Wednesday, June 29, 2011

ഇന്ത്യ സാമ്പത്തികപരിഷ്കാരം തീവ്രമാക്കണം: അമേരിക്ക

വാഷിങ്ടണ്‍ : അടുത്ത ഘട്ടം സാമ്പത്തികപരിഷ്കാരങ്ങള്‍ ഇന്ത്യ തീവ്രമാക്കണമെന്ന് അമേരിക്കന്‍ ധനസെക്രട്ടറി (മന്ത്രി) തിമോത്തി ഗെയ്ത്നര്‍ . പരിഷ്കാരങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. അമേരിക്കയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(സിഐഐ) ബ്രുക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച അമേരിക്ക-ഇന്ത്യ സാമ്പത്തിക-ധനപങ്കാളിത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് അമേരിക്കയും എല്ലാ വാതിലുകളും തുറന്നുകൊടുക്കാന്‍ ഇന്ത്യയും താല്‍പ്പര്യം പ്രകടിപ്പിച്ചത്.

തിങ്കളാഴ്ച വാഷിങ്ടണിലെത്തിയ പ്രണബിനും സംഘത്തിനും ഗെയ്ത്നര്‍ രാത്രി വിരുന്ന് നല്‍കി. ചൊവ്വാഴ്ചത്തെ (ഇന്ത്യന്‍ സമയം രാത്രി) രണ്ടാം ഇന്ത്യ-യുഎസ് സാമ്പത്തിക, ധന പങ്കാളിത്ത ചര്‍ച്ചകള്‍ക്കായാണ് ഉന്നതസംഘത്തെയും നയിച്ച് പ്രണബ് എത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റവും ഉന്നതതലത്തിലുള്ള സാമ്പത്തിക കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തിന് വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ ഗെയ്ത്നര്‍ അത് കെട്ടഴിച്ചുവിടുന്നതിന്റെ തുടക്കത്തിലാണിപ്പോഴെന്നും തുടര്‍ന്നു. ഇന്ത്യയുമായുള്ള സാമ്പത്തിക, വ്യാപാര, വ്യവസായബന്ധം വികസിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധ. പരിഷ്കാരങ്ങളുടെ അടുത്ത തരംഗത്തിന്റെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവി. ഈ പരിഷ്കാരങ്ങള്‍ സാമ്പത്തികം മാത്രമായിരിക്കരുതെന്നും ഗെയ്ത്നര്‍ പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ച ഭദ്രമാണെന്നും വിദേശനിക്ഷേപകര്‍ക്ക് വേണ്ടി ഇന്ത്യ ഉദാരവല്‍ക്കരണം വേഗത്തിലാക്കുമെന്നും പ്രണബ് പ്രസംഗത്തില്‍ ഉറപ്പുനല്‍കി. ചെറുകിട വില്‍പ്പന, പ്രതിരോധമേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ച് ഉദാരവല്‍ക്കരിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പം പ്രശ്നമാണ്. ബാങ്കിങ് രംഗത്ത് സ്വകാര്യമേഖലയെ വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്ന പുതിയ ബാങ്കിങ് ലൈസന്‍സിന് റിസര്‍വ് ബാങ്ക് ഉടന്‍ മാര്‍ഗനിര്‍ദേശങ്ങളിറക്കും. "നിങ്ങളുടെ ഇടപാടുകാരനെ അറിയുക"(കെവൈസി) എന്ന മാര്‍ഗനിര്‍ദേശം പാലിക്കുന്ന വിദേശനിക്ഷേപകരില്‍നിന്ന് നേരിട്ട് നിക്ഷേപം സ്വീകരിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളെ അനുവദിക്കും. പ്രത്യക്ഷ, പരോക്ഷ നികുതിഘടന ഉടച്ചുവാര്‍ക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളും പ്രണബ് നിക്ഷേപകരോട് വിശദീകരിച്ചു.

deshabhimani 290611

1 comment:

  1. അടുത്ത ഘട്ടം സാമ്പത്തികപരിഷ്കാരങ്ങള്‍ ഇന്ത്യ തീവ്രമാക്കണമെന്ന് അമേരിക്കന്‍ ധനസെക്രട്ടറി (മന്ത്രി) തിമോത്തി ഗെയ്ത്നര്‍ . പരിഷ്കാരങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. അമേരിക്കയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(സിഐഐ) ബ്രുക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച അമേരിക്ക-ഇന്ത്യ സാമ്പത്തിക-ധനപങ്കാളിത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് അമേരിക്കയും എല്ലാ വാതിലുകളും തുറന്നുകൊടുക്കാന്‍ ഇന്ത്യയും താല്‍പ്പര്യം പ്രകടിപ്പിച്ചത്.

    ReplyDelete