Thursday, June 30, 2011

ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ഗ്രീക്ക് പാര്‍ലമെന്റ് ബില്‍ പാസാക്കി

ആതന്‍സ്: ക്ഷേമപദ്ധതികളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ അലയടിക്കുന്ന പ്രതിഷേധം തെരുവുയുദ്ധമായി. തുടര്‍ച്ചയായി രണ്ടാം ദിവസവും തെരുവുകളില്‍ നടന്ന കലാപത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതിനിടെ "ചെലവുചുരുക്കല്‍" ബില്‍ ഗ്രീക്ക് പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കി. ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും(ഇയു) കര്‍ക്കശ നിബന്ധനയ്ക്ക് വഴങ്ങിയാണ് ഗ്രീക്ക് പാര്‍ലമെന്റ് ഇവയില്‍നിന്ന് അടുത്തഘട്ടം വായ്പകള്‍ ലഭിക്കാന്‍ ബില്‍ പാസാക്കിയത്.

കഴിഞ്ഞ വര്‍ഷം ഐഎംഎഫും ഇയുവും അടിച്ചേല്‍പ്പിച്ച നിബന്ധനകള്‍ നടപ്പാക്കിയതിന്റെ ഫലമായി ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കപ്പെട്ടവരും നിയമനിരോധനംമൂലം കടുത്ത തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളാണ് വീണ്ടും അവകാശങ്ങള്‍ കവരുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍.

2800 കോടി യൂറോയുടെ(1.80ലക്ഷം കോടിയിലധികം രൂപ) സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള ബില്‍ 138നെതിരെ 155 വോട്ടിനാണ് പാര്‍ലമെന്റ് പാസാക്കിയത്. അടുത്തമാസം കാലാവധിയെത്തുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഐഎംഎഫില്‍ നിന്നും ഇയുവില്‍ നിന്നും ലഭിക്കാനുള്ള വായ്പാ ഗഡുക്കള്‍ കിട്ടാനാണ് ബില്‍ പാസാക്കിയത്. ഗ്രീസ് കടങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ വ്യാപകമായി, വിശേഷിച്ച് യൂറോപ്പില്‍ , ബാങ്കിങ് തകര്‍ച്ചയ്ക്കും ആഗോളവിപണികളില്‍ കുഴപ്പത്തിനുമിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. 1200 കോടി യൂറോയുടെ ഗഡു ലഭിക്കണമെങ്കില്‍ ബില്‍ പാസാക്കണമെന്ന് ഇയുവും ഐഎംഎഫും ആവശ്യപ്പെട്ടിരുന്നു. 11,000 കോടി യൂറോയുടെ കടം വീട്ടാന്‍ ഗ്രീസ് തങ്ങളുടെ 39 വിമാനത്താവളങ്ങളും 850 തുറമുഖങ്ങളും റെയില്‍വേകളും റോഡുകളും രണ്ട് ഊര്‍ജക്കമ്പനികളും ബാങ്കുകളും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലവും ദേശീയ ലോട്ടറിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇവയുടെ വില്‍പ്പനയിലൂടെ 5000 കോടി യൂറോ സമാഹരിക്കാമെന്നാണ് കണക്കുകൂട്ടലെന്ന് ഗ്രീക്ക് സ്വകാര്യവല്‍കരണ-പുനസംഘടനാ സ്പെഷ്യല്‍ സെക്രട്ടറി ജോര്‍ജ് ക്രിസ്തോദൂലാകിസ് പറഞ്ഞു. ഇവ വാങ്ങാന്‍ യൂറോപ്പില്‍ ആളില്ലാത്തതിനാല്‍ പ്രധാനമായും ചൈനയേയാണ് ഗ്രീസ് ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം ചൈനയുടെ സര്‍ക്കാര്‍ ഉടമയിലുള്ള ഷിപ്പിങ് കമ്പനി കോസ്കോ ഗ്രീസിലെ ഏറ്റവും വലിയ കണ്ടെയിനര്‍ സംവിധാനമായ ആതന്‍സ് തുറമുഖത്തിന്റെ ഭൂരിപക്ഷം നിയന്ത്രണം കൈക്കലാക്കിയിരുന്നു.

deshabhimani 300611

1 comment:

  1. ക്ഷേമപദ്ധതികളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ അലയടിക്കുന്ന പ്രതിഷേധം തെരുവുയുദ്ധമായി. തുടര്‍ച്ചയായി രണ്ടാം ദിവസവും തെരുവുകളില്‍ നടന്ന കലാപത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതിനിടെ "ചെലവുചുരുക്കല്‍" ബില്‍ ഗ്രീക്ക് പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കി. ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും(ഇയു) കര്‍ക്കശ നിബന്ധനയ്ക്ക് വഴങ്ങിയാണ് ഗ്രീക്ക് പാര്‍ലമെന്റ് ഇവയില്‍നിന്ന് അടുത്തഘട്ടം വായ്പകള്‍ ലഭിക്കാന്‍ ബില്‍ പാസാക്കിയത്.

    ReplyDelete