Saturday, June 25, 2011

റോഡിലും സ്വകാര്യപങ്കാളിത്തം കായലും കുളവും പാട്ടത്തിന്

സ്വകാര്യപങ്കാളിത്തം വഴി റോഡ് വികസിപ്പിക്കാനും കായലുകളും മറ്റു ഉള്‍നാടന്‍ ജലാശയങ്ങളും പാട്ടത്തിന് നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പദ്ധതികളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വേണ്ടി നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലില്ല. അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാമൂഹ്യക്ഷേമപദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി ഓണത്തിന് നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള രണ്ടു രൂപ നിരക്കിലുള്ള അരിയുടെ കാര്യത്തില്‍ മൗനംപാലിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും പൊതുവിതരണം ശക്തിപ്പെടുത്താനും പദ്ധതിയില്ല. എന്നാല്‍ , 15 അവശ്യസാധനങ്ങള്‍ റേഷന്‍കട വഴി വിതരണംചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള 354 കോടിയുടെ പദ്ധതി അനുമതി കിട്ടിയാല്‍ നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം നടത്തിയെങ്കിലും ആ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതും പ്രഖ്യാപിച്ചതുമായ പദ്ധതികളും മറ്റും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവ ഇതിലുള്‍പ്പെടും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഗുണ്ടാവിരുദ്ധനിയമം പുനരവലോകനം ചെയ്യുമെന്നും ജനമൈത്രി പൊലീസ് സംവിധാനം കൂടുതല്‍ പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനൊപ്പം ദേശീയ ഗെയിംസ് വില്ലേജ് നിര്‍മാണത്തിലും സ്വകാര്യമേഖലയ്ക്കാണ് ഊന്നല്‍ . കര്‍ഷകര്‍ക്ക് "സോയില്‍ ഹെല്‍ത്ത് കാര്‍ഡ്" നല്‍കും. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ കൂടുതല്‍ വാങ്ങും. മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ പാട്ടത്തിനു നല്‍കും. ഇതിന് പ്രത്യേക നയം കൊണ്ടുവരും. മത്സ്യത്തൊഴിലാളി ക്ഷേമത്തിനു പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല.

അഴിമതി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ നാല് വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് പുതിയ വികസനമാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണമില്ല. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കും. അഞ്ച് ദേശീയപാതപൊതു- സ്വകാര്യപങ്കാളിത്തംവഴി രണ്ടുവരിപ്പാതയായി വികസിപ്പിക്കും. എന്‍എച്ച് 49, 208, 212, 213, 220 എന്നീ പാതയിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസിന്റെ കായികതാരങ്ങളെയും ഒഫിഷ്യലുകളെയും പാര്‍പ്പിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കും. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ല. പരമ്പരാഗതമേഖലയില്‍ പൊതു-സ്വകാര്യപങ്കാളിത്തം കൊണ്ടുവരും. കയര്‍ വിപണനത്തിനായുള്ള കണ്‍സോര്‍ഷ്യമാണ് ഈ രംഗത്തെ ആദ്യ ഉദ്യമം. കെഎസ്ആര്‍ടിസി 1000 ബസ് പുതുതായി നിരത്തിലിറക്കും. പ്രതിമാസം 40 കോടി നഷ്ടം നേരിടുന്ന കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇ എം എസ് ഭവനപദ്ധതിക്ക് സഹ. മേഖല വായ്പ നല്‍കുമെന്ന് ഗവര്‍ണര്‍

ഇ എം എസ് ഭവനപദ്ധതിക്ക് ആവശ്യമായ പണം സഹകരണമേഖലയില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വായ്പയായി നല്‍കുമെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പദ്ധതി പുനരവലോകനം ചെയ്യുമെന്നും ഉപേക്ഷിക്കുമെന്നുമുള്ള മന്ത്രിമാരുടെ അഭിപ്രായത്തിനിടയിലാണ് ഗവര്‍ണറുടെ പ്രഖ്യാപനം. ഒന്‍പതും പത്തും ക്ലാസിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിപൂലീകരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഗണിതപഠനത്തിന് എട്ടുമുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി വെബ്പോര്‍ട്ടല്‍ ആരംഭിക്കും. എട്ടാംക്ലാസുവരെയുള്ള സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കും. തിരൂരിലെ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കും.

ബിപിഎല്‍ കുടുംബത്തിന് ഓണത്തോടുകൂടി ഒരു രൂപ നിരക്കില്‍ മാസം 25 കിലോ അരി നല്‍കും. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശിക വിലയായ 100 കോടി ഉടന്‍ വിതരണംചെയ്യും. സപ്ലൈകോ ഏഴ് ഹൈപ്പര്‍ മാര്‍ക്കറ്റ്, പത്ത് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എന്നിവ ആരംഭിക്കും. 75 മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റാക്കും. പത്ത് സൂപ്പര്‍മാര്‍ക്കറ്റ് പീപ്പിള്‍സ് ബസാറാക്കും. നാല് പ്രത്യേക വിജിലന്‍സ് കോടതി ആരംഭിക്കും. കേരള കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യം രൂപീകരിക്കും. പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങും.

കേരള സംസ്ഥാന ഭവനവികസന ധന കോര്‍പറേഷന്‍ സ്ഥാപിക്കും. ദേശീയപാതകളായ 49, 208, 212, 213, 220 എന്നിവ ബിഒടി അടിസ്ഥാനത്തില്‍ രണ്ടുവരിപ്പാതയാക്കും. കായിക വികസനനിധി രൂപീകരിക്കും. ജലഗതാഗത വകുപ്പിന് കൊല്ലത്തും കോട്ടയത്തും എറണാകുളത്തും സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കും. കൊച്ചി സീപോര്‍ട്ട് - എയര്‍പോര്‍ട്ട് ജലപാത 18 മാസത്തിനകം പൂര്‍ത്തിയാക്കും. പൊതു ആവശ്യത്തിനായി ഏറ്റെടുക്കുന്ന ഭൂമി ന്യായമായ സമയപരിധിക്കുള്ളില്‍ ഉപയോഗിക്കണമെന്ന നിബന്ധന കൊണ്ടുവരും. വനാവകാശനിയമത്തിന്റെ കീഴില്‍ 32,800 കുടുംബത്തിന് അവകാശരേഖ നല്‍കും. കെടിഡിസി കോഴിക്കോട്ട് പ്രീമിയം ഹോട്ടലും ആലപ്പുഴയില്‍ ത്രീസ്റ്റാര്‍ ഹോട്ടലും ആരംഭിക്കും. ചൈല്‍ഡ് റൈറ്റ്സ് കമീഷന്‍ രൂപീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അംഗീകാരങ്ങള്‍ ഗവര്‍ണര്‍ മറന്നു

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വിവിധമേഖലയില്‍ ലഭിച്ച കേന്ദ്രസര്‍ക്കാര്‍ അംഗീകാരങ്ങള്‍ മറന്നായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിലെ വിമര്‍ശം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ക്രമസമാധാന നില ആകെ തകരാറിലായി എന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയത്. മികച്ച ക്രമസമാധാനമുള്ള സംസ്ഥാനത്തിനുള്ള കേന്ദ്രപുരസ്കാരം കേരളത്തിന് സമ്മാനിച്ചത് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയാണ്. മികച്ച ഭരണം കാഴ്ചവച്ചതിന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുന്‍ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്രത്തില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

കേരളം തീവ്രവാദികളുടെ പരിശീലനക്കളരിയായി മാറിയെന്നാണ് ഗവര്‍ണര്‍ നടത്തിയ മറ്റൊരു വിമര്‍ശം. പാക് ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്തി വിവരം കേന്ദ്രത്തെ അറിയിച്ചത് കേരള പൊലീസാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയതും ജയിലില്‍ അടച്ചതും എല്‍ഡിഎഫ് കാലത്താണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും വര്‍ഗീയകലാപം ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ തവണ ഒരു മന്ത്രിക്കെതിരെയും അഴിമതിയാരോപണം ഉണ്ടായില്ലെന്ന വസ്തുത മറച്ചുപിടിച്ചാണ് ഗവര്‍ണര്‍ വിമര്‍ശം തുടര്‍ന്നത്.

ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിച്ചു: വി എസ്

നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിച്ചതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കാരെ മന്ത്രിമാരാക്കിയശേഷം അഴിമതിരഹിത സുതാര്യ ഭരണം നടത്തുമെന്നു പറയുന്നത് പരിഹാസ്യമാണ്. നൂറുദിന പരിപാടി എന്നപേരില്‍ ഉമ്മന്‍ചാണ്ടി നേരത്തേ നടത്തിയ പ്രസ്താവന ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചത് അനുചിതമായെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളെക്കുറിച്ച് പുതിയ ഗവണ്‍മെന്റിന്റെ പേരില്‍ മേനിനടിക്കുന്നത് അപഹാസ്യമാണ്. മുന്‍ ഗവണ്‍മെന്റിനെതിരെ തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് നേതാക്കള്‍ നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയ കുപ്രചാരണങ്ങളാണ് നയപ്രഖ്യാപനമായി ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചത്. സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സാമൂഹ്യനീതി അട്ടിമറിച്ച സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. മലയാളം ഒന്നാം ഭാഷയും പാഠ്യവിഷയവുമാക്കുന്നതിനുള്ള മുന്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് പൂഴ്ത്തിവച്ച ശേഷം മലയാളം പ്രഥമഭാഷയാക്കാന്‍ ശ്രമിക്കുമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും വി എസ് ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും അവഗണന: ഇ പി

കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കാത്ത നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ നയപ്രഖ്യാപനത്തിലില്ല. നെല്‍ക്കൃഷി പ്രോത്സാഹനത്തിനും നെല്‍ സംഭരണവില വര്‍ധിപ്പിക്കാനും നടപടി വ്യക്തമാക്കിയിട്ടില്ല. ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളെക്കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതല്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി എങ്ങനെ ഫലപ്രദമായി പദ്ധതി നടപ്പാക്കാം എന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാര്‍ഷിക കടാശ്വാസത്തെക്കുറിച്ചും പരാമര്‍ശമില്ല.

കച്ചവടസമൂഹത്തെ പാടെ അവഗണിച്ച നയപ്രഖ്യാപനം വ്യാപാരി വാണിജ്യ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. റീട്ടെയില്‍ വ്യാപാരരംഗത്തേക്ക് കുത്തക കമ്പനികള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി മന്ത്രിമാരെ പുറത്താക്കണം; സഭയില്‍ പ്രതിഷേധം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. കുറ്റാരോപിതരായ മന്ത്രിമാരെ പുറത്താക്കുക, അഴിമതിക്കാരെ പുറത്താക്കുക എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച ഭാഗം ഗവര്‍ണര്‍ വായിച്ചപ്പോഴെല്ലാം പ്രതിപക്ഷഅംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചു. അടുത്ത അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അഴിമതി കേസില്‍ വിചാരണ നേരിടുന്ന മന്ത്രിമാരായ ഡോ. എം കെ മുനീര്‍ , അടൂര്‍ പ്രകാശ് എന്നിവര്‍ സഭയില്‍ ഹാജരായിരുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുറ്റാരോപിതനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാമോയില്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഴിമതി- സ്ത്രീ പീഡന കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മന്ത്രി പി ജെ ജോസഫ്, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ കുറ്റാരോപിതനായ മന്ത്രി ടി എം ജേക്കബ് എന്നിവരും ഗവര്‍ണര്‍ അഴിമതി വിരുദ്ധ പ്രസംഗം നടത്തിയപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നു.

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഇക്കുറിയും ഗവര്‍ണര്‍ തയ്യാറായില്ല. 97 ഖണ്ഡികയുള്ള പ്രസംഗത്തിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ മാത്രമാണ് വായിച്ചത്. 18 മിനിട്ടിനുള്ളില്‍ പ്രസംഗം പൂര്‍ത്തിയാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാക്കളുടെ അടുത്തെത്തി കൈകൂപ്പിയ ശേഷമാണ് ഗവര്‍ണര്‍ സഭ വിട്ടതെങ്കില്‍ ഇത്തവണ തിരികെ പോകുന്ന വഴി പ്രതിപക്ഷത്തെ നോക്കി കൈകൂപ്പിയതേയുള്ളൂ. രാവിലെ ഒമ്പതിന് നയപ്രഖ്യാപന പ്രസംഗം നടത്താനായി സഭാ കവാടത്തില്‍ എത്തിയ ഗവര്‍ണറെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , നിയമസഭാ സെക്രട്ടറി പി ഡി രാജന്‍ എന്നിവര്‍ സ്വീകരിച്ചു. പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും യാത്രയാക്കി.

ദേശാഭിമാനി 250611

1 comment:

  1. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വിവിധമേഖലയില്‍ ലഭിച്ച കേന്ദ്രസര്‍ക്കാര്‍ അംഗീകാരങ്ങള്‍ മറന്നായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിലെ വിമര്‍ശം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ക്രമസമാധാന നില ആകെ തകരാറിലായി എന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയത്. മികച്ച ക്രമസമാധാനമുള്ള സംസ്ഥാനത്തിനുള്ള കേന്ദ്രപുരസ്കാരം കേരളത്തിന് സമ്മാനിച്ചത് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയാണ്. മികച്ച ഭരണം കാഴ്ചവച്ചതിന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മുന്‍ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്രത്തില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

    ReplyDelete