Wednesday, June 29, 2011

"ഈ വര്‍ഷത്തെ കറുത്ത പ്രസംഗം"

സ്വാശ്രയപ്രശ്നവും വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവുമായിരുന്നു അടിയന്തരപ്രമേയത്തിന്റെ വിഷയം. പൊലീസിന്റെ വിദ്യാര്‍ഥിവേട്ടയ്ക്കെതിരെ അണപൊട്ടിയ രോഷം ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എം എ ബേബി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ , പൊലീസ് വേട്ടയുടെ ഭീകരത വിശദീകരിച്ച് തോമസ് ഐസക്കും കെ സുരേഷ്കുറുപ്പും വി എസ് സുനില്‍കുമാറും ഒപ്പം ചേര്‍ന്നു. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി നടപ്പാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നായി മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് അതിനോട് യോജിച്ചു.

സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി വേട്ടയാടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. നന്ദിപ്രമേയചര്‍ച്ചയുടെ രണ്ടാംദിനത്തിലും സാഹിത്യകുതുകികള്‍ നിരാശരായില്ല. ഷേക്സ്പിയര്‍ കഥാപാത്രങ്ങള്‍ മുതല്‍ ഒ എന്‍ വി കവിത വരെ സഭാതലം അടക്കിവാണു. ഇടയ്ക്ക് മേമ്പൊടിയായി ഗലീലിയോയുടെ ശാസ്ത്രചിന്തകളും. നയപ്രഖ്യാപനപ്രസംഗത്തിലെ യുക്തിരാഹിത്യം പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ വികസന മുറവിളിയില്‍ ഭരണപക്ഷം അഭയം തേടി. നല്ലതെല്ലാം മോശമെന്നും മോശമെല്ലാം നല്ലതെന്നും വ്യാഖ്യാനിച്ച "മാക്ബത്തിലെ" മൂന്ന് പിശാചുക്കളെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം കേട്ടപ്പോള്‍ ജി സുധാകരന് ഓര്‍മവന്നത്. വെള്ള പൂശിയ ശവക്കല്ലറയിലെ ആത്മാര്‍ഥതയില്ലാത്ത പ്രാര്‍ഥന- നയപ്രഖ്യാപനത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് അദ്ദേഹത്തിന് താല്‍പ്പര്യം. ഗവര്‍ണര്‍തന്നെ ആവശ്യമുണ്ടോയെന്ന് സുധാകരന്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ , ഗവര്‍ണറെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോയെന്ന് ഭരണപക്ഷത്ത് ശങ്ക. ഗവര്‍ണര്‍ ആരാ പപ്പുപിള്ളയാണോയെന്ന് സുധാകരനും. "ഈ വര്‍ഷത്തെ കറുത്ത പ്രസംഗം, എന്റെ രാജ്യവാസികളെ എന്തൊര് അധഃപതനം" ഇതല്ലാതെ മറിച്ചെന്തു പറയുമെന്നായി സുധാകരന്‍ . മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം "സൂപ്പര്‍ലേറ്റീവ്" ആണെന്നാണ് അദ്ദേഹത്തിന്റെ മതം. പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കൂടാതെതന്നെ സര്‍ക്കാര്‍ താഴെ ഇറങ്ങുമെന്നതില്‍ സുരേഷ്കുറുപ്പിന് തര്‍ക്കമില്ല.

ചരിത്രം പരതിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സ്വപക്ഷത്ത് അന്തകവിത്ത് മുളപൊട്ടിയതേ കാണാന്‍ കഴിയുകയുള്ളൂവെന്നാണ് കുറുപ്പിന്റെ നിരീക്ഷണം. പട്ടം താണുപിള്ള മുതല്‍ എ കെ ആന്റണി വരെയുള്ളവര്‍ കാലാവധി തികയ്ക്കാതെ താഴെ ഇറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജാതകദോഷം കുറുപ്പ് പ്രവചിച്ചപ്പോള്‍ സഭയില്‍ ജ്യോതിഷിമാരുടെ എണ്ണം കൂടുകയാണോയെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന് സന്ദേഹം. കഴിഞ്ഞ സര്‍ക്കാരിനെ കുറ്റം പറയുന്നതാണോ നയമെന്ന് എസ് ശര്‍മ ആരാഞ്ഞു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോയെ തിരസ്കരിച്ചവര്‍ പിന്നീട് അദ്ദേഹത്തെ അംഗീകരിച്ചതാണ് ചരിത്രം. ഈ ചരിത്രസത്യംപോലെ എല്‍ഡിഎഫിനെ ശരിവയ്ക്കുന്ന കാലവും വിദൂരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് നേതാവ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ അഴിമതിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്ന് ശര്‍മ ചോദിച്ചു. വികസനത്തിന്റെ പൊന്‍വെളിച്ചമല്ലാതെ മറ്റൊന്നും എം പി വിന്‍സന്റ് കാണുന്നില്ല. തിളക്കമറ്റ വിജയമാണ് യുഡിഎഫ് നേടിയതെന്ന് കെ ടി ജലീല്‍ .

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയെ ആക്ഷേപിച്ചയാളെ ചീഫ് വിപ്പ് ആക്കിയതിലെ യുക്തി എത്ര ആലോചിച്ചിട്ടും കെ രാജുവിന് പിടികിട്ടുന്നില്ല. പക്ഷേ താന്‍ ഡെപ്യൂട്ടി സ്പീക്കറായതോടെ ആ പദവിയുടെ മോശം പേര് മാറിയെന്നാണ് എന്‍ ശക്തന്റെ പക്ഷം. തമിഴ്നാട്ടിലും ബിഹാറിലും വികസനക്കുതിപ്പാണെന്ന രമേശ് ചെന്നിത്തലയുടെ വാദം ജമീല പ്രകാശത്തിന് ബോധിച്ചില്ല. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് രണ്ടക്ക സീറ്റ് കിട്ടിയിട്ട് എത്ര കാലമായി? ബിഹാറിലും കോണ്‍ഗ്രസ് പുറത്തല്ലേ? ചോദ്യങ്ങളെറിഞ്ഞ് ജമീല ചെന്നിത്തലയെ നേരിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇന്ദിരാഭവനില്‍ ഇരുന്ന് ഭരണം നടത്താന്‍ ചെന്നിത്തലയ്ക്ക് ആകില്ലെന്ന് പ്രത്യേകം പറയണമോയെന്നും അവര്‍ ചോദിച്ചു. ഡീസലിന് നികുതി കുറച്ച തീരുമാനം വന്നപ്പോള്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ പോക്കറ്റടിക്കാരനെയാണ് എളമരം കരീമിന് ഓര്‍മവന്നത്. പോക്കറ്റടിക്കാരന്‍ പോക്കറ്റടിക്കപ്പെട്ടവന് വണ്ടിക്കൂലിയും ചായക്ക് കാശും കൊടുത്തത് പോലെയാണ് നികുതി കുറയ്ക്കാനുള്ള തീരുമാനമെന്ന് കരീം വിശദീകരിച്ചു. കല്യാണം കഴിഞ്ഞ് നാല് മാസമായപ്പോള്‍ പ്രസവിച്ച കുഞ്ഞിനെ എടുത്ത് മോനെ എന്ന് വിളിക്കുന്നപോലെയാണ് സ്മാര്‍ട്ട് സിറ്റിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും പേരില്‍ യുഡിഎഫ് മേനിനടിക്കുന്നതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റിനെ പ്രതിപക്ഷത്ത് ഇരുത്തിയത് ഉമ്മന്‍ചാണ്ടിയുടെ ചരിത്രപരമായ നേട്ടമാണെന്ന് കരീം പറഞ്ഞു. സര്‍ക്കാര്‍ നൂല്‍പ്പാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ എസ് സലീഖ. മന്ത്രിമോഹം നടപ്പില്ലെങ്കിലും വീറും വാശിയും ചോര്‍ന്നില്ലെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി തെളിയിച്ചു.

ആവേശം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടത്താണിക്ക് നാവ് പിഴച്ചു-നന്ദിപ്രമേയത്തെ ആദ്യം എതിര്‍ത്ത രണ്ടത്താണി തൊട്ടടുത്ത നിമിഷം തിരുത്തി. പരിസ്ഥിതിവാദികളെ അലോസരപ്പെടുത്താന്‍ പി കെ ബഷീര്‍ ഹാജരുണ്ടെന്ന് പറയാം. കാട്ടില്‍ വീണുകിടക്കുന്ന മരങ്ങള്‍ വിറ്റാല്‍ കോടികള്‍ കിട്ടുമെന്നാണ് ബഷീറിന്റെ മതം. പരിസ്ഥിതിയുടെ പേരില്‍ പദ്ധതികളെ എതിര്‍ക്കാനും ബഷീര്‍ ഇല്ല. ഈ ബഷീര്‍ ആരെന്നല്ലേ? കടലില്‍ മഴ പെയ്യുന്നത് കാടുണ്ടായിട്ടാണോയെന്ന് പണ്ട് ചോദിച്ച സീതി ഹാജിയുടെ പുത്രന്‍ . "നമ്മള്‍ ജയിക്കും; ജയിക്കും ഒരു ദിനം നമ്മള്‍ ഒറ്റയ്ക്കല്ല; നമ്മളാണീ ഭൂമി" ഒ എന്‍ വിയുടെ ഈ വരികള്‍ ചൊല്ലിയാണ് എം എ ബേബി ചര്‍ച്ച ഉപസംഹരിച്ചത്. അധികാരത്തിന് വേണ്ടി ആര്‍ത്തിപിടിച്ചു നടക്കുന്നവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഏകോപനസമിതി യോഗം ചേരാന്‍ ചിലര്‍ പരോളില്‍ ഇറങ്ങേണ്ട സ്ഥിതിയില്‍ അഴിമതിക്കെതിരെ പ്രസംഗിക്കാന്‍ യുഡിഎഫിന് എന്ത് ധാര്‍മികാവകാശമെന്ന് ബേബി ചോദിച്ചു. സണ്ണി ജോസഫ്, ടി എ അഹമ്മദ് കബീര്‍ , മോന്‍സ് ജോസഫ്, ഹൈബി ഈഡന്‍ , ഇ ചന്ദ്രശേഖരന്‍ , ബെന്നി ബഹനാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍0

ദേശാഭിമാനി 290611

1 comment:

  1. സ്വാശ്രയപ്രശ്നവും വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവുമായിരുന്നു അടിയന്തരപ്രമേയത്തിന്റെ വിഷയം. പൊലീസിന്റെ വിദ്യാര്‍ഥിവേട്ടയ്ക്കെതിരെ അണപൊട്ടിയ രോഷം ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എം എ ബേബി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ , പൊലീസ് വേട്ടയുടെ ഭീകരത വിശദീകരിച്ച് തോമസ് ഐസക്കും കെ സുരേഷ്കുറുപ്പും വി എസ് സുനില്‍കുമാറും ഒപ്പം ചേര്‍ന്നു. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി നടപ്പാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നായി മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് അതിനോട് യോജിച്ചു.

    ReplyDelete