Wednesday, June 15, 2011

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കും: തിരുവഞ്ചൂര്‍

മൂന്നാര്‍ : നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണമാറ്റത്തിന്റെ മറവില്‍ മൂന്നാറിലും സമീപ മേഖലകളിലുമുണ്ടായ കൈയേറ്റങ്ങള്‍ കണ്ടശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് കൈയേറ്റം സംബന്ധിച്ച് അടുത്തദിവസം റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത് നടപടികള്‍ തീരുമാനിക്കും. പല സ്ഥലങ്ങളിലും വ്യാപക കൈയേറ്റം കണ്ടു. കൈയേറ്റം ഇടിച്ചുപൊളിക്കുന്ന രീതി സര്‍ക്കാര്‍ സ്വീകരിക്കില്ല. നിയമത്തിന്റെ വഴിയിലൂടെ എല്ലാ രേഖകളും പരിശോധിച്ച് കൈയേറ്റം ഒഴിപ്പിക്കും. എന്നാല്‍ ദീര്‍ഘകാലമായി കുടിയേറി താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നടപടികള്‍ ഭീഷണിയാകില്ല. ആദിവാസികളെ മുന്‍നിര്‍ത്തിയുള്ള കൈയേറ്റവും അനുവദിക്കില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഭൂമാഫിയകളും മുംബൈ കേന്ദ്രമാക്കിയവരും മൂന്നാര്‍ , ചിന്നക്കനാല്‍ മേഖലകളില്‍ സ്ഥലം കൈയേറിയിട്ടുണ്ട്. ആദിവാസികള്‍ക്ക് ഈ മേഖലയില്‍ നല്‍കിയ ഭൂമിയില്‍ ഭൂരിഭാഗവും ഭൂമാഫിയയുടെ കൈകളിലാണ്. ഇത് തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ , ചിന്നക്കനാല്‍ , കുണ്ടള, കാന്തല്ലൂര്‍ , കീഴാന്തൂര്‍ പ്രദേശങ്ങളും തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചു. പി ടി തോമസ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കര്‍ഷകരെ ദ്രോഹിക്കരുത്: എം എം മണി

ഇടുക്കി: ദീര്‍ഘകാലമായി മൂന്നാറിലും സമീപമേഖലകളിലും താമസിക്കുന്ന കുടിയേറ്റക്കാരെ ഇറക്കിവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി ആവശ്യപ്പെട്ടു. ഭരണമാറ്റത്തിന്റെ തണലിലുണ്ടായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. കൈയേറ്റങ്ങളുടെ മറവില്‍ കുടിയേറ്റ കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കരുത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവര്‍ക്കൊപ്പമാണ് പാര്‍ടി. തിരുവഞ്ചൂരിന്റെ സന്ദര്‍ശനത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബലം പ്രയോഗിച്ച് ഒഴിപ്പിക്കില്ല: റവന്യൂമന്ത്രി

മൂന്നാര്‍ : അടുത്ത ദിവസങ്ങളില്‍ ചിന്നക്കനാലിലും മൂന്നാറിലും വ്യാപക കയ്യേറ്റങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചിന്നക്കനാലിലെ കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആരെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കില്ല. താന്‍ നേരിട്ട്കണ്ട വന്‍കിട കയ്യേറ്റങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. നിയമംലംഘിച്ചവരെ നിയമപ്രകാരമാണ് ഒഴിപ്പിക്കുക. ഈവിഷയം സൂക്ഷിച്ച് കൈകാര്യംചെയ്യും. വന്‍കിടക്കാര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. വിശദമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുന്‍ധാരണയില്ലാതെ എത്തിയ മന്ത്രിസംഘത്തിന് വഴിതെറ്റി


മൂന്നാര്‍ : മുന്‍ധാരണയില്ലാതെ കൈയേറ്റ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിന് വഴിതെറ്റി. മൂന്നാറില്‍നിന്നും വന്‍ സന്നാഹവുമായി പുറപ്പെട്ട സംഘം കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂരിലെത്തിയപ്പോള്‍ ഏത് ഭാഗത്തേക്ക് പോകണമെന്ന ആശയക്കുഴപ്പത്തില്‍ മന്ത്രി സഞ്ചരിച്ച വാഹനം അരമണിക്കൂറോളം റോഡില്‍ കിടന്നു. ചെങ്ങറക്കാര്‍ക്ക് നല്‍കിയ സ്ഥലത്തേക്ക് വാടനം കടന്നുചെല്ലില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ സന്ദര്‍ശനം ഉപേക്ഷിച്ചു. തുടര്‍ന്ന് അഞ്ചോളം കുടുംബക്കാര്‍ മാറി താമസിക്കുന്ന സ്ഥലംമാത്രം സന്ദര്‍ശിച്ച് മന്ത്രി മടങ്ങി. വന്‍കിട കൈയേറ്റപ്രദേശങ്ങള്‍ ഒഴിവാക്കിയുള്ള സന്ദര്‍ശനമാണ് മന്ത്രി നടത്തിയത്. വട്ടവട പഞ്ചായത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൈയേറിയ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സന്ദര്‍ശനം വേണ്ടെന്നുവച്ചു. അടുത്തിടെ ലക്ഷ്മി എസ്റ്റേറ്റില്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപകമായ കൈയേറ്റമാണ് നടന്നത്. ഈ പ്രദേശവും മന്ത്രി സന്ദര്‍ശിച്ചില്ല.

ചിന്നക്കനാലില്‍ പ്രാദേശിക നേതൃത്വം വഴിതിരിച്ചുവിട്ടു


ശാന്തന്‍പാറ: കൈയേറ്റ ഭൂമി സന്ദര്‍ശിക്കാന്‍ ചിന്നക്കനാലില്‍ എത്തിയ റവന്യൂമന്ത്രിയെ യഥാര്‍ഥ കൈയേറ്റഭൂമിയിലേക്ക് വിടാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കുത്തുകല്‍ത്തേരിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ കൈയേറ്റ മാഫിയയായി ചിത്രീകരിച്ച് ഈ ഭൂമി കാട്ടി തിരിച്ചയക്കുകയായിരുന്നു. വൈദ്യുതി വകുപ്പിന്റെ ഭൂമി കൈയേറി ഹോംസ്റ്റേകള്‍ സ്ഥാപിച്ചും കൃഷിചെയ്തും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുടെ ഭൂമി കാണിക്കാന്‍ മടികാണിച്ചതിലൂടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിെന്‍ര്‍ കൈയേറ്റത്തോടുള്ള നയം വ്യക്തമായി. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കൈയേറ്റ ഭൂമിയിലെ കൃഷികള്‍ നശിപ്പിച്ചും ഷെഡുകള്‍ തകര്‍ത്തും നോട്ടീസ് നല്‍കിയ ഭൂമിയില്‍പോലും മന്ത്രിയെ എത്തിക്കാത്തത് റവന്യൂവകുപ്പും കൈയേറ്റക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് വ്യക്തമാക്കുന്നു.

deshabhimani 150611

1 comment:

  1. നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണമാറ്റത്തിന്റെ മറവില്‍ മൂന്നാറിലും സമീപ മേഖലകളിലുമുണ്ടായ കൈയേറ്റങ്ങള്‍ കണ്ടശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete