Sunday, June 26, 2011

കൃഷി കൈയടക്കാനുള്ള കോര്‍പറേറ്റ് ശ്രമം ചെറുക്കണം: എസ് ആര്‍ പി

പാരീസ്: ഇന്ത്യയില്‍ കാര്‍ഷിക വ്യവസായം വ്യാപിപ്പിക്കാനുള്ള അമേരിക്കന്‍ശ്രമം പരാജയപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരമാവധി വിള എന്നതിനേക്കാള്‍ കര്‍ഷകരുടെ ജീവിതത്തിനാണ് പ്രാധാന്യമെന്നും പാരീസില്‍ ചേരുന്ന കാര്‍ഷിക- വാണിജ്യാനുബന്ധ തൊഴിലാളികളുടെ അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ എസ് ആര്‍ പി പറഞ്ഞു.

കാര്‍ഷികരംഗത്തെ കോര്‍പറേറ്റുവല്‍ക്കരണം കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. യൂറോപ്പും അമേരിക്കയും മൂന്നാംലോകരാജ്യങ്ങളിലെ കാര്‍ഷികമേഖല കൈയേറാനുള്ള ശ്രമത്തിലാണ്. ഇത് ചെറുത്തുതോല്‍പ്പിക്കണം. വളഞ്ഞവഴിയിലൂടെ കുറച്ചുപേര്‍ പണക്കാരായിട്ടുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ദരിദ്രരാജ്യമാണ്. സര്‍ക്കാര്‍തന്നെ പറയുന്നത് 84 കോടി പേര്‍ക്ക് പ്രതിദിന വരുമാനം അരഡോളര്‍ ആണെന്നാണ്. കടക്കെണി മൂത്ത് 1997നും 2008നും ഇടയില്‍ 2,20,000 കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഓരോ മണിക്കൂറിലും രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. സര്‍ക്കാര്‍ നവഉദാരനയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് പാവപ്പെട്ടവന് കൃഷി ദുഷ്കരമായത്. കാര്‍ഷികരംഗത്തിന്റെ സംഭാവന 32 (1992)ല്‍നിന്ന് 15.7 ശതമാനമായി കുറഞ്ഞു. ബ്ലേഡുപലിശയ്ക്ക് പണം കടമെടുത്ത് കൃഷി നടത്തി നശിച്ച കൃഷിക്കാരാണ് നല്ലൊരു ശതമാനം. കൃഷിഭൂമി കാര്‍ഷികയിതര ആവശ്യത്തിന് കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കുകയാണ്. ഇന്തോ- അമേരിക്കന്‍ സ്വതന്ത്ര വ്യാപാരകരാര്‍ ഇന്ത്യയിലെ പാല്‍ , പാലുല്‍പ്പന്ന, മത്സ്യ മേഖലയ്ക്ക് കടുത്തദോഷമുണ്ടാക്കും. കാര്‍ഷികരംഗത്തെ പഠനഗവേഷണ ഫലങ്ങളും നേട്ടങ്ങളും മൊണ്‍സാന്റോ, വാള്‍മാര്‍ട്ട് പോലുള്ള കോര്‍പറേറ്റുകളുടെ കൈയിലേക്ക് പോകുമെന്നും എസ് ആര്‍ പി പറഞ്ഞു.

അഗ്രിക്കള്‍ച്ചര്‍ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ : എസ് ആര്‍ പി വൈസ്പ്രസിഡന്റ്

പാരീസ്: കാര്‍ഷിക-വാണിജ്യാനുബന്ധ തൊഴിലാളികളുടെ അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ (ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ ഓഫ് വര്‍ക്കേഴ്സ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ , ഫുഡ്, കൊമേഴ്സ്, ടെക്സ്റ്റൈല്‍സ് ആന്‍ഡ് അലൈഡ്) അന്താരാഷ്ട്ര വൈസ് പ്രസിഡന്റായി അഖിലേന്ത്യാ കിസാന്‍സഭാ അധ്യക്ഷനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയെ തെരഞ്ഞെടുത്തു. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ വര്‍ഗസമരത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും സാമ്രാജ്യത്വ വിരുദ്ധപോരാട്ടം ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മൂന്നാമത് സമ്മേളനം 27ന് സമാപിക്കും. 20നാണ് തുടങ്ങിയത്. 88 രാജ്യങ്ങളില്‍ നിന്നായി 150 സംഘടനകള്‍ പങ്കെടുക്കുന്നു.

deshabhimani 260611

1 comment:

  1. ഇന്ത്യയില്‍ കാര്‍ഷിക വ്യവസായം വ്യാപിപ്പിക്കാനുള്ള അമേരിക്കന്‍ശ്രമം പരാജയപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരമാവധി വിള എന്നതിനേക്കാള്‍ കര്‍ഷകരുടെ ജീവിതത്തിനാണ് പ്രാധാന്യമെന്നും പാരീസില്‍ ചേരുന്ന കാര്‍ഷിക- വാണിജ്യാനുബന്ധ തൊഴിലാളികളുടെ അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ എസ് ആര്‍ പി പറഞ്ഞു.

    ReplyDelete