Tuesday, June 28, 2011

പകര്‍ച്ചവ്യാധിയില്‍ വിറയ്ക്കുന്ന കേരളം

വയനാട്ടില്‍ കോളറ പടരുകയാണ്. വെള്ളമുണ്ട പഞ്ചായത്തില്‍ ആദിവാസികളായ കിണറ്റിങ്കലിലെ കറുപ്പിയും മക്കിയാട്ട് മാരനും മരിച്ചത് കോളറ മൂലമാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. കോളറ ലക്ഷണമുണ്ടെന്ന് കരുതുന്ന നിരവധി പേര്‍ വയനാട്ടിലെ വിവിധ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. അഞ്ചുവര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് കോളറ റിപ്പോര്‍ട്ടുചെയ്യുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. വയനാട്ടിലെ കോളനികളില്‍ ജീവിതം നരകതുല്യമാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപകമായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ചില പ്രത്യേക ജില്ലകളിലാണ് പകര്‍ച്ചപ്പനി പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ ഈ വര്‍ഷം എല്ലാ ജില്ലയിലും ഒരേപോലെ പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്. പ്രതിരോധചികിത്സാസംവിധാനങ്ങള്‍ താറുമാറായിരിക്കുന്നു. ആലപ്പുഴ ജില്ലയില്‍ ഒരേസമയം ഡെങ്കിപ്പനിയും ജപ്പാന്‍ജ്വരവും മലേറിയയും ഭീതി പടര്‍ത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ മലേറിയ വ്യാപകമായി. തിരുവനന്തപുരം നഗരത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആശുപത്രികളില്‍ വന്‍ തിരക്കാണ്. 2010 ജൂലൈ വരെ സംസ്ഥാനത്താകെ 1574 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ 20 നകം തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് രോഗം പിടിപെട്ടു. മലപ്പുറം ജില്ലയില്‍ പനി ബാധിച്ച് ഇതിനകം മൂന്നു പേര്‍ മരിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലും പനി വ്യാപകമാണ്. മധ്യകേരളത്തില്‍ മിക്ക ജില്ലയിലും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞുകവിഞ്ഞു. എന്നാല്‍ , ഇതേക്കുറിച്ച് മാധ്യമങ്ങള്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്. പകര്‍ച്ചവ്യാധികളെക്കുറിച്ച് എല്‍ഡിഎഫ് ഭരണകാലത്ത് പേര്‍ത്തും പേര്‍ത്തും എഴുതിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. അതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധികളുടെ അപകടത്തെക്കുറിച്ച് ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരാകുന്നുമില്ല. സര്‍ക്കാരിന്റെ കാര്യമല്ല പകര്‍ച്ചപ്പനി എന്ന നിലയ്ക്കാണ് ഭരണനേതൃത്വത്തിന്റെ പെരുമാറ്റം. മഴക്കാലം വരുമ്പോള്‍ ഇത്തരം രോഗങ്ങളും കടന്നുവരുന്നത് പുതുമയല്ല. അവ പകരുന്നത് തടയാനും പിടിപെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുമുള്ള അതിവേഗ ഇടപെടലുകളാണ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുക. എന്നാല്‍ , മഴക്കാലരോഗങ്ങളും അനുബന്ധരോഗങ്ങളും ഭീതിജനകമാംവിധം പടര്‍ന്നുപിടിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് 10,000 രൂപ വീതം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ ആലപ്പുഴ ജില്ലയിലെ ചുരുക്കം ചില പ്രദേശങ്ങള്‍ക്ക് മാത്രമാണ് പണം നല്‍കിയത്.

മൂന്നുവര്‍ഷമായി മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാതലത്തില്‍ ആരോഗ്യമന്ത്രി നേരിട്ട് പങ്കെടുത്ത് അവലോകനയോഗം ചേരുകയും ഓരോ ജില്ലയിലും ഇതിനായി മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈവര്‍ഷം ഇതൊന്നും നടന്നില്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ജലവിഭവവകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചുനടത്തിയ പ്രവര്‍ത്തനവും നിലച്ചു. ആശ, കുടുംബശ്രീ, അയല്‍ക്കൂട്ടം, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെ നടന്നുവന്നിരുന്ന "ഡ്രൈ ഡേ" ദിനാചരണവും മറ്റ് ബോധവല്‍ക്കരണ പ്രതിരോധപ്രവര്‍ത്തനവും സ്തംഭിച്ചു. തൊട്ടുമുമ്പത്തെ സര്‍ക്കാര്‍ എങ്ങനെ ഇത്തരം പ്രശ്നങ്ങളെ നേരിട്ടു എന്ന് ഓര്‍ത്തുനോക്കാനുള്ള സൗമനസ്യം പോലും യുഡിഎഫ് കാണിക്കുന്നില്ല. അടിയന്തരസാഹചര്യങ്ങളില്‍ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സ്തുത്യര്‍ഹമായ ഇടപെടലാണ് മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് എന്‍ആര്‍എച്ച്എം മുഖേന കരാര്‍ ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ നിയോഗിച്ച ഡോക്ടര്‍മാരെ പോലും പിന്‍വലിക്കുകയാണിപ്പോള്‍ . സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താനും ആലോചനയില്ല. ജനങ്ങളെ സംരക്ഷിക്കുക എന്ന ഏകലക്ഷ്യവുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടിരുന്നതെങ്കില്‍ നിസ്സംഗതയാണ് പുതിയ ഭരണാധികാരികളുടെ മുഖമുദ്ര. പനിബാധിതപ്രദേശങ്ങളില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ വകുപ്പുകളെ ഏകോപിപ്പിച്ച് വ്യാപകമായി മെഡിക്കല്‍ ക്യാമ്പുകള്‍ കഴിഞ്ഞവര്‍ഷം നടത്തിയിരുന്നു. ഇക്കുറി ഇതുവരെ ഒരു ക്യാമ്പുപോലും നടത്തിയിട്ടില്ല. കൂടുതല്‍ ഹോമിയോ, ആയുര്‍വേദ താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങുന്നതിന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും വേണ്ടെന്ന് വച്ചു. നേരത്തെ തുടങ്ങിയ താല്‍ക്കാലിക ആശുപത്രികള്‍ മിക്കതും പ്രവര്‍ത്തിക്കാതായി. എല്ലാ അര്‍ഥത്തിലും അനങ്ങാപ്പാറനയം തുടരുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .

ഈ നില ഇനിയും തുടര്‍ന്നാല്‍ പിടിച്ചുകെട്ടാനാകാത്ത വിധം പകര്‍ച്ചവ്യാധി കേരളത്തെ മൂടും. പാവപ്പെട്ട ആദിവാസിക്കുടിലുകളില്‍ കര്‍ക്കടകപ്പട്ടിണിയോടൊപ്പം രോഗവും വന്നാലത്തെ അവസ്ഥ അചിന്തനീയമാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനും രോഗബാധിതര്‍ക്ക് ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ ഉണര്‍ന്നേ തീരൂ. പൊതുജനാരോഗ്യപാലനം സര്‍ക്കാരിന്റെ ചുമതലയല്ല എന്ന ആഗോളവല്‍ക്കരണ നയവൈകല്യവുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ജനങ്ങള്‍ ഇനിയും പകര്‍ച്ചവ്യാധിയാല്‍ മരിച്ചുവീഴുന്നത് കാണേണ്ടിവരും. വയനാടുപോലുള്ള പിന്നോക്കമേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ച് കോളറയുടെ വ്യാപനം തടയണം. അതോടൊപ്പം സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിനെ പകര്‍ച്ചവ്യാധി നേരിടാന്‍ സജ്ജമാക്കി രംഗത്തിറക്കണം. ഇതര വകുപ്പുകളുമായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടാകണം. ഇതിന് മുന്‍കൈയെടുക്കാനാകുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്.

deshabhimani 280611

No comments:

Post a Comment