Wednesday, June 29, 2011

പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ലണ്ടന്‍: ലോകത്തെമ്പാടുമുളള പ്രമേഹരോഗികളുടെ എണ്ണം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണ നീരീക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍  1980 നെ അപേക്ഷിച്ച്  പ്രമേഹരോഗികള്‍  ഇരട്ടിയിലേറെ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുളളത്. ലോകത്താകമാനം  27 ലക്ഷം പേരിലാണ് സംഘം പഠനം നടത്തിയത്.

പ്രമേഹരോഗത്തിന് അടിപ്പെട്ടവരുടെ എണ്ണം 1980 നെ അപേക്ഷിച്ച് 153 ദശലക്ഷം പേരില്‍ നിന്നും 347 ദശലക്ഷമായി വര്‍ധിച്ചു. ശരിയായ പരിശോധനാ രീതികളിലൂടെ ഇത് കണ്ടെത്തുകയും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രമേഹം ബാധിച്ചവരില്‍ 70 ശതമാനത്തോളം പേരുടെയും ജീവിതകാലം ചുരുങ്ങുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പസഫിക് ദ്വീപസമൂഹ പ്രദേശത്താണ്  പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്. മാര്‍ഷല്‍ ദ്വീപസമൂഹത്തില്‍ മൂന്നിലൊന്ന് സ്ത്രീകളിലും പ്രമേഹരോഗം കണ്ടെത്തി. ലോകത്തെങ്ങും സര്‍വസാധാരണമായ അസുഖമായി പ്രമേഹം മാറിയതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ ആഹാര നിയന്ത്രണം ഉള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഗവേഷണസംഘത്തിന്റെ തലവന്‍ ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനിലെ  മജീദ് എസ്സാറ്റി അഭിപ്രായപ്പെട്ടു.

കടുത്ത പ്രമേഹം വൃക്കകള്‍ക്ക് തകരാര്‍, അന്ധത എന്നിവയ്ക്ക് കാരണമാകും. ടെപ്പ് 2 പ്രമേഹം അമിതവണ്ണത്തിനും. അമേരിക്കയിലാണ് പ്രമേഹരോഗികളുടെ എണ്ണത്തില്‍ മുന്നില്‍. പടിഞ്ഞാറന്‍ യൂറോപ്പില്‍ കുറവും.  ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങളില്‍ വെളിപ്പെട്ടത് മിക്ക രാജ്യങ്ങളിലും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ തോതിലുളള വര്‍ധനവോ സ്ഥിരമായ രീതിയിലുളള നിലനില്‍ക്കലോ തുടരുന്നുവെന്നാണ്. എന്നാല്‍ ഏറ്റവും ആശങ്കാജനകമായ പ്രവണത പ്രമേഹരോഗത്തിന് അടിപ്പെട്ടവരില്‍ നല്ലൊരു പങ്കും കാര്യമായ ഭക്ഷണ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്നതാണ്.

janayugom 270611

1 comment:

  1. ലോകത്തെമ്പാടുമുളള പ്രമേഹരോഗികളുടെ എണ്ണം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഗവേഷണ നീരീക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍ 1980 നെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ ഇരട്ടിയിലേറെ വര്‍ധിച്ചതായാണ് കണ്ടെത്തിയിട്ടുളളത്. ലോകത്താകമാനം 27 ലക്ഷം പേരിലാണ് സംഘം പഠനം നടത്തിയത്.

    ReplyDelete