Tuesday, June 28, 2011

ലിംഗമാറ്റം: മധ്യപ്രദേശില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഇന്‍ഡോര്‍ : ഇന്‍ഡോറില്‍ നൂറുകണക്കിനു പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുമുള്ള ദേശീയ കമീഷന്‍(എന്‍സിപിസിആര്‍) മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷിക്കാനും കമീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. നിരവധി ക്ലിനിക്കുകളില്‍ നടന്ന ശസ്ത്രക്രിയയുടെ നിജസ്ഥിതി, എണ്ണം, സാഹചര്യം എന്നിവ സംബന്ധിച്ച് 15 ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് എന്‍സിപിസിആര്‍ ആവശ്യപ്പെട്ടത്. ശസ്ത്രക്രിയ നടന്ന ആശുപ്രതികളുടേയും ഡോക്ടര്‍മാരുടേയും പട്ടികയും കമീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് വനിത- ശിശുക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു. അഞ്ചുവയസ്സുവരെയുള്ള നൂറുകണക്കിനു കുട്ടികളെ പ്രതിവര്‍ഷം ജെനിറ്റോപ്ലാസ്റ്റിയിലൂടെ ആണ്‍കുട്ടികളാക്കുന്നതായാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടവാര്‍ത്ത. ഇന്‍ഡോറിലെ ഉന്നത സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഏഴ് പീഡിയാട്രിക് സര്‍ജന്മാരാണ് ശസ്ത്രക്രിയ നടത്തിവരുന്നത്.

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയെപ്പറ്റി...

നൂറുകണക്കിന് പെണ്‍കുട്ടികളെ ആണാക്കി

ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രതിവര്‍ഷം നൂറുകണക്കിനു പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കി മാറ്റുന്നതായി റിപ്പോര്‍ട്ട്. അഞ്ചുവയസ്സുവരെയുള്ള കുട്ടികളെയാണ് ജെനിറ്റോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത്. ചെലവ് വെറും ഒന്നരലക്ഷം രൂപ. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍നിന്നും ആണ്‍കുട്ടികളെ മോഹിക്കുന്ന രക്ഷിതാകള്‍ പെണ്‍കുട്ടികളുമായി ഇന്‍ഡോറിലെത്തുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ലിംഗമാറ്റം നടത്തണമെന്ന് സ്വയം തീരുമാനിക്കാനാകാത്ത പ്രായത്തില്‍ കുട്ടികളില്‍ അവരുടെ ജീവിതംതന്നെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയ നടത്തുന്നത് നിയമപ്രശ്നങ്ങളുണ്ടാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ലിംഗമാറ്റത്തിനായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതിനാല്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നിരവധി ശാരീരികപ്രശ്നങ്ങളുണ്ടാകാം. ലിംഗമാറ്റം വരുത്തുന്ന കുട്ടിക്ക് പ്രത്യുല്‍പ്പാദനശേഷിയുണ്ടാകില്ലെന്ന് അറിയിച്ചാലും രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ശസ്ത്രക്രിയ നടത്തുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്‍ഡോറിലെ ഉന്നത സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഏഴ് പീഡിയാട്രിക് സര്‍ജന്മാരാണ് ജെനിറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിവരുന്നത്. ഇവരില്‍ ഓരോരുത്തരും 200 മുതല്‍ 300 പെണ്‍കുട്ടികളെവരെ ഇതുവരെ ആണ്‍കുട്ടികളാക്കിയെന്ന് വെളിപ്പെടുത്തി. 14 വയസ്സുകാരനെ പെണ്ണാക്കിയ ഒരുസംഭവം മാത്രമാണ് തിരിച്ചുള്ളത്. ഇവരുടെ സേവനം തേടിയെത്തുന്നവരില്‍ എട്ടുശതമാനംപേരും രാജ്യത്തെ മെട്രോ നഗരങ്ങളില്‍നിന്നുള്ളവരാണ്. ലൈംഗികത വ്യക്തമല്ലാത്ത പ്രായപൂര്‍ത്തിയായവരെ ലിംഗപരമാ യ ചായ്വനുസരിച്ച് ഒന്നില്‍ സ്ഥിരപ്പെടുത്തുന്നതിനാണ് സാധാരണ ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ആന്തരാവയവങ്ങളും ജനനേന്ദ്രിയവും വ്യത്യസ്ത ലിംഗത്തിലായി ജനിക്കുന്ന കുട്ടികളെ ശസ്ത്രക്രിയയിലൂടെ ആണാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം.

ബാല്യകാലത്ത് ലിംഗമാറ്റത്തിനു വിധേയരായ കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ഡോക്ടര്‍മാര്‍ക്കെതിരെ കേസ് കൊടുത്ത സംഭവങ്ങള്‍ വിദേശത്തുണ്ട്. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ വൃക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലില്ല. കുട്ടികളിലെ ലൈംഗികാവയവപ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതു തടയാന്‍ ആരോഗ്യമന്ത്രാലയം ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ ഇന്‍ഡോര്‍ ശാഖ സെക്രട്ടറി ഡോ. അനില്‍ ബദോറിയ പറഞ്ഞു.

ദേശാഭിമാനി 280611 & 270611

2 comments:

  1. ഇന്‍ഡോറില്‍ നൂറുകണക്കിനു പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുമുള്ള ദേശീയ കമീഷന്‍(എന്‍സിപിസിആര്‍) മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷിക്കാനും കമീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

    ReplyDelete
  2. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രതിവര്‍ഷം നൂറുകണക്കിനു പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കി മാറ്റുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് ശാസ്ത്രീയ അടത്തറയില്ലെന്ന് വിദഗ്ധര്‍ . വസ്തുതകള്‍ പരിശോധിക്കാതെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദു പത്രം റിപ്പോര്‍ട്ടുചെയ്്തു. ഇത്തരം ശസ്ത്രക്രിയ വൈദ്യശാസ്ത്രപരമായി അസാധ്യമാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാരും സര്‍ജന്മാരും അഭിപ്രായപ്പെട്ടു. ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കുകയെന്നത് അസാധ്യമാണെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജന്‍ സന്തോഷ് കര്‍മാക്കര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കോശങ്ങളില്‍നിന്ന് ആണ്‍കുട്ടികളുടെ ജനനേന്ദ്രിയം സൃഷ്ടിക്കുക അസാധ്യമാണ്. പത്രത്തില്‍ വന്നതായി പറയുന്ന ശസ്ത്രക്രിയ എവിടെയും നടന്നതായി അറിയില്ലെന്ന് മുതിര്‍ന്ന ഡോക്ടര്‍ എസ് വി കോട്ട്വാള്‍ പറഞ്ഞു. ലൈംഗികത വ്യക്തമല്ലാത്ത പ്രായപൂര്‍ത്തിയായവരെ ലിംഗപരമായ ചായ്വനുസരിച്ച് ഒന്നില്‍ സ്ഥിരപ്പെടുത്തുന്നതിനാണ് സാധാരണ ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ , അഞ്ചുവയസ്സുവരെയുള്ള കുട്ടികളില്‍ ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിലെ വാര്‍ത്ത.

    ReplyDelete