Monday, June 27, 2011

ജനവിധിയും ലീഗിന്റെ വിലപേശല്‍ രാഷ്ട്രീയവും

ഇരുപത് സീറ്റ് നേടിയ മുസ്ലിംലീഗിന്റെ ബലത്തിലാണ് യുഡിഎഫ് അധികാരത്തിലേറിയത്. ഇതിന്റെ പേരിലാണ് ലീഗിന്റെ വിലപേശല്‍ . ഒന്നുകില്‍ അഞ്ചാംമന്ത്രി അല്ലെങ്കില്‍ ഇ അഹമ്മദിന് ക്യാബിനറ്റ് പദവി എന്നിവയില്‍ ഒന്ന് എന്ന ഉപാധിയിലാണ് കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ . ലീഗിന്റെ തെരഞ്ഞെടുപ്പ് ജയം "മുസ്ലിംവോട്ട് ശക്തി"കൊണ്ടാണെന്ന സിദ്ധാന്തമാണ് ചില ബുദ്ധിജീവികള്‍ ഉയര്‍ത്തുന്നത്. മതനിരപേക്ഷ കേരളത്തില്‍ ഇത്തരം പദപ്രയോഗങ്ങള്‍തന്നെ ഛിദ്രചിന്തകളെ വളര്‍ത്തുന്നതാണ്. ഹിന്ദുവോട്ട്, നായര്‍വോട്ട്, ഈഴവ വോട്ട്, ക്രിസ്ത്യന്‍വോട്ട്, ദളിത് വോട്ട് എന്നീ വിധത്തിലെ വേര്‍തിരിവ് ആപല്‍ക്കരമാണ്. ഒരാള്‍ ഒരു സമുദായത്തില്‍ പിറന്നതുകൊണ്ട് അയാളുടെ വോട്ടിനെ സമുദായത്തിന്റെ പേരില്‍ചാപ്പകുത്തുന്നത് തെറ്റാണ്. ജാതിക്കും സമുദായത്തിനും അവയുടെ സംഘടനകള്‍ക്കും കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നത് ശരിതന്നെ. പക്ഷേ, കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനഘടകം രാഷ്ട്രീയ ശക്തിയുടേതാണ്.

മുസ്ലിംലീഗ് കേരളത്തിലെ മുസ്ലിം സമുദായത്തെയാകെ പ്രതിനിധാനംചെയ്യുന്ന കക്ഷിയാണെന്ന വിധത്തിലുള്ള ചിത്രീകരണം പരമാബദ്ധമാണ്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് നേടിയ വിജയവും മലപ്പുറം ജില്ല യുഡിഎഫിന് നല്‍കിയ മൂന്നരലക്ഷം വോട്ടിന്റെ വ്യത്യാസവുമാണ് യുഡിഎഫിന് നൂലിഴ ഭൂരിപക്ഷത്തില്‍ അധികാരം നല്‍കിയതെന്നത് വിസ്മരിക്കുന്നില്ല. രണ്ടു മുന്നണികള്‍ തമ്മിലെ സംസ്ഥാനതല വോട്ടുവ്യത്യാസം ഒരു ലക്ഷത്തോളം വോട്ടിന്റേതാണ്. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 മണ്ഡലങ്ങളില്‍ 10ലും പതിനായിരത്തിനുമേല്‍ ഭൂരിപക്ഷമുണ്ട്. 11,246 വോട്ടുള്ള ഏറനാടുമുതല്‍ 44,508 ഭൂരിപക്ഷമുള്ള മലപ്പുറംവരെ ഇക്കൂട്ടത്തിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്തൊട്ടാകെ ലീഗിന് വര്‍ധിച്ചത് ഒരു ശതമാനം വോട്ടാണ്. കേരളത്തില്‍ മുസ്ലിം ജനസംഖ്യ 26 ശതമാനമാണ്. ഈ വിഭാഗം എങ്ങനെ വോട്ടുചെയ്തുവെന്ന് പ്രമുഖതെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സിഎസ്ഡിഎസ് എന്ന സ്ഥാപനം സിഎന്‍എന്‍ -ഐബിഎന്‍ - ദ വീക്ക് എന്നിവയ്ക്കായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോസ്റ്റ് പോള്‍ സര്‍വേയില്‍ മുന്നണികളുടെ സീറ്റ് നിലയോട് ഏറെക്കുറെ അടുത്തത് ഇവരുടെ റിപ്പോര്‍ട്ടാണ്. 100 മുസ്ലിങ്ങളില്‍ 32 പേര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തെങ്കില്‍ യുഡിഎഫിന് 65 പേര്‍ . ബിജെപിക്ക് ഒരാളും മറ്റുള്ളവര്‍ക്ക് രണ്ടും. 2006 ല്‍ എല്‍ഡിഎഫിന് 39 പേരും യുഡിഎഫിന് 57 പേരു വോട്ടുചെയ്തു. ഇതുപ്രകാരം രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തമ്മില്‍ എല്‍ഡിഎഫിന് 7 ശതമാനത്തിന്റെ വോട്ടുചോര്‍ച്ചയും യുഡിഎഫിന് 8 ശതമാനത്തിന്റെ വോട്ട് വളര്‍ച്ചയുമുണ്ട്. ഈ പ്രതിഭാസം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായി പെണ്‍വാണിഭ-അഴിമതിക്കേസുകള്‍ ഉയര്‍ന്നതിലുള്ള ജനരോഷമാണെന്ന വിശകലനം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ അസി. പ്രൊഫസര്‍ എന്‍ പി ആഷ്ലി നടത്തി.

1977ലെ തെരഞ്ഞെടുപ്പില്‍ തോറ്റ ഇന്ദിരാഗാന്ധിയെ 1980 ല്‍ ജനങ്ങള്‍ തിരിച്ചെത്തിച്ചത് ഒരേ സംഭവത്തില്‍ രണ്ടു തവണ ഇന്ദിരയെ ക്രൂശിക്കാന്‍ എതിര്‍രാഷ്ട്രീയ ശക്തികള്‍ ശ്രമിച്ചതുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ . ഇന്ദിരയുടെ തിരിച്ചുവരവിനെ കുഞ്ഞാലിക്കുട്ടിയുടെ വിജയവുമായി താരതമ്യംചെയ്തത് കടുംകൈയായി. കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപം ഐസ്ക്രീംകേസില്‍ ഒതുങ്ങുന്നതല്ല. മൊഴിമാറ്റത്തിന്റെയും ജഡ്ജിമാരെ കോഴനല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റേതുമാണ്. ഒപ്പം ഭരണത്തിലിരിക്കുമ്പോള്‍ അവിഹിത സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപവുമുണ്ട്. 2006 ലെ എല്‍ഡിഎഫ് വിജയത്തിനും ലീഗ് തോറ്റമ്പിയതിനുമുള്ള ഏകകാരണം കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീംകേസാണെന്ന നിഗമനം പോലെതന്നെ അപക്വമാണ് കുഞ്ഞാലിക്കുട്ടിയോടുള്ള സഹതാപംകൊണ്ട് ലീഗ് ഇക്കുറി നല്ല വിജയം നേടിയെന്ന നിഗമനം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മതതീവ്രവാദം വളര്‍ന്നതിനു കാരണം സാര്‍വദേശീയമായി സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ക്ഷീണം സംഭവിച്ചതും ദേശീയമായി മതേതര ബൂര്‍ഷ്വാ ഭരണകൂടങ്ങള്‍ ജനങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതും മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയം കൈകാര്യം ചെയ്ത സംഘടനകള്‍ തീവ്രവാദത്തെ കൂട്ടുപിടിച്ച് വളരാനിടയായതുമാണ്. ഇതില്‍നിന്ന് കേരളവും മോചിതമല്ല. സ്വാതന്ത്ര്യത്തിനുമുമ്പേ രാഷ്ട്രീയബോധം ആര്‍ജിച്ച സമൂഹമാണ് കേരള മുസ്ലിങ്ങള്‍ . യൂറോപ്യന്‍ അധിനിവേശത്തെ ചെറുക്കുന്നതില്‍ അവര്‍ മുന്നിലുണ്ടായിരുന്നുവെന്ന് മലബാര്‍ കലാപമടക്കമുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ , അതില്‍ ദേശീയബോധത്തോടൊപ്പം ഇസ്ലാമികബോധവും കൂടിക്കലര്‍ന്നിരുന്നു. ഇതിന്റെ സ്വാധീനത്തില്‍ പൂര്‍ണമായും അകപ്പെടാതെ മുസ്ലിങ്ങളെ ദേശീയധാരയിലുറപ്പിച്ചുനിര്‍ത്താന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലുള്ള ദേശീയ നേതാക്കളും കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരും പിന്നീട് കമ്യൂണിസ്റ്റുകാരും ശ്രമിച്ചു. എന്നാല്‍ , മുസ്ലിംലീഗ് ആദ്യംമുതലേ ഇസ്ലാമികവികാരം ചൂഷണംചെയ്യാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റായ അബ്ദുറഹ്മാനെ മുസ്ലിം വിരുദ്ധനും കാഫിറുമായി ചിത്രീകരിക്കാനും ലീഗ് തയ്യാറായി. അന്നുതൊട്ടേ സമുദായ രാഷ്ട്രീയം തുറുപ്പുചീട്ടാക്കിയ ലീഗിന്റെ കണ്ണ് കച്ചവടരാഷ്ട്രീയത്തിലായിരുന്നു. അതിന്റെ ഭാഗമായി സമുദായകാര്‍ഡിറക്കി വിജയം നേടാന്‍ പതിവായി ശ്രമിച്ചു. പലപ്പോഴും അത് പാളിയെങ്കിലും ഇക്കുറി വിദ്യ കുറച്ചെങ്കിലും ഫലിച്ചു. അതിന് കുഞ്ഞാലിക്കുട്ടി വിഷയവും പ്രയോജനപ്പെടുത്തി. സമുദായവികാരം കുത്തിയിളക്കാനുള്ള രാഷ്ട്രീയ അജന്‍ഡയ്ക്ക് ലീഗ് 2007 മുതലേ ശ്രമിച്ചിട്ടുണ്ട്. 2010 മെയ് 20ന് കോട്ടയ്ക്കലില്‍ നടന്ന മുസ്ലിം സംഗമം ഇതിന്റെ ഭാഗമായിരുന്നു. "അരിവാള്‍ സുന്നികള്‍" എന്ന് ലീഗുകാര്‍ വിശേഷിപ്പിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികളെയുള്‍പ്പെടെ ഇതില്‍ പങ്കെടുപ്പിച്ചു. സുന്നി-മുജാഹിദ് സംഘടനകളെ ലീഗിന്റെ കച്ചവടരാഷ്ട്രീയത്തിന്റെ ഇരകളാക്കുന്നതില്‍ ലീഗ് ജയിച്ചു. കോട്ടയ്ക്കല്‍ കണ്‍വന്‍ഷന്റെ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നോട്ടുകൊണ്ടുപോയതുകൊണ്ടും കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുകളില്‍ സാമുദായിക വികാരം കലര്‍ത്തി പ്രതിരോധിച്ചതുകൊണ്ടും ലീഗിന് നേട്ടമുണ്ടാക്കാനായി. അറേബ്യന്‍ രാജ്യങ്ങളിലെ ജനമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തില്‍നിന്നും യുപിഎ സര്‍ക്കാരിനെതിരെ ദേശവ്യാപകമായി വളര്‍ന്ന അഴിമതിവിരുദ്ധ തരംഗത്തില്‍നിന്നും എല്‍ഡിഎഫ് ഭരണത്തിന് അനുകൂലമായ ചായ്വില്‍നിന്നും മുസ്ലിങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ ലീഗിന് കഴിഞ്ഞതില്‍ കോട്ടയ്ക്കല്‍ കൂട്ടായ്മ വലിയ പങ്കുവഹിച്ചു. പക്ഷേ, ലീഗിന് ലഭിച്ച ജനവിധി ഐസ്ക്രീംകേസും അഴിമതിക്കേസും അസാധുവാക്കാനുള്ള ജനവിധിയാണെന്ന നിഗമനം കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുണ്ട്. ഇത് ശരിയല്ല.

2001ല്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 56 ശതമാനം വോട്ട് ലീഗിന് ലഭിച്ചു. 2006ല്‍ 48.1 ശതമാനമായി കുറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മലപ്പുറത്ത് 12ല്‍ 5 സീറ്റ് ലഭിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് 59.5 ശതമാനം വോട്ട് ലഭിച്ചു. അതായത് 11.4 ശതമാനത്തിന്റെ വര്‍ധന. 2011ല്‍ 54.1 ശതമാനമായി കുറഞ്ഞു. ഇത് കാണിക്കുന്നത് കുഞ്ഞാലിക്കുട്ടി മത്സരരംഗത്തില്ലാതിരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ലീഗും യുഡിഎഫും മലപ്പുറത്ത് നേടിയ വോട്ടുവിഹിതം കുഞ്ഞാലിക്കുട്ടി മത്സരിച്ച നിയമസഭാതെരഞ്ഞെടുപ്പില്‍ ലീഗിന് സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. എങ്കിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് അന്തരം മലപ്പുറത്ത് വലുതാണ്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് 59.5 ശതമാനവും എല്‍ഡിഎഫിന് 35.2 ശതമാനവും. വ്യത്യാസം 24.3 ശതമാനം. 2011ല്‍ യുഡിഎഫിന് 54.1 ശതമാനം വോട്ടും എല്‍ഡിഎഫിന് 34.1 ശതമാനവും. വ്യത്യാസം 20 ശതമാനം. ഇതെല്ലാം കാണിക്കുന്നത് കുഞ്ഞാലിക്കുട്ടി മത്സരിച്ചതുകൊണ്ടുമാത്രം യുഡിഎഫിനും ലീഗിനും മലപ്പുറത്ത് വോട്ടുശക്തി വര്‍ധിച്ചിട്ടില്ലെന്നാണ്. പക്ഷേ, മലപ്പുറത്ത് യുഡിഎഫിനനുകൂലമായി സാമുദായിക കേന്ദ്രീകരണം സൃഷ്ടിക്കാന്‍ കുഞ്ഞാലിക്കുട്ടി വിഷയവും ഉപയോഗപ്പെടുത്തിയിരുന്നു. 2009ല്‍ വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷം 23,850 ആയിരുന്നത് കുഞ്ഞാലിക്കുട്ടി 38,237 ആക്കി വര്‍ധിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ , ഈ തോതില്‍ നേട്ടം മലപ്പുറം ജില്ലയിലൊട്ടാകെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ലീഗ് നേടിയ സീറ്റുകളുടെ ബലത്തില്‍ കിട്ടിയ യുഡിഎഫ് ഭരണത്തിന്റെ യഥാര്‍ഥ തല തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള വിലപേശല്‍രാഷ്ട്രീയത്തിലാണ് ലീഗ്. 1952ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പുതൊട്ട് -അന്നത്തെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ അരഡസനിലേറെ മണ്ഡലങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനമുപയോഗിച്ച്- മുസ്ലിം രാഷ്ട്രീയം കളിക്കുകയാണ് ലീഗ്. കമ്യൂണിസ്റ്റ് സര്‍ക്കാരിനും വിരുദ്ധമുന്നണിക്കും മധ്യേനിന്ന് സ്വന്തംകാര്യം നേടാനുള്ള കച്ചവടരാഷ്ട്രീയത്തിന്റെ ആദ്യ രൂപം വിമോചനസമരത്തിനു മുമ്പുതന്നെയുണ്ടായിട്ടുണ്ട്. 1952ലെ രാജാജി സര്‍ക്കാരിന് മലബാറിലും മദിരാശിയിലുമുള്ള ലീഗ് നല്‍കിയ പിന്തുണയോടെയാണ് മലബാര്‍ അടക്കമുള്ള അന്നത്തെ മദിരാശി സംസ്ഥാനത്തിലെ മുസ്ലിം രാഷ്ട്രീയം തുടങ്ങിയത്.

1956ല്‍ സംസ്ഥാനം രൂപീകരിച്ചതോടെ കച്ചവടരാഷ്ട്രീയം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനു മുമ്പുനടന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പകുതി സീറ്റില്‍ ജയിച്ച കമ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തിലേറ്റാന്‍ ലീഗ് അംഗങ്ങള്‍ പിന്തുണച്ചു. അങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പി ടി ഭാസ്കരപ്പണിക്കര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായത്. പിന്നീട് ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ആ സര്‍ക്കാരിനോടും ലീഗ് നിസ്സഹകരിച്ചില്ല. കോണ്‍ഗ്രസും പിഎസ്പിയും ക്രിസ്തീയ മതമേധാവികളും ചേര്‍ന്ന് സംഘടിപ്പിച്ച കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണത്തില്‍ ലീഗ് പങ്കാളിയായില്ല. എന്നാല്‍ , ആ പ്രചാരണത്തെ എതിര്‍ക്കാന്‍ തയ്യാറായതുമില്ല. ഇങ്ങനെ കമ്യൂണിസ്റ്റ് സര്‍ക്കാരിനും വിരുദ്ധമുന്നണിക്കും ഇടയില്‍നിന്ന് സ്വന്തം കാര്യം നേടുകയെന്ന സമീപനമാണ് വിമോചനസമരംവരെയുള്ള കാലത്ത് ലീഗ് കൈക്കൊണ്ടത്. വിമോചനസമരത്തിന് തൊട്ടുമുമ്പ് നടന്ന കൂടിയാലോചനകളെത്തുടര്‍ന്ന് വിരുദ്ധമുന്നണിയില്‍ ലീഗ് പൂര്‍ണമായി ചേര്‍ന്നു. കമ്യൂണിസ്റ്റ്വിരുദ്ധ മുന്നണിയുടെ സര്‍ക്കാര്‍ വന്നാല്‍ ലീഗിന് പങ്കുകിട്ടുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഇത് ചെയ്തത്. എന്നാല്‍ , ലീഗിന് പങ്കാളിത്തം കിട്ടിയില്ല. ലീഗ് നേതാവ് സീതി സാഹിബിന് സ്പീക്കര്‍ പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അദ്ദേഹം അന്തരിച്ചപ്പോള്‍ സി എച്ച് മുഹമ്മദ്കോയയെ സ്പീക്കറാക്കി. പക്ഷേ, ലീഗില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി നില്‍ക്കണമെന്ന കോണ്‍ഗ്രസിന്റെ നിബന്ധനയ്ക്കു വഴങ്ങിയാണ് സി എച്ച് സ്പീക്കറായത്. അപ്പോഴാണ് തൊപ്പിയൂരിയ സ്പീക്കര്‍ എന്ന് സി എച്ചിനെ ഇ എം എസ് വിശേഷിപ്പിച്ചത്. ഇങ്ങനെ ലീഗ് കച്ചവടരാഷ്ട്രീയം കളിക്കുമ്പോള്‍തന്നെ വരുതിയില്‍ നിര്‍ത്താന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തയാറായി. ഇന്ന് ലീഗിന്റെ ദയാദാക്ഷിണ്യത്തില്‍ നടത്തുന്ന ഭരണമായി ഒരുമാസം പിന്നിടുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭ മാറി. കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമൊപ്പമാണ് മുസ്ലിംസമുദായമാകെയെന്ന വ്യാജപ്രതീതിയുണ്ടാക്കി ലീഗ് നടത്തുന്ന വിലപേശലില്‍ കോണ്‍ഗ്രസ് നേതൃത്വം വീണു. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ലീഗിനില്ലെന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ട് സൂക്ഷ്മമായി പരിശോധിക്കുന്ന ആര്‍ക്കും കാണാനാകും. മലപ്പുറത്ത് ലീഗ് നേടിയ വോട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികളുടേതുമുണ്ട്. ഇതെല്ലാം വിസ്മരിച്ച് യുഡിഎഫ് മന്ത്രിസഭയെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയാക്കി അധഃപതിപ്പിച്ചിരിക്കയാണ്. അതാണ് ഒന്നുകില്‍ അഞ്ചാം മന്ത്രി അല്ലെങ്കില്‍ കേന്ദ്രത്തില്‍ ലീഗിന് ക്യാബിനറ്റ് പദവി എന്ന നിബന്ധനയിലെ കോണ്‍ഗ്രസ് കീഴടങ്ങല്‍ .

ആര്‍ എസ് ബാബു deshabhimani 270611

1 comment:

  1. ഇരുപത് സീറ്റ് നേടിയ മുസ്ലിംലീഗിന്റെ ബലത്തിലാണ് യുഡിഎഫ് അധികാരത്തിലേറിയത്. ഇതിന്റെ പേരിലാണ് ലീഗിന്റെ വിലപേശല്‍ . ഒന്നുകില്‍ അഞ്ചാംമന്ത്രി അല്ലെങ്കില്‍ ഇ അഹമ്മദിന് ക്യാബിനറ്റ് പദവി എന്നിവയില്‍ ഒന്ന് എന്ന ഉപാധിയിലാണ് കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ . ലീഗിന്റെ തെരഞ്ഞെടുപ്പ് ജയം "മുസ്ലിംവോട്ട് ശക്തി"കൊണ്ടാണെന്ന സിദ്ധാന്തമാണ് ചില ബുദ്ധിജീവികള്‍ ഉയര്‍ത്തുന്നത്. മതനിരപേക്ഷ കേരളത്തില്‍ ഇത്തരം പദപ്രയോഗങ്ങള്‍തന്നെ ഛിദ്രചിന്തകളെ വളര്‍ത്തുന്നതാണ്. ഹിന്ദുവോട്ട്, നായര്‍വോട്ട്, ഈഴവ വോട്ട്, ക്രിസ്ത്യന്‍വോട്ട്, ദളിത് വോട്ട് എന്നീ വിധത്തിലെ വേര്‍തിരിവ് ആപല്‍ക്കരമാണ്. ഒരാള്‍ ഒരു സമുദായത്തില്‍ പിറന്നതുകൊണ്ട് അയാളുടെ വോട്ടിനെ സമുദായത്തിന്റെ പേരില്‍ചാപ്പകുത്തുന്നത് തെറ്റാണ്. ജാതിക്കും സമുദായത്തിനും അവയുടെ സംഘടനകള്‍ക്കും കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നത് ശരിതന്നെ. പക്ഷേ, കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനഘടകം രാഷ്ട്രീയ ശക്തിയുടേതാണ്.

    ReplyDelete