വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിക്കുക: സിപിഐ എം
വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. മെറിറ്റിലും സാമൂഹ്യനീതിയിലും ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കച്ചവടശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള യുഡിഎഫിന്റെ നയം വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ മെറിറ്റ് സീറ്റുള്‍പ്പെടെ മാനേജ്മെന്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് അടിയറ വെക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയസമീപനവും ശക്തമായി നടപ്പാക്കുകയാണ്. ഇതിനെതിരെ കേളത്തിന്റെ പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ , ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നത്.
പ്രകോപനമില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചത്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് നടപടി വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ചുവെന്ന് മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറി വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിക്കുന്ന നടപടിയും പൊലീസ് സ്വീകരിച്ചു. സെക്രട്ടറിയറ്റുമതല്‍ യൂണിവേഴ്സിറ്റി കോളേജുവരെയുള്ള ഭാഗത്ത് യുദ്ധസമാനമായ അന്തരീക്ഷമാണ് പൊലീസ് സൃഷ്ടിച്ചത്. നിരവധി ഗ്രനേഡും ടിയര്‍ഗ്യാസ് ഷെല്ലും യൂണിവേഴ്സിറ്റി കോളേജിനകത്ത് കയറി പൊലീസ് പ്രയോഗിച്ചു. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപോലും തടസ്സംനില്‍ക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടതുകൊണ്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും സാധിച്ചത്.
എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് സുമേഷ്, വൈസ്പ്രസിഡന്റ് റഹിം, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബാലമുരളി, എസ്എഫ്ഐ നേതാവും മാവേലിക്കര എംഎല്‍എയുമായ രാജേഷ്, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ എന്നിവരെ ഉള്‍പ്പെടെ പൊലീസ് ഭീകരമായി മര്‍ദിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ അതിക്രമത്തില്‍ പരിക്കേറ്റിരിക്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. നിയമസഭാമാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചിരിക്കുകയാണ്. കണ്ണൂരിലും എറണാകുളത്തും ആലപ്പുഴയിലും തൃശൂരിലുമെല്ലാം പൊലീസ് അഴിഞ്ഞാടുന്ന നില ഉണ്ടായിട്ടുണ്ട്. കേരളീയ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കെതിരായി ജനകീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി നടത്തുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍മുക്കി കൊല്ലാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യാമോഹിക്കരുത്. അത്തരം നടപടികള്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. കേരളത്തിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഈ സമരത്തെ എല്ലാ ജനാധിപത്യവിശ്വാസികളും പിന്തുണയ്ക്കണമെന്നും പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ചോരയില്‍ മുക്കി
പൊലീസ് ഭീകരതയില്‍ തലസ്ഥാനനഗരം വീണ്ടും വിറങ്ങലിച്ചു. ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡെറിഞ്ഞും പൊലീസ് പരിക്കേല്‍പ്പിച്ച നൂറോളംപേര്‍ ആശുപത്രിയില്‍ . ഹോസ്റ്റലിലേക്ക് പോകവെ തലയ്ക്കടിച്ചുവീഴ്ത്തിയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യ ഗുരുതരാവസ്ഥയില്‍ . വിദ്യാഭ്യാസ കൊള്ളക്കെതിരായ പ്രക്ഷോഭത്തെയാണ് പൊലീസ് ബുധനാഴ്ചയും ചോരയില്‍ മുക്കിയത്. കോഴിക്കോട്ടും കോട്ടയത്തും പ്രതിഷേധപ്രകടനങ്ങള്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടന്നു.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുമ്പില്‍ എസ്എഫ്ഐ മാര്‍ച്ചിനെയും നിയമസഭയ്ക്കുമുന്നില്‍ എഐവൈഎഫ് മാര്‍ച്ചിനെയുമാണ് പൊലീസ് ആസൂത്രിതമായി കടന്നാക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ സായുധ പൊലീസ് സംഘം വിദ്യാര്‍ഥികള്‍ക്കുനേരെ 22 ഗ്രനേഡ് പൊട്ടിച്ചു. ഒറ്റപ്പെട്ടു പോയ വിദ്യാര്‍ഥികളെ പൊലീസുകാര്‍ കൂട്ടത്തോടെ വളഞ്ഞിട്ടു തല്ലി. പലരെയും തലയ്ക്കടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് വീണുകിടന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുപോലും പൊലീസ് തടഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം നേരിട്ട് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ രാജേഷ് എംഎല്‍എയെയും പൊലീസ് മര്‍ദിച്ചു. തലസ്ഥാനത്ത് ശത്രുസൈന്യത്തെയെന്ന പോലെയാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് നേരിട്ടത്. നേരിയ പ്രകോപനം പോലുമില്ലാതിരുന്ന പ്രകടനത്തിനുനേരെ പൊലീസ് പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. കാല്‍നടയാത്രക്കാരെയും തല്ലി. ജലപീരങ്കി പ്രയോഗിച്ചും വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും പിറകെ ഓടി അടിച്ചും ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചും പൊലീസ് നഗരം യുദ്ധക്കളമാക്കി.
യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നിലെത്തിയപ്പോഴേക്കും പൊലീസ് അടിതുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതരുതെന്നും പൊലീസിന്റെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച്. സ്വാശ്രയക്കൊള്ളയ്ക്കെതിരെയായിരുന്നു എഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസ് ലാത്തിവീശി ഓടിച്ചപ്പോള്‍ വീണുപോയ ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ എസ് സന്തോഷിനെ സായുധ പൊലീസ് വളഞ്ഞിട്ടുതല്ലി. ബുക്സ്റ്റാളില്‍ നിന്നിരുന്ന വിദ്യാര്‍ഥികളെയും പ്രാണരക്ഷാര്‍ഥം കടകളിലേക്ക് ഓടിക്കയറിയവരെയും അതതിടത്തിട്ടുതല്ലി. മിക്കവാറും പേര്‍ക്ക് തലയ്ക്കാണ് അടിയേറ്റത്. നിയമസഭക്കുമുന്നിലും സെക്രട്ടറിയറ്റിനുമുന്നിലും മണിക്കൂറുകളോളം പൊലീസ് താണ്ഡവമായിരുന്നു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആര്‍ രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹീം, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ലെനിന്‍ , ജില്ലാ പ്രസിഡന്റ് ബാലമുരളി തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ആക്രമണത്തിലും തലയ്ക്കും കാലിനുമാണ് പലര്‍ക്കും പരിക്കേറ്റത്.
സെക്രട്ടറിയറ്റിനുമുന്നില്‍ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെയും ഡിസിപി ജോളി ചെറിയാന്റെയും നേതൃത്വത്തില്‍ അക്രമാസക്തരായ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുമ്പോള്‍ മറ്റൊരു സായുധ പൊലീസ് സംഘം യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥിനികളെയടക്കം ഓടിച്ചിട്ടുതല്ലി. ക്ലാസ് റൂമുകളിലേക്കടക്കം ഇരുപത്തിരണ്ടോളം ഗ്രനേഡുകള്‍ എറിഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസുകളില്‍നിന്നിറങ്ങിയോടി. പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച എഐവൈഎഫ്-എഐഎസ്എഫ് നിയമസഭാ മാര്‍ച്ച് യുദ്ധസ്മാരകത്തിനടുത്തുവച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിനടുത്ത് എത്തിയ ഉടന്‍ പൊലീസ് ജലപീരങ്കിപ്രയോഗവും ലാത്തിച്ചാര്‍ജും ആരംഭിച്ചു. പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും നേതാക്കളെയും വളഞ്ഞിട്ട് തല്ലി. വനിതാപ്രവര്‍ത്തകരെയും തല്ലിവീഴ്ത്തി.
പൊലീസ് ഭീകരതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡുകളും ഷെല്ലുകളും എറിഞ്ഞു. ഓടിയവരെ പിന്തുടര്‍ന്നുതല്ലി. വന്‍സ്ഫോടനത്തോടെ ചിന്നിച്ചിതറിയ ഗ്രനേഡുകളേറ്റ് പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി ക്യഷ്ണപ്രസാദ്, എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ് പ്രദീപ്കുമാര്‍ , എ സാജന്‍ , ഉദയകുമാര്‍ , രമ്യ, ലേഖ എന്നിവരുള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിപിമാരായ രാജ്പാല്‍ മീണ, അസി. കമീഷണര്‍ കൃഷ്ണന്‍നായര്‍ എന്നിവരും നരനായാട്ടിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ , വൈക്കം വിശ്വന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, സി പി നാരായണന്‍ , കടകംപള്ളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. ഡിവൈഎഫ്ഐ കോഴിക്കോട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിനുനേരെ നടന്ന ലാത്തിച്ചാര്‍ജില്‍ ജില്ലാപ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസടക്കം നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.
കലിയിളകി കാക്കിപ്പട ജനമൈത്രിയില്‍നിന്ന് മൃഗീയതയിലേക്ക്
നിയമപാലകര്‍ ബുധനാഴ്ച തലസ്ഥാനത്ത് ഗുണ്ടകളായി മാറി. പൊലീസുകാരെ നിയന്ത്രിക്കേണ്ട സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം ഉള്‍പ്പെടെ ഗുണ്ടാനേതാവിനെപ്പോലെ കുട്ടികള്‍ക്കുനേരെ ചീറിയടുത്തു. സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കടന്നാക്രമിച്ചെന്ന് സമരത്തെ എതിര്‍ത്തുപോരുന്ന പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ക്ക് പോലും തുറന്നുപറയേണ്ടിവന്നു. തെരുവുകളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോര ചിതറിത്തെറിക്കുന്നു. ഗ്രനേഡുകളും ജലപീരങ്കിയും കണ്ണീര്‍വാതകഷെല്ലുകളുമായി ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കുട്ടികളെ വേട്ടയാടുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് സായുധ പൊലീസ്വ്യൂഹം മനുഷ്യത്വമില്ലാതെ കുട്ടികളെ വളഞ്ഞിട്ടു തല്ലി. കുട്ടികളുടെ തല അടിച്ചുതകര്‍ത്തും പല്ല് തല്ലിക്കൊഴിച്ചും കൈകള്‍ അടിച്ചൊടിച്ചും അഴിഞ്ഞാടുന്നു. തലയ്ക്കടിച്ചുവീഴ്ത്തിയശേഷം "എടുത്തുകൊണ്ടുപോടാ"യെന്ന ആക്രോശം കേട്ട് നടുങ്ങുകയാണ് കേരളം.
ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിക്കൊണ്ടിരിക്കെയാണ് നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുമ്പില്‍ നൂറുകണക്കിന് പൊലീസുകാര്‍ക്ക് ഭ്രാന്തിളകിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 22 ഗ്രനേഡ് പ്രയോഗിച്ചു. പെണ്‍കുട്ടികളെ തലയ്ക്കടിച്ചുവീഴ്ത്തി. ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് കോളേജിലെ ശരണ്യയുടെ തല അടിച്ചുപൊട്ടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യക്ക് ഇനിയും ബോധം വീണിട്ടില്ല. അഞ്ചുവര്‍ഷം ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന പൊലീസാണ് ഇങ്ങനെ രൂപംമാറിയത്.
യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് നരവേട്ടയില്‍ കുപ്രസിദ്ധരായ പൊലീസുകാരെയാണ് സമരമുഖങ്ങളില്‍ നിയോഗിക്കുന്നത്. അമ്പതെണ്ണത്തിനെയെങ്കിലും തല്ലി ചതയ്ക്കണമെന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിയോഗിക്കുന്നതിനുമുമ്പ് പൊലീസുകാര്‍ക്ക് ഡിസിപി നിര്‍ദേശം നല്‍കി.
കേരളത്തിന്റെ തെരുവുകളില്‍ അഞ്ചുവര്‍ഷം മുമ്പും ഇതേ കാഴ്ചയായിരുന്നു. കോടികളുടെ കൊള്ള നടത്തുന്ന സ്വാശ്രയമാനേജ്മെന്റുകളുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഭരണസംവിധാനം പഴയപോലെ സര്‍വശക്തിയും പ്രയോഗിച്ച് വിദ്യാര്‍ഥിപ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദവും അടിച്ചമര്‍ത്താന്‍ കാക്കിപ്പടയെ കയറൂരിവിട്ടിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനമേറ്റു. നൂറോളം വിദ്യാര്‍ഥികളെ വിവിധ കേസുകളില്‍ പെടുത്തി ജയിലിലടച്ചു. രണ്ടാഴ്ചയായി തുടരുന്ന നിഷ്ഠുരമായ ആക്രമണങ്ങള്‍ സഹിച്ച് വിദ്യാര്‍ഥികള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് കീഴടക്കാനാകുന്നതല്ല യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ സമരപാരമ്പര്യം. തലസ്ഥാനത്തെ വേട്ടയ്ക്കെതിരെ മണിക്കൂറുകള്‍ക്കകം ആര്‍ത്തിരമ്പിയ ജനരോഷം അതിന്റെ തെളിവാണ്. പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിന് കളമൊരുങ്ങും. സമരത്തിനാധാരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
(കെ എം മോഹന്‍ദാസ്)
തലയ്ക്കടിയേറ്റ ശരണ്യയുടെ നില ഗുരുതരം
സെക്രട്ടറിയറ്റ് മുതല്‍ നിയമസഭ വരെ ഗ്രനേഡും ലാത്തികളുമായി അഴിഞ്ഞാടിയ പൊലീസ് വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും വെറുതെവിട്ടില്ല. കോളേജ് വളപ്പിലേക്ക് പൊലീസ് ഗ്രനേഡ് വലിച്ചെറിയുന്നതു കണ്ട് ഭയന്ന്, ഹോസ്റ്റലിലേക്കു മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി ജ്യോഗ്രഫി വിദ്യാര്‍ഥിനി യു ശരണ്യയെ പൊലീസ് തലക്കടിച്ചു വീഴ്ത്തി. ഗ്രനേഡ് ഏറിനെ തുടര്‍ന്ന് ചിതറിയോടിയ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് പൊലീസ് തലങ്ങുംവിലങ്ങും ലാത്തി വീശിയോടിക്കുമ്പോള്‍ കോളജിനു സമീപം വെയിറ്റിംഗ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്നു ശരണ്യ. കലി പൂണ്ട പൊലീസുകാര്‍ ശരണ്യയെയും തലയ്ക്കടിച്ച് വീഴ്ത്തി. അടിയേറ്റ് നിലത്തുവീണ കുട്ടിയെ കൂടി നിന്നവര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂക്കില്‍നിന്ന് ചോരവാര്‍ന്ന് ബോധരഹിതയായ ശരണ്യയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവശയായ ശരണ്യക്കു മണിക്കൂറുകളോളം സംസാരിക്കാനായില്ല. വിവരമറിഞ്ഞ് കൊല്ലത്തു നിന്ന് ശരണ്യയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. സിടി സ്കാനിങ്ങിനു വിധേയയാക്കിയ ശരണ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. കൊല്ലം കുണ്ടറ പേരയം ശശാങ്കന്റെയും ഉഷാകുമാരിയുടെയും മകളാണ്.
50 കുട്ടികളെയെങ്കിലും തല്ലിച്ചതയ്ക്കാന്‍ ഡിസിപിയുടെ നിര്‍ദേശം
ബുധനാഴ്ച വിദ്യാര്‍ഥിസമരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്കുമുമ്പ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജോളി ചെറിയാന്‍ അക്രമം അഴിച്ചുവിടാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചുരുങ്ങിയത് 50 വിദ്യാര്‍ഥികളെയെങ്കിലും തല്ലിച്ചതച്ച് ആശുപത്രിയിലാക്കണമെന്നാണ് കമീഷണര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് സിഐമാരും എസ്ഐമാരും പറ്റിയ പൊലീസുകാരെ തെരഞ്ഞുപിടിച്ച് ഒരുക്കി നിര്‍ത്തി. വിദ്യാര്‍ഥി മാര്‍ച്ച് സെക്രട്ടറിയറ്റ് പരിസരത്ത് എത്തിയ ഉടനെ പ്രകോപനമൊന്നുമില്ലാതെയാണ് അടി തുടങ്ങിയത്. വഴിയാത്രക്കാരെയും സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥിനികളെയും ഉള്‍പ്പെടെ തല്ലിച്ചതച്ച് കമീഷണറുടെ കണക്ക് തികച്ചു.
24ന് വിദ്യാര്‍ഥികള്‍ നടത്തിയ നിയമസഭാമാര്‍ച്ചിനിടെ ഈ എസിപി കൃഷ്ണന്‍ നായര്‍ക്ക് പരിക്കേറ്റിരുന്നു. അതിന്റെ പക തീര്‍ക്കാനാണ് ബുധനാഴ്ച അക്രമം അഴിച്ചുവിട്ടത്. സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമും ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റാന്‍ വിദ്യാര്‍ഥിവേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചു. മര്‍ദകവീരനായി അറിയപ്പെടുന്ന മനോജ് എബ്രഹാം എല്ലാ സമരമുഖങ്ങളിലും അനാവശ്യമായി പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. ബുധനാഴ്ച നേരിട്ട് വിദ്യാര്‍ഥിനേതാക്കളെ മര്‍ദിക്കുന്നതിനും മനോജ് എബ്രഹാം ധൈര്യം കാട്ടി. വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീമും ജില്ലാ പ്രസിഡന്റ് ബാലമുരളിയും ചര്‍ച്ച നടത്തുന്നതിനിടയില്‍ മനോജ് എബ്രഹാം ബാലമുരളിയെ കുത്തിപ്പിടിച്ച് മര്‍ദിച്ചു.
deshabhimani 300611
വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. മെറിറ്റിലും സാമൂഹ്യനീതിയിലും ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കച്ചവടശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള യുഡിഎഫിന്റെ നയം വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ മെറിറ്റ് സീറ്റുള്‍പ്പെടെ മാനേജ്മെന്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് അടിയറ വെക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയസമീപനവും ശക്തമായി നടപ്പാക്കുകയാണ്. ഇതിനെതിരെ കേളത്തിന്റെ പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ , ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നത്.
ReplyDeleteവിദ്യാര്‍ഥിസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുന്നറിയിപ്പ് നല്‍കി. എസ്എഫ്ഐ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സെക്രട്ടറിയറ്റ് പരിസരവും യൂണിവേഴ്സിറ്റി കോളേജും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റിന് കീഴടങ്ങി അവരുടെ അടിവസ്ത്രംപോലും കഴുകുന്ന രീതിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ അധഃപതിച്ചു. സാമൂഹ്യനീതിയും പൊതുവിദ്യാഭ്യാസവും തകര്‍ത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നാടിനെ തീറെഴുതിക്കൊടുക്കുകയാണ്. മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ഒരു പ്രകോപനവുമില്ലാതെ ശത്രുരാജ്യത്തിന്റെ സൈന്യത്തെ നേരിടുന്ന തരത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് കൈകാര്യംചെയ്തത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ പൊലീസ് കുട്ടികളെ വകവരുത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
ReplyDeleteഅടിയന്തരാവസ്ഥയ്ക്ക്ശേഷം അരങ്ങേറിയ ഏറ്റവും ക്രൂരമായ വിദ്യാര്‍ഥി വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. നിയമസഭാമന്ദിരത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ നടപടിയാണ് പ്രശ്നങ്ങള്‍ക്കാധാരം. മാവേലിക്കര എംഎല്‍എ രാജേഷിനെതിരെ പൊലീസ് നടത്തിയ അക്രമം അംഗീകരിക്കാനാകില്ല. എംഎല്‍എയെ ആക്രമിച്ച സംഭവത്തില്‍ നിയമസഭാസമിതി അന്വേഷിക്കണം. എംഎല്‍എയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം കൊടുത്തതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ നടപടി പരിഹാസ്യമാണ്. വിദ്യാര്‍ഥി സംഘകനകളുമായി ചര്‍ച്ചനടത്തി പ്രശ്നം തീര്‍ക്കാതെ മര്‍ദ്ദനമുറകളുമായി ഭരണകൂടം മുന്നോട്ടുപോയാല്‍ പ്രശ്നം പൊതുസമൂഹം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ താങ്ങിനടക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിമൂലമാണ് മറ്റ് സ്വാശ്രയസ്ഥാപനങ്ങളും തെറ്റായ രീതിയില്‍ നീങ്ങുന്നത്.
ReplyDelete