അലോട്ട്മെന്റിനെത്തിയവര്‍ വട്ടംകറങ്ങി; ഒറ്റദിവസം നീട്ടിക്കിട്ടാന്‍ ഒടുവില്‍ ഹര്‍ജി
നിയമക്കുരുക്കില്‍ പെടുമെന്നറിഞ്ഞിട്ടും, ഒത്തുകളിയുടെ ഭാഗമായി, സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളിലെ 50 ശതമാനം സീറ്റ് ഏറ്റെടുത്ത് അലോട്ട്മെന്റിനിറങ്ങിയ സര്‍ക്കാര്‍ നടപടി പരിഹാസ്യമായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ അലോട്ട്മെന്റ് വിദ്യാര്‍ഥികളെ വട്ടംകറക്കി. പിജി സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഹൈക്കോടതി ഒരു ദിവസത്തേക്ക് മരവിപ്പിച്ചതാണ് അലോട്ട്മെന്റ് തകിടംമറിയാന്‍ കാരണം. സമയം നീട്ടിച്ചോദിച്ച് ചൊവ്വാഴ്ച സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധി ലഭിച്ചാല്‍ത്തന്നെ 30ന് ഒറ്റ ദിവസംകൊണ്ട് അലോട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവേശനനടപടികളും പൂര്‍ത്തിയാക്കേണ്ടി വരും. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയില്ലെങ്കില്‍ ദൂരത്തുള്ള വിദ്യാര്‍ഥികള്‍ അലോട്ട്മെന്റിന് എത്താനും ബുദ്ധിമുട്ടും.
അതേസമയം പ്രവേശനം ലഭിച്ചാലും, നിലവില്‍ മാനേജുമെന്റുകള്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതും നിയമക്കുരുക്കിനിടയാക്കും. ഫീസ് സംബന്ധിച്ചും ധാരണയിലെത്താത്തത് വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അലോട്ട്മെന്റ് നടത്തിയത്. ഇതിനായി തിരുവനന്തപുരത്ത് എത്തിയ നൂറിലേറെ വിദ്യാര്‍ഥികളാണ് ദിവസം മുഴുവന്‍ തികഞ്ഞ അനിശ്ചിതത്വത്തിലായത്. അതിരാവിലെ ഡിഎംഇ ഓഫീസില്‍ എത്തിയെങ്കിലും ഹൈക്കോടതി വിധിവരെ കാത്തിരിക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ചില സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുകയുംചെയ്തു. എന്നാല്‍ , ഇവരുടെ ഫീസ് നിശ്ചയിക്കാത്തതും ആശങ്കയേറ്റി. ഹയര്‍ ഓപ്ഷന്‍ തേടിയെത്തിയവരും അനിശ്ചിതത്വം തുടര്‍ന്നതോടെ ത്രിശങ്കുവിലായി. വൈകിട്ട് നാലരയ്ക്ക് ഹൈക്കോടതി സ്റ്റേ വരുന്നതുവരെ അധികൃതര്‍ വിദ്യാര്‍ഥികളെ വട്ടം കറക്കി.
വിധി വന്നതോടെ അലോട്ട്മെന്റ് നിര്‍ത്തിവച്ചതായി അറിയിച്ചു. ഇനി എന്നാണ് അലോട്ട്മെന്റ് എന്നു പോലും അധികൃതര്‍ അറിയിച്ചില്ല. വിവിധ ജില്ലകളില്‍നിന്ന് എത്തിയവര്‍ തിരിച്ചുപോകണമോ അതോ തലസ്ഥാനത്ത് തങ്ങണമോ എന്ന് അറിയാതെ രാത്രി കുഴങ്ങി. ചിലര്‍ തിരിച്ചുപോയി. മറ്റ് ചിലര്‍ തലസ്ഥാനത്ത് തങ്ങി. സ്വാശ്രയകോളേജിലെ പകുതി പിജി സീറ്റ് ഏറ്റെടുത്ത് ജൂണ്‍ ഏഴിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ നിയമക്കുരുക്കും അനിശ്ചിതത്വവും ഒഴിവാക്കാമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പോയതിനാല്‍ അവര്‍ക്ക് സമയം നീട്ടിക്കിട്ടി. വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ത്തന്നെ അലോട്ട്മെന്റ് നടത്തണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. മെയ് 31ന് പ്രവേശന കാലാവധി അവസാനിക്കുമെന്ന് കാണിച്ച് മാനേജ്മെന്റുകള്‍ 27ന് മുമ്പുതന്നെ ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ട് സംസാരിച്ചപ്പോഴും അനങ്ങിയില്ല. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ കാണിച്ച ഈ നിസ്സംഗതയാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.
(എം രഘുനാഥ്)
സര്‍ക്കാരിനുവേണ്ടി ആരും ഹാജരായില്ല
ന്യൂഡല്‍ഹി: സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ കോടതിയില്‍ ആളില്ല. അധികാരമേറി ഒന്നരമാസം പിന്നിട്ടിട്ടും സുപ്രീംകോടതിയില്‍ അഭിഭാഷകരെ നിയമിക്കാത്തതിനാലാണ് കേസില്‍ ചൊവ്വാഴ്ച സര്‍ക്കാരിനുവേണ്ടി ആരും എത്താതിരുന്നത്. സമയം നീട്ടിനല്‍കണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യത്തെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തപ്പോള്‍ , എന്താണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരിനുവേണ്ടി ആരുമില്ലെന്ന് സ്വാശ്രയ കോളേജുകളുടെ അഭിഭാഷകന്‍ അറിയിച്ചു. എങ്കില്‍ സര്‍ക്കാരിന്റെ അഭിപ്രായം നിങ്ങള്‍തന്നെ ചോദിച്ചറിഞ്ഞ് അറിയിക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കേണ്ടിവന്നു. തുടര്‍ന്ന് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
സ്വന്തം നിലയ്ക്ക് പ്രവേശനപരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൂടുതല്‍ സമയം നല്‍കുന്ന കാര്യം വ്യാഴാഴ്ച തീരുമാനിക്കും. എംബിബിഎസിന് മെയ് 30നകം പ്രവേശനപരീക്ഷ നടത്തണമെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം. എന്നാല്‍ , സംസ്ഥാനത്ത് തെരഞ്ഞെടുപ്പും ഭരണമാറ്റവും മറ്റും നടന്നതിനാല്‍ ഈ സമയപരിധിക്കുള്ളില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെന്നും സമയം അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ അപേക്ഷിച്ചു. ഭരണമാറ്റത്തോടെ സ്വാശ്രയമേഖലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു. മുന്‍സര്‍ക്കാരുമായി കഴിഞ്ഞ നാലുവര്‍ഷം 50:50 അനുപാതത്തില്‍ പ്രവേശനം നടത്താന്‍ ധാരണയുണ്ടായിരുന്നു. സുഗമമായാണ് നടപടി പൂര്‍ത്തീകരിച്ചത്. പുതിയ സര്‍ക്കാരുമായി ഇതുവരെ കരാറൊന്നുമില്ല. എന്താണ് അവരുടെ നിലപാടെന്ന് വ്യക്തമല്ല. മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്ക് മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതേവരെ പുരോഗതിയൊന്നുമില്ല. കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ 50:50 അനുപാതത്തില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ തയ്യാറാണ്. എന്നാല്‍ , അതിന് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തണം. അതല്ലെങ്കില്‍ 100 ശതമാനം സീറ്റിലും സര്‍ക്കാര്‍ലിസ്റ്റില്‍നിന്ന് ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്തേണ്ടിവരും- സ്വാശ്രയ കോളേജുകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ , തെരഞ്ഞെടുപ്പും മറ്റുമായതിനാല്‍ പരീക്ഷ നടത്താനായില്ലെന്ന മാനേജ്മെന്റുകളുടെ വാദത്തില്‍ കഴമ്പില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വാദിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മാനേജ്മെന്റുകള്‍ക്ക് പരീക്ഷ നടത്താമായിരുന്നു. സമയം നീട്ടിനല്‍കേണ്ട ഒരു ആവശ്യവുമില്ലെന്നും കൂടുതല്‍ പണം തട്ടാനാണ് മാനേജ്മെന്റുകളുടെ ശ്രമമെന്നും എംസിഐ അഭിഭാഷകന്‍ തുറന്നടിച്ചു. കൂടുതല്‍ സമയമെന്ന ആവശ്യത്തെ എംസിഐ എതിര്‍ത്തതോടെയാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായംകൂടി തേടാന്‍ ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്നായിക് എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനിച്ചത്.
(എം പ്രശാന്ത്)
യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ സ്വകാര്യ എന്‍ജി.കോളേജുകളില്‍ ചേര്‍ത്തതായി സിഎജി
പ്രവേശനപരീക്ഷാ കമീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ കേരള സര്‍വകലാശാലയ്ക്കുകീഴിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളില്‍ പ്രവേശിപ്പിച്ചതായി 2009-10ലെ സിഎജി റിപ്പോര്‍ട്ട്. തിരുവനന്തപുരം മേരിമാതാ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ 2008ല്‍ പ്രവേശിപ്പിച്ച 33ഉം കൊല്ലം ട്രാവന്‍കൂര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം കിട്ടിയ 25ഉം വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2009ല്‍ ആലപ്പുഴ കെ ആര്‍ ഗൗരിയമ്മ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പ്രവേശിപ്പിച്ച 96 വിദ്യാര്‍ഥികളും പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയിരുന്നില്ല. 2008ല്‍ ലാറ്ററല്‍ എന്‍ട്രി സ്കീം പ്രകാരം എല്‍ബിഎസ് നടത്തിയ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 29 വിദ്യാര്‍ഥികളെ നാല് സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലും ഒരു എയ്ഡഡ് കോളേജിലും പ്രവേശിപ്പിച്ചു. പ്രത്യേക കോഴ്സിന് അനുവദിച്ച മൊത്തം എണ്ണം വിദ്യാര്‍ഥികളെമാത്രമാണോ പ്രവേശിപ്പിച്ചതെന്ന കാര്യം മാത്രമേ പരിശോധിക്കാറുള്ളൂ എന്നാണ് സര്‍വകലാശാല അറിയിച്ചത്. അപേക്ഷകര്‍ക്ക് നിശ്ചിതയോഗ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കോളേജുകളാണെന്നും സര്‍വകലാശാല വിശദീകരിച്ചു.
പ്രൊഫഷണല്‍ കോളേജുകളില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാലയില്‍ ഉചിതമായ സംവിധാനം വേണമെന്ന് സിഎജി നിര്‍ദേശിച്ചു. പദ്ധതിനിര്‍വഹണം 13 വര്‍ഷത്തോളം നീണ്ടതുമൂലം ജപ്പാന്‍ കുടിവെള്ളപദ്ധതി ചെലവില്‍ 1199 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സിഎജി വിലയിരുത്തി. 1997ല്‍ ഉടമ്പടികള്‍ പൂര്‍ത്തിയാക്കി 2003 ഡിസംബറില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ , 2003 സെപ്തംബറില്‍മാത്രമാണ് പദ്ധതി ആരംഭിക്കാനായത്. പരിശോധന, ആസൂത്രണം, ടെന്‍ഡര്‍ നടപടികള്‍എന്നിവയ്ക്ക് രണ്ടരവര്‍ഷം വീണ്ടും എടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിജി സീറ്റ് തല്‍ക്കാലം ഏറ്റെടുക്കാനാകില്ല
കൊച്ചി: സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം പിജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍നടപടി ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി ഉടന്‍ പരിഗണിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടക്കാല ഉത്തരവ്.
സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനും പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ പിജി പ്രവേശനം ലഭിച്ച ചില വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജികള്‍ കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം. ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കിയതിനുശേഷം ചൊവ്വാഴ്ച 1.30ന് വിധി പ്രസ്താവനയ്ക്കായി കേസ് മാറ്റിയിരുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് സുപ്രീം കോടതി സമയം നീട്ടി നല്‍കിയതും പിജി പ്രവേശനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു എന്ന കാര്യവും കണക്കിലെടുത്ത് കേസ് കൂടുതല്‍ വിശദീകരണത്തിനായി വൈകിട്ട് നാലിന് വീണ്ടും ചേംബറില്‍ പരിഗണിക്കുകയായിരുന്നു.
ദേശാഭിമാനി 290611
സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ കോടതിയില്‍ ആളില്ല. അധികാരമേറി ഒന്നരമാസം പിന്നിട്ടിട്ടും സുപ്രീംകോടതിയില്‍ അഭിഭാഷകരെ നിയമിക്കാത്തതിനാലാണ് കേസില്‍ ചൊവ്വാഴ്ച സര്‍ക്കാരിനുവേണ്ടി ആരും എത്താതിരുന്നത്. സമയം നീട്ടിനല്‍കണമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യത്തെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തപ്പോള്‍ , എന്താണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരിനുവേണ്ടി ആരുമില്ലെന്ന് സ്വാശ്രയ കോളേജുകളുടെ അഭിഭാഷകന്‍ അറിയിച്ചു. എങ്കില്‍ സര്‍ക്കാരിന്റെ അഭിപ്രായം നിങ്ങള്‍തന്നെ ചോദിച്ചറിഞ്ഞ് അറിയിക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കേണ്ടിവന്നു. തുടര്‍ന്ന് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
ReplyDelete