Monday, June 27, 2011

പുനരധിവാസത്തിനു പ്രത്യേക പാക്കേജ് തയ്യാറാക്കും: മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ റെയിലിനുവേണ്ടി നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെയുള്ള കച്ചവടക്കാരെ കുടിയൊഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം ഗസ്റ്റ്ഹൗസില്‍ കൊച്ചി മെട്രോ റെയിലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോറെയിലിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന് മൂലമ്പിള്ളി മാതൃകയില്‍ പ്രത്യേക പാക്കേജ് തയ്യാറാക്കും. ഭൂമിയുടെ മാര്‍ക്കറ്റ്വില കയ്യില്‍ കിട്ടിയതിനു ശേഷം മാത്രം ജനങ്ങള്‍ ഭൂമി വിട്ടുകൊടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍നിന്ന് അകലെയല്ലാത്ത സ്ഥലത്ത് തദ്ദേശ സ്വയംഭരണവകുപ്പിന്റെകൂടി സഹായത്തോടെ ഷോപ്പിങ് കോംപ്ലസുകള്‍ തയ്യാറാക്കി കച്ചവടക്കാരെ അങ്ങോട്ടു മാറ്റുന്നകാര്യം ആലോചിക്കും. പുല്ലേപ്പടി പാലത്തില്‍നിന്നുള്ള അപ്രോച്ച് റോഡ് എംജി റോഡിലേക്കെത്തിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി 25 കോടി രൂപ അനുവദിക്കും. കൊച്ചി മെട്രോ റെയില്‍ നടപ്പാക്കുന്നതിന് രൂപീകരിച്ച കമ്പനിയുടെ ഓഫീസ് കൊച്ചിയില്‍ ഒരുമാസത്തിനുള്ളില്‍ തുടങ്ങും. മെട്രോ റെയില്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്ക് സുതാര്യതയില്ലെന്ന വാണിജ്യ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും പരാതികള്‍ പരിഗണിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ ലാഭകരമാവില്ലെന്ന ചിലരുടെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തമ്മനം റോഡിനെ ബൈപാസ് വഴി സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ തുക അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോ റെയില്‍ നാലുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മെട്രോ റെയില്‍ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി രാജീവ് എംപി പറഞ്ഞു. മെട്രോ റെയില്‍ നിര്‍മാണവേളയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പൂര്‍ണമായും പുനരധിവസിപ്പിക്കണം. നോര്‍ത്ത് പാലം പൊളിക്കുന്നതിനുമുമ്പ് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മെമു ട്രെയിനുകളും റെയില്‍വേയുടെ ഒട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവുംകൂടി നടപ്പാക്കാന്‍ സാധിച്ചാല്‍ കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ജനങ്ങള്‍ക്ക് സംശയംതോന്നാത്ത രീതിയില്‍ നടപ്പാക്കണമെന്ന് കേന്ദ്ര സഹമന്ത്രി കെ വി തോമസ് പറഞ്ഞു. പുല്ലേപ്പടി പാലത്തില്‍നിന്നുള്ള അപ്രോച്ച് റോഡ് ആറുമാസത്തിനുള്ളില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. മന്ത്രി കെ ബാബു, കെ പി ധനപാലന്‍ എംപി, എംഎല്‍എ മാരായ ഹൈബി ഈഡന്‍ , ഡൊമിനിക് പ്രസന്റേഷന്‍ , ബെന്നി ബഹനാന്‍ , കലക്ടര്‍ പി ഐ ഷേഖ് പരീത് എന്നിവരും ആലുവ, കളമശേരി, തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷന്മാര്‍ , ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ വികസനകാര്യസമിതി അധ്യക്ഷന്മാര്‍ , വ്യാപാര വ്യവസായ സംഘടനാപ്രതിനിധികള്‍ , ബസുടമകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ പ്രതിനിധീകരിച്ച് പ്രോജക്ട് ഡയറക്ടര്‍ ശ്രീരാം, കൊച്ചി മെട്രോ റെയില്‍ പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ് എന്നിവരും പങ്കെടുത്തു.

deshabhimani 270611

1 comment:

  1. കൊച്ചി മെട്രോ റെയിലിനുവേണ്ടി നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെയുള്ള കച്ചവടക്കാരെ കുടിയൊഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം ഗസ്റ്റ്ഹൗസില്‍ കൊച്ചി മെട്രോ റെയിലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോറെയിലിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന് മൂലമ്പിള്ളി മാതൃകയില്‍ പ്രത്യേക പാക്കേജ് തയ്യാറാക്കും. ഭൂമിയുടെ മാര്‍ക്കറ്റ്വില കയ്യില്‍ കിട്ടിയതിനു ശേഷം മാത്രം ജനങ്ങള്‍ ഭൂമി വിട്ടുകൊടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete