Saturday, June 25, 2011

ചാനല്‍ പരിപാടികള്‍ നിരീക്ഷിക്കാന്‍ സമിതി; പരാതി നല്‍കാം

സ്ത്രീകളെ അവഹേളിക്കുന്ന കണ്ണീര്‍പരമ്പരകളും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന അപസര്‍പ്പക കഥകളും സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകള്‍ സൂക്ഷിക്കുക. വാര്‍ത്തകള്‍ ഉള്‍പ്പെടെ ചാനല്‍ പരിപാടികളെ നിയന്ത്രിക്കാന്‍ രൂപീകരിച്ച ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയിന്റ്സ് കൗണ്‍സില്‍ (ബിസിസിസി) നിങ്ങളെ നിരീക്ഷിക്കുന്നു. ചാനല്‍ പരിപാടികള്‍ ദേശരക്ഷയ്ക്കും സാമൂഹ്യസുരക്ഷയ്ക്കും എതിരാണെന്ന പരാതി ബോധ്യപ്പെട്ടാല്‍ ചാനലുകള്‍ക്ക് സംപ്രേഷണാനുമതിപോലും നഷ്ടമായേക്കും. ജൂണ്‍ ഒന്നുമുതല്‍ ബിസിസിസി നടപ്പാക്കിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച അറിയിപ്പ് എല്ലാ ചാനലുകളും പ്രദര്‍ശിപ്പിച്ചു തുടങ്ങി. രാജ്യത്തെ ഇരുന്നൂറ്റമ്പതോളം ടെലിവിഷന്‍ ചാനലുകളുടെ നടത്തിപ്പുകാര്‍ അംഗങ്ങളായ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്ഐ)യാണ് ബിസിസിസി എന്ന സ്വയംഭരണസംവിധാനത്തിന് രൂപംനല്‍കിയത്. ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 2008ല്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങളാണ് റിട്ട. സുപ്രീംകോടതി ജസ്റ്റിസ് എ പി ഷാ ചെയര്‍മാനായ ബിസിസിസി നടപ്പാക്കുക.

മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം പരിപാടികളെ ജി, ആര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ വേര്‍തിരിക്കുന്നു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നിയന്ത്രണമുള്ള ആര്‍ വിഭാഗത്തിലെ പരിപാടികള്‍ കാണിക്കാവുന്നത് രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാത്രം. ആ സമയത്തും സ്ത്രീകളെ ലൈംഗികഉപകരണവും ദുഷ്ടകഥാപാത്രങ്ങളുടെ സ്റ്റീരിയോ ടൈപ്പുമായി ചിത്രീകരിക്കുന്നത് അപകീര്‍ത്തികരമാകും. പരിപാടികളുടെ ഉള്ളടക്കം കുറ്റവാസനകളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമാകരുത്. രക്തം, മനുഷ്യരുടെയും മൃഗങ്ങളുടെയും മുറിച്ചിട്ട ശരീരഭാഗങ്ങള്‍ എന്നിവയുടെ ക്ലോസപ്പ് ദൃശ്യം പാടില്ല. ദുരന്തങ്ങള്‍ , ആക്രമണങ്ങള്‍ എന്നിവയില്‍ പരിക്കേറ്റവരുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. പ്രേക്ഷകര്‍ക്ക് പകര്‍ത്താനാവുംവിധം കുറ്റകൃത്യങ്ങള്‍ നടപ്പായ രീതി വിശദീകരിക്കരുത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും യുക്തിഭദ്രമാക്കല്‍ , കുട്ടികളില്‍ ഭീതിയും ഭയാശങ്കയും സൃഷ്ടിക്കല്‍ എന്നിവയും കുറ്റകരം. പുകവലി, മദ്യപാനം എന്നിവ കാണിക്കുന്നതും ഒഴിവാക്കണം. രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കല്‍ , പൊതുപ്രസക്തിയില്ലാത്ത സ്വകാര്യതകളില്‍ കടന്നുകയറ്റം എന്നിവയും കുറ്റകരമാണ്.

പരിപാടി സംപ്രേക്ഷണംചെയ്ത് 14 ദിവസത്തിനകം പരാതിയുളവര്‍ നല്‍കണം. ചാനലുകളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രസീത് നല്‍കി സ്വീകരിക്കുന്ന പരാതിയില്‍ ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കണം. അല്ലെങ്കില്‍ ബിസിസിസി ഇതിന്റെ പകര്‍പ്പ് പരിശോധിച്ചോ, നേരിട്ടോ പരാതി സ്വീകരിക്കും. ബിസിസിസിക്ക് സ്വയം കേസെടുക്കാനും അധികാരമുണ്ട്. പരാതിയില്‍ മൂന്നാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകും. പരാതി ബോധ്യപ്പെട്ടാല്‍ പരിപാടി തിരുത്താനോ പിന്‍വലിക്കാനോ ഉള്ള ഉത്തരവ് 24 മണിക്കൂറിനകം നല്‍കും. പ്രൈം ടൈമില്‍തന്നെ തിരുത്ത് പ്രദര്‍ശിപ്പിക്കണം. ഒരു ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കാത്ത ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടിക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോട് ശുപാര്‍ശചെയ്യും. ഒരു വര്‍ഷത്തെ കാലാവധിയുള്ള 13 അംഗ ബിസിസിസിയില്‍ കേന്ദ്ര ഏജന്‍സികളുടെ തലവന്മാരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളാണ്.
(എം എസ് അശോകന്‍)

deshabhimani 240611

2 comments:

  1. ഈ നിയമത്തിന്റെ വ്യാപ്തി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

    ReplyDelete
  2. good decision. a wide discussion must be conducted.
    freedom of media is to be procted

    ReplyDelete