Monday, June 27, 2011

ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്നു

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരല്‍ ഒന്നിന് അഞ്ചുഡോളര്‍ കുറഞ്ഞ് 89.69 ഡോളറിലെത്തിയ അതേ ഘട്ടത്തിലാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് മൂന്നുരൂപയും മണ്ണെണ്ണയ്ക്ക് രണ്ടുരൂപയും പാചകവാതകത്തിന് 50 രൂപയും ഉയര്‍ത്തിയത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുകാണിക്കുന്ന നഷ്ടം നികത്താനെന്ന പേരില്‍ നടത്തുന്ന ഈ കൊടുംകൊള്ള റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളുടെ ഖജനാവ് നിറയ്ക്കാനാണ് എന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് 1,20,000 കോടി രൂപയുടെ നഷ്ടം ഇനിയുമുണ്ടാകുമത്രേ. ഇത് വ്യാജമായ കണക്കാണ്. ഇറക്കുമതിചെയ്യുന്ന എണ്ണയും ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയും ഒരുപോലെ കണ്ട് രണ്ടിന്റെയും വിലയിലെ അന്തരം നഷ്ടത്തില്‍പെടുത്തുന്ന വിദ്യയാണത്.

ഇനിയും പെട്രോളിയം ഉല്‍പ്പന്നവില വര്‍ധിപ്പിക്കാനുള്ള മുന്‍കൂട്ടിയുള്ള ഏറുമാണ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ റിലയന്‍സും കൂട്ടാളികളും എണ്ണക്കച്ചവടത്തില്‍ കോരിയെടുക്കുന്ന അമിതലാഭത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. രാജ്യം വിലക്കയറ്റത്തിന്റെ കൊടുമുടിയിലാണ്. ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തില്‍ എത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ പറയുന്നു. കഴിഞ്ഞ മാസം പെട്രോളിന് അഞ്ചുരൂപ വര്‍ധിച്ചപ്പോള്‍ പൊതുവിപണിയിലെ വിലക്കയറ്റത്തില്‍ കുത്തനെയുള്ള ഉയര്‍ച്ചയാണ് ഉണ്ടായത്. ഒരുവര്‍ഷത്തിനിടെ പതിനൊന്നുതവണ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഡീസല്‍ വിലയും കൂട്ടിയതോടെ പൊതുവിപണിയില്‍ വിലക്കയറ്റം വീണ്ടും കുതിക്കും. ചരക്കുകൂലി വര്‍ധിക്കും. ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബസുടമകള്‍ സമരത്തിനിറങ്ങുന്നു. എല്ലാതലത്തിലും തരത്തിലും വിലവര്‍ധന രൂക്ഷമാകുമെന്നര്‍ഥം. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ആഘാതം കടുത്തതാകും. ഇവിടേക്ക് ഒട്ടുമിക്ക നിത്യോപയോഗസാധനങ്ങളും അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുകയാണ്. അതിനാല്‍ ചരക്കുകൂലിയിലെ നേരിയ വര്‍ധനപോലും വിപണിയില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കും. പാചകവാതകത്തിന്റെ വിലവര്‍ധന വീടുകളെ നേരിട്ടു ബാധിക്കുന്നതാണ്. ഇപ്പോള്‍തന്നെ കുടുംബബജറ്റുകള്‍ക്ക് താളപ്പിഴയാണ്. വരുംനാളുകളില്‍ വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാനാകാതെ സാമ്പത്തികമായി ഉയര്‍ന്ന ഇടത്തരക്കാര്‍പോലും നട്ടംതിരിയും. കേന്ദ്രം വിലകൂട്ടുമ്പോള്‍ സംസ്ഥാനങ്ങള്‍ അതിന്റെ നികുതിവിഹിതം വാങ്ങാതെ ജനങ്ങളെ "സേവിക്കണ"മെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എങ്കില്‍ , കേന്ദ്രത്തിനുതന്നെ വില കൂട്ടാതെ ആ സേവനം ആയിക്കൂടേ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറയേണ്ടതുണ്ട്. കേന്ദ്രം പെട്രോള്‍വില അഞ്ചുരൂപ കൂട്ടിയപ്പോള്‍ ഇവിടെ അധിക നികുതിവരുമാനം ഈടാക്കാതെ ജനങ്ങളെ സഹായിക്കുകയാണെന്ന് മേനിപറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പാചകവാതക വിലവര്‍ധനയിലും അങ്ങനെ സഹായിച്ചുകൂടേ എന്ന ചോദ്യത്തിന് ഉത്തരമില്ല.

പശ്ചിമബംഗാളില്‍ മമത ബാനര്‍ജി പാചകവാതക നികുതി വേണ്ടെന്നുവച്ചതുപോലെ കേരളത്തിന് കഴിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. യഥാര്‍ഥത്തില്‍ കേന്ദ്ര യുപിഎ സര്‍ക്കാരിനെകൊണ്ട് അന്യായ വിലവര്‍ധന പിന്‍വലിപ്പിക്കുന്നതിനു പകരം പൊടിക്കൈകളില്‍ അഭയംതേടുകയാണ് ഉമ്മന്‍ചാണ്ടി. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദം പൊള്ളയാണ്. അത്തരം നഷ്ടത്തിന്റെ സാംഗത്യം സിഎജിയെ എങ്കിലും ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയേണ്ടതുണ്ട്. ഒരുവര്‍ഷം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ പരസ്യമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നല്‍കുന്നത്. പരസ്യംകണ്ട് ആരും പെട്രോളോ ഡീസലോ വാങ്ങാറില്ല. ഇത്തരത്തില്‍ നിരവധി ധൂര്‍ത്തുകള്‍ ഈ കമ്പനികള്‍ നടത്തുകയാണ്. എങ്ങനെ നഷ്ടംവരുന്നു, എന്തുചെയ്ത് അത് ഒഴിവാക്കാം എന്നെല്ലാമുള്ള കാര്യങ്ങള്‍ എന്തിന് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കണം. രാജ്യത്തിന്റെ നിലനില്‍പ്പിനും ജനജീവിതത്തിനും അത്യന്താപേക്ഷിതമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം ലാഭമുണ്ടാക്കാനുള്ള ബിസിനസ് മാത്രമാണെന്ന് കേന്ദ്രത്തിന് എന്തുകൊണ്ട് തോന്നുന്നു.

ജനങ്ങളെ കൊള്ളയടിച്ചു വേണോ എണ്ണക്കമ്പനികളെ ലാഭത്തിലെത്തിക്കാന്‍ . ജനാധിപത്യരാജ്യത്ത് ഭരണം ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളുമായി കച്ചവടം നടത്താനല്ല. വിദേശത്തുനിന്ന് 80 ശതമാനം എണ്ണ ഇറക്കുമതിചെയ്യുന്ന നാം അങ്ങനെവരുന്ന എണ്ണയുടെ മേല്‍ അന്യായനികുതി ചുമത്തുന്നത് എന്തിനെന്ന് പരിശോധിച്ചേ തീരൂ. യുപിഎ സര്‍ക്കാര്‍ കുംഭകോണങ്ങളുടെ ഓളപ്പരപ്പില്‍ നങ്കൂരമിട്ടിരിക്കുകയാണ്. 2ജി സ്പെക്ട്രം ഇടപാടില്‍മാത്രം 1.76 ലക്ഷംകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അത്ര തുക വരില്ല എണ്ണകമ്പനികള്‍ ആകെ ഉണ്ടാക്കി എന്നുപറയുന്ന പെരുപ്പിച്ച നഷ്ടക്കണക്ക്. സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ടില്‍ കിടക്കുന്ന കള്ളപ്പണത്തിന്റെ ചെറിയ ഒരു അംശം ഉണ്ടെങ്കില്‍ ; ശതകോടീശ്വരന്മാര്‍ അന്യായ നികുതി ഇളവുകളുടെ തോത് കുറച്ചെങ്കില്‍ ഈ എണ്ണ വിലവര്‍ധന ഒഴിവാക്കാനാകുമായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരെ രാജ്യത്താകെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കക്ഷി രാഷ്ട്രീയഭേദമെന്യേ മറ്റ് പരിഗണനകളൊന്നുമില്ലാതെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നു. ഇത് ശക്തമായി തുടരേണ്ടതുണ്ട്. കേന്ദ്ര യുപിഎ സര്‍ക്കാരിനെക്കൊണ്ട് ഈ അന്യായ തീരുമാനം തിരുത്തിക്കുംവരെ ജനകീയ പ്രക്ഷോഭം ആഞ്ഞടിക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭമായി അതിനെ പരിവര്‍ത്തിപ്പിക്കാന്‍ ജനാധിപത്യവിശ്വാസികളായ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം.

deshabhimani editorial 270611

1 comment:

  1. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരല്‍ ഒന്നിന് അഞ്ചുഡോളര്‍ കുറഞ്ഞ് 89.69 ഡോളറിലെത്തിയ അതേ ഘട്ടത്തിലാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് മൂന്നുരൂപയും മണ്ണെണ്ണയ്ക്ക് രണ്ടുരൂപയും പാചകവാതകത്തിന് 50 രൂപയും ഉയര്‍ത്തിയത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുകാണിക്കുന്ന നഷ്ടം നികത്താനെന്ന പേരില്‍ നടത്തുന്ന ഈ കൊടുംകൊള്ള റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളുടെ ഖജനാവ് നിറയ്ക്കാനാണ് എന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് 1,20,000 കോടി രൂപയുടെ നഷ്ടം ഇനിയുമുണ്ടാകുമത്രേ. ഇത് വ്യാജമായ കണക്കാണ്. ഇറക്കുമതിചെയ്യുന്ന എണ്ണയും ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയും ഒരുപോലെ കണ്ട് രണ്ടിന്റെയും വിലയിലെ അന്തരം നഷ്ടത്തില്‍പെടുത്തുന്ന വിദ്യയാണത്.

    ReplyDelete