ഉടലെടുത്തശേഷമുള്ള അതിപ്രധാനമായ തെരഞ്ഞെടുപ്പാണ് ഏപ്രില്‍ 13ന് നടന്നത്. പതിമൂന്നാം നിയമസഭ തെരഞ്ഞെടുപ്പ് പ്രധാന സംഭവമായത് അതിനെ ചൂഴ്ന്നുനില്‍ക്കുന്ന രാഷ്ട്രീയംകൊണ്ടാണ്. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതൃമുന്നണികള്‍ തമ്മിലുള്ള ബലാബലമാണ് പൊതുവില്‍ ഇവിടുത്തെ ബാലറ്റ് അങ്കം. കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നത് 54 വര്‍ഷംമുമ്പാണ്. ആ സര്‍ക്കാരിനെ മറിച്ചിട്ട്, എല്ലാ ജാതിമത വര്‍ഗീയശക്തികളുമായി കൂട്ടുകൂടി കോണ്‍ഗ്രസ് നേതൃത്വത്തിലോ അതിന്റെ പിന്തുണയാലോ കൂട്ടുകക്ഷിഭരണത്തിന് തുടക്കംകുറിച്ചത് 51 ആണ്ട് മുമ്പ്. ഇതിനകം നടന്ന 12 നിയമസഭാ തെരഞ്ഞടുപ്പിലും കമ്യൂണിസ്റ്റ് നേതൃഭരണം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിക്കുന്ന പോരാട്ടമായേക്കും ഇത്തവണത്തേത് എന്ന പ്രതീക്ഷ വോട്ടെടുപ്പിനുമുമ്പേ പടര്‍ന്ന അന്തരീക്ഷത്തിലാണ് മെയ് 13ന്റെ ഫലത്തിനായി നാട് കാത്തിരിക്കുന്നത്.
ജനവിധിയെ സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ നല്ലതോതില്‍ ഇടപെട്ടു. 2006ലെ നിയമസഭ, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളേക്കാള്‍ കനത്ത പോളിങ്- 75.12 ശതമാനം- ഉണ്ടായതില്‍ മാധ്യമങ്ങളുടെ ക്രിയാത്മക പങ്കുണ്ട്; മുന്നണികളുടെയും പാര്‍ടികളുടെയും നേതൃത്വത്തില്‍ നടന്ന ചൂടേറിയ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, പോളിങ് കനത്തതാക്കുന്നില്‍മാത്രം മാധ്യമദൌത്യം ഒതുങ്ങുന്നില്ല. ജനഹിതത്തെ ചാലുകീറി ഒഴുക്കുന്നതില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഇടപെട്ടു; ജനഹിതത്തെ വഴിതെറ്റിക്കാന്‍.
1957ല്‍ ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്രങ്ങളും സര്‍ക്കാര്‍ റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ മാധ്യമങ്ങളായി. അന്ന് പന്ത്രണ്ടായിരത്തില്‍ താഴെയായിരുന്നു പത്രങ്ങളുടെ ആകെ സര്‍ക്കുലേഷന്‍. എന്നാല്‍, വിമോചനസമരംമുതല്‍ സര്‍ക്കുലേഷന്‍ വര്‍ധിച്ചു. 25,000ല്‍ എത്തി. 13-ാം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ, അച്ചടി-ശ്രവ്യ മാധ്യമങ്ങളില്‍ മാത്രമായി മാധ്യമമേഖല ഒതുങ്ങുന്നില്ല. 11 ടിവി ചാനലുകളാണ് കേരളത്തില്‍. ഒരു വ്യാഴവട്ടം പിന്നിടുന്ന ദൃശ്യവാര്‍ത്താലോകം 40 ലക്ഷം കുടുംബത്തില്‍ എത്തുന്നുണ്ട്. അരനൂറ്റാണ്ടിനുള്ളില്‍ അച്ചടിമാധ്യമം സംഘടിത വ്യവസായമാവുകയും 35 ലക്ഷത്തോളമായി പത്രസര്‍ക്കുലേഷന്‍ വളരുകയുംചെയ്തു. ഇതിനെല്ലാം പുറമെ ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, ബ്ളോഗ് തുടങ്ങിയ നവമാധ്യമ ശൃംഖല വേറെ. ഇ എം എസ് നയിച്ച ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴത്തിറക്കാന്‍ എണ്ണയും തിരിയുമായ വിമോചനസമര മാധ്യമരാഷ്ട്രീയം വലിയൊരു പങ്ക് മാധ്യമങ്ങള്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് ഈ തെരഞ്ഞെടുപ്പ് കാലഘട്ടം തെളിയിച്ചു. പക്ഷേ, ഇന്നലെവരെ വലതുപക്ഷത്തായിരുന്ന ചില മാധ്യമങ്ങള്‍ ചായ്‌വ് ഉപേക്ഷിച്ചില്ലെങ്കിലും ഇടതുപക്ഷ വിരോധം പഴയതുപോലെ പ്രകടിപ്പിക്കുന്നതില്‍ നിയന്ത്രണം പാലിക്കുകയോ അയവുകാട്ടുകയോ ചെയ്തു. എന്നാല്‍, വലതുപക്ഷത്തെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രഖ്യാപിത രാഷ്ടീയനിലപാട് ആവര്‍ത്തിച്ചു. 750 കോപ്പിമാത്രമുണ്ടായിരുന്ന മനോരമ 15 ലക്ഷത്തില്‍ എത്തിയിട്ടും പുള്ളിപ്പുലിയുടെ പുള്ളി മായാത്തതുപോലെ കമ്യൂണിസ്റ്റ് വിരുദ്ധത ആവര്‍ത്തിച്ചു തെളിയിച്ചു. മാതൃഭൂമിയാകട്ടെ, അവരുടെ 10 ലക്ഷം കോപ്പിയില്‍ മഷിപുരട്ടിയത് മനോരമയുമായി മത്സരിച്ച് വാര്‍ത്തയിലും ഫീച്ചറിലും മാത്രമല്ല, കാര്‍ട്ടൂണിലടക്കം യുഡിഎഫ് ഭക്തി സാക്ഷ്യപ്പെടുത്തിയാണ്. ഏഷ്യാനെറ്റ്, മനോരമ ന്യൂസ് തുടങ്ങിയ ചാനലുകള്‍ മനോരമ-മാതൃഭൂമിയാദി അച്ചടിമാധ്യമങ്ങളുടെ വഴിയില്‍ സഞ്ചരിക്കുകയോ ചിലപ്പോള്‍ അവയെ നയിക്കുകയോ ചെയ്തു. ഇങ്ങനെ യുഡിഎഫ് അനുകൂല രാഷ്ട്രീയ കൂട്ടുകെട്ട് തെരഞ്ഞെടുപ്പുകാലത്ത് അച്ചടി-ദൃശ്യമാധ്യമ ആകാശത്തും ഭൂമിയിലും പൂത്തുലഞ്ഞു.
ആറുപതിറ്റാണ്ടിനുമുമ്പുതന്നെ സംഘടിത വ്യവസായമായി മാറിയ മലയാള മാധ്യമരംഗം ഉപഗ്രഹചാനല്‍ വന്നതോടെ കൂടുതല്‍ മത്സരാധിഷ്ഠിതമായി. ഇതിലൂടെ വാര്‍ത്തയുടെ ജനാധിപത്യാംശത്തെ ശക്തിപ്പെടുത്തിയെന്നാണ് സങ്കല്‍പ്പം; ഒരു സംഭവവും മൂടിവയ്ക്കാനാകാത്ത വിധമുള്ള ജനാധിപത്യവല്‍ക്കരണമെന്ന്. പക്ഷേ, അച്ചടിമഷിയുടെ കറുപ്പും ദൃശ്യവാര്‍ത്തയുടെ ബഹുവര്‍ണവും സഹവര്‍ത്തിച്ച് ജനാധിപത്യവല്‍ക്കരണം കൂടുതല്‍ വലതുപക്ഷമാധ്യമവല്‍ക്കരണമായി. ഇതിലൂടെ വാര്‍ത്തയുടെ തമസ്കരണമോ നിസാരവല്‍ക്കരണമോ ഉണ്ടായി. ചിലപ്പോള്‍ പര്‍വതീകരണവും. അതാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ പൊതുവില്‍ കൈകാര്യംചെയ്ത രീതി നോക്കിയാല്‍ തെളിയുന്നത്. മനോരമയും മാതൃഭൂമിയും കച്ചവടകാര്യത്തില്‍ ബദ്ധവൈരികളാണ്. അതുപോലെ ഏഷ്യാനെറ്റും മനോരമ ന്യൂസും. പക്ഷേ, ഇവരെല്ലാം എല്‍ഡിഎഫിനെ ഇകഴ്ത്തുന്നതിനും യുഡിഎഫിനെ തുണയ്ക്കുന്നതിനും യോജിച്ചു. ഇതിലൂടെ ശ്രീനാരായണപ്രസ്ഥാനത്തിന്റെ കാലംമുതല്‍ ഇവിടെ രൂപംകൊണ്ടതും പിന്നീട് കാലാകാലങ്ങളായി ശക്തിപ്പെട്ടതുമായ പൌരസമൂഹത്തിന്റെ സിരാപടലങ്ങളില്‍ വാര്‍ത്താവിഷം കുത്തിവയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് വിജയിക്കേണ്ടത് യുഡിഎഫുമായി പോരാടിക്കൊണ്ടുമാത്രമല്ല, അവരുടെ കോട്ടിട്ടമാധ്യമസ്ഥാപനങ്ങളെയും കടന്നുവേണമെന്നു വരുന്നത് ഇതിനാലാണ്.
തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ മാധ്യമരംഗത്ത് അലയടിക്കുന്ന വിശ്വാസദുരുപയോഗത്തിന്റെ തരംഗം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ തോതിലില്ല. നിഷ്പക്ഷം എന്ന മാധ്യമലേബല്‍, അതിന്മേലുള്ള ഒരു വിഭാഗം വായനക്കാരുടെയോ കാഴ്ചക്കാരുടെയോ വിശ്വാസമോ ധാരണയോ വലിയതോതില്‍ ചൂഷണംചെയ്താണ് യുഡിഎഫ് അനുകൂല രാഷ്ട്രീയദൌത്യം ഇവര്‍ നിറവേറ്റിയത്. മുമ്പും വലതുപക്ഷമാധ്യമങ്ങള്‍ വിശ്വാസദുരുപയോഗം സമര്‍ഥമായി നടത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കുറി കടുംവെട്ടായി. തെരഞ്ഞെടുപ്പ് വെറുമൊരു ബാലറ്റ് യന്ത്രത്തിന്റെ ബട്ടനമര്‍ത്തലല്ല. ഒരു രാഷ്ട്രീയയുദ്ധവും വര്‍ഗസമരത്തിന്റെ പ്രകടഭാഗവുമാണ്. അടുത്ത അഞ്ചാണ്ടില്‍ സംസ്ഥാനം ഏതുമുന്നണി ഭരിക്കണം എന്നത് വലിയൊരു രാഷ്ട്രീയസംവാദത്തിന്റെ അവസാനം വോട്ടര്‍മാര്‍ നിര്‍ണയിക്കേണ്ട ഗൌരവമാര്‍ന്ന കാര്യമാണ്. കേരളം ഒറ്റപ്പെട്ട ഒരു ദ്വീപല്ലാത്തതിനാലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണെന്നതിനാലും ദേശീയരാഷ്ടീയവും അതിനെ സ്വാധീനിക്കുന്ന സാര്‍വദേശീയ സംഭവവികാസങ്ങളും സംസ്ഥാന വിഷയത്തോടൊപ്പമുണ്ട്. ആ അര്‍ഥത്തിലാണ് മൂന്ന് ഭരണങ്ങളുടെ ഹിതപരിശോധനയായി നിയമസഭാ തെരഞ്ഞെടുപ്പിനെ കണ്ടത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ മുന്‍ യുഡിഎഫ് ഭരണവുമായും കേന്ദ്രഭരണവുമായും താരതമ്യംചെയ്ത് വോട്ടുചെയ്യാനുള്ള അവസരം. ഈ രാഷ്ട്രീയം ഫലപ്രദമായി അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്തിയ ദേശീയ-സംസ്ഥാന നേതാക്കള്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ യത്നിച്ചു. എല്‍ഡിഎഫ് ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകും, വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം വന്ന വഴി, പി ശശിയെപ്പറ്റിയുള്ള പാര്‍ടി അന്വേഷണം തുടങ്ങിയ താരതമേന്യ അപ്രധാനമായ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്തസമ്മേളനങ്ങളെ സമീപിക്കുകയും അക്കാര്യങ്ങളില്‍ മാത്രമായി റിപ്പോര്‍ട്ടുകള്‍ ഒതുക്കുകയും ചെയ്തു. വോട്ടര്‍ അറിയേണ്ട കാര്യങ്ങള്‍ അവരില്‍നിന്ന് മറച്ചുപിടിക്കാനും ശ്രമിച്ചു.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനപത്രികയിലെ വര്‍ഗവ്യത്യാസവും സാമ്പത്തികനയത്തിലെ വേര്‍തിരിവും പ്രധാനമാണ്. ഇത് പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, സുധാകര്‍ റെഡ്ഡി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, അത് മേല്‍പറഞ്ഞ മാധ്യമങ്ങള്‍ തമസ്കരിച്ചു. പകരം തെരഞ്ഞെടുപ്പ് അജന്‍ഡ യുഡിഎഫിനുവേണ്ടി മനോരമ-മാതൃഭൂമിയാദികള്‍ നിര്‍മിച്ചു. അതിന് അടിസ്ഥാന പ്രമാണമായി ചില മാധ്യമ കല്‍പ്പനകള്‍ അവര്‍ രൂപപ്പെടുത്തി. ഇടതുപക്ഷം മോശം, ഇടതുഭരണം എല്ലായിടത്തും മോശം, കേരളരക്ഷയ്ക്ക് യുഡിഎഫ് വരണം- ഈ കല്‍പ്പനകള്‍ നടപ്പാക്കാനുള്ള മുദ്രാവാക്യങ്ങള്‍ക്ക് അവര്‍ രൂപം നല്‍കി. അങ്ങനെ 'മ' മാധ്യമം ആദ്യം ചിന്തിച്ചു, എ കെ ആന്റണി പിന്നെ ചിന്തിച്ചു എന്നതായി ശൈലി.
രണ്ടാം ബംഗാളായാല്‍ കേരളത്തിന് സര്‍വനാശം എന്ന മുദ്രാവാക്യം യുഡിഎഫ് പ്രചാരണം നയിച്ച ആന്റണി ആദ്യവസാനം മുഴക്കി. ഇത് മനോരമ-മാതൃഭൂമിയാദികളുടെ മൂശയില്‍ വാര്‍ത്തതാണ്. ബംഗാളിനെതിരെ ലേഖനപരമ്പര മനോരമ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാര്‍ച്ച് ഒന്നിനുമുമ്പേ പ്രസിദ്ധീകരിച്ചു. മാതൃഭൂമിയാകട്ടെ, അവരെ കടത്തിവെട്ടാന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രനെ വംഗനാട്ടിലയച്ച് ഒരാഴ്ചത്തെ കമ്യൂണിസ്റ്റ്വിരുദ്ധ ബംഗാള്‍ വിഭവം നിറച്ച് മുഖപ്രസംഗ പേജിനെ അലംകൃതമാക്കി. 34 വര്‍ഷത്തെ ഇടതുഭരണം ബംഗാളിനെ തകര്‍ത്തുവെന്ന് സ്ഥാപിക്കാനുള്ള സത്യസന്ധമല്ലാത്ത അഭ്യാസമായിരുന്നു രാജേന്ദ്രന്റെ പരമ്പര. ബംഗാള്‍ എന്തുനേടി എന്നതിന്റെ നാലാം അധ്യായം അവസാനിക്കുന്നത് ഭരണ ആസ്ഥാനമായ കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങ്ങിലെ കാഴ്ചയിലാണ്. 'മന്ത്രിമാര്‍ കോഴ വാങ്ങാറില്ലായിരിക്കാം. പക്ഷേ, ഉദ്യോഗസ്ഥര്‍ അതിലൊട്ടും മുടക്കം വരുത്താറില്ല' എന്ന അനുഭവവാചകം ചേര്‍ത്താണ്്. 34 വര്‍ഷത്തെ ഇടതുഭരണത്തില്‍ മന്ത്രിമാരെല്ലാം കൈക്കൂലിക്കാരല്ലാത്തവരെന്നത്, കേന്ദ്രത്തിലെയും മുന്‍ യുഡിഎഫ് ഭരണത്തിലെയും മന്ത്രിമാര്‍ അഴിയെണ്ണുമ്പോള്‍ എത്രമാത്രം സവിശേഷതയുള്ളതാണ്. അതുപോലും മറച്ചുവച്ച് ബംഗാളിനെപ്പറ്റി ഏറ്റവും മോശവും ഭീതിജനകവുമായ ചിത്രം മാതൃഭൂമി വരച്ചു. 1977ല്‍ കോണ്‍ഗ്രസിന് എതിരെ ജനവിധി നേടി മുഖ്യമന്ത്രിയായ ജ്യോതിബസു പിന്നീട് കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് അധികാരത്തില്‍ തുടര്‍ന്നുവെന്ന് സ്ഥാപിക്കാന്‍പോലും ശ്രമിച്ചു. അതിനുവേണ്ടി 34 വര്‍ഷത്തെ ഇടതുഭരണം പഠിച്ചുവെന്ന് അവകാശപ്പെടുന്ന മലയാളിയായ ഉദയന്‍ നമ്പൂതിരി എന്ന ഇംഗ്ളീഷ് പത്രപ്രവര്‍ത്തകന്റെ 'ബംഗാളിന്റെ അവസാനിക്കാത്ത രാത്രി' എന്ന പുസ്തകത്തെയും അഭയം പ്രാപിച്ചു. ബംഗാളില്‍ പട്ടിണിക്കാര്‍ ഒരുകോടിയെന്ന രബി ബാനര്‍ജിയുടെ 'ബംഗാള്‍ കത്ത്' മുഖപ്രസംഗപേജിലെ മുഖലേഖനമാക്കി മനോരമ ബംഗാള്‍വിരുദ്ധ പ്രചാരണത്തിന് തുടര്‍ന്ന് ആക്കം കൂട്ടി. 70 ലക്ഷം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് നാളെ കേരളത്തില്‍ പട്ടിണിക്കാര്‍ 70 ലക്ഷം എന്ന് ഇക്കൂട്ടര്‍ എഴുതില്ലെന്ന് ആരു കണ്ടു.
മനോരമ, മാതൃഭൂമി കൂട്ടാളികള്‍ നയിക്കുന്ന യുഡിഎഫ് പക്ഷ മാധ്യമ സിന്‍ഡിക്കേറ്റ് വാര്‍ത്താകഥകളിലും ലേഖനങ്ങളിലും മാത്രമല്ല, ബംഗാള്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകളിലും ഇടതുപക്ഷ വിരുദ്ധ വിഷം വമിപ്പിച്ചു. 'മ' മാധ്യമ അജന്‍ഡ ഉരുവിട്ടാണ് ബംഗാളിനെപ്പറ്റി ആന്റണി അബദ്ധം എഴുന്നള്ളിച്ചത്. പട്ടിണിമാറ്റാന്‍ ബംഗാളികള്‍ അഭയം തേടുന്നത് കേരളത്തില്‍ എന്ന ആന്റണിയുടെ അഭിപ്രായത്തില്‍ ഒരു ഭാഗം കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനുള്ള പരോക്ഷ പ്രശംസയാണ്. മറ്റൊരു ഭാഗം വസ്തുതാവിരുദ്ധവും. ബംഗ്ലാദേശികള്‍ക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍ക്കും അഭയമേകുന്ന നാടാണ് പശ്ചിമബംഗാള്‍. പലായനക്കാരേക്കാള്‍ കൂടുതലാണ് കുടിയേറ്റക്കാര്‍. ബംഗാളിലെ കുടിയേറ്റനിരക്ക് കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആനുപാതിക കണക്കെടുപ്പ് (എന്‍എസ്എസ്) പ്രകാരം 27 ആണ്. മഹാരാഷ്ടയില്‍ 44ഉം കേരളത്തില്‍ ആറും ഹരിയാനയില്‍ 79ഉം ആണ്. ബംഗ്ലദേശ്, ബിഹാര്‍, അസം, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ ബംഗാളില്‍ കുടിയേറുന്നത്. അവരില്‍ ഒരു പങ്കാണ് അന്യസംസ്ഥാനത്തേക്ക് ജോലിക്കായി പോകുന്നത്. നൂറ് ബിഹാറികള്‍ എത്തുമ്പോള്‍ അവരില്‍ 12 പേരാണ് ബംഗാള്‍ വിട്ട് ജോലി തേടി കേരളത്തിലും മറ്റും എത്തുന്നത്. 34 വര്‍ഷത്തെ ഇടതുഭരണം ബംഗാളിനെ നല്ലതോതില്‍ അഭിവൃദ്ധിപ്പെടുത്തി. കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഭൂമിയും ഭക്ഷണവും സമാധാനവും നല്‍കി. ഇതെല്ലാം മറച്ചുവച്ചാണ് ബംഗാള്‍ വിരുദ്ധ പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് അജന്‍ഡയുടെ ഭാഗമായി നടത്തിയത്. അത് യുഡിഎഫ് ഏറ്റെടുത്തു. ഇങ്ങനെ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും സയാമീസ് ഇരട്ടകളാണെന്നു തെളിഞ്ഞു. ബംഗാള്‍ പേടി സൃഷ്ടിക്കുന്നതില്‍ മാത്രമായി മാധ്യമകളി ഒതുങ്ങിയില്ല.
കേരള സംസ്ഥാനം ഉടലെടുത്തശേഷമുള്ള അതിപ്രധാനമായ തെരഞ്ഞെടുപ്പാണ് ഏപ്രില്‍ 13ന് നടന്നത്. പതിമൂന്നാം നിയമസഭ തെരഞ്ഞെടുപ്പ് പ്രധാന സംഭവമായത് അതിനെ ചൂഴ്ന്നുനില്‍ക്കുന്ന രാഷ്ട്രീയംകൊണ്ടാണ്. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതൃമുന്നണികള്‍ തമ്മിലുള്ള ബലാബലമാണ് പൊതുവില്‍ ഇവിടുത്തെ ബാലറ്റ് അങ്കം. കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നത് 54 വര്‍ഷംമുമ്പാണ്. ആ സര്‍ക്കാരിനെ മറിച്ചിട്ട്, എല്ലാ ജാതിമത വര്‍ഗീയശക്തികളുമായി കൂട്ടുകൂടി കോണ്‍ഗ്രസ് നേതൃത്വത്തിലോ അതിന്റെ പിന്തുണയാലോ കൂട്ടുകക്ഷിഭരണത്തിന് തുടക്കംകുറിച്ചത് 51 ആണ്ട് മുമ്പ്. ഇതിനകം നടന്ന 12 നിയമസഭാ തെരഞ്ഞടുപ്പിലും കമ്യൂണിസ്റ്റ് നേതൃഭരണം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിക്കുന്ന പോരാട്ടമായേക്കും ഇത്തവണത്തേത് എന്ന പ്രതീക്ഷ വോട്ടെടുപ്പിനുമുമ്പേ പടര്‍ന്ന അന്തരീക്ഷത്തിലാണ് മെയ് 13ന്റെ ഫലത്തിനായി നാട് കാത്തിരിക്കുന്നത്.
ReplyDelete70 ലക്ഷം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് നാളെ കേരളത്തില്‍ പട്ടിണിക്കാര്‍ 70 ലക്ഷം എന്ന് ഇക്കൂട്ടര്‍ എഴുതില്ലെന്ന് ആരു കണ്ടു..!
ReplyDeleteകേരളത്തില്‍ മൊത്തത്തില്‍ എന്ന് പറയാതിരുന്നാ മതി..