Saturday, June 25, 2011

ചീമേനി പദ്ധതി ഉപേക്ഷിക്കരുത്: സിഐടിയു

ഉത്തരമലബാറിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ സുപ്രധാന സ്ഥാനമുള്ള ചീമേനി താപവൈദ്യുതിനിലയം ഉപേക്ഷിക്കരുതെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വ്യവസായ വികസന സാധ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചീമേനി പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രമേയത്തില്‍ പറഞ്ഞു. പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെഎസ്ഇബിയും കെഎസ്ഐഡിസിയും സഹകരിച്ച് നിര്‍മിക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിക്കാന്‍ പ്രാരംഭനടപടിയെടുക്കുകയും ചെയ്തതാണ്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും പാരിസ്ഥിതികാഘാതപഠനം നടത്താനും ചുമതലപ്പെടുത്തിയിരുന്നു. ചീമേനി പദ്ധതി ഉപേക്ഷിക്കുമെന്ന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. പ്രദേശവാസികള്‍ക്കുള്ള ആശങ്കയ്ക്ക് പരിഹാരം കാണണം.

കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര പ്രകൃതിവാതകം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സിഐടിയു ആവശ്യപ്പെട്ടു. പ്രകൃതിവാതക നിക്ഷേപം റിലയന്‍സിനെ പോലുള്ള കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിനുപകരം ഒഎന്‍ജിസിയെ ശക്തിപ്പെടുത്തണം. തമിഴ്നാടും പോണ്ടിച്ചേരിയും കേരളവും കര്‍ണാടകയും ഗോവയും ചേര്‍ന്ന് ആന്ധ്രയില്‍നിന്ന് പ്രകൃതിവാതകം ലഭ്യമാക്കുന്നതിന് പൊതുകുഴല്‍ സ്ഥാപിക്കണം. സതേണ്‍ ഗ്യാസ് ഗ്രിഡ് സ്ഥാപിച്ച് ചീമേനിക്ക് കുറഞ്ഞ ചെലവില്‍ വാതകം ലഭ്യമാക്കാം. സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ ചീമേനി പദ്ധതിക്ക് നിര്‍ണായകസ്ഥാനമുണ്ടെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.

deshabhimani 250611

1 comment:

  1. ഉത്തരമലബാറിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ സുപ്രധാന സ്ഥാനമുള്ള ചീമേനി താപവൈദ്യുതിനിലയം ഉപേക്ഷിക്കരുതെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വ്യവസായ വികസന സാധ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചീമേനി പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രമേയത്തില്‍ പറഞ്ഞു. പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ReplyDelete