ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലും സംഭവിച്ചതുപോലുള്ള അഴിമതികള്‍ രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കുറ്റസമ്മതം. അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കും. സര്‍ക്കാരിന്റെ സ്ഥിരതയുടെ കാര്യത്തില്‍ പ്രശ്നം നേരിടുന്നുണ്ട്, പക്ഷേ, ഇപ്പോള്‍ ഒരു പാര്‍ടിയും തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല-അഞ്ച് പത്രാധിപന്മാരുമായി തന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ല. പക്ഷേ, മന്ത്രിസഭാംഗങ്ങളുടെ അഭിപ്രായം മറിച്ചാണ്. ലോക്പാല്‍ ബില്‍ അത്യാവശ്യമാണ്. എന്നാല്‍ ഇത് ഒറ്റമൂലിയല്ല. രാഹുല്‍ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ വേണ്ടി സന്തോഷത്തോടെ ഒഴിയാന്‍ തയ്യാറാണെന്നും മന്‍മോഹന്‍ പറഞ്ഞു. ഹസാരെയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് താനാണ്. രാംദേവിനെതിരായ പൊലീസ് നടപടി മറ്റൊരു മാര്‍ഗവും കാണാത്തതിനാലായിരുന്നു. അന്ന് നീക്കിയില്ലെങ്കില്‍ പിറ്റേന്ന് അതിലേറെ ജനം കൂടുമായിരുന്നു. തങ്ങള്‍ പറയുന്നതാണ് അവസാനവാക്ക് എന്ന് ഒരു സമൂഹവും കരുതരുത്. ലോക്പാല്‍ബില്ലില്‍ എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും ഉപദേശം സ്വീകരിക്കാനാണ് ആഗ്രഹം.
ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കോണ്‍ഗ്രസ് പറഞ്ഞതുപ്രകാരമാണ് സ്ഥാനം ഏറ്റെടുത്തതെന്നും പാര്‍ടിയില്‍നിന്ന് ഇങ്ങനെ ഒരഭിപ്രായമില്ലെന്നുമായിരുന്നു പ്രതികരണം. ഇത്തരം പ്രചാരണം പ്രതിപക്ഷ ഗൂഢാലോചനയാണ്. പ്രവര്‍ത്തിക്കാനാകാത്ത വിധം സര്‍ക്കാര്‍ മറ്റുശക്തികളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നൊരു മുന്‍വിധി മാധ്യമങ്ങള്‍ക്കുണ്ട്. മാധ്യമങ്ങള്‍ കുറ്റവാളിയെ കണ്ടെത്തുന്നു, അവര്‍ തന്നെ വിചാരണചെയ്യുന്നു, വിധിയും കല്‍പ്പിക്കുന്നു. ഇങ്ങനെ ഒരു ജനാധിപത്യ സംവിധാനത്തിന് പോകാന്‍ കഴിയില്ല. സോണിയാഗാന്ധി ഏതെങ്കിലും തരത്തില്‍ തടസ്സമായി തോന്നിയിട്ടില്ല. അവരുടെ ഉപദേശം സ്വീകരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയെ എന്നുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ഡിഎംകെയും മറ്റും ഇടഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് "പ്രശ്നങ്ങളുണ്ട് എന്നത് ശരിയാണ്, പക്ഷേ, ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല" എന്ന് പ്രതികരിച്ചത്. കള്ളപ്പണം, നികുതിവെട്ടിപ്പ്, അഴിമതി എന്നിവ കര്‍ശനമായി നേരിടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇതിന് ഒറ്റമൂലിയില്ല- പ്രധാനമന്ത്രി പറഞ്ഞു.
നിഷ്ക്രിയത്വം ഏറ്റുപറഞ്ഞു
ന്യൂഡല്‍ഹി: ഏറെക്കാലത്തെ മൗനത്തിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ വാര്‍ത്താസമ്മേളനം രണ്ടാം യുപിഎ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി. രാജ്യം നേരിടുന്ന ഒരു പ്രശ്നത്തിലും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുന്നതായി വാര്‍ത്താസമ്മേളനം. അഴിമതിയാരോപണങ്ങളും വിലക്കയറ്റവും ലോക്പാല്‍ ബില്ലിന്മേല്‍ രാജ്യവ്യാപകമായി നടക്കുന്ന ചര്‍ച്ചയും സര്‍ക്കാരിന്റെ മുഖച്ഛായ വികൃതമാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത അഞ്ച് പത്രാധിപന്മാരെ പ്രധാനമന്ത്രി കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി ഇടയ്ക്കിടെ മാധ്യമപ്രവര്‍ത്തകരെ കാണണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഴിമതി വലിയ പ്രശ്നം തന്നെയെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇതൊന്നും എളുപ്പം തടയാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. "കാലം തന്റെ സംഭാവനയെ വിലയിരുത്തും" എന്ന മറുപടിയില്‍ ഒതുക്കി. എല്ലാം ഏറ്റുപറയുക എന്നതൊഴിച്ചാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വ്യക്തമാക്കാനും കഴിഞ്ഞില്ല. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയെന്ന വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിനു ശേഷം ഉയര്‍ന്നത്. സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് അടിയന്തര പ്രശ്നമായ വിലക്കയറ്റം തടയാനാവാത്തത് എന്ന് ബിജെപി പ്രസിഡന്റ് നിധിന്‍ ഗഡ്കരി ചോദിച്ചു. ലോക്പാല്‍ബില്ലിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ആത്മാര്‍ഥതയില്ലെന്ന് വാര്‍ത്താസമ്മേളനം തെളിയിക്കുന്നുവെന്ന് അണ്ണാഹസാരെ സംഘാംഗങ്ങള്‍ പറഞ്ഞു. ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രി തന്റെ പ്രതിബദ്ധത തെളിയിക്കണമെന്ന് കിരണ്‍ബേദി പറഞ്ഞു.
deshabhimani 300611
2ജി സ്പെക്ട്രം ഇടപാടിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലും സംഭവിച്ചതുപോലുള്ള അഴിമതികള്‍ രാജ്യത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കുറ്റസമ്മതം. അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കും. സര്‍ക്കാരിന്റെ സ്ഥിരതയുടെ കാര്യത്തില്‍ പ്രശ്നം നേരിടുന്നുണ്ട്, പക്ഷേ, ഇപ്പോള്‍ ഒരു പാര്‍ടിയും തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല-അഞ്ച് പത്രാധിപന്മാരുമായി തന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ReplyDelete