Monday, June 27, 2011

നീതിയും നിയമവും ഈ മനുഷ്യനെ കാണാത്തതെന്ത്?

വയനാട്ടില്‍ വീണ്ടും ഭൂസമരം ഉയര്‍ന്നുവരികയാണ്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്നവര്‍ അത് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതുതന്നെ പ്രശ്നം. തിങ്കളാഴ്ച ആദിവാസി ക്ഷേമസമിതി നേതാക്കള്‍ കലക്ടറേറ്റിനുമുന്നില്‍ സത്യഗ്രഹസമരം നടത്തുന്നു.

എന്നാല്‍ കൃഷ്ണഗിരിയിലെ ഭൂമിയും എകെഎസും ഉയര്‍ത്തുന്ന സാമൂഹ്യനീതിയുടെ പ്രശ്നങ്ങളെക്കറിച്ച് സമൂഹം ചര്‍ച്ച ചെയ്യുന്നില്ല. മൂന്നര പതിറ്റാണ്ടായി കാഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന മനുഷ്യന്‍ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഒരിടത്ത്, സ്വന്തം ഭൂമി സര്‍ക്കാരിന്റേതെന്ന് പറഞ്ഞ് നീതിയും നിയമവും പാവം മനുഷ്യനുമുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് ആട്ടിപ്പായിക്കുമ്പോള്‍ മറുവശത്ത്, കോടതി പറഞ്ഞിട്ടുപോലും സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാത്ത ഉന്നതനുമുന്നില്‍ നിയമം അറച്ചുനില്‍ക്കുന്നു. നീതിദേവത കണ്ണുകെട്ടിയിട്ടും കാര്യമില്ല. കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണ് എന്ന് എല്ലാ രേഖകളും പറയുന്നു. എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ്സും മാണി കോണ്‍ഗ്രസ്സുമെല്ലാം ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ കളം മാറി വീരനും മകനും യുഡിഎഫിലെത്തിയതില്‍പ്പിന്നെ എന്ത് കൃഷ്ണഗിരിയെന്നായി യുഡിഎഫ് നേതാക്കള്‍ . അവരും സമ്മതിക്കുന്നുണ്ട് - തങ്ങള്‍ നിലപാട് മാറ്റിയിട്ടില്ല. സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ ഏറ്റെടുക്കണം. നിലപാട് മാറ്റിയിട്ടില്ല എന്ന് പറയുമ്പോള്‍തന്നെ ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുക്കണം എന്ന് അവര്‍ പറയുന്നുമില്ല.

കൃഷ്ണഗിരയിലെ 16.75 ഏക്കര്‍ ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയാണ്. 2007ലാണ് അദ്ദേഹം കോടതിയില്‍ പോയത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് കോടതി തീര്‍പ്പു കല്‍പ്പിച്ചു. ഭൂമി സര്‍ക്കാരിന്റേതാണ് എന്ന്. പതിച്ചുകിട്ടാത്ത ഈ ഭൂമിയില്‍നിന്ന് ലക്ഷങ്ങളുടെ വരുമാനമാണ് ഓരോവര്‍ഷവും ലഭിക്കുന്നത്. ഇത് വര്‍ഷങ്ങളായി അനധികൃത കൈവശക്കാരന്‍ അനുഭവിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഒരു വിറകിന്റെ കഷണം ഒരു പാവപ്പെട്ടവനാണ് എടുത്തതെങ്കിലോ? പിന്നെയെന്തായിരിക്കും അവസ്ഥയെന്ന് നമുക്ക് കൃത്യമായി അറിയാം. പൊലീസ് വീടുകയറി പരിശോധനയായി, പിന്നെ കേസും കോടതിയും... പറയാനില്ല പുകില്‍ . എന്നാല്‍ ഇവിടെ ഇതൊന്നുമില്ല. പണമുള്ളതുകൊണ്ടുതന്നെ "ഇനിയും കോടതിയുണ്ട്" എന്നാണ് പറയുന്നത്. അടുത്ത തലമുറ വരെ നിയമം കാവല്‍ നില്‍ക്കും.

എന്നാല്‍ കേരളമാകെയറിയും കാഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന വൃദ്ധകര്‍ഷകന്റെ കദനകഥ. സ്വന്തമായി ഭൂമിയുണ്ടായിട്ടും അന്യനായി കഴിയുകയാണ് ഇദ്ദേഹം. വനംവകുപ്പും ചില ഉദ്യോഗസ്ഥരും എടുത്ത തെറ്റായ നിലപാടുകള്‍ വഴിയാധാരമാക്കിയ ഈ ജീവിതത്തോട് എങ്ങനെയാണ് സമൂഹം മറുപടി പറയുക. കൈയേറ്റക്കാരന്റെ രാഷ്ട്രീയവും സ്വന്തം മണ്ണില്‍ അന്യനാകേണ്ടിവരുന്നവന്റെ വേദനയും രണ്ടും രണ്ടാണ്. എന്നിട്ടും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത് തിരിച്ചറിയാനാവുന്നില്ല. അതിനാലാണ് ഹൈക്കോടതി വിധി വന്നപ്പോള്‍ ചിലര്‍ക്കൊന്നും അത് വാര്‍ത്തയേ ആകാതിരുന്നതും. ജോര്‍ജ് ഇപ്പോഴും വാടകവീട്ടില്‍ കഴിയുകയാണ്. സ്വന്തം മണ്ണിനുവേണ്ടി യാചിക്കുകയാണ്. രേഖകളില്‍ തിരുത്തലുകള്‍ വരുത്തി ആ മനുഷ്യനെ സ്വന്തം ഭൂമിയില്‍നിന്ന് പറഞ്ഞയക്കാന്‍ അധികൃതര്‍ കാണിക്കുന്ന വ്യഗ്രതയുടെ നൂറിലൊരംശം താല്‍പര്യം മതിയായിരുന്നു കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ .

deshabhimani 270611

1 comment:

  1. വയനാട്ടില്‍ വീണ്ടും ഭൂസമരം ഉയര്‍ന്നുവരികയാണ്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്നവര്‍ അത് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതുതന്നെ പ്രശ്നം. തിങ്കളാഴ്ച ആദിവാസി ക്ഷേമസമിതി നേതാക്കള്‍ കലക്ടറേറ്റിനുമുന്നില്‍ സത്യഗ്രഹസമരം നടത്തുന്നു.

    എന്നാല്‍ കൃഷ്ണഗിരിയിലെ ഭൂമിയും എകെഎസും ഉയര്‍ത്തുന്ന സാമൂഹ്യനീതിയുടെ പ്രശ്നങ്ങളെക്കറിച്ച് സമൂഹം ചര്‍ച്ച ചെയ്യുന്നില്ല.

    ReplyDelete