Tuesday, June 28, 2011

കയ്പേറിയ മധുവിധു

നയപ്രഖ്യാപനത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയുടെ ആദ്യദിനത്തില്‍ത്തന്നെ സഭ ഇളകിമറിഞ്ഞു. അഴിമതിമന്ത്രിമാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വെട്ടിമാറ്റിയതിനെതിരെ ചോദ്യോത്തരവേളയില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധം, ഇന്ധനവില വര്‍ധനയെ കുറിച്ചുള്ള അടിയന്തരപ്രമേയത്തിന്റെ ഊഴമായപ്പോള്‍ ആളിക്കത്തി. നന്ദിപ്രമേയചര്‍ച്ചയിലാകട്ടെ പ്രതിപക്ഷത്തുനിന്ന് തൊടുത്തുവിട്ട വിമര്‍ശനശരങ്ങളേറ്റ് ഭരണപക്ഷ നിര പുളഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്. ആദ്യദിവസത്തെ ചര്‍ച്ച ഉപസംഹരിച്ച ഇ പി ജയരാജനാകട്ടെ നയപ്രഖ്യാപനപ്രസംഗത്തിലെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഭരണപക്ഷത്തെ നേരിട്ടത്. മധുവിധുനാളുകള്‍ക്ക് കാലപരിധി കണക്കാക്കുന്ന നിയമം വല്ലതുമുണ്ടോയെന്ന് തിട്ടമില്ല. പക്ഷേ സര്‍ക്കാര്‍ ഇപ്പോഴും "ഹണിമൂണ്‍ പീരിഡില്‍" ആണെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. ഹണിമൂണ്‍ എന്ന് തീരുമെന്ന് ചോദിച്ചാല്‍ "ബ...ബ...ബ" എന്നായിരിക്കും മറുപടി.

ഹണിമൂണില്‍ ആയതിനാല്‍ കുറച്ചുകൂടി സാവകാശം തന്നുകൂടേയെന്നാണ് നന്ദിപ്രമേയത്തിന്റെ അവതാരകനായ രമേശ് ചെന്നിത്തലയുടെ ചോദ്യം. തങ്ങള്‍ക്കും അങ്ങനെ ആഗ്രഹമുണ്ടെങ്കിലും മധുവിധുനാളുകളില്‍ത്തന്നെ ജനദ്രോഹം കലയാക്കിയാല്‍ എന്തുചെയ്യുമെന്നായി കോടിയേരി. 41 ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനദ്രോഹനടപടികള്‍ സ്വീകരിച്ചതിന്റെ റെക്കോഡ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി മന്ത്രിമാരെക്കുറിച്ച് പ്രതിപക്ഷത്തുനിന്ന് എം എ ബേബി, എം ഹംസ എന്നിവര്‍ നല്‍കിയ ചോദ്യമാണ് നക്ഷത്രചിഹ്നമിട്ടവയുടെ പട്ടികയില്‍പ്പെടുത്തിയശേഷം പിന്നീട് വെട്ടിമാറ്റിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം ഇരുവരും ചെയറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ , പിന്നീട് ഇത് സംബന്ധിച്ച റൂളിങ് നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്നാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരാകരിച്ചത് 13-ാം സഭയിലെ ആദ്യ ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. പ്രമേയത്തിന് അവതരണാനുമതി തേടിയ ഡോ. തോമസ് ഐസക് വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന് മാപ്പുസാക്ഷിയാകാന്‍ കേരളത്തിലെ ജനങ്ങളെ കിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും മറ്റു കക്ഷിനേതാക്കളും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഏകശിലാവിഗ്രഹം പോലെ യുഡിഎഫ് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷവും ഭരിക്കുമെന്നും നന്ദിപ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തല ആവര്‍ത്തിച്ചപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് താങ്കളെ മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്ത ശരിയാണോയെന്നായി വി ശിവന്‍കുട്ടി.

കെപിസിസി ഓഫീസില്‍ നിന്ന് തയ്യാറാക്കി നല്‍കിയ പ്രസംഗമാണ് ഗവര്‍ണര്‍ വായിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ . കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുന്നവര്‍ വിഷമിക്കേണ്ടതില്ലെന്നാണ് കോടിയേരിയുടെ പക്ഷം. അവര്‍ക്കായി വട്ടിയൂര്‍ക്കാവ് സീറ്റ് സംവരണം ചെയ്തിട്ടുണ്ടത്രേ. ഒരു സ്ത്രീക്ക് മൂന്ന് ഭര്‍ത്താക്കന്മാരുള്ളതുപോലെയാണ് വകുപ്പ് വിഭജനം. ലീഗിലെ "നിത്യഹരിത നിയുക്തമന്ത്രി", പി സി ജോര്‍ജ് എന്ന ചീഫ് വിപ്പ്... ഇതെല്ലാം അധികച്ചെലവിന് ഉദാഹരണമായി കോടിയേരി ചൂണ്ടിക്കാട്ടി. പൂത്തുനില്‍ക്കുന്ന പൂമരത്തോടാണ് അബ്ദുള്‍ സമദ് സമദാനി സര്‍ക്കാരിനെ ഉപമിച്ചത്. ഇല പോയ പാഴ്മരത്തിന് തണല്‍ നല്‍കാന്‍ കഴിയില്ലത്രേ. യുഡിഎഫിന്റെ അവസ്ഥ കണ്ടപ്പോള്‍ പുരാണത്തിലെ അഷ്ടാവക്രനെയാണ് മുല്ലക്കര രത്നാകരന് ഓര്‍മവന്നത്. ഒമ്പത് ഒടിവ്, നാല് മുഴ, ഒരു തടവ്... അഷ്ടാവക്രനെ മുല്ലക്കര വരച്ചിട്ടു. അപമാനിതരായ ഭരണപക്ഷം, ബഹുമാന്യരായ പ്രതിപക്ഷം. മുല്ലക്കരയുടെ വാക്കുകള്‍ ഇങ്ങനെ നീണ്ടു. കയ്യാലപ്പുറത്ത് വച്ച തേങ്ങപോലെയാണ് യുഡിഎഫിലെ കക്ഷികളും എംഎല്‍എമാരുമെന്ന് എം ചന്ദ്രന്‍ . പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കരുതെന്നായിരുന്നു പി കെ ഗുരുദാസന്റെ അഭ്യര്‍ഥന. സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തില്‍ സര്‍ക്കാരിന് ശിഖണ്ഡിയുടെ നയമാണെന്ന് പി ശ്രീരാമകൃഷ്ണന്‍ . ഐസ്ക്രീമിന് മുകളില്‍ ചെറിപ്പഴം വച്ചതുപോലെയാണ് രമേശ് ചെന്നിത്തലയെ സഭയില്‍ കൊണ്ടിരുത്തിയിരിക്കുന്നതെന്നാണ് വി എസ് സുനില്‍കുമാറിന്റെ പക്ഷം. ആവര്‍ത്തനവും അവ്യക്തതയും നിറഞ്ഞ നയമില്ലാത്ത രേഖ എന്നാണ് നയപ്രഖ്യാപനപ്രസംഗത്തെ ഇ പി ജയരാജന്‍ വിശേഷിപ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിവയുടെ കാര്യത്തില്‍ യുഡിഎഫ് സ്വീകരിച്ച ഇരട്ടത്താപ്പിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടിയതോടെ രംഗം ചൂടായി. മന്ത്രി കെ സി ജോസഫ്, കെ ശിവദാസന്‍നായര്‍ , വര്‍ക്കല കഹാര്‍ എന്നിവരോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനും മറന്നില്ല. ക്രിയാത്മക പ്രതിപക്ഷം എന്നതിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഉപദേശിച്ചു. പി സി ജോര്‍ജ്, സി കെ നാണു, വി ടി ബല്‍റാം, കോവൂര്‍ കുഞ്ഞുമോന്‍ , സി പി മുഹമ്മദ്, എന്‍ ഷംസുദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍)

deshabhimani 280611

1 comment:

  1. നയപ്രഖ്യാപനത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയുടെ ആദ്യദിനത്തില്‍ത്തന്നെ സഭ ഇളകിമറിഞ്ഞു. അഴിമതിമന്ത്രിമാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വെട്ടിമാറ്റിയതിനെതിരെ ചോദ്യോത്തരവേളയില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധം, ഇന്ധനവില വര്‍ധനയെ കുറിച്ചുള്ള അടിയന്തരപ്രമേയത്തിന്റെ ഊഴമായപ്പോള്‍ ആളിക്കത്തി. നന്ദിപ്രമേയചര്‍ച്ചയിലാകട്ടെ പ്രതിപക്ഷത്തുനിന്ന് തൊടുത്തുവിട്ട വിമര്‍ശനശരങ്ങളേറ്റ് ഭരണപക്ഷ നിര പുളഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്. ആദ്യദിവസത്തെ ചര്‍ച്ച ഉപസംഹരിച്ച ഇ പി ജയരാജനാകട്ടെ നയപ്രഖ്യാപനപ്രസംഗത്തിലെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഭരണപക്ഷത്തെ നേരിട്ടത്. മധുവിധുനാളുകള്‍ക്ക് കാലപരിധി കണക്കാക്കുന്ന നിയമം വല്ലതുമുണ്ടോയെന്ന് തിട്ടമില്ല. പക്ഷേ സര്‍ക്കാര്‍ ഇപ്പോഴും "ഹണിമൂണ്‍ പീരിഡില്‍" ആണെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. ഹണിമൂണ്‍ എന്ന് തീരുമെന്ന് ചോദിച്ചാല്‍ "ബ...ബ...ബ" എന്നായിരിക്കും മറുപടി.

    ReplyDelete