വോട്ടും മാധ്യമരുചിയും 2
ഒന്നാം ഭാഗം വിശ്വാസ ദുരുപയോഗ തരംഗം
കേരളത്തിന് ആനയുടെ സ്വഭാവമല്ല; സ്നേഹിച്ച് കൂടെനിര്‍ത്തി, കൊമ്പില്‍ പിടിച്ച് ഇഷ്ടമുള്ളിടത്തേക്ക് നടത്താനാകില്ല. ഒരു തവണ ഇടത്തേക്കെങ്കില്‍ അടുത്തത് വലത്തേക്ക് എന്ന വിധമാണ് സാധാരണപോക്ക്. അതിന് മാറ്റംവരാന്‍ പോകുന്നെന്ന നല്ലപ്രതീതി അലയടിച്ച അന്തരീക്ഷത്തിലായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ്. നൂല്‍പ്പാലയാത്ര പോലെയാണ് എന്നും മലയാളമണ്ണിലെ ബാലറ്റങ്കം. ഒന്നോ രണ്ടോ ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍ ഭരണം ഒരു മുന്നണിക്ക് കരഗതമാവുകയോ വഴുതിപ്പോവുകയോ ചെയ്യാം. ഒരു ശതമാനം വോട്ടുപോലും നിര്‍ണായകം. ഇത്തരം സ്വഭാവമുള്ള സംസ്ഥാനത്ത് വോട്ടര്‍മാരില്‍ ഒരു പങ്കിനെ പാട്ടിലാക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ മാരീചവേഷം ധരിച്ച് ആഭിചാരകൃത്യങ്ങള്‍ അനുഷ്ഠിച്ചു.
കേരളത്തിന്റെ സ്വഭാവവും നിലനില്‍പ്പും നിര്‍ണയിക്കുന്ന അതിപ്രധാന ഹിതപരിശോധനയ്ക്കാണ് ഏപ്രില്‍ 13ന് കേരളീയര്‍ വിരല്‍നീട്ടിയത്. ആര്‍ജിച്ച നേട്ടം നിലനിര്‍ത്തി നാട് വികസിതമാക്കണമോ, നാട് തകരണമോ എന്ന ചോദ്യമാണ് മാറ്റുരച്ചത്. ഇനി ഭരണം ഏതുമുന്നണിക്കെന്ന അന്വേഷണത്തില്‍ നിലവിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും മുന്‍ യുഡിഎഫ് സര്‍ക്കാരിനെയും സ്വാഭാവികമായും വിലയിരുത്തി. കോണ്‍ഗ്രസ് നേതൃഭരണത്തിലെ അഴിമതികളും ഭരണത്തണലില്‍ യുഡിഎഫ് നായകര്‍ കാട്ടിക്കൂട്ടിയ അധാര്‍മിക പ്രവൃത്തികളും വിഷയമായി. ജീര്‍ണിച്ചുകൊണ്ടേയിരിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ അധാര്‍മികതയുടെ കണ്ണാടിയായി മുന്നണിയുടെ ഉപകപ്പിത്താനും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം. ഇത് 2ജി സ്പെക്ട്രം അഴിമതി അടക്കമുള്ള ദേശീയപ്രശ്നങ്ങള്‍ക്കൊപ്പം യുഡിഎഫിനെ മുക്കുന്ന സുനാമിയാകാമെന്ന തിരിച്ചറിവില്‍ അതിനെ പ്രതിരോധിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമസംഘം അരയുംതലയും മുറുക്കി.
ഈ മാധ്യമദൗത്യത്തില്‍ തെളിയുന്ന ഘടകങ്ങള്‍ മൂന്നുണ്ട്.
ഒന്ന്, വാര്‍ത്തയുടെ ജനാധിപത്യവല്‍ക്കരണം എന്ന സങ്കല്‍പ്പം തകര്‍ത്തു. കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച പ്രതികൂലസംഭവങ്ങളോ വാര്‍ത്തകളോ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്തു. കോടതി നിരീക്ഷണം, വിജിലന്‍സ് അന്വേഷണം, ഉറ്റവരുടെ വെളിപ്പെടുത്തല്‍-ഇതെല്ലാം മുക്കി. റജീന കേസില്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ കൈക്കൂലി നല്‍കി, തെളിവ് നശിപ്പിക്കാന്‍ സാക്ഷികളെ വിലയ്ക്കെടുത്തു, പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മന്ത്രിയായപ്പോള്‍ നേടിയ അഴിമതിപ്പണം ഇതിനായി ഉപയോഗിച്ചു- ഇതടക്കമുള്ള ആക്ഷേപങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സന്തതസഹചാരിയുമായിരുന്ന റൗഫ് വെളിപ്പെടുത്തി. ഇതിന് തെളിവായ ഒളിക്യാമറ ദൃശ്യങ്ങള്‍ ലീഗ് സെക്രട്ടറി ഡോ. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ നല്‍കി. ഇക്കാര്യങ്ങള്‍ ഒന്നുകില്‍ കൊടുക്കാതിരിക്കുക അല്ലെങ്കില്‍ കൊടുത്തതായി വരുത്തുക എന്ന അടവുനയമാണ് മനോരമ-മാതൃഭൂമി-ഏഷ്യാനെറ്റാദികള്‍ സ്വീകരിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് അവിഹിതസ്വത്തുണ്ടെന്നും മകന്‍ പങ്കാളിയായ ഉരുക്കുഫാക്ടറി ഖത്തറിലുണ്ടെന്നും ഇതേപ്പറ്റിയെല്ലാം അന്വേഷിക്കണമെന്നുമുള്ള മുന്‍ലീഗുകാരന്റെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് ദേശാഭിമാനിക്ക് ലീഡ് വാര്‍ത്തയായിരുന്നു. കൈരളിയും നല്ലപ്രാമുഖ്യം നല്‍കി. നിരവധി അച്ചടി-ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എന്നാല്‍, ഇത്തരം ഒരു വിജിലന്‍സ് അന്വേഷണത്തെപ്പറ്റി കമാ എന്നൊരക്ഷരം മനോരമ-മാതൃഭൂമി-ദീപിക പത്രങ്ങളോ മനോരമ-ഏഷ്യാനെറ്റ് ചാനലുകളോ നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരിനോ ഏതെങ്കിലും സിപിഐ എം നേതാവിനോ എതിരെ ഓണംകേറാമൂലയിലെ കോടതിയില്‍നിന്ന് ഒരു വാക്കുവന്നാല്‍ പോലും മത്തങ്ങയാക്കുന്നതാണ് മാധ്യമസ്വഭാവം. ഇങ്ങനെ "ധീരതയും ജാഗ്രതയും"" കാട്ടുന്ന കൂട്ടര്‍ ഹൈക്കോടതിയുടെ നീരീക്ഷണം മുക്കി.
"ലൈംഗികാതിക്രമം കാട്ടിയ രാഷ്ട്രീയക്കാര്‍ രക്ഷപ്പെടരുത്: ഹൈക്കോടതി"" എന്ന തലക്കെട്ടില്‍ മാര്‍ച്ച് 26ന് ദേശാഭിമാനി പ്രധാന വാര്‍ത്തയായി നല്‍കി. ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളില്‍ വന്ന ലൈംഗികപീഡന ആരോപണങ്ങള്‍ സത്യമാണെങ്കില്‍ അവ സ്ത്രീത്വത്തിനെതിരെയുള്ള മനുഷ്യത്വരഹിതമായ കടന്നാക്രമണമാണെന്ന് കെ സി പീറ്റര്‍ കേസില്‍ ജസ്റ്റിസ് വി കെ മോഹന്‍ നടത്തിയ നിരീക്ഷണമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. പക്ഷേ, ഇത് ഇലക്ഷന്‍ മാധ്യമ സിന്‍ഡിക്കറ്റ് മുക്കി. മനോരമ ചാനല്‍ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതിങ്ങനെ, "ഐ ആം ദ മോസ്റ്റ് പൊട്ടന്‍ഷ്യല്‍ പേഴ്സണ്‍ (ഞാനാണ് ഏറ്റവും കഴിവുറ്റവന്‍).... കേസ് എനിക്കൊരു പ്രശ്നമല്ല...പൈസ എനിക്കൊരു പ്രശ്നമല്ല..."" പക്ഷേ, ദൃശ്യമാധ്യമരംഗത്തെ സൗമ്യ-സൂക്ഷ്മ വിചാരകനായ ജോണി ലൂക്കോസിന് അതിന്മേല്‍ കയറി ചോദ്യശരങ്ങള്‍ എറിയാനുള്ള സ്വാതന്ത്ര്യത്തിന്റെ ചിറകിനെ ഉടമയുടെ രാഷ്ട്രീയം അരിഞ്ഞതുകൊണ്ടാകാം അങ്ങോട്ട് പോയില്ല.
രണ്ട്, ആരോപണവിധേയനെ പുണ്യവാളനാക്കാനോ കേസ് കാലഹരണപ്പെട്ടതാക്കാനോ ഉള്ള മാധ്യമയജ്ഞം. രാഷ്ടീയതിന്മയെ എങ്ങനെ നന്മയാക്കി ചിത്രീകരിക്കാമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മാധ്യമപരീക്ഷണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്വന്തം രാഷ്ട്രീയകുടുംബത്തില്‍ നിന്നാണല്ലോ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം ബോംബുപൊട്ടിയത്. അന്തരീക്ഷം കലങ്ങിയെന്ന് മനസ്സിലാക്കി, കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകണമോയെന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനിക്കും എന്നായിരുന്നു ഫെബ്രുവരിയില്‍ മനോരമയുടെ രാഷ്ട്രീയലേഖകന്‍ സുജിത് നായര്‍ വിലയിരുത്തിയത്. എന്നാല്‍, പാലംകുലുങ്ങിയാലും കുഞ്ഞാപ്പ കുലുങ്ങില്ലെന്ന് ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ നിന്നറിയിച്ചപ്പോള്‍ മനോരമയും മാതൃഭൂമിയും നയിക്കുന്ന മാധ്യമസിന്‍ഡിക്കറ്റ് നിലപാട് മാറ്റി, കുഞ്ഞാപ്പയുടെ കൈത്തലം മൃദുവായി തടവി സ്ഥാനാര്‍ഥിവഴിക്ക് ബിസ്മി ചൊല്ലിക്കൊടുത്തു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ സഞ്ചരിച്ച സ്റ്റേറ്റ്കാര്‍ കട്ടവണ്ടിയില്‍ മുട്ടിയതിനെ തുടര്‍ന്നുണ്ടായ കോളിളക്കത്തിലാണ് പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് പിറന്നത്. കാറില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന പ്രൗഢവനിതയെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ആ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ തുണയ്ക്കാത്ത നിലപാടായിരുന്നു മനോരമയ്ക്ക്. ക്രിസ്തുവിനോട് ദിവ്യമായ കൂറുപുലര്‍ത്തി പള്ളിയെപ്പറ്റി ക്രോധത്തോടെ സംസാരിച്ച വിശ്വാസിയുടെ റോളായിരുന്നു അന്ന്. പക്ഷേ, കുഞ്ഞാലിക്കുട്ടി കേസിനെ നിസ്സാരവല്‍ക്കരിക്കാനും പീഡനക്കാരന്‍ എന്ന മുദ്രയുള്ള നേതാവിനെ മഹത്വവല്‍ക്കരിക്കാനും മനോരമയുടെ നേതൃത്വത്തില്‍ മാധ്യമസംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം, മനോരമ ന്യൂസിന്റെ കൊടിപ്പട തുടങ്ങിയവയും നിശാകാല സംവാദങ്ങളും ആക്ഷേപവിധേയനെ വെള്ളപൂശുന്നതായി. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി പി ശശിയെ കൊണ്ടുവന്ന് കണ്ണൂരിലെ പോര്‍ക്കളം പരിപാടി അലങ്കോലപ്പെടുത്തിയതും യുഡിഎഫ് നേട്ടത്തിനായാണ്.
"ലൈംഗികക്കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റനെ കുരുക്കാന്‍ നോക്കിയില്ലേ. എന്തുണ്ടായി. ക്ലിന്റണ്‍ കൂടുതല്‍ വോട്ടിന് ജയിച്ച് വീണ്ടും പ്രസിഡന്റായി. പഴയ ലൈംഗികക്കേസില്‍ കുടുക്കാന്‍ നോക്കുന്നതിനാല്‍ കുഞ്ഞാലിക്കുട്ടിയും ലീഗ് സ്ഥാനാര്‍ഥികളും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും"" -ഇത്തരം വാദഗതി ചാനല്‍ ചര്‍ച്ചയില്‍ മാത്രമല്ല മനോരമ-മാതൃഭൂമിയാദികളുടെ മണ്ഡലം വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളിലും പൊതുഅവലോകനങ്ങളിലും സമര്‍ഥമായി അവതരിപ്പിച്ചു. രാജ്യം ഭരിക്കേണ്ട പ്രസിഡന്റ്, സ്റ്റാഫായ പെണ്‍മണിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും ലൈംഗികമായി ബന്ധപ്പെട്ടത് അധാര്‍മികമായിപ്പോയി എന്നതായിരുന്നു ക്ലിന്റന് എതിരായ കേസ്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത അരഡസന്‍ പെണ്‍കുട്ടികളെ മന്ത്രിയായിക്കെ പീഡിപ്പിക്കുകയും കേസ് ഒതുക്കാന്‍ ഇരകള്‍ക്കും ജഡ്ജിമാര്‍ക്കും കൈക്കൂലികൊടുക്കുകയും കോടതിയില്‍ മൊഴിമാറ്റിക്കുകയും ചെയ്തുവെന്നതടക്കമുള്ള കേസുകള്‍ നേരിടുന്ന കുഞ്ഞാലിക്കുട്ടിയെ ക്ലിന്റണ്‍ കേസുമായി ബന്ധിപ്പിച്ച് ഗൗരവം കുറയ്ക്കാനാണ് ഇവിടെ മാധ്യമങ്ങള്‍ ശ്രമിച്ചത്. പൊതുസമൂഹത്തില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബ്യൂട്ടിപാര്‍ലര്‍ പണി മാധ്യമങ്ങളുടെ വകയായി നടന്നു.
മൂന്ന്, ജനാധിപത്യത്തില്‍ സാധാരണക്കാരന്റെ നീതിപീഠമായി മാധ്യമത്തെ കാണുന്നവരെ നിരാശപ്പെടുത്തുന്ന കൃത്യങ്ങള്‍. കുഞ്ഞാലിക്കുട്ടി യോഗ്യനും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമവിരുദ്ധനും എന്ന് സ്ഥാപിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായി മാധ്യമസഖ്യം. റൗഫിന്റെ വെളിപ്പെടുത്തലിന്റെയും ഇന്ത്യാവിഷന്‍ ടേപ്പിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കുന്ന കേസിന്റെ പുരോഗതി മുഖ്യമന്ത്രി ആരാഞ്ഞതിന്റെപേരില്‍ എന്തെല്ലാം സംഭ്രമജനകമായ ചിത്രീകരണമാണ് നടത്തിയത്. മനോരമ ഇതിനെ ആസ്പദമാക്കി നാലുദിവസം ലീഡ് സ്റ്റോറി നല്‍കി. "ഐസ്ക്രീം: ഡിജിപി മറുപടി നല്‍കിയില്ല"", "മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി"" (ഏപ്രില്‍ 8), "ഐസ്ക്രീം കേസ് ഡയറി മുഖ്യമന്ത്രിക്ക് നല്‍കാന്‍ പറ്റില്ലെന്ന് എഡിജിപി"" (ഏപ്രില്‍ 9), "നിയമോപദേശം സ്വീകരിക്കാന്‍ ഡിജിപി വിസമ്മതിച്ചു"" (ഏപ്രില്‍ 12). ഇങ്ങനെ കുഞ്ഞാലിക്കുട്ടി നിയമവിധേയന്‍, വി എസ് നിയമലംഘകന്‍ എന്ന് ചിത്രീകരിക്കാനുള്ള ഉത്സാഹമാണ് മനോരമയുടെ വാര്‍ത്താചേരുവയിലെ ഉപ്പിലും പുളിയിലും തെളിഞ്ഞത്. സ്ത്രീപദവി ഉയര്‍ത്തുമെന്നും അതിനായി ഭരണ-നിയമ നടപടിയടക്കം സ്വീകരിക്കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്തു. ഇങ്ങനെ എല്‍ഡിഎഫ് സ്വീകരിച്ച നയപരമായ വിഷയത്തില്‍ ഉള്‍പ്പെടുന്നതാണ് ഐസ്ക്രീം കേസ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി കേസില്‍ എല്‍ഡിഎഫ് പ്രതിബദ്ധതയോടെ നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍, ഇതിനെ എല്‍ഡിഎഫിന്റെ പൊതുപോരാട്ടത്തില്‍ നിന്ന് വി എസ് എന്ന ഒരു നേതാവിന്റെ വ്യക്തിപോരാട്ടമാക്കി ചുരുക്കാനുള്ള വക്രീകരണതന്ത്രവും മാധ്യമങ്ങള്‍ സ്വീകരിച്ചു. അതിനൊപ്പം വി എസിനെ ഒറ്റതിരിച്ചാക്രമിക്കാനും.
ലീഗ് വെറുമൊരു രാഷ്ട്രീയപാര്‍ടിയല്ലല്ലോ. അതില്‍ മതവിശ്വാസത്തിന്റെ ഘടകമുണ്ട്. മതനേതാക്കളും വിശ്വാസികളായ അണികളുമുണ്ട്. ഇതെല്ലാം അടങ്ങുന്ന ഒരു പാര്‍ടിക്ക് പോലും യഥാര്‍ഥത്തില്‍ സഹിക്കാന്‍ കഴിയുന്നതാണോ ജീര്‍ണതയുടെ ആള്‍രൂപമായ നേതാക്കള്‍. അതേപറ്റി ലീഗിനുള്ളിലും യുഡിഎഫിലും വിമര്‍ശനങ്ങളുടെ തീ ഉയര്‍ന്നിരുന്നു. അതിനെപ്പോലും കെടുത്താനുള്ള അഗ്നിശമനസേനയായി ഈ മാധ്യമദൗത്യം. അങ്ങനെ മാധ്യമലോകത്ത് ഒരു കുഞ്ഞാലിക്കുട്ടി ജയ്ഹോ സംഘം അരങ്ങുതകര്‍ത്തതിന് തെരഞ്ഞെടുപ്പ് കാലം സാക്ഷിയായി. ബാലറ്റങ്കം വന്നാല്‍ യുഡിഎഫിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നാണ് ഇവിടത്തെ മാധ്യമക്കാഴ്ച ബോധ്യമാക്കിയത്. എന്നാല്‍, ഇതുവഴി മാധ്യമങ്ങളിലെ വാക്കിനെയും ശബ്ദത്തെയും ഉടച്ച് അകത്തുകടക്കുന്ന വായനക്കാരും ശ്രോതാക്കളും പരമാര്‍ഥം ദര്‍ശിച്ചു. അതുകൊണ്ടാണ് പ്രചാരം കുറഞ്ഞകാലത്ത് ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനം ഇന്നില്ലാത്തത്. ഇടതുപക്ഷ വിരുദ്ധചിന്ത നാട്ടില്‍ പടര്‍ത്താനും യുഡിഎഫിനെ സഹായിക്കാനും മാധ്യമങ്ങള്‍ പത്തുതലയുള്ള രാവണനെ പോലെ ചലിച്ചു. അതിലൊരു തല ചൂടിയത് അഭിപ്രായസര്‍വേയുടെ കോമാളി കിരീടമായിരുന്നു. അതിന് പിന്നിലെ അമേരിക്കന്‍ മാതൃകയുടെ അനാവരണം അടുത്ത ഭാഗത്തില്‍.
ആര്‍ എസ് ബാബു ദേശാഭിമാനി 210411
മൂന്നാം ഭാഗം മര്‍ഡോക്കിന്റെ ചിരി
കേരളത്തിന്റെ സ്വഭാവവും നിലനില്‍പ്പും നിര്‍ണയിക്കുന്ന അതിപ്രധാന ഹിതപരിശോധനയ്ക്കാണ് ഏപ്രില്‍ 13ന് കേരളീയര്‍ വിരല്‍നീട്ടിയത്. ആര്‍ജിച്ച നേട്ടം നിലനിര്‍ത്തി നാട് വികസിതമാക്കണമോ, നാട് തകരണമോ എന്ന ചോദ്യമാണ് മാറ്റുരച്ചത്. ഇനി ഭരണം ഏതുമുന്നണിക്കെന്ന അന്വേഷണത്തില്‍ നിലവിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും മുന്‍ യുഡിഎഫ് സര്‍ക്കാരിനെയും സ്വാഭാവികമായും വിലയിരുത്തി. കോണ്‍ഗ്രസ് നേതൃഭരണത്തിലെ അഴിമതികളും ഭരണത്തണലില്‍ യുഡിഎഫ് നായകര്‍ കാട്ടിക്കൂട്ടിയ അധാര്‍മിക പ്രവൃത്തികളും വിഷയമായി. ജീര്‍ണിച്ചുകൊണ്ടേയിരിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ അധാര്‍മികതയുടെ കണ്ണാടിയായി മുന്നണിയുടെ ഉപകപ്പിത്താനും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം. ഇത് 2ജി സ്പെക്ട്രം അഴിമതി അടക്കമുള്ള ദേശീയപ്രശ്നങ്ങള്‍ക്കൊപ്പം യുഡിഎഫിനെ മുക്കുന്ന സുനാമിയാകാമെന്ന തിരിച്ചറിവില്‍ അതിനെ പ്രതിരോധിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമസംഘം അരയുംതലയും മുറുക്കി.
ReplyDelete