Monday, June 27, 2011

സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ കര്‍ശന നിയമം വരുന്നു

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ടെലികോം സേവന ദാതാക്കളുടെ സര്‍വീസുകള്‍ റദ്ദാക്കുന്നതിനും നിയമവിരുദ്ധമായി ഫോണ്‍ കോളുകള്‍ തടസപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷനല്‍കുന്നതിനും വ്യവസ്ഥ ചെയുന്ന റൈറ്റ് ടു പ്രൈവസി ബില്ല് തയ്യാറാവുന്നു. ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിനും മറ്റുമായി ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (ഡി എ പി ഐ) രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

ബില്ല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചുള്ളതല്ലെങ്കിലും ലഭിക്കുന്ന രേഖകള്‍ പുറത്താക്കുന്നതിന് വകുപ്പ് തലവനെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമവിരുദ്ധമായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും രേഖകള്‍ ചോര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷിക്കാമെന്നും കടന്നുകയറി ശേഖരിക്കുന്ന േരഖകള്‍ പുറത്താക്കുന്നയാള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും 50,000 വരെ പിഴ വിധിക്കുന്നതിനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഒരു വ്യക്തിയെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ ഏതെങ്കിലും ഏജന്‍സിയെയോ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബോധപൂര്‍വം തെറ്റായ രേഖകളുടെ സഹായത്താല്‍ അഭ്യര്‍ഥന നടത്തുന്നയാള്‍ക്ക് അഞ്ച് ലക്ഷത്തിനു മുകളില്‍ പിഴ ശിക്ഷ നല്‍കാമെന്നും ബില്ലില്‍ പറയുന്നുണ്ട്.

വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കല്‍, അനധികൃതമായി സംഭാഷണം തടസപ്പെടുത്തല്‍, വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയവ ചെയ്യുന്ന സേവന ദാതാക്കള്‍ക്ക് പിഴ ചുമത്തുന്നതിന് പുറമേ അവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ബില്ലില്‍ പറയുന്നു.

വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉണ്ടാകുന്ന ഏത് തരത്തിലുള്ള പരാതിയും ഡി എ പി ഐ ആയിരിക്കും അന്വേഷിക്കുക. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു ചെയര്‍പേഴ്‌സണും വിവര സംരക്ഷണത്തില്‍ പ്രത്യേക പരിചയമുള്ള പരമാവധി രണ്ടുപേരും ചേര്‍ന്ന സമിതിയായിരിക്കും ഡി പി എ ഐയില്‍ ഉണ്ടാകുക. മൂന്നുവര്‍ഷ കാലയളവിലേക്ക് സെക്രട്ടറിയെയോ അഡീഷണല്‍ സെക്രട്ടറിയെയോ ഇതിലെ അംഗമായി കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ നിയമിക്കാമെന്നും അവരുടെ കാലയളവിലേക്ക്, അതായത് 65 വയസോ മൂന്ന് വര്‍ഷമോ ഏതാണ് ആദ്യമാകുന്നത് അത്, സ്വന്തമായി ഓഫീസ് സംവിധാനം അനുവദിക്കാനും വ്യവസ്ഥയുണ്ട്.

ഡി പി എ ഐ ചെര്‍പേഴ്‌സണോ അംഗങ്ങള്‍ക്കോ സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലേതിലെങ്കിലും മറ്റൊരു ചുമതലയും പാടില്ലെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനത്തില്‍ പിന്‍തുടരുന്നതുപോലെ ഇതിലെ ചെയര്‍പേഴ്‌സണും മറ്റ് അംഗങ്ങള്‍ക്കും പിരിഞ്ഞുപോയതിനു ശേഷം മറ്റൊരു ജോലിയും നല്‍കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിക്ക് ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഈ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ കുറ്റക്കാരനായി ആ വകുപ്പിന്റെ മേധാവിയെ പരിഗണിക്കുകയും തന്റെ അറിവോടെയല്ല കുറ്റം നടന്നതെന്ന് അയാള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിക്ഷ നല്‍കാവുന്നതാണെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

janayugom 270611

1 comment:

  1. നിയമവിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ടെലികോം സേവന ദാതാക്കളുടെ സര്‍വീസുകള്‍ റദ്ദാക്കുന്നതിനും നിയമവിരുദ്ധമായി ഫോണ്‍ കോളുകള്‍ തടസപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷനല്‍കുന്നതിനും വ്യവസ്ഥ ചെയുന്ന റൈറ്റ് ടു പ്രൈവസി ബില്ല് തയ്യാറാവുന്നു. ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിനും മറ്റുമായി ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (ഡി എ പി ഐ) രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

    ReplyDelete