Monday, June 27, 2011

റെയില്‍വേയില്‍ തൊഴില്‍ കുറയും

കോട്ടയം: റെയില്‍വേ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ കേരളത്തിന് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ . റെയില്‍വേ പാഴ്സല്‍ സര്‍വീസിനു പുറമേ ക്ലീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് വിഭാഗങ്ങളും സ്വകാര്യവല്‍ക്കരിച്ചിരുന്നു. അടുത്തിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വേ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്. റെയില്‍വേ ക്ലീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം ആയിരത്തോളം തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആര്‍ ജെ പിള്ള പറഞ്ഞു.

റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ വിശ്രമ മുറികള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചു. ഈശ്രമം വിജയിച്ചാല്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. റെയില്‍വേ കയറ്റിറക്ക് സ്വകാര്യവല്‍ക്കരിച്ചതോടെ കേരളത്തില്‍ മാത്രം 1400 പോര്‍ട്ടര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മുമ്പ് പാഴ്സല്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ യാത്രക്കാരുടെ ലഗേജുകള്‍ മാത്രമാണ് ലഭിക്കാറ്. എന്നാല്‍ ട്രോളി ബാഗുകള്‍ വ്യാപകമായതോടെ ഈ വരുമാനത്തിലും കുറവ് വന്നു.

എന്‍ഡിഎ ഭരണകാലത്ത് മമതാ ബാനര്‍ജി റെയില്‍മന്ത്രിയായിരുന്നപ്പോഴാണ് കയറ്റിറക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍ , പാലക്കാട് സ്റ്റേഷനുകളിലായിരുന്നു കരാര്‍ സമ്പ്രദായം. ഇപ്പോള്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും കരാര്‍ ജോലി മാത്രമാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ ചെറിയ കൂലിക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്. റെയില്‍വേ ക്ലീനിങ്ങ് കരാര്‍ ജോലിയായപ്പോള്‍ സ്റ്റേഷനുകള്‍ വൃത്തിഹീനമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ ഈ തുകയ്ക്ക് കരാറുകാരന് സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് റെയില്‍വേ പരിശോധിക്കുന്നില്ല. ദിവസം 100 രൂപയ്ക്കാണ് കരാറുകാരന്‍ തൊഴിലാളികളെ നിയമിക്കുന്നത്. എയര്‍കണ്ടീഷനിങ്ങ് മെയിന്റനന്‍സ് അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍ , എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള റണ്ണിങ്ങ് ബംഗ്ലാവുകള്‍ , ബോഗി മെയിന്റനന്‍സ് തുടങ്ങിയ ജോലികളും ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചു. ഇതില്‍ എസി അറ്റന്‍ന്റേഴ്സ് ജോലി പുറംകരാര്‍ നല്‍കിയതിനുശേഷം സേവനം മെച്ചമല്ലെന്ന് യാത്രക്കാര്‍ പറയുന്നു. കമ്പിളി വ്യത്തിയാക്കാറില്ലെന്നും പുതപ്പ് കഴുകാറില്ലെന്നുമാണ് പരാതി. യാത്രക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്വകാര്യവല്‍ക്കരണം പൂര്‍ണമായി നടപ്പാക്കിയ കേറ്ററിങ്ങ് മേഖലയില്‍ വീണ്ടും റെയില്‍വേ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. ചില ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടും റെയില്‍വേ നേരിട്ട് ഭക്ഷണം എത്തിച്ചുതുടങ്ങി.
(എസ് അജോയ്)

deshabhimani 270611

1 comment:

  1. റെയില്‍വേ സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ കേരളത്തിന് നഷ്ടമാകുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ . റെയില്‍വേ പാഴ്സല്‍ സര്‍വീസിനു പുറമേ ക്ലീനിങ്ങ്, കാറ്ററിങ്ങ്, മെയിന്റനന്‍സ് വിഭാഗങ്ങളും സ്വകാര്യവല്‍ക്കരിച്ചിരുന്നു. അടുത്തിടെ എസി അറ്റന്‍ന്റേഴ്സ് വിഭാഗവും റെയില്‍വേ കരാര്‍ ജോലിയാക്കി. ഇതോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥിരം തൊഴിലാളികളെ മറ്റ് ജോലികളിലേക്ക് വിന്യസിച്ചെങ്കിലും നൂറുകണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാകുന്നത്. റെയില്‍വേ ക്ലീനിങ്ങ് വിഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയതോടെ കേരളത്തില്‍ മാത്രം ആയിരത്തോളം തൊഴിലവസരങ്ങള്‍ നഷ്ടമായെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആര്‍ ജെ പിള്ള പറഞ്ഞു.

    ReplyDelete