Saturday, June 25, 2011

സിഎജിയെ വെല്ലുവിളിച്ച് റിലയന്‍സിന്റെ കത്ത്

കൃഷ്ണ-ഗോദാവരി തീരത്ത് റിലയന്‍സ് ഗ്രൂപ്പിന് എണ്ണപര്യവേക്ഷണത്തിന് കേന്ദ്ര അനുമതി നല്‍കിയത് സെക്രട്ടറിതല കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന്. ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ റിലയന്‍സ് ആവശ്യപ്പെട്ട വിലനിരക്ക് അംഗീകരിച്ചാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. 2007 ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മന്ത്രിസമിതി കൂടിയനിരക്ക് അംഗീകരിച്ച് എണ്ണപര്യവേക്ഷണത്തിന് അനുമതി നല്‍കിയത്. ഒഎന്‍ജിസിക്ക് 1.80 ഡോളറിനും എന്‍ടിപിസിക്ക് 2.97 ഡോളറിനും വിറ്റ ഒരു എംഎംബിടിയു (മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) പ്രകൃതിവാതകം റിലയന്‍സിന് 4.2 ഡോളറിന് വില്‍ക്കാനാണ് അനുമതി നല്‍കിയത്. ഇതുവഴി രാജ്യത്തിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് രണ്ടാഴ്ചമുമ്പ് സിഎജി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പര്യവേക്ഷണചെലവ് കൂടി എന്നു കാണിച്ചാണ് റിലയന്‍സ് വാതകവില കൂടുതല്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ , റിലയന്‍സ് പര്യവേക്ഷണചെലവ് പെരുപ്പിച്ചുകാണിക്കുകയായിരുന്നെന്ന് ക്യാബിനറ്റ് സെക്രട്ടറിയും സിഎജിയുടെയും റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യം തെളിയിക്കുന്നതിന് ക്യാബിനറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ മുന്‍ ആന്ധ്രമുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച മൂന്ന് കത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു എംഎംബിടിയുവിന് 2.97 ഡോളര്‍ എന്ന നിരക്കിലേ വിലനിശ്ചയിക്കാവൂ എന്നും റിലയന്‍സ് ആവശ്യപ്പെടുന്ന 4.2 ഡോളര്‍ അംഗീകരിച്ചാല്‍ അത് നിലവിലുള്ള വിലയേക്കാള്‍ 256 ശതമാനം വര്‍ധിപ്പിച്ചു നല്‍കലാകുമെന്നും ശുപാര്‍ശ ചെയ്യുന്നതായിരുന്നു റെഡ്ഡിയുടെ കത്ത്. പ്രകൃതിവാതകത്തിന് കണക്കില്ലാതെ വില കൂട്ടുകവഴി രാസവളങ്ങള്‍ക്ക് വിലകൂടുമെന്നും കൃഷിയെയും ഭക്ഷ്യസാധനങ്ങളെയും വിലക്കയറ്റം ബാധിക്കുമെന്നും ക്യാബിനറ്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

റിലിയന്‍സുമായി കരാറുണ്ടാക്കുന്ന ഓരോഘട്ടത്തിലും സിപിഐ എം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലകുറി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ-ഗോദാവരി തീരത്ത് എണ്ണപര്യവേക്ഷണത്തിന് റിലയന്‍സുമായി സംയുക്തകരാറാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് റിലയന്‍സ് പര്യവേക്ഷണം നടത്തുക, ലാഭം പങ്കുവയ്ക്കുക ഇതായിരുന്നു കരാറിന്റെ കാതല്‍ . എന്നാല്‍ , സര്‍ക്കാരിന് ലാഭം കൊടുക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പര്യവേക്ഷണചെലവ് പെരുപ്പിച്ചു കാണിക്കുകയായിരുന്നു റിലയന്‍സ്. ഇതോടെ പര്യവേക്ഷണചെലവ് ആദ്യം നിശ്ചയിച്ച 12,000 കോടിയില്‍നിന്ന് 45,000 കോടിയായി വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ചുകൊടുത്ത കാലത്തെ യഥാര്‍ഥ വിലയേക്കാള്‍ വളരെ കൂടുതലാണ് നല്‍കുന്നതെന്ന് അറിഞ്ഞുതന്നെയാണ് പ്രത്യേക മന്ത്രിസമിതി റിലയന്‍സിന് കരാറുറപ്പിച്ചതെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.
(ദിനേശ് വര്‍മ)

സിഎജിയെ വെല്ലുവിളിച്ച് റിലയന്‍സിന്റെ കത്ത്

തങ്ങളെ സമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കാന്‍ സിഎജി ശ്രമിച്ചെന്ന് ആരോപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. കരടുറിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെളിയിക്കാന്‍ സിഎജിയെ റിലയന്‍സ് വെല്ലുവിളിച്ചു. തങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നുവെന്നും അത് കമ്പനികളുടെ ഓഹരിവില കുറച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കൃഷ്ണ- ഗോദാവരി എണ്ണപര്യവേക്ഷണ കരാറില്‍ ഒട്ടേറെ വൈരുധ്യമുണ്ടെന്നും കരാര്‍ നല്‍കിയതില്‍ നിയമപരമായ തകരാറുണ്ടെന്നും സിഎജി പറഞ്ഞതായി മാധ്യമങ്ങള്‍വഴി മനസ്സിലാക്കുന്നു. റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ തങ്ങള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും കത്തില്‍ പറഞ്ഞു.

deshabhimani 250611

1 comment:

  1. കൃഷ്ണ-ഗോദാവരി തീരത്ത് റിലയന്‍സ് ഗ്രൂപ്പിന് എണ്ണപര്യവേക്ഷണത്തിന് കേന്ദ്ര അനുമതി നല്‍കിയത് സെക്രട്ടറിതല കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന്. ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ റിലയന്‍സ് ആവശ്യപ്പെട്ട വിലനിരക്ക് അംഗീകരിച്ചാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. 2007 ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മന്ത്രിസമിതി കൂടിയനിരക്ക് അംഗീകരിച്ച് എണ്ണപര്യവേക്ഷണത്തിന് അനുമതി നല്‍കിയത്. ഒഎന്‍ജിസിക്ക് 1.80 ഡോളറിനും എന്‍ടിപിസിക്ക് 2.97 ഡോളറിനും വിറ്റ ഒരു എംഎംബിടിയു (മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) പ്രകൃതിവാതകം റിലയന്‍സിന് 4.2 ഡോളറിന് വില്‍ക്കാനാണ് അനുമതി നല്‍കിയത്. ഇതുവഴി രാജ്യത്തിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് രണ്ടാഴ്ചമുമ്പ് സിഎജി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പര്യവേക്ഷണചെലവ് കൂടി എന്നു കാണിച്ചാണ് റിലയന്‍സ് വാതകവില കൂടുതല്‍ ആവശ്യപ്പെട്ടത്.

    ReplyDelete