Wednesday, June 29, 2011

ഉന്നത വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു: പിണറായി

ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ 11 മാനേജ്മെന്റുകളുമായി കരാര്‍ ഉണ്ടാക്കിയാണ് 50 ശതമാനം സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നടത്തിയത്. എന്നാല്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുപോലും സന്നദ്ധത കാട്ടിയില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബഹുമാനമുണ്ടാകുമെങ്കിലും അവരുടെ പ്രവൃത്തി കാണുമ്പോള്‍ അതില്ലാതാകും. നമ്മുടെ വിദ്യാഭ്യാസപുരോഗതിക്ക് ഒരുവിഭാഗം ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമായിരുന്നു. ഒരു ലാഭേച്ഛയുമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ , ഇപ്പോള്‍ കാശ് പോരട്ടെ എന്നാണ് ഇവരുടെ നിലപാട്. കടുത്ത ലാഭക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരേക്കാളും കടുത്ത കച്ചവടക്കണ്ണോടെയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ , ഈ സര്‍ക്കാര്‍ ഇവരെ അംഗീകരിച്ചു. ഇവരുമായി സര്‍ക്കാര്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ പ്രതിഫലനമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. പാവങ്ങളോട് പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കും എത്ര സീറ്റ് നല്‍കിയെന്നതിന്റെ പട്ടിക പുറത്തിറക്കാന്‍ തയ്യാറാകുമോയെന്നും പിണറായി ചോദിച്ചു.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് ആത്മാര്‍ഥതയോടെയാണെങ്കില്‍ പൂര്‍ണപിന്തുണ നല്‍കും. എന്നാല്‍ , അദ്ദേഹത്തിന്റെ മുന്‍കാലനിലപാടുകള്‍ നോക്കിയാല്‍ ഇത്തരമൊരു ശരിയായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. മെഡിക്കല്‍ പിജി സീറ്റിലേക്കുള്ള 50 ശതമാനം സര്‍ക്കാര്‍ ക്വോട്ടയിലേക്കുള്ള സര്‍ക്കാര്‍പ്രവേശനം ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണ്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പൊതുസമൂഹം ഏറ്റെടുക്കണം. കെ എം മാണി പുതിയ ബജറ്റും ധവളപത്രവും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ധവളപത്രത്തെ ഓര്‍മിപ്പിക്കുന്നതാണ്. അന്ന് ധവളപത്രം ഇറക്കിയതിന്റെ തുടര്‍ച്ചയായാണ് സകല ജനവിഭാഗത്തെയും ദ്രോഹിക്കുന്ന നടപടി സര്‍ക്കാര്‍ തുടങ്ങിയത്. എല്ലാവരോടും മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞു. ജീവനക്കാരെ ശത്രുക്കളായി കണ്ടു. വനിതാ ജീവനക്കാരെപ്പോലും വീട്ടില്‍ ചെന്ന് പിടിച്ച് ജയിലിലടച്ചു. അതേനിലപാട് ഈ സര്‍ക്കാരും സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ജീവനക്കാരെ തോന്നിയപോലെ സ്ഥലംമാറ്റുന്നത്. ആരോഗ്യമേഖലയെ തകര്‍ക്കുന്നതിനാണ് സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇത്തരം നയങ്ങളെ ചെറുക്കുന്നതിന് ജാഗരൂകരായിരിക്കണമെന്നും പിണറായി ആഹ്വാനംചെയ്തു.

deshabhimani 290611

1 comment:

  1. ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete