Wednesday, April 20, 2011

നഷ്ടം അമ്പത്തിനാലായിരം കോടിയിലധികം

കയറ്റുമതിക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു ഖജനാവിന് നഷ്ടം അമ്പത്തിനാലായിരം കോടിയിലധികം രൂപ.
2009-10 സാമ്പത്തിക വര്‍ഷം കയറ്റുമതി പ്രോല്‍സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കിയതിയൂടെ കേന്ദ്ര സര്‍ക്കാരിന് 38662 കോടി രൂപയാണ് നഷ്ടമായത്. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഈയിനത്തില്‍ പൊതു ഖജനാവിന് നഷ്ടമായത് 54082 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേതില്‍നിന്ന് 40 ശതമാനത്തോളമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതി മേഖലയ്ക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തിലൂടെ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി സര്‍ക്കാര്‍ വാരിക്കോരിയാണ് സൗജന്യങ്ങള്‍ നല്‍കിയത്. പക്ഷെ ഇത്രകണ്ട് സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കിയെങ്കിലും രാജ്യത്തിന് എത്രമാത്രം വിദേശനാണ്യം ഇതിലൂടെ നേടാനായെന്നും കയറ്റുമതി മേഖലയിലെ തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം ലഭിച്ചു എന്നകാര്യത്തിലും സര്‍ക്കാരിന് അവ്യക്തത നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ സൗജന്യങ്ങള്‍ നികുതിവെട്ടിപ്പിലേയ്ക്കുള്ള വഴിയാണ് തുറന്നുകൊടുത്തതെന്ന് പരക്കെ ആക്ഷേപമുണ്ട്.

കയറ്റുമതി മേഖലയിലെ ലാഭത്തിന് സര്‍ക്കാര്‍ നല്‍കിവരുന്ന ആദായ നികുതി ഇളവ് നല്‍കുന്നതിന് പുറമെയാണ് കയറ്റുമതി മേഖലയ്ക്കായി നിരവധി പ്രോല്‍സാഹന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള ഈ സര്‍ക്കാര്‍ നീക്കത്തിലൂടെ കേന്ദ്ര ഖജനാവിന് നഷ്ടമായത് രാജ്യത്തെ മൊത്തം കസ്റ്റംസ് എക്‌സൈസ് ഡ്യൂട്ടിയുടെ 20 ശതമാനമാണെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. രാജ്യത്തെ വികസനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 20 ശതമാനം കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങളിലൂടെ നല്‍കിയത്‌വഴി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് സംരക്ഷിച്ചത്. വിലകയറ്റം മൂലം സാധാരണക്കാരന്‍ നട്ടം തിരിയുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്. കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ നല്‍കുന്ന മുന്‍കൂര്‍ ലൈസന്‍സ് പദ്ധതി, കയറ്റുമതിക്കായിയുള്ള ഉല്‍പന്നത്തിന്റെ അസംസ്‌കൃത വസ്തുക്കളില്‍പെട്ടവയ്ക്ക് നല്‍കുന്ന അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിക്ക് ഇളവ് നല്‍കുന്ന ഡ്യൂട്ടി എന്റയിറ്റില്‍മെന്റ് പാസ്ബുക്ക്, നിശ്ചിത ശതമാനം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തുകൊള്ളാമെന്ന വ്യവസ്ഥയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃക വസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കയറ്റുമതി പ്രോല്‍സാഹന മൂലധന വസ്തുക്കള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി വ്യാപകമാക്കാനായി കൊണ്ടുവന്ന ലക്ഷ്യ വിപണി ഉല്‍പന്ന വിപണി എന്നീ പദ്ധതികളിലൂടെയും കോടികളുടെ സൗജന്യമാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്ക് നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ കയറ്റുമതി വികസനത്തിനായുള്ള പല പദ്ധതികളുടെയും കാലാവധി കഴിഞ്ഞിട്ടും അവ തുടരുന്നത് ഖജനാവിന് കനത്ത നഷ്ടമാണ് വരുത്തിവെയ്ക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. കടലാസില്‍ മാത്രമൊതുങ്ങുന്ന പല സ്ഥാപനങ്ങളും കയറ്റുമതി വികസനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നതായും മന്ത്രാലയത്തിന് പരാതിയുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സഭയില്‍വെച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യുടെ റിപ്പോര്‍ട്ടില്‍ കയറ്റുമതിക്കാര്‍ക്ക് നല്‍കിവരുന്ന നികുതിയിളവില്‍ ഗൗരവമായ അപാകതകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കയറ്റുമതിക്ക് ഊന്നല്‍ നല്‍കാനായി നികുതി ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ സംരക്ഷണയില്‍ ഉയര്‍ന്നുവരുന്ന പ്രത്യേക സാമ്പത്തിക മേഖലകള്‍ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. വാണിജ്യ മന്ത്രാലയവും ധന മന്ത്രാലയവും തമ്മില്‍ ഇക്കാര്യത്തില്‍ കാര്യമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ആഭ്യന്തര വിപണിയില്‍നിന്ന് നികുതി വെട്ടിക്കാനായി ഫണ്ട് പ്രത്യേക സാമ്പത്തിക മേഖലയിലേയ്ക്ക് വഴിമാറ്റുന്ന സാഹചര്യം നിലനില്‍ക്കുകയാണെന്ന് ധനമന്ത്രാലയം പറയുന്നു.

നികുതി ഇളവുകളോടെ കയറ്റുമതിക്കെന്ന പേരില്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മിക്കവാറുംതന്നെ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുകയാണെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന നികുതി ഇളവുകള്‍വഴി കേന്ദ്ര സര്‍ക്കാരിന് വന്‍ നഷ്ടം വരുന്നുണ്ടെന്നും സി എ ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

റജി കുര്യന്‍ ജനയുഗം

1 comment:

  1. കയറ്റുമതിക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു ഖജനാവിന് നഷ്ടം അമ്പത്തിനാലായിരം കോടിയിലധികം രൂപ.

    ReplyDelete