Tuesday, June 28, 2011

സ്വാശ്രയം: സുപ്രീംകോടതി സംസ്ഥാനത്തിന്റെ അഭിപ്രായം തേടി

ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന്റെ സമയപരിധി നീട്ടുന്ന കാര്യത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. സ്വന്തം നിലയ്ക്ക് പ്രവേശനപരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടാന്‍ കോടതി തീരുമാനിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

11 കോളേജുകള്‍ ഉള്‍പ്പെടുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളാണ് സ്വന്തം നിലയ്ക്ക് പരീക്ഷ നടത്താന്‍ അനുമതി തേടിയത്. മെയ് 30 നകം പ്രവേശനപരീക്ഷ നടത്തണമെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പും ഭരണമാറ്റവും മറ്റും നടന്നതിനാല്‍ ഈ സമയപരിധിയ്ക്കുള്ളില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെന്നും സമയം അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ അപേക്ഷിച്ചു. ഭരണമാറ്റത്തോടെ സ്വാശ്രയമേഖലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് മാനേജ്മെന്റുകള്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരുമായി അമ്പത്- അമ്പത് അനുപാതത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ ധാരണയുണ്ടായിരുന്നു. പുതിയ സര്‍ക്കാരുമായി നിലവില്‍ കരാറൊന്നുമില്ല. 50:50 അനുപാതം തുടരാന്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമല്ല- മാനേജ്മെന്റുകള്‍ പറഞ്ഞു. എന്നാല്‍ പ്രവേശനപരീക്ഷയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. എംസിഐ എതിര്‍ത്തതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടാന്‍ ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്നായിക്ക് എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

സമയം നീട്ടാമെന്ന് സുപ്രീം കോടതി; സര്‍ക്കാര്‍ ഒത്തുകളി വീണ്ടും പൊളിഞ്ഞു

തിരു: മെഡിക്കല്‍ പിജി പ്രവേശനം ജൂണ്‍ 30 വരെ നീട്ടാന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചതോടെ, കോടതിയെ സമീപിക്കാതെ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഒരിക്കല്‍ക്കൂടി പുറത്തായി. മാനേജ്മെന്റുകള്‍ സ്വന്തംനിലയില്‍ പ്രവേശിപ്പിച്ച 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വോട്ടയില്‍ ലഭിക്കാനായി സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു മന്ത്രിമാരടക്കം പറഞ്ഞത്. സര്‍ക്കാര്‍ ക്വോട്ടയുടെ അലോട്ട്മെന്റ് 28ന് നടത്തുമെന്നു കാണിച്ച് കഴിഞ്ഞ ഏഴിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ , പ്രവേശനം നിയമക്കുരുക്കില്‍പ്പെടാതിരിക്കാന്‍ മൂന്നാഴ്ച പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു ആരോഗ്യ- വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചതെങ്കിലും അതുമുണ്ടായില്ല. അതേസമയം, സമാനമായ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് തിങ്കളാഴ്ച അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നിര്‍ദേശം നല്‍കാതിരുന്നതിനാല്‍ കേസ് ഫയല്‍ചെയ്തില്ല. മറ്റ് സംസ്ഥാന സര്‍ക്കാരുകളും ഹര്‍ജി ഫയല്‍ചെയ്താല്‍ തീയതി നീട്ടിനല്‍കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

ഈ വിധി പുറത്തുവന്നതോടെയാണ് മുഖംരക്ഷിക്കാന്‍ ചൊവ്വാഴ്ച അപ്പീല്‍ നല്‍കുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. അമ്പത് ശതമാനം സീറ്റില്‍ അലോട്ട്മെന്റ് നടത്തുമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെതിരെ മാനേജ്മെന്റ് ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതിയുടെ വിമര്‍ശത്തിനുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍ നടത്തിയ പിജി പ്രവേശനം നഗ്നമായ നിയമലംഘനമാണെന്ന് അവരുടെതന്നെ സത്യവാങ്മൂലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശനപരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍നിന്നുമാത്രമേ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ ഈ മാനേജ്മെന്റുകള്‍ ലംഘിച്ചു. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടകത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡിന്റെയും അമൃത, മണിപ്പാല്‍ സര്‍വകലാശാലകളുടെയും റാങ്ക്ലിസ്റ്റില്‍നിന്നുമാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. ഈ കാര്യങ്ങള്‍കൂടി പുറത്തായപ്പോഴാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ കോടതിയില്‍ വിമര്‍ശിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

എന്നാല്‍ , ഇതും ഒത്തുകളിമാത്രമാണെന്നാണ് സൂചന. ഈ കേസില്‍ അന്തിമവിധി ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഈ കേസ് വന്നിട്ടില്ല. ചൊവ്വാഴ്ച അലോട്ട്മെന്റ് നടത്തുമെന്ന് എജി കോടതിയില്‍ പറഞ്ഞെങ്കിലും തിങ്കളാഴ്ചതന്നെ വിധിക്കുവേണ്ടി വാദിച്ചില്ല. കോടതിവിധിക്ക് വിധേയമായാണ് 50 ശതമാനം അലോട്ട്മെന്റെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധികൂടി വരാതെ ചൊവ്വാഴ്ച അലോട്ട്മെന്റ് നടത്തിയാല്‍ അതും നിയമക്കുരുക്കില്‍പ്പെടും. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അലോട്ട്മെന്റ്. പ്രവേശനം കിട്ടുന്ന വിദ്യാര്‍ഥികള്‍ അപ്പോള്‍ത്തന്നെ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം. എന്നാല്‍ , ഫീസിന്റെ കാര്യത്തിലും അന്തിമധാരണയായിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍തന്നെ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തുമെന്നതിന് ഉറപ്പുമില്ല. പ്രവേശനം ലഭിച്ചാല്‍തന്നെ മാനേജ്മെന്റുകള്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ ഇതിനെതിരെ കോടതിയില്‍ പോയെന്നും വരും.

മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നിലനില്‍ക്കില്ല

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വാദംനടത്താന്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍ സാവകാശം തേടിയതിനെത്തുടര്‍ന്ന് കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി. സാമൂഹികനീതി മുന്‍നിര്‍ത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന് മുഹമ്മദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോള്‍ ഇത്തരം പ്രഭാഷണങ്ങള്‍ കോടതിയില്‍ വേണ്ടെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രഭാഷണങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തമാശകള്‍ക്കു കാരണമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. മുന്‍ സര്‍ക്കാരിന്റെ നയമല്ല സര്‍ക്കാരിനുള്ളതെന്ന് എജികെ പി ദണ്ഡപാണി കോടതിയില്‍ ബോധിപ്പിച്ചു. സ്വാശ്രയ പ്രവേശനകാര്യത്തില്‍ പ്രത്യേക നിലപാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ , അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ള മുഹമ്മദ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടോയെന്ന നിയമപ്രശ്നം പരിശോധിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ എജി വാദിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

deshabhimani 280611

1 comment:

  1. നടപ്പുവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന്റെ സമയപരിധി നീട്ടുന്ന കാര്യത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. സ്വന്തം നിലയ്ക്ക് പ്രവേശനപരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ അഭിപ്രായം കൂടി തേടാന്‍ കോടതി തീരുമാനിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

    ReplyDelete