കൊച്ചി: ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാര്‍ച്ചിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ എക്സ് റേ മുറിയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ നീക്കി. എക്സ്റേ മുറിയിലെ ക്യാമറയെക്കുറിച്ച് ഒരു പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്.
കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. എക്സ്റേ എടുക്കാന്‍ വസ്ത്രങ്ങള്‍ മാറ്റി ഗൗണണിഞ്ഞു കിടക്കുമ്പോഴാണ് മുകളില്‍ ക്യാമറ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രി അധികൃതരോട് പരാതിപ്പെട്ട പെണ്‍കുട്ടി പിന്നീട് പൊലീസ് കമീഷണര്‍ക്കും നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. വ്യക്തതയില്ലാത്ത ചിത്രങ്ങളാണ് ക്യാമറയില്‍ പതിയുന്നതെന്ന മറുപടിയല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. വിവരമറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിലേക്ക് മാര്‍ച്ച്ചെയ്തു. തുടര്‍ന്നാണ് ക്യാമറകള്‍ നീക്കംചെയ്തത്. അസിസ്റ്റന്റ് കമീഷണര്‍ കെ എം ആന്റോ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്ബാബു എന്നിവര്‍ ഇക്കാര്യം ബോധ്യപ്പെടുത്തുകയുംചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ആശുപത്രിക്കെതിരെ കേസെടുത്തതായി കെ എം ആന്റോ പറഞ്ഞു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. എക്സ്റേ മുറിയിലെ ക്യാമറ നീക്കിയതോടൊപ്പം ഇതിന്റെ ഹാര്‍ഡ്ഡിസ്ക് പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തു. ഇതിലെ ചിത്രങ്ങള്‍ ഫോറന്‍സിക് വിഭാഗം പരിശോധിക്കും. നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും.
എന്നാല്‍ , ആശുപത്രിയിലുണ്ടായിരുന്നത് ഒളിക്യാമറയല്ലെന്നും മോഷണവും മറ്റ് ആക്രമണസംഭവങ്ങളും നടക്കുന്നതിനാല്‍ സുരക്ഷാ ആവശ്യത്തിനുള്ള നിരീക്ഷണ ക്യാമറയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസിയു, സ്കാനിങ്മുറി, വരാന്ത എന്നിവിടങ്ങളിലായി നാല്‍പ്പതോളം ക്യാമറയുണ്ട്. രോഗികളുടെ മുറി, ടോയ്ലറ്റ്, പ്രസവമുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലൊന്നും സ്ഥാപിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി ആര്‍ റെനീഷ്, കെ ടി സാജന്‍ , എന്‍ എ ഷഫീഖ്, അഭിലാഷ്, അഡ്വ. എ എന്‍ സന്തോഷ്, ആര്‍ റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
അതേസമയം, യൂത്ത് കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബോര്‍ഡുകളും മറ്റും നശിപ്പിച്ചു.
deshabhimani 260611
ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാര്‍ച്ചിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ എക്സ് റേ മുറിയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ നീക്കി. എക്സ്റേ മുറിയിലെ ക്യാമറയെക്കുറിച്ച് ഒരു പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്.
ReplyDelete