Saturday, June 25, 2011

അരിക്ക് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ജില്ലയില്‍ നാലരലക്ഷം കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും

പാലക്കാട്: രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ വില്ലേജ്ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിബന്ധന പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചന. എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചത്. മെയ് അഞ്ചുവരെ അപേക്ഷിച്ചവര്‍ക്കാണ് അരി നല്‍കുന്നത്. രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹരായ ജില്ലയിലെ 4,36,000 കാര്‍ഡുടമകളെ പുതിയ നിബന്ധന ബുദ്ധുമുട്ടിലാക്കും.

രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡുടമ വെള്ളപ്പേപ്പറില്‍ സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നല്‍കിയാല്‍ മതിയെന്നായിരുന്നു എല്‍ഡിഎഫ്സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. വരുമാനം എത്രയെന്നറിയാന്‍ റേഷന്‍കാര്‍ഡിന്റെ കോപ്പിയും വച്ചാല്‍ മതിയായിരുന്നു. എന്നാല്‍ , യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വില്ലേജ്ഓഫീസറില്‍നിന്നുള്ള വരുമാനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. റേഷന്‍കടയുടമകള്‍ സാധനങ്ങളില്‍ വെട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇത് തടയാന്‍വേണ്ടിയാണ് വില്ലേജ്ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വയ്ക്കുന്നതെന്നുമാണ് മന്ത്രി ടി എം ജേക്കബ് പറഞ്ഞത്.

എന്നാല്‍ ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനപ്പുറം സ്വകാര്യകച്ചവടക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വിലക്കുറവുള്ള അരി വാങ്ങിക്കൊണ്ടുവന്ന് കൂടിയ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുന്ന സ്വകാര്യഅരിക്കച്ചവടക്കാരാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. സ്വകാര്യ അരിക്കടകളില്‍ അരിവില കുറയുന്നതിന് എല്‍ഡിഎഫ്സര്‍ക്കാരിന്റെ ഇടപെടല്‍ സഹായിച്ചിരുന്നു. ഒരുകിലോ അരിക്ക് 35മുതല്‍ 40രൂപവരെ സ്വകാര്യഅരിക്കച്ചവടക്കാര്‍ ഈടാക്കിയിരുന്നു. രണ്ടു രൂപ നിരക്കില്‍അരി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായതോടെ സ്വകാര്യഅരിക്കച്ചവടക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

എന്നാല്‍ , യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സ്വകാര്യ കച്ചവടക്കാരുടെ സ്വാധീനം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നതിന്റെ തെളിവാണ് പുതിയ നിബന്ധന കൊണ്ടുവന്നത്. പുതിയ തീരുമാനം വന്നതോടെ എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍കാര്‍ഡുടമകള്‍ വില്ലേജ്ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. അധികാരത്തിലെത്തിയതും പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് വീണ്ടും ശ്രമം തുടങ്ങിയിരിക്കയാണ്.

deshabhimani 250611

1 comment:

  1. രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ വില്ലേജ്ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിബന്ധന പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചന. എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചത്. മെയ് അഞ്ചുവരെ അപേക്ഷിച്ചവര്‍ക്കാണ് അരി നല്‍കുന്നത്. രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹരായ ജില്ലയിലെ 4,36,000 കാര്‍ഡുടമകളെ പുതിയ നിബന്ധന ബുദ്ധുമുട്ടിലാക്കും.

    ReplyDelete