Thursday, June 30, 2011

കോളറ പടരുന്നു: തടയാനാകാതെ ആരോഗ്യവകുപ്പ്

വയനാട്ടിലെ ആദിവാസികോളനികളില്‍ കോളറ പടര്‍ന്നുപിടിക്കുന്നത് തടയാനാകാത്ത ആരോഗ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ശൂന്യവേളയില്‍ എ പ്രദീപ്കുമാറാണ് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വയനാട്ടിലെ ആദിവാസി കോളനികളില്‍ കോളറ ബാധിച്ച് ആറു പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമായിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ ആരോപിച്ചു.

കോളറയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ് കോളറ പടരാന്‍ കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസികോളനികളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദഗ്ധ മെഡിക്കല്‍ സംഘം കോളനികളില്‍ സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി ഊരുകളില്‍ രോഗാവസ്ഥ ഇത്രയും രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമായില്ലെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സി പി ഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരന്‍ പറഞ്ഞു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും ജില്ലാഭരണകൂടം നിദ്രയിലായിരുന്നുവെന്നും സി ദിവാകരന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

കോളറ തടയാന്‍ അധികൃതരുടെ പക്കലുള്ളത് ബോധവല്‍ക്കരണം മാത്രം

കല്‍പറ്റ: കോളറ ബാധിച്ച് നാല് പേര്‍ മരിച്ച വയനാട്ടില്‍ രോഗ വ്യാപനം തടയാന്‍ ബോധവല്‍ക്കരണം മാത്രമെന്ന് പരാതി. ഇന്നലെയും പുതുതായി 12 പേര്‍ ചികില്‍സ തേടി ആശുപത്രിയിലെത്തി. പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രം നാല്‍പതോളം പേരാണിപ്പോള്‍ ചികില്‍സയിലുള്ളത്. ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും കോളറ രോഗികള്‍ ചികില്‍സയിലുണ്ട്. കോളറ രോഗ സ്ഥിരീകരണത്തിനുള്ള പരിശോധനാ സംവിധാനം ജില്ലയിലില്ല. പുല്‍പള്ളി മേഖലയിലിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. പുല്‍പള്ളി അങ്ങാടിയോട് ചേര്‍ന്നതും മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ പോലും അടിഞ്ഞുകൂടുന്നതുമായ കരിമം കോളനിയിലാണ് ആദ്യം കോളറ വ്യാപിച്ചത്. ഇന്നലെ പുല്‍പള്ളി താഴെഅങ്ങാടി, പാളക്കൊല്ലി കോളനികളില്‍ നിന്നും രോഗബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ ദ്രുതകര്‍മ സേന തലവന്‍ ഡോ. സുകുമാരന്‍, ശിശുരോഗ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍ കെ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ മെഡിക്കല്‍ സംഘം കരിമം കോളനി, പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രം, ബത്തേരിയിലെ മാനിക്കുനി കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം കോളറ രോഗം വ്യാപിച്ച കര്‍ണാടകയുടെ തെക്കന്‍ ജില്ലകളില്‍ ജോലിക്ക് പോവുന്നവരിലൂടെയാണ് വയനാട്ടില്‍ ഈ രോഗം എത്തിയതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

അതിനാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും കബനിപുഴയിലെ കടവുകളിലും കര്‍ണാടകയില്‍ നിന്നെത്തുന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കോളറ രോഗ ചികില്‍സ കുറ്റമറ്റതാക്കാന്‍ പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സും മൂന്ന് നഴ്‌സുമാരുടെ സേവനവും പുതുതായി ഏര്‍പ്പെടുത്തും. 

അടിയന്തിരാവശ്യങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ പുല്‍പള്ളി സി എച്ച് സിക്ക് അനുവദിക്കും. ഏഴ് ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം കോളറ മൂലം നാല് വയസുകാരന്‍ മരിച്ചത് ഡോക്ടര്‍മാരുടെ നേരിട്ടുള്ള പരിചരണം കിട്ടാതെയാണ്. ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

പുല്‍പള്ളി ടൗണിലെ മാലിന്യങ്ങള്‍ കലരുന്ന കരിമം കോളനിയിലെ കുടിവെള്ളസ്രോതസില്‍ നിന്ന് വെള്ളം എടുക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു.

പകരം ഇവിടെ നാലായിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് പുറമെ നിന്ന് ജലം എത്തിക്കുകയാണ്. ആദിവാസി കോളനികളുടെ ശോച്യാവസ്ഥയും രോഗ വ്യാപനത്തിന് കാരണമാണെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി. കോളറ രോഗത്തിനെതിരെ ജനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടിള്‍ അറിയിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും മറ്റ് ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

janayugom 300611

1 comment:

  1. വയനാട്ടിലെ ആദിവാസികോളനികളില്‍ കോളറ പടര്‍ന്നുപിടിക്കുന്നത് തടയാനാകാത്ത ആരോഗ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ശൂന്യവേളയില്‍ എ പ്രദീപ്കുമാറാണ് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വയനാട്ടിലെ ആദിവാസി കോളനികളില്‍ കോളറ ബാധിച്ച് ആറു പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമായിരിക്കുകയാണെന്ന് പ്രദീപ്കുമാര്‍ ആരോപിച്ചു.

    ReplyDelete