Wednesday, June 29, 2011

പി എ സി റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തടഞ്ഞു

2ജി സ്‌പെക്ട്രം അഴിമതിയില്‍ താന്‍ ചെയര്‍മാനായിരുന്ന കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാന്‍ മുരളീ മനോഹര്‍ജോഷിയുടെ നീക്കത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം പി എ സിയില്‍ ഉണ്ടായ അഭിപ്രായഭിന്നതയുടെ അടിസ്ഥാനത്തില്‍, സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ച റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ഭരണഘടനാ വിദഗ്ധരെ സമീപിക്കാന്‍ ജോഷി തീരുമാനിച്ചിട്ടുണ്ട്.
ഇന്നലത്തെ യോഗത്തില്‍ എന്‍ ഡി എയ്ക്ക് പുറമെ ഡി എം കെ, ബി എസ് പി എന്നീ പാര്‍ട്ടികളുടെയും പിന്‍തുണ ജോഷിക്ക് ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയിത്തതും ആണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രില്‍ 30ന് കാലാവധി അവസാനിച്ച സമിതിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ തള്ളിയത്. അന്ന് പി എ സിയുടെ യോഗത്തില്‍വച്ച റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസിനൊപ്പം ഡി എം കെ, ബി എസ് പി, എസ് പി എന്നീ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. അന്നു പി എ സിയില്‍ കോണ്‍ഗ്രസിന്റെ ഏഴും ബി ജെ പിയുടെ നാലും എ ഐ എ ഡി എം കെ, ഡി എം കെ എന്നിവയില്‍നിന്നും രണ്ടുവീതവും ശിവസേന, ബി ജെ ഡി, ജെ ഡി യു, എസ് പി, ബി എസ് പി, സി പി എം എന്നീ പാര്‍ട്ടികളില്‍നിന്നും ഓരോ അംഗങ്ങള്‍ വീതവുമാണ് ഉണ്ടായിരുന്നത്.

ഇപ്പോഴത്തെ കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് എട്ടും എന്‍ സി പി, ഡി എം കെ എന്നിവയ്ക്ക് ഒന്നുവീതവും ബി ജെ പിക്ക് നാല്, ബി എസ് പിക്ക് രണ്ട്, ശിവസേന, ബി ജെ ഡി, എ ഐ എ ഡി എം കെ, സി പി എം, എസ് പി, അകാലിദള്‍ എന്നീ കക്ഷികള്‍ക്ക് ഓരോ അംഗങ്ങള്‍വീതവുമാണ് ഉള്ളത്.

ഇന്നലത്തെ പി എ സി യോഗത്തില്‍ ജയന്തി നടരാജന്‍, കെ സുധാകരന്‍, സഞ്ജയ് നിരുപം, ഗിരിജാ വ്യാസ്, കെ എസ് റാവു എന്നിവര്‍ വാദങ്ങള്‍ അവതരിപ്പിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ 2ജി സ്‌പെക്ട്രം അഴിമതി പരിഗണനയ്‌ക്കെടുക്കാന്‍ ഇപ്പോഴത്തെ പി എ സിക്ക് കഴിയില്ലെന്ന അഭിപ്രായമാണ് ഇവരെല്ലാം ഉന്നയിച്ചത്. എന്നാല്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി റിപ്പോര്‍ട്ട് വിതരണം ചെയ്യണമെന്ന അഭിപ്രായമായിരുന്നു എന്‍ ഡി എ അംഗങ്ങളുടേത്. ഇതേ അഭിപ്രായത്തോട് ഡി എം കെ, ബി എസ് പി അംഗങ്ങളും യോജിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് കാണേണ്ടതുണ്ടെന്ന് ബി എസ് പി അംഗമായ സതീഷ്ചന്ദ്ര മിശ്ര പറഞ്ഞു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് ഡി എം കെ അംഗം ആദിശേഖര്‍ പറഞ്ഞു.

ചട്ടങ്ങളും മറ്റും ചൂണ്ടിക്കാട്ടി അംഗങ്ങള്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്നതിന് മുന്‍പ് ഭരണഘടനാ വിദഗ്ധന്റെ അഭിപ്രായമാരായുമെന്ന് ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌പെക്ട്രം അഴിമതി റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള ജോഷിയുടെ ശ്രമത്തിനെതിരെ ശക്തമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിന്റെ ഉത്തരവാദിത്തങ്ങള്‍മറക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.


janayugom 290611

1 comment:

  1. 2ജി സ്‌പെക്ട്രം അഴിമതിയില്‍ താന്‍ ചെയര്‍മാനായിരുന്ന കഴിഞ്ഞ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) ചെയര്‍മാന്‍ മുരളീ മനോഹര്‍ജോഷിയുടെ നീക്കത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം പി എ സിയില്‍ ഉണ്ടായ അഭിപ്രായഭിന്നതയുടെ അടിസ്ഥാനത്തില്‍, സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ച റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ഭരണഘടനാ വിദഗ്ധരെ സമീപിക്കാന്‍ ജോഷി തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete