Sunday, June 26, 2011

ഇന്ധനവില വര്‍ധന: രാജ്യമെങ്ങും പ്രതിഷേധം

ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറയുമ്പോഴും ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമെങ്ങും പ്രതിഷേധം. കേന്ദ്രത്തിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്തു. വിലവര്‍ധന പിന്‍വലിക്കണമെന്നും ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ടികള്‍ ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ട്രേഡ്യൂണിയനുകളും വിവിധ വര്‍ഗബഹുജന സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.

എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ധനവിലകളില്‍ വളരെ ചെറിയ വര്‍ധനമാത്രമാണ് വരുത്തിയതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെട്ടു. വിലവര്‍ധന ഒഴിവാക്കാനാകാത്ത സ്ഥിതിയാണ്. സംസ്ഥാനങ്ങളെല്ലാം വാറ്റ് നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ധനങ്ങളുടെ വില തുടര്‍ച്ചയായി കൂട്ടുകവഴി ജനങ്ങള്‍ക്കുമേല്‍ വീണ്ടും പ്രഹരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റം കാരണം ജനങ്ങള്‍ നട്ടംതിരിയുമ്പോഴാണ് ഡീസല്‍വില മൂന്നുരൂപ കൂട്ടിയത്. സംസ്ഥാന നികുതികള്‍കൂടി ചേരുമ്പോള്‍ നാലുരൂപയോളമാകും. നിലവില്‍ ഒമ്പതു ശതമാനം കടന്നിരിക്കുന്ന പണപ്പെരുപ്പനിരക്ക് രണ്ടക്കത്തിലെത്തും. ഡീസല്‍വിലയിലെ വര്‍ധന ചരക്കുകൂലി കൂട്ടും. ഇത് കര്‍ഷകര്‍ക്കും ദോഷംചെയ്യും. മണ്ണെണ്ണവില രണ്ടുരൂപ കൂടിയത് ദരിദ്രര്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തും. പാചകവാതകത്തിന് 50 രൂപ കൂട്ടിയ തീരുമാനവും സാധാരണക്കാരെയാണ് ബാധിക്കുക. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന മാറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. നിശ്ചിത നിരക്കില്‍ നികുതി ഈടാക്കുന്നതിനു പകരം നിശ്ചിത ശതമാനത്തില്‍ നികുതി പിരിക്കുന്ന രീതി തുടരുകയാണ്. ഇന്ധനവില ഓരോ തവണ ഉയര്‍ത്തുമ്പോഴും സര്‍ക്കാരിന്റെ വരുമാനവും കൂടും. വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഹര്‍ത്താല്‍ , പ്രകടനങ്ങള്‍ തുടങ്ങിയ പ്രതിഷേധത്തിന് സംസ്ഥാന ഘടകങ്ങളോട് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ , ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആഹ്വാനംചെയ്തു. ഇന്ധനവിലവര്‍ധനയ്ക്കെതിരെ തൊഴിലാളികള്‍ രംഗത്തുവരണമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ധനവില വര്‍ധന അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും സ്ത്രീകളാകും ഏറ്റവും ദുരിതം അനുഭവിക്കുകയെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിവിധ രാഷ്ട്രീയപാര്‍ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. ബിജെപി മാര്‍ച്ച് അക്രമാസക്തമായി. എഐവൈഎഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ബംഗാളില്‍ ഇടതുമുന്നണി പ്രകടനം നടത്തി. തിങ്കളാഴ്ച സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തും. ഒറീസയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ത്രിപുരയില്‍ ഇടതുപക്ഷ പാര്‍ടികള്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനംചെയ്തു. കേരളത്തില്‍ ഡിവൈഎഫ്ഐ അടക്കമുള്ള വിവിധ യുവജനസംഘടനകളുടെയും ട്രേഡ് യൂണിയന്‍ -സര്‍വീസ് സംഘടനകളുടെയും മഹിളാസംഘടനകളുടെയും നേത്യത്വത്തില്‍ വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.

കേരളത്തിലെ ജീവിതച്ചെലവ് കുതിച്ചുയരും

നിത്യോപയോഗസാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാണ് ഇന്ധനവില വര്‍ധനയില്‍ ഏറ്റവും കടുത്ത ആഘാതം. പെട്രോളിന്റെ അടിക്കടിയുള്ള വിലവര്‍ധനയെത്തുടര്‍ന്ന് അരിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കുമെല്ലാം വിലകയറിയിരുന്നു. യാത്രച്ചെലവും വര്‍ധിച്ചു. അതിനു പിന്നാലെയാണ് ഡീസല്‍ -പാചകവാതക വിലവര്‍ധിപ്പിച്ച് ഇരുട്ടടി. വരുമാനവും കുതിച്ചുയരുന്ന ജീവിതച്ചെലവുകളും പൊരുത്തപ്പെടാതെ സാധാരണക്കാരുടെ കുടുംബബജറ്റ് ഇനിയും താളം തെറ്റും.

ഡീസല്‍വിലവര്‍ധനയ്ക്കു പിന്നാലെ സ്വകാര്യബസുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടു കഴിഞ്ഞു. ചരക്കുകടത്തുകൂലി ഉയരാനും ഇന്ധനവില വര്‍ധന വഴിവയ്ക്കും. ഇത് സാധനവിലയില്‍ പ്രതിഫലിക്കും. ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും വാങ്ങുന്നവരുടെ പോക്കറ്റിലാണ് ഇതിന്റെ ഭാരം വീഴുക. അരിവില കിലോയ്ക്ക് 30-32 രൂപവരെ എത്തിനില്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നടപ്പാക്കിയതുമൂലമാണ് വിപണിയില്‍ അരിവില കുതിച്ചുയരാതിരുന്നത്. യുഡിഎഫ് വന്നതോടെ രണ്ടുരൂപ അരിവിതരണം പ്രതിസന്ധിയിലായി. ഇതിനിടയിലെ ഇന്ധനവിലവര്‍ധനയും കടത്തുകൂലി വര്‍ധനയും അരിവിലയെ സാരമായി ബാധിക്കും.

പച്ചക്കറിവിലയും ദിനംപ്രതി വര്‍ധിക്കുകയാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലുംനിന്നാണ് കേരളത്തിലേക്ക് പച്ചക്കറി വരുന്നത്. കോഴി ഉള്‍പ്പെടെ മാംസവിഭവങ്ങളുടെ വിലയും ഉയരും. കടത്തുകൂലി വര്‍ധനയ്ക്കൊപ്പം മണ്ണെണ്ണവില കൂടുന്നത് മത്സ്യബന്ധനത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കും. മീന്‍പിടിത്ത ചെലവ് ഉയരുന്നത് മീന്‍വിലയിലാണ് പ്രതിഫലിക്കുക. കേരളത്തിലെ മിക്ക കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നവരാണ്. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു സിലിണ്ടര്‍ പാചകവാതകം അരിഷ്ടിച്ച് ഉപയോഗിച്ചാലും ഒരു മാസമേ തികയൂ. മാസം 50 രൂപയുടെ അധികച്ചെലവാണ് ഈയിനത്തില്‍മാത്രം കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. സാധനവിലക്കയറ്റവും പാചകവാതക വിലവര്‍ധനയും ഹോട്ടല്‍ഭക്ഷണം ആശ്രയിക്കുന്ന ലക്ഷക്കണക്കിനു മലയാളികളുടെ കീശയും കീറും. ഭക്ഷ്യസാധനങ്ങളുടെ അളവും ഗുണവും ചോര്‍ത്തിയാണ് ഹോട്ടലുകള്‍ ഇപ്പോള്‍ വിലക്കയറ്റം പ്രതിരോധിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഹോട്ടല്‍ഭക്ഷണ വിലയും കുത്തനെ ഉയരും. അളവിലും കുറവ് വരും.

ഇന്ധന വിലവര്‍ധനയ്ക്കെതിരെ രംഗത്തിറങ്ങുക: സിഐടിയു

ന്യൂഡല്‍ഹി: ഇന്ധന വില കുത്തനെ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ തൊഴിലാളികള്‍ രംഗത്തുവരണമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ജനജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കും. വിലക്കയറ്റം രൂക്ഷമാകും. അവശ്യവസ്തുക്കളുടെയെല്ലാം വിലയെ ഇന്ധന വിലവര്‍ധന ബാധിക്കും. കസ്റ്റംസ് തീരുവ കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകില്ല. യഥാര്‍ത്ഥത്തില്‍ ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെടുന്നത് പോലെ നികുതിഘടന പൊളിച്ചെഴുതുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്-എ കെ പി പറഞ്ഞു.

deshabhimani 260611

1 comment:

  1. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറയുമ്പോഴും ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമെങ്ങും പ്രതിഷേധം. കേന്ദ്രത്തിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്തു. വിലവര്‍ധന പിന്‍വലിക്കണമെന്നും ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ടികള്‍ ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ട്രേഡ്യൂണിയനുകളും വിവിധ വര്‍ഗബഹുജന സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.

    ReplyDelete