Wednesday, June 29, 2011

സ്വാശ്രയക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട്

സഭയില്‍ പ്രതിഷേധമിരമ്പി

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിഷേധമിരമ്പി. എംബിബിഎസ്, പിജി പ്രവേശനത്തില്‍ 50 ശതമാനം മെറിറ്റ് ക്വോട്ട അട്ടിമറിക്കുകയും ഇതിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയുംചെയ്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എം എ ബേബിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കപ്പെട്ടതായി എം എ ബേബി ചൂണ്ടിക്കാട്ടി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് കോളേജുകള്‍ ഒഴിച്ച് മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും 60 എന്‍ജിനിയറിങ് കോളേജുകളിലും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്താന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചു. ഈ സര്‍ക്കാര്‍ വന്ന ഉടനെ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റു മാനേജ്മെന്റുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചു. മെഡിക്കല്‍ പിജി പ്രവേശനത്തിലും സര്‍ക്കാര്‍ കള്ളക്കളി നടത്തി മാനേജ്മെന്റുകള്‍ക്ക് അനുകൂലനിലപാട് എടുത്തു. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി നേടിയെടുത്തിട്ടും കേരളം അനങ്ങിയില്ല. ഈ കേസില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലേ എന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നത് സര്‍ക്കാരിന്റെ കള്ളക്കളി വ്യക്തമാക്കുന്നതാണെന്നും ബേബി പറഞ്ഞു.

സര്‍ക്കാരിന് സമയം കിട്ടാത്തതുക്കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും അടുത്തവര്‍ഷംമുതല്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തെയും ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. ഈ സര്‍ക്കാരിന്റെ സമീപനമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംവരണം പോലും അട്ടിമറിച്ച് മാനേജ്മെന്റുകള്‍ അനര്‍ഹമായ നിലയില്‍ വിദ്യാര്‍ഥികളില്‍നിന്ന് കാശ് കൊള്ളയടിച്ചു. ഈ മാനേജ്മെന്റുകളെ നിലയ്ക്ക് നിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കോടതിയാണ് തകര്‍ത്തത്. എന്നിട്ടും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നാല് കോളേജുകള്‍ ഒഴിച്ചുള്ളവ സര്‍ക്കാരുമായി ധാരണയിലെത്തി. മാനേജ്മെന്റുകളെ നിയന്ത്രിക്കാനും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്താനും ആത്മാര്‍ഥമായ ശ്രമം നടത്തിയാല്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്നും വി എസ് പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ധീരമായി സമരംചെയ്യുന്ന കുട്ടികളെ തല്ലിച്ചതക്കുന്നതിന് പൊലീസിനെ കയറൂരി വിട്ടാല്‍ നോക്കി നില്‍ക്കാനാകില്ലെന്നും വി എസ് മുന്നറിയിപ്പ് നല്‍കി. മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് സി ദിവാകരന്‍ പറഞ്ഞു. ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം യുഡിഎഫ് നയമാണെന്ന് മാത്യു ടി തോമസ് പറഞ്ഞു.

ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

പകുതി ശതമാനം സീറ്റില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്താതിരിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 50 ശതമാനം മെറിറ്റ് സീറ്റും ന്യായമായ ഫീസും എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഈ വര്‍ഷം സമയം കിട്ടാത്തതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ കഴിയാത്തത്. അടുത്ത വര്‍ഷംമുതല്‍ 50:50 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കേന്ദ്രനിയമമോ സംസ്ഥാനനിയമമോ ഇല്ലാതെതന്നെ സര്‍ക്കാരിന് ഇതിനു കഴിയും. എ കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു പകരം എല്‍ഡിഎഫ് പുതിയ നിയമം കൊണ്ടുവന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്നു പ്രവേശനം നടത്തിയത് പുതിയ നിയമത്തോടെയാണ് ഇല്ലാതായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , ഈ 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് ക്വോട്ടയിലെ ഫീസ് അല്ലേ ഈടാക്കിയതെന്ന എം എ ബേബിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

പരിയാരത്തിന്റെ പേര് പറഞ്ഞ് കൊള്ളയെ ന്യായീകരിക്കേണ്ട: കോടിയേരി

പരിയാരം മെഡിക്കല്‍ കോളേജിന്റെ പേരു പറഞ്ഞ് സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ നടത്തുന്ന കൊള്ളയെ യുഡിഎഫ് സര്‍ക്കാര്‍ ന്യായീകരിക്കേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരത്ത് എംബിബിഎസ് കോഴ്സിന് 85 ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. പിജി സീറ്റിന്റെ കാര്യത്തില്‍ വരുത്തിയ തെറ്റ് തിരുത്തും. സ്വാശ്രയമേഖലയിലെ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം ക്രിസ്ത്യന്‍ മാനേജ്മെന്റ് നിലപാടിനെ മന്ത്രി കെ എം മാണി ന്യായീകരിച്ചതാണ്. ഇതോടെ മറ്റ് കോളേജ് മാനേജ്മെന്റുകളും ആ വഴിക്ക് നീങ്ങിയെന്നും കോടിയേരി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ആരെങ്കിലും ഫീസിനു പുറമെ തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ടിയില്‍ കാണില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വ്യക്തമാക്കി. താന്‍ മന്ത്രിയാകുന്നതിന് മുമ്പാണ് മെഡിക്കല്‍ പിജി പ്രവേശനത്തിന് മകന്‍ അപേക്ഷിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍ , പ്രവേശനം കിട്ടിയത് മന്ത്രിയായ ശേഷമാണ്. മാനേജ്മെന്റ് സീറ്റിലാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സീറ്റില്‍ മാനേജ്മെന്റ് പ്രവേശനം നല്‍കിയ സാഹചര്യത്തിലാണ് മകന്റെ സീറ്റ് ഉപേക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു. തന്റെ മകള്‍ക്കു വേണ്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ മാനേജ്മെന്റ് സീറ്റാണ് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഈ സീറ്റിന് 28 ലക്ഷം രൂപ ഫീസും 1,45,000 രൂപ ഹോസ്റ്റല്‍ഫീസും നല്‍കി. മന്ത്രിയാകുന്നതിന് മുമ്പാണ് ഇതെല്ലാം നടന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദേശാഭിമാനി 290611

2 comments:

  1. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിഷേധമിരമ്പി. എംബിബിഎസ്, പിജി പ്രവേശനത്തില്‍ 50 ശതമാനം മെറിറ്റ് ക്വോട്ട അട്ടിമറിക്കുകയും ഇതിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയുംചെയ്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എം എ ബേബിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

    ReplyDelete
  2. ഉന്നത പഠനത്തിനു എത്ര കുട്ടികള്‍ പാവപ്പെട്ടവരുണ്ട്? വല്ല പിടിപ്പുണ്ടോ ആവോ? ഈ പാവപ്പെട്ട കുട്ടികള്‍ പഠിച്ച് കഴിഞ്ഞ് 4 വര്‍ഷം സര്‍ക്കാരിനു വേണ്ടി പണിയെടുക്കുമോ ആവോ? ഉണ്ടേല്‍ സര്‍ക്കാരിനു ഇവരെ പഠിപ്പിക്കാന്‍ കാശുകൊടുത്ത് ജോലിക്ക് കേറുമ്പോള്‍ തിരിച്ച് പിടിച്ചുകൂടെ.. ചെയ്യരുത്.. അങ്ങനെ ചെയ്താല്‍ സമരം ചെയ്യ്യാന്‍ പറ്റില്ലാല്ലോ... സ്വന്തം മക്കളെ മാനേജുമെന്റ് കോട്ടാ‍ായില്‍ പഠിപ്പിക്കുന്ന സഖാക്കളുടെ വര്‍ധിത വീര്യം കണ്ടാ‍ാ‍ാ‍ാ

    ReplyDelete