Wednesday, June 29, 2011

മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകം: കാനം രാജേന്ദ്രന്‍

പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നയം പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ആശങ്ക ഉളവാക്കുന്നതാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി ലഭ്യത കുറവും കൂടിയ ജനസാന്ദ്രതയും  കാരണം വന്‍തോതില്‍ ഭൂമി ആവശ്യമുള്ള വന്‍കിട സെസുകള്‍ കേരളത്തില്‍ സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള സെസ് നയത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപം കൊടുത്തത്. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 50 ശതമാനം വ്യവസായത്തിനും ബാക്കിയുള്ള 50 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കണമെന്നാണ് കേന്ദ്ര നയം. ഇത് കേരളം പോലുള്ള സംസ്ഥാനത്ത് സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് 70-30 അനുപാതത്തില്‍ സെസ് അനുവദിക്കാന്‍  എല്‍ ഡി എഫ് സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചത്. ഈ നയത്തിലെ വ്യവസ്ഥകള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്തതും ഭാവിയില്‍ അംഗീകാരം ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും ബാധകമാണെന്നും  സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവില്‍ തൊഴില്‍ നടപ്പാക്കുന്നത് സബന്ധിച്ചും വ്യക്തമായ വ്യവസ്ഥകളുണ്ട്. സംസ്ഥാനത്തെ സെസുകളിലെ തൊഴില്‍ നിയമങ്ങള്‍, ട്രേഡ് യൂണിയന്‍ നിയമം, ക്ഷേമനിധി നിയമം, പ്രോവിഡന്റ് ഫണ്ട് നിയമം, ഗ്രാറ്റുവിറ്റി നിയമം, ഫാക്ടറീസ് ആക്ട്, തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ സെസുകളില്‍ കോണ്‍ട്രാക്ട് ലേബര്‍ റെഗുലേഷന്‍  ആന്‍ഡ് അബോളിഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ 12 നിബന്ധനകളാണ് സെസ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പായി ഈ വ്യവസ്ഥകള്‍ അഗീകരിച്ചുകൊണ്ടുള്ള കരാര്‍ സംരംഭകരുമായി ഒപ്പുവയ്‌ക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സെസുകള്‍ക്ക് അംഗീകാരം നല്‍കിയത്. 1000 ഹെക്ടര്‍ സ്ഥലം ആവശ്യമുള്ള മള്‍ട്ടി പ്രോഡക്ട് സെസുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിക്കാരുടെ സമരം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സെസ് നിയമങ്ങള്‍ പുനപ്പരിശോധിക്കാനുള്ള യു ഡി എഫ് തീരുമാനം ജനദ്രോഹപരമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ സെസ് നയം നടപ്പാക്കിയാല്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

janayugom

1 comment:

  1. പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നയം പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ആശങ്ക ഉളവാക്കുന്നതാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete