Monday, June 27, 2011

സ്വകാര്യതയ്ക്കു ഭീഷണിയായി നിരീക്ഷണ ക്യാമറകള്‍ പരക്കുന്നു

കൊച്ചി: ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനും(സിസിടിവി) നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ദുരുപയോഗസാധ്യത വര്‍ധിച്ചതായി സൈബര്‍ പൊലീസ്. സ്വകാര്യസ്ഥാപനങ്ങളില്‍ യഥേഷ്ടവും പൊതുസ്ഥലങ്ങളില്‍ ഒരു വ്യവസ്ഥയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. മോഷണമുള്‍പ്പെടെ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ വ്യാപകമാകുന്ന ഒളിക്യാമറകള്‍ വ്യക്തിസ്വകാര്യതയ്ക്ക് ഭീഷണിയായി. സ്വകാര്യസ്ഥാപനങ്ങളില്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍കൂടിയുള്ളതാണ് സിസിടിവി സംവിധാനം. സാധാരണ ഡോം ക്യാമറമുതല്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ സംവിധാനത്തിലൂടെ കൂരിരുട്ടില്‍പ്പോലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വേരിഫോക്കല്‍ ഡോം ക്യാമറകള്‍വരെ ലഭ്യമാണ്. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം കാണാവുന്ന സിസിടിവി, ദൃശ്യങ്ങള്‍ സംഭരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡര്‍ (ഡിവിആര്‍) എന്നിവ ഉള്‍പ്പെട്ടതാണ് ഒളിക്യാമറ സംവിധാനം. വിതരണക്കാര്‍തന്നെ സ്ഥാപനത്തിന്റെ താല്‍പ്പര്യമനുസരിച്ച് ക്യാമറ സ്ഥാപിച്ചുകൊടുക്കും. അതിനാല്‍ എല്ലായിടത്തും ക്യാമറ നിരക്കുന്നു. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന മുപ്പതോളം ഏജന്‍സികള്‍ കൊച്ചിയില്‍മാത്രം പ്രവര്‍ത്തിക്കുന്നു.

നിരീക്ഷണ ക്യാമറകളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാവണം ഇവിടെ പരാതികള്‍ കുറയാന്‍ കാരണം. വന്‍ നഗരങ്ങളില്‍നിന്നുള്ള എണ്ണമറ്റ പരാതികള്‍ വിവിധ വെബ്സൈറ്റുകളില്‍ വായിക്കാം. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ എക്സ്റേ മുറിയില്‍ ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്യാമറയെക്കുറിച്ച് പരാതിയുയര്‍ന്നത് ഇപ്പോള്‍മാത്രം. ഇവിടെ പലയിടങ്ങളിലായി 44 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ അക്കാര്യം പരസ്യപ്പെടുത്തണമെന്നതാണ് വിദേശരാജ്യങ്ങളിലെ വ്യവസ്ഥ. തദ്ദേശഭരണസംവിധാനവും പ്രദേശവാസികളുമായി കൂടിയാലോചിച്ചായിരിക്കണം അവിടങ്ങളില്‍ ക്യാമറ സ്ഥാപിക്കേണ്ടതെന്നും ഇവയുടെ പ്രവര്‍ത്തനം അവലോകനംചെയ്യാന്‍ പ്രത്യേക സമിതി വേണമെന്നും വിദേശത്ത് നിര്‍ദേശമുണ്ട്. ഇവിടെ അത്തരം നിയന്ത്രങ്ങളില്ലെന്ന് സംസ്ഥാന പൊലീസിന്റെ സൈബര്‍സെല്‍ അസിസ്റ്റന്റ് കമീഷണര്‍ എന്‍ വിനയകുമാര്‍നായര്‍ പറഞ്ഞു. ഒളിക്യാമറകളുടെ ദുരുപയോഗം സംബന്ധിച്ച പരാതികളൊന്നും കിട്ടിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

deshabhimani 270611

1 comment:

  1. ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനും(സിസിടിവി) നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ദുരുപയോഗസാധ്യത വര്‍ധിച്ചതായി സൈബര്‍ പൊലീസ്. സ്വകാര്യസ്ഥാപനങ്ങളില്‍ യഥേഷ്ടവും പൊതുസ്ഥലങ്ങളില്‍ ഒരു വ്യവസ്ഥയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. മോഷണമുള്‍പ്പെടെ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ വ്യാപകമാകുന്ന ഒളിക്യാമറകള്‍ വ്യക്തിസ്വകാര്യതയ്ക്ക് ഭീഷണിയായി. സ്വകാര്യസ്ഥാപനങ്ങളില്‍ ജീവനക്കാരെ നിരീക്ഷിക്കാന്‍കൂടിയുള്ളതാണ് സിസിടിവി സംവിധാനം. സാധാരണ ഡോം ക്യാമറമുതല്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ സംവിധാനത്തിലൂടെ കൂരിരുട്ടില്‍പ്പോലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വേരിഫോക്കല്‍ ഡോം ക്യാമറകള്‍വരെ ലഭ്യമാണ്. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം കാണാവുന്ന സിസിടിവി, ദൃശ്യങ്ങള്‍ സംഭരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡര്‍ (ഡിവിആര്‍) എന്നിവ ഉള്‍പ്പെട്ടതാണ് ഒളിക്യാമറ സംവിധാനം. വിതരണക്കാര്‍തന്നെ സ്ഥാപനത്തിന്റെ താല്‍പ്പര്യമനുസരിച്ച് ക്യാമറ സ്ഥാപിച്ചുകൊടുക്കും. അതിനാല്‍ എല്ലായിടത്തും ക്യാമറ നിരക്കുന്നു. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന മുപ്പതോളം ഏജന്‍സികള്‍ കൊച്ചിയില്‍മാത്രം പ്രവര്‍ത്തിക്കുന്നു.

    ReplyDelete