Sunday, June 26, 2011

വിദ്യാഭ്യാസ നിലവാരം തകരും: കെ എന്‍ പണിക്കര്‍

കണ്ണൂര്‍ : വിദേശ സര്‍വകലാശാലകളുടെ കടന്നുവരവ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം തകര്‍ക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. മികച്ച അധ്യാപകരുമായല്ല ഇവര്‍ വരുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ മിടുക്കരായ അധ്യാപകരെ അവര്‍ റാഞ്ചും. ഇന്ത്യന്‍ സര്‍വകലാശാലകള്‍ ദുര്‍ബലപ്പെടുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗം തകരും. റബ്കോ ഓഡിറ്റോറിയത്തില്‍ എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ ഗുണമേന്മ വര്‍ധിക്കുമെന്ന വാദം പൊള്ളയാണെന്ന് വിയത്നാമിലെയും കൊറിയയിലെയും അനുഭവം തെളിയിക്കുന്നു. ആഗോളീകരണ ശക്തികളാണ് വിദേശസര്‍വകലാശാലകളുടെ വരവിനുപിന്നില്‍ . പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കുറിപ്പിലും ഈ ആശയമുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങളായ സര്‍വകലാശാലകളും മറ്റുള്ളവയും തമ്മിലുള്ള അന്തരം ഞെട്ടിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനും തീരുമാനമെടുക്കാനുമുള്ള അധികാരം റിസര്‍ച്ച് കമീഷനെ ഏല്‍പിച്ചു. കേന്ദ്രീകൃത ഭരണസംവിധാനമാണ് കമീഷന്‍ വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സംവിധാനം തകരും. കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് വിദ്യാഭ്യാസം കേന്ദ്ര ലിസ്റ്റിലേക്ക് മാറുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായതു കൊണ്ട് എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നില്ല. പഠിക്കാന്‍ ആവശ്യമായ സഹായം നല്‍കണം. എന്നാലേ രാജ്യത്തെ 80 ശതമാനത്തിനും പഠിക്കാന്‍ അവസരമുണ്ടാകൂ. കേരളം ഇക്കാര്യത്തില്‍ മാതൃകയാണ്. വിദ്യാഭ്യാസകാര്യത്തില്‍ രാജ്യം കേരളത്തെയാണ് ഉറ്റുനോക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണം പുരോഗമന സ്വഭാവമുള്ള അധ്യാപകരും വിദ്യാര്‍ഥികളുമാണ്. അധികാരം കൈയാളുന്നത് ഉന്നതവിദ്യാഭ്യാസം ലഭിച്ചവരാണ്. ഇവരെ നിയന്ത്രിക്കുന്നത് ആഗോളീകരണവുമായി ബന്ധപ്പെട്ട ശക്തികളും. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ സമത്വം കൈവരിച്ചാലേ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയൂ- പണിക്കര്‍ പറഞ്ഞു. ആര്‍ആര്‍സി(ആര്‍ രാമചന്ദ്രന്‍ നായര്‍) അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.

deshabhimani 260611

2 comments:

  1. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം തകര്‍ക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. മികച്ച അധ്യാപകരുമായല്ല ഇവര്‍ വരുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ മിടുക്കരായ അധ്യാപകരെ അവര്‍ റാഞ്ചും. ഇന്ത്യന്‍ സര്‍വകലാശാലകള്‍ ദുര്‍ബലപ്പെടുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗം തകരും. റബ്കോ ഓഡിറ്റോറിയത്തില്‍ എകെപിസിടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. അതുകൊണ്ടായിരിക്കും പിണറായി മോനെ ലണ്ടനില്‍ വിട്ട് പഠിപ്പിച്ചത്... സഖാവിനെതിരെ ഒരു സമരം നടത്ത് ആദ്യം!

    ReplyDelete