Tuesday, April 26, 2011

സോമനാഥ് ചാറ്റര്‍ജി പ്രചാരണത്തിനിറങ്ങി

മൂന്നാംഘട്ടം വോട്ടെടുപ്പ് നാളെ; പ്രചാരണം സമാപിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിന്റെ പ്രചാരണം സമാപിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 75 മണ്ഡലങ്ങളടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണിയുടെ പ്രവര്‍ത്തനം. കൊല്‍ക്കത്തയിലെയും സമീപജില്ലകളായ ഉത്തര 24 പര്‍ഗാനാസിലെയും, ദക്ഷിണ 24 പര്‍ഗാനാസിലെയും മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 479 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(ജാദവ്പുര്‍), ധനമന്ത്രി ഡോ. അസിം ദാസ്ഗുപ്ത(ഖര്‍ദഹ), ഭൂപരിഷ്കരണ മന്ത്രി അബ്ദുറസാക് മൊള്ള (കാനിങ് ഈസ്റ്), ഭവനനിര്‍മാണ മന്ത്രി ഗൌതം ദേബ്(ഡംഡം), സ്വയംസഹായ സംഘങ്ങളുടെ ചുമതലയുള്ള മന്ത്രി രേഖ ഗോസ്വാമി(ഡംഡം ഉത്തര്‍), സ്പോര്‍ട്സ് മന്ത്രി കാന്തി ഗാംഗുലി(റായ്ദിഖി), ഗതാഗതമന്ത്രി രഞ്ജിത് കുണ്ഡു(നയിഹാട്ടി) എന്നിവര്‍ ഇടതുമുന്നണിയിലെ പ്രധാന സ്ഥാനാര്‍ഥികളാണ്. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പാര്‍ഥ ചാറ്റര്‍ജി(ബെഹാല വെസ്റ്), കൊല്‍ക്കത്ത മേയര്‍ ശോഭന്‍ ചാറ്റര്‍ജി(ബെഹാല ഈസ്റ്), ഫിക്കി ജനറല്‍ സെക്രട്ടറി അമിത് മിത്ര(ഖര്‍ദഹ) എന്നിവര്‍ തൃണമൂല്‍-കോഗ്രസ് സഖ്യത്തിലെ പ്രമുഖ സ്ഥാനാര്‍ഥികളാണ്.

സോമനാഥ് ചാറ്റര്‍ജി പ്രചാരണത്തിനിറങ്ങി

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇടതുമുന്നണിക്കു വേണ്ടി പ്രചാരണരംഗത്തിറങ്ങി. കൊല്‍ക്കത്ത നഗരത്തിലെ ബാലിഗഞ്ച്, കസബ, ഡംഡം മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണയോഗങ്ങളില്‍ സംസാരിച്ചു. നിയമസഭാ സ്പീക്കര്‍ ഹാഷിം അബ്ദുള്‍ ഹാലിമിന്റെ മകന്‍ ഫൌദ് ഹാലിം ആണ് ബാലിഗഞ്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. കസബയില്‍ 25കാരന്‍ശതരൂപ് ഘോഷും ഡംഡമില്‍ സംസ്ഥാന ഭവനമന്ത്രി ഗൌതം ദേബും. ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി അഭ്യര്‍ഥിച്ചു.

'ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയിലുമില്ല. അതു സംബന്ധിച്ച് ഖേദവുമില്ല. അധികകാലം ഞാന്‍ ഉണ്ടാവില്ല. എന്റെ അവസാന ആഗ്രഹം എട്ടാം ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുക എന്നതാണ്'-അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിനെ അധികാരഭ്രഷ്ടമാക്കുക എന്ന ലക്ഷ്യം മാത്രമുള്ള പാര്‍ടിയെ ജനങ്ങള്‍ തള്ളിക്കളയുമെന്നാണ് വിശ്വാസം. സംസ്ഥാനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിലാണ്. സംസ്ഥാനം മുന്നോട്ടുപോകണോ പിന്നോട്ടുപോകണോ എന്ന് നിശ്ചയിക്കുന്ന പോരാട്ടം. ഇടതുമുന്നണി സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ തെറ്റു സംഭവിച്ചതിന്റെ പേരില്‍ സ്വന്തം മകനെ വീട്ടില്‍ നിന്ന് പുറത്താക്കി പകരം അന്യരെ ആരെങ്കിലും വീട്ടിലേക്ക് ക്ഷണിക്കുമോ? തൃണമൂല്‍ നേതൃത്വത്തിലുള്ള മുന്നണിക്ക് ആശയമോ പൊതു പരിപാടിയോ ഇല്ല. മാവോയിസ്റുകളുമായും ഗൂര്‍ഖാലാന്‍ഡ് വിഘടനവാദികളുമായും ബിജെപിയുമായും അവര്‍ കൂട്ടുകൂടുകയാണ് സോമനാഥ് പറഞ്ഞു.

തൃണമൂല്‍ നേതാക്കളുടെ അക്കൌണ്ടില്‍ 1.23 കോടി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് കള്ളപ്പണം ഉപയോഗിക്കുന്നതിന് പുതിയ തെളിവുകള്‍. ഉന്നത തൃണമൂല്‍നേതാക്കളുടെ പേരില്‍ രണ്ടു ബാങ്കിലായി 1.23 കോടി രൂപ നിക്ഷേപിച്ചെന്ന് ഇടതുപക്ഷ നേതാക്കള്‍ തെളിവു സഹിതം വെളിപ്പെടുത്തി. 25 ലക്ഷം രൂപവീതം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നാല് അക്കൌണ്ടില്‍ മാര്‍ച്ച് 23നാണ് നിക്ഷേപിച്ചത്. 10 ലക്ഷം രൂപകൂടി ഈ ബാങ്കില്‍ നിക്ഷേപിച്ചു. അലഹബാദ് ബാങ്കില്‍ 10 ലക്ഷം രൂപ ഏപ്രില്‍ 13നും നിക്ഷേപിച്ചതായി ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര സഹമന്ത്രിയുമായ മുകുള്‍ റോയിയുടെ സഹായിയായ ദേബപ്രിയ ദേ സര്‍ക്കാരാണ് കൊല്‍ക്കത്തയിലെ ഒരു കമ്പനിയുടെ പേരിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഡിഡി ബാങ്കില്‍ നല്‍കുമ്പോള്‍ പാന്‍നമ്പര്‍ രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമോ റിസര്‍വ് ബാങ്കിന്റെ മറ്റു നടപടിക്രമമോ പാലിക്കാതെയാണ് ഇത്രയും വലിയ തുക നിക്ഷേപിച്ചത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമീഷണര്‍ വിനോദ് സുത്ഷിക്ക് പരാതി നല്‍കിയെന്ന് ബിമന്‍ ബസു പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, തെരഞ്ഞെടുപ്പായതുകൊണ്ടാണ് ഇത്തരം അസംബന്ധങ്ങള്‍ പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതെന്ന് ബസു മറുപടി നല്‍കി. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പശ്ചിമബംഗാള്‍ ഏറെ പിന്നിലാണെന്നു പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് മികച്ച ഗ്രാമവികസനത്തിനുള്ള ദേശീയ പുരസ്കാരം പശ്ചിമബംഗാളിന് സമ്മാനിച്ചത്്- അദ്ദേഹം പറഞ്ഞു. ക്ഷിതി ഗോസ്വാമി, അശോക് ഘോഷ് എന്നിവരും പങ്കെടുത്തു.
(വി ജയിന്‍)

ദേശാഭിമാനി 260411

3 comments:

  1. മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇടതുമുന്നണിക്കു വേണ്ടി പ്രചാരണരംഗത്തിറങ്ങി. കൊല്‍ക്കത്ത നഗരത്തിലെ ബാലിഗഞ്ച്, കസബ, ഡംഡം മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണയോഗങ്ങളില്‍ സംസാരിച്ചു. നിയമസഭാ സ്പീക്കര്‍ ഹാഷിം അബ്ദുള്‍ ഹാലിമിന്റെ മകന്‍ ഫൌദ് ഹാലിം ആണ് ബാലിഗഞ്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. കസബയില്‍ 25കാരന്‍ശതരൂപ് ഘോഷും ഡംഡമില്‍ സംസ്ഥാന ഭവനമന്ത്രി ഗൌതം ദേബും. ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി അഭ്യര്‍ഥിച്ചു.

    ReplyDelete
  2. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പില്‍ ബുധനാഴ്ച ബംഗാളില്‍ 78.03 ശതമാനം പോളിങ്രേഖപ്പെടുത്തി. ആദ്യ മൂന്ന് മണിക്കൂറില്‍ മന്ദഗതിയിലായിരുന്ന പോളിങ് രാവിലെ പത്ത് മണിക്കുശേഷം സജീവമായി. ഒന്നര മണി വരെ ദക്ഷിണ കൊല്‍ക്കത്തയില്‍ 48.54 ശതമാനവും ഉത്തര കൊല്‍ക്കത്തയില്‍ 49.12 ശതമാനവുമായിരുന്നു പോളിങ്. ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ 55.80 ശതമാനവും ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ 52.3 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു എന്നിവര്‍ ഉച്ചയ്ക്കുമുമ്പു തന്നെ കൊല്‍ക്കത്ത നഗരത്തിലെ അതത് ബൂത്തുകളില്‍ വോട്ടുചെയ്തു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബീജ്പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും സിപിഐ എം ഓഫീസ് തകര്‍ക്കുകയും ചെയ്തു.

    ReplyDelete
  3. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഭരണത്തിന് നേതൃത്വം നല്‍കുന്ന പി ചിദംബരം ബംഗാളിലെ ഭരണത്തെ കുറ്റപ്പെടുത്തിയത് പരിഹാസ്യമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. കേന്ദ്രത്തില്‍ ചിദംബരത്തിന്റെ പാര്‍ടി നടത്തുന്ന ഭരണശൈലിയില്‍നിന്ന് ബംഗാള്‍ രക്ഷപ്പെട്ടുവെന്നതാണ് സത്യം. മാത്രമല്ല, ബംഗാളില്‍ മോശം ഭരണമാണെന്ന് ചിദംബരം കുറ്റപ്പെടുത്തിയ അതേ ദിവസംതന്നെയാണ് ഗ്രാമവികസന രംഗത്തെ നേട്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന് പുരസ്കാരം നല്‍കിയത്. ബംഗാളില്‍ തെരഞ്ഞെടുപ്പു പര്യടനം നടത്തുന്ന ആഭ്യന്തരമന്ത്രി മാവോയിസ്റ് അക്രമങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ സിപിഐ എമ്മിന്റെ 265 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഈ വസ്തുത മറച്ചുവച്ച ചിദംബരം സിപിഐ എമ്മാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന ദുരാരോപണമാണ് ഉന്നയിക്കുന്നത്. മാവോയിസ്റ് അക്രമങ്ങളും തൃണമൂല്‍- മാവോയിസ്റ് അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവയ്ക്കുകയും ചെയ്തതിലൂടെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ കടമകളോട് ചിദംബരം വഞ്ചന കാട്ടിയിരിക്കയാണ്. ചിദംബരത്തിന്റെ പക്ഷപാതപരമായ സമീപനം കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഏതുവിധം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണ്- പിബി കുറ്റപ്പെടുത്തി.

    ReplyDelete