Tuesday, June 28, 2011

കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക

ശ്രേയാംസ്കുമാര്‍ കോടതിവിധി ലംഘിക്കുന്നു: പി എ മുഹമ്മദ്

കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ശ്രേയാംസ്കുമാര്‍ എംഎല്‍എ വിദണ്ഡവാദങ്ങള്‍ ഉന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുന്നില്‍ ആദിവാസി ക്ഷേമസമിതി നേതാക്കള്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന അവകാശവാദമാണ് ശ്രേയാംസ് ഉന്നയിക്കുന്നത്. ഇത് സത്യസന്ധമാണെങ്കില്‍ ഭൂമി വിട്ടുകൊടുക്കാന്‍ ശ്രേയാംസ് തയ്യാറാവണം. ഇത്രയും നാള്‍ കോടതി പറഞ്ഞാല്‍ ഭൂമി വിട്ടുകൊടുക്കും എന്നാണ് ശ്രേയാംസ് കുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമി വിട്ടുകൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ ഇത് ലംഘിക്കുകയാണ് അദ്ദേഹം. ഇത് കേവലമായ ഭൂമിയുടെ കൈവശാവകാശ പ്രശ്നമല്ല. ഒരു ജനപ്രതിനിധിയാണ് പൊതുമുതല്‍ കൈവശം വെച്ചനുഭവിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഇത് നിറവേറ്റാന്‍ തയ്യാറാവാതെ ജനാധിപത്യ വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ശ്രേയാംസ് കുമാറിനെതിരെയുള്ള കോടതിവിധിയില്‍ ഒളിച്ചു കളി നടത്തുകയാണ്. ശ്രേയാംസ് കുമാറിന്റെ പാര്‍ടി എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ യുഡിഎഫ് ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുറവിളി കൂട്ടിയിരുന്നു. എന്നാലിപ്പോള്‍ ഉമ്മന്‍ ചാണ്ടിയോ യുഡിഎഫിലെ മറ്റു ഘടകകക്ഷികളൊ മിണ്ടുന്നില്ല. കോടതിവിധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ഒളിച്ച് കളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സാധാരണക്കാര്‍ക്കെതിരെ കോടതി വിധിയുണ്ടായാല്‍ നടപ്പിലാക്കാന്‍ ശുഷ്കാന്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിസംഗത പാലിക്കുകയാണ്. ജൂലൈ 30നുള്ളില്‍ ശ്രേയാംസ് കുമാര്‍ ഭൂമി വിട്ടുകൊടുക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ ഒന്നിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറില്ലെങ്കില്‍ ശക്തമായ ബഹുജനങ്ങളെ അണി നിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പി എ മുഹമ്മദ് പറഞ്ഞു.

കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക: ബഹുജനസമരമായി എകെഎസ് സത്യഗ്രഹം

കല്‍പ്പറ്റ: എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹസമരം വന്‍ ബഹുജനസമരമായി മാറി. എകെഎസ് ജില്ലാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമാണ് സമരത്തില്‍ പങ്കെടുത്തത്. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ് കുമാര്‍ കൈവശം വെക്കുന്ന 16.75 ഏക്കര്‍ ഭൂമി 30 ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുംഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമി പതിച്ചുനല്‍കണമെന്ന ശ്രേയാംസിന്റെ ഹര്‍ജി തള്ളിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെുടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എകെഎസ് ആവശ്യപ്പെടുന്നത്.

സ്വന്തമായി ഭൂമിയില്ലാത്ത ആയിരത്തിലേറെ ആദിവാസികള്‍ ജില്ലയിലുണ്ട്. എന്നിട്ടും ആദിവാസികള്‍ക്ക് കൈമാറണം എന്ന് നേരത്തെ കോടതിതന്നെ പറഞ്ഞ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാകാത്ത ശ്രേയാംസിനെതിരെ ശക്തമായ ജനവികാരമാണ് ജില്ലയില്‍ ഉയരുന്നത്. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശംവെച്ചനുഭവിക്കുന്ന 16.75 ഏക്കര്‍ ഭൂമി സര്‍ക്കാറിന്റെതാണെന്ന് നിരവധി തവണ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ജൂലൈ നാലിന് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ കൃഷ്ണഗിരിയിലെ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തും. സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.

സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ പാവപ്പെട്ട ആദിവാസികള്‍ ദുരിതമനുഭവിക്കുകയാണ്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ ഒമ്പത് വര്‍ഷമായി സമരം നടത്തുകയാണ്. ജനപ്രതിനിധിയായ എം വി ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശം വെച്ചനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ല. ഹൈക്കോടതി സര്‍ക്കാര്‍ ഭൂമിയാണ് എന്ന് പറഞ്ഞിട്ടും ശ്രേയാംസ് കുമാര്‍ ഭൂമി സര്‍ക്കാറിന് വിട്ടുകൊടുക്കാനോ സര്‍ക്കാര്‍ ഏറ്റെടുക്കാനോ തയ്യാറാവുന്നില്ല. പാവപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ഭൂമികണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഇങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഭൂമി അനധികൃതമായി ചിലര്‍ സ്വാധീനം ഉപയോഗിച്ച് കൈവശംവെച്ചനുഭവിക്കുന്നത്. അനധികൃതമായി ഭൂമി കൈവശംവെക്കുന്നതെങ്കില്‍ പിടിച്ചെടുത്ത് വിതരണംചെയ്യണമെന്ന് വിവിധ രാഷ്ട്രീയപാര്‍ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടികളെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മടിക്കുകയാണ്. സത്യഗ്രഹമനുഷ്ടിച്ച ആദിവാസി നേതാക്കളെ വിവിധ വര്‍ഗ ബഹുജനസംഘടനകള്‍ പ്രകടനമായി എത്തി അഭിവാദ്യംചെയ്തു. കെഎസ്കെടിയു, എന്‍ജിഒ യൂണിയന്‍ , പിഎസ്സി എംപ്ലോയീസ് യൂണിയന്‍ , കര്‍ഷകസംഘം, കെഎസ്ടിഎ, ഡിവൈഎഫ്ഐ, ജനാധിപത്യമഹിള അസോസിയേഷന്‍ , സിഐടിയു എന്നിവര്‍ഗ ബഹുജന സംഘടനകള്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.

ദേശാഭിമാനി 280611

1 comment:

  1. കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ശ്രേയാംസ്കുമാര്‍ എംഎല്‍എ വിദണ്ഡവാദങ്ങള്‍ ഉന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുന്നില്‍ ആദിവാസി ക്ഷേമസമിതി നേതാക്കള്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete