Thursday, April 21, 2011

അഴിമതി: അരാഷ്ട്രീയ സമരങ്ങള്‍ യഥാര്‍ഥ പരിഹാരമല്ല- കെ എന്‍ പണിക്കര്‍

ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ അഴിമതിക്കും രാഷ്ട്രീയ ജീര്‍ണതയ്ക്കുമെതിരെ അരാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് യഥാര്‍ഥ പരിഹാരമല്ലെന്ന് പ്രമുഖ ചരിത്രകാരനായ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ടി കെ രാമകൃഷ്ണന്‍ ദേശീയ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ടി കെ അനുസ്മരണപ്രഭാഷണത്തില്‍ 'നമ്മെ ബാധിച്ച ജീര്‍ണത' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്നത് ഭരണകൂടതാല്‍പ്പര്യത്തിന് അനുസൃതമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. പ്രതിസന്ധികള്‍ നേരിടുന്ന ഭരണവര്‍ഗത്തെ രക്ഷിക്കാനേ അരാഷ്ട്രീയ സമരങ്ങള്‍ സഹായിക്കുകയുള്ളു. ബോധപൂര്‍വമല്ലെങ്കിലും ഭരണവര്‍ഗത്തെ സഹായിക്കുന്ന ഇത്തരം സമരങ്ങള്‍ തുറന്നുകാട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നൈതികതയിലൂന്നിയ രാഷ്ട്രീയസമരങ്ങളാണ് ഗാന്ധിജി നടത്തിയിരുന്നത്. പക്ഷേ, ആ സമരങ്ങള്‍ അണ്ണാഹസാരെ നടത്തുന്നപോലെ തികച്ചും അരാഷ്ട്രീയമായിരുന്നില്ല. രാഷ്ട്രീയത്തെയും സംസ്കാരത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ക്കാണ് ഗാന്ധിജി നേതൃത്വം നല്‍കിയത്. ബോധപൂര്‍വമല്ലെങ്കിലും അരാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭരണവര്‍ഗത്തിന്റെ ഉപകരണമായി മാറുകയാണ്. അഴിമതിക്കെതിരായ നിയമത്തെ സംബന്ധിച്ച് രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തെ ജനശാക്തീകരണത്തില്‍ അത്തരം ചര്‍ച്ചകള്‍ കാര്യമായ മാറ്റംവരുത്തും. ഇന്ത്യയിലെ വിദ്യഭ്യാസമേഖലയില്‍ സമീപകാലത്ത് നടത്തുന്ന പരിഷ്ക്കാരങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സാമൂഹ്യജീര്‍ണതയ്ക്കെതിരെ സമരം നയിക്കാന്‍ ധൈഷണികശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് പുതിയ പരിഷ്ക്കാരങ്ങള്‍ വിഘാതമാവുമെന്നും ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

ടി കെ രാമകൃഷ്ണന്‍ ദേശീയ പഠനഗവേഷണകേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം കെ സാനു അധ്യക്ഷനായി. ടി കെ സ്മാരക പഠനഗവേഷണകേന്ദ്രം വൈസ് പ്രസിഡന്റ് കെ ചന്ദ്രന്‍പിള്ള, ട്രഷറര്‍ എസ് രമേശന്‍, സി കെ മണിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 210411

1 comment:

  1. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ അഴിമതിക്കും രാഷ്ട്രീയ ജീര്‍ണതയ്ക്കുമെതിരെ അരാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് യഥാര്‍ഥ പരിഹാരമല്ലെന്ന് പ്രമുഖ ചരിത്രകാരനായ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ടി കെ രാമകൃഷ്ണന്‍ ദേശീയ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ടി കെ അനുസ്മരണപ്രഭാഷണത്തില്‍ 'നമ്മെ ബാധിച്ച ജീര്‍ണത' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete