ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടണ്ട് പട്ടികയില്‍ പ്രധാനിയായ ഹുജി കമാന്‍ഡര്‍ ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു. നിരോധിത തീവ്രവാദി സംഘടനയായ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് അല്‍ ഇസ്‌ലാമിയുടെ(ഹൂജി) തലവനും ഒസാമ ബിന്‍ലാദന്റെ മരണത്തിന് ശേഷം അല്‍ഖ്വയ്ദയുടെ പ്രധാന ബുദ്ധികേന്ദ്രവുമായ ഇല്യാസ് കശ്മീരി പാകിസ്ഥാനിലെ വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ലാദനും അയ്മന്‍ അല്‍ സവാഹരിയും കഴിഞ്ഞാല്‍ അമേരിക്കയുടെ വാണ്ടഡ് പട്ടികയില്‍ പ്രമുഖനായിരുന്നു ഇല്യാസ് കശ്മീരി. ഇല്യാസിനൊപ്പം മറ്റ് എട്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും 22പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അല്‍ഖ്വയ്ദയുടെ പ്രധാന കമാന്‍ഡര്‍ ആയിരുന്ന കശ്മീരിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘമാണ് മുംബൈ ഭീകരാക്രമണരീതിയിലുള്ള ആക്രമണങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതിന് പദ്ധതി തയ്യാറാക്കി നടപ്പാക്കിയിരുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വിവിധ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള കശ്മീരിയുടെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ആക്രമണത്തിലൂടെ വധിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് മറ്റൊരു പ്രധാന തീവ്രവാദിയെക്കൂടി അമേരിക്ക വധിച്ചിരിക്കുന്നത്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഗിരിവര്‍ഗ പ്രദേശത്താണ് ആക്രമണം നടന്നതെന്നതിനാല്‍ ഇവിടേയ്ക്ക് കടന്നുചെല്ലുക ബുദ്ധിമുട്ടാണെന്നും ഇവിടേയ്ക്ക് കടക്കുന്നതില്‍നിന്നും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിട്ടുണ്ടെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ വസീറിസ്ഥാനിലെ പ്രധാന നഗരമായ വാനയില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ലാമന്‍ ഗ്രാമത്തിലേക്ക് അടുത്തിടെയാണ് ഇദ്ദേഹം വന്നതെന്നാണ് പ്രദേശവാസികളായ ദൃക്‌സാക്ഷികള്‍ ബി സി സി ഉറുദു ലേഖകരോട് പറഞ്ഞത്. ഖൈബര്‍ ഗിരിവര്‍ഗ മേഖലയില്‍നിന്നും 10 ദിവസം മുന്‍പ് വന്ന കശ്മീരിക്കും സംഘത്തിനും നേരെ വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീരിയും സംഘവും ഒരു ആപ്പില്‍ തോട്ടത്തിലിരുന്ന് ചായ കുടിക്കുമ്പോഴാണ് അമേരിക്കന്‍ ആക്രമണം ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടുവീതം മിസൈലുകള്‍ രണ്ടുതവണ പ്രദേശത്തേയ്ക്ക് പ്രയോഗിച്ചതായും തദ്ദേശവാസികള്‍ പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കശ്മീരിയും ഉണ്ടെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
ഹര്‍ക്കത്ത് ഉള്‍ ജിഹാദ് അല്‍ ഇസ്‌ലാമിയുടെ ഒരു ഗ്രൂപ്പായ 313 ബ്രിഗേഡ് എന്നപേരിലുള്ള ഒരു പ്രത്യേക സംഘത്തെയാണ് കശ്മീരി നയിച്ചിരുന്നത്. കഴിഞ്ഞമാസം കറാച്ചിയിലെ മെഹ്‌റാന്‍ നാവിക കേന്ദ്രത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കശ്മീരിയായിരുന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാകിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളായ എക്‌സ്പ്രസ് ടി വി, സമ ടി വി എന്നിവയ്ക്ക് 313 ബ്രിഗേഡിന്റെ വക്താവ് എന്ന് അവകാശപ്പെട്ട ഒരാള്‍ അയച്ച ഫാക്‌സ് സന്ദേശത്തില്‍ കശ്മീരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് അബു അബ്ദുള്ള എന്ന് പേര് വെളിപ്പെടുത്തിയ ഇയാള്‍ അറിയിച്ചിട്ടുണ്ട്. കശ്മീരിയുടെ മരണത്തെക്കുറിച്ച് തനിക്ക് യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ വടക്കന്‍ വസീറിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടതായി 2009 നവംബറില്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ തെറ്റായി അവകാശപ്പെട്ടിരുന്നു.
വളര്‍ത്തിയതും കൊന്നതും അമേരിക്ക; ലാദനെപ്പോലെ ഒടുങ്ങിയത് പാക് മണ്ണില്‍
ഇസ്‌ലാമാബാദ്: ഒസാമ ബിന്‍ലാദനെപ്പോലെ ഇല്യാസ് കശ്മീരിയെയും വളര്‍ത്തിയത് അമേരിക്ക തന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സൈന്യത്തിനെതിരെ പൊരുതാന്‍ അമേരിക്ക കയ്യില്‍ ആയുധം പിടിപ്പിച്ച പാക് പട്ടാളക്കാരനാണ് പിന്നീട് അമേരിക്കയ്ക്ക് തന്നെ തലവേദനയായി വളര്‍ന്ന് ഇല്യാസ് കശ്മീരിയായത്. ഒരുകാലത്ത് തങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയ പര്‍വേസ് മുശാരഫ് ഉള്‍പ്പെടെയുള്ള സൈനിക നേതൃത്വത്തിന് എതിരെ തിരിയാന്‍ ഹുജിയെ പ്രേരിപ്പിക്കുകയും മുശാരഫിനെതിരെ വധശ്രമം നടത്തുകയും ചെയ്തതോടെയാണ് കശ്മീരിയെ പാകിസ്ഥാന്‍ തിരഞ്ഞ് തുടങ്ങിയത്.
അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹൂജിയുടെ കമാന്‍ഡറായ ഇല്യാസ് കശ്മീരി ഈ സംഘടനകളെ കൂട്ടുയോജിപ്പിച്ച് ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന്റെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു. ഒറ്റക്കണ്ണനായ ഈ ഭീകര നേതാവ് പിഴവുകള്‍ കൂടാതെയാണ് ഓരോ ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മുംബൈയിലും കറാച്ചിയിലെ നാവിക ആസ്ഥാനത്തും നടത്തിയ ഭീകരാക്രമണങ്ങള്‍ കശ്മീരിയുടെ ഭീകരാക്രമണ സംഘാടനത്തിലെ മികവിന്റെ ഉദാഹരണങ്ങളാണ്.
പിടികൂടാനുള്ള അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഉന്നതരായ അഞ്ച് തീവ്രവാദികളുടെ പട്ടികയില്‍ ഒരാളായിരുന്നു കശ്മീരി. ബിന്‍ലാദന്റെ വധത്തിനുശേഷം അയ്മന്‍ അല്‍ സവാഹിരി, മുല്ല ഒമര്‍, ഇല്യാസ് കശ്മീരി, സിറാജുദീന്‍ ഹക്കാനി, അതിയ ബദുര്‍ റഹ്മാന്‍ എന്നിവരെ ജൂലൈയ്ക്ക് മുന്‍പ് പിടികൂടണമെന്ന അമേരിക്ക പാകിസ്ഥാന് അന്ത്യശാസനം നല്‍കിയിരുന്നതാണ്. അഫ്ഗാനിസ്ഥാനിലുള്ള പാശ്ചാത്യ സേനയ്ക്കുനേരെ ആക്രമണം നടത്തുന്ന വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലുള്ള ഹക്കാനിയുടെ ശൃംഖല തകര്‍ക്കുകയെന്ന ഉദ്ദേശത്തിലായിരുന്നു പാകിസ്ഥാന്‍ ഈ സമ്മര്‍ദം ചെലുത്തിയത്. അമേരിക്കന്‍ ചാര വിമാനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ശക്തമായ നിരീക്ഷണത്തിലായിരുന്ന പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക സഞ്ചരിച്ചുകൊണ്ടിരുന്ന കശ്മീരിയെ അമേരിക്ക പിന്‍തുടര്‍ന്നാണ് വധിച്ചത്.
ഏറ്റവും മികച്ച പരിശീലനം ലഭിച്ച പാകിസ്ഥാന്‍ തീവ്രവാദിയായിരുന്നു ഇല്യാസ് കശ്മീരി ഗറില്ല യുദ്ധ വിദഗ്ധനായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ അഫ്ഗാന്‍ മുജാഹിദീന്‍ പോരാളികളുടെ പരിശീലകനായിരുന്ന കശ്മീരിക്ക് 1980കളില്‍ അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലുകളിലാണ് വലതു കണ്ണ് നഷ്ടമായത്. ഇതിനുശേഷമാണ് ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്കായി കശ്മീരിലെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത്. ഇന്ത്യ പിടികൂടിയ കശ്മീരി രണ്ടുവര്‍ഷം ഇന്ത്യയില്‍ ജയിലില്‍ കടിന്നശേഷം രക്ഷപ്പെട്ട് പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ റഷ്യയെ ചെറുക്കാന്‍ അമേരിക്ക വളര്‍ത്തിയ കശ്മീരിയുടെ ഭീകര സംഘടനയായ ഹൂജിയെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുശാരഫ് നിരോധിച്ചതോടെയാണ് അവര്‍ പാകിസ്ഥാനെതിരെ തിരിഞ്ഞത്. 2003 ഡിസംബറില്‍ മുശാരഫിനെ വധിക്കാന്‍ ശ്രമിച്ചതിന് നാലുവര്‍ഷത്തിനുശേഷം കശ്മീരിയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇസ്‌ലാമാബാദിലെ റെഡ് മോസ്‌ക് പിടിച്ചെടുക്കാന്‍ 2007 ജൂലൈയില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് കശ്മീരി തന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കന്‍ വസീറിസ്ഥാനിലേക്ക് മാറ്റിയത്. ഇവിടെവച്ചാണ് അല്‍ഖ്വയ്ദയ്ക്കും പാകിസ്ഥാന്‍ താലിബാനുമൊപ്പം ചേര്‍ന്ന് സായുധ പോരാട്ടം ആരംഭിച്ചത്.
മികച്ച പരിശീലനവും കമാന്‍ഡോ ആക്രമണങ്ങളിലെ പരിചയവും ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള ദീര്‍ഘവീക്ഷണവും ലക്ഷ്യസ്ഥാനങ്ങള്‍ക്കുനേരെ ആക്രമണം സംഘടിപ്പിക്കാനുമുള്ള കഴിവും വിലയിരുത്തുമ്പോള്‍ പാകിസ്ഥാനില്‍ ഇന്നുള്ളതില്‍വച്ച് ഏറ്റവും അപകടകാരിയായ തീവ്രവാദിയാണ് കശ്മീരിയെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെയും തീവ്രവാദ വിരുദ്ധ സംഘത്തിലെയും ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്.
ജനയുഗം 050611
ഒസാമ ബിന്‍ലാദനെപ്പോലെ ഇല്യാസ് കശ്മീരിയെയും വളര്‍ത്തിയത് അമേരിക്ക തന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സൈന്യത്തിനെതിരെ പൊരുതാന്‍ അമേരിക്ക കയ്യില്‍ ആയുധം പിടിപ്പിച്ച പാക് പട്ടാളക്കാരനാണ് പിന്നീട് അമേരിക്കയ്ക്ക് തന്നെ തലവേദനയായി വളര്‍ന്ന് ഇല്യാസ് കശ്മീരിയായത്. ഒരുകാലത്ത് തങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയ പര്‍വേസ് മുശാരഫ് ഉള്‍പ്പെടെയുള്ള സൈനിക നേതൃത്വത്തിന് എതിരെ തിരിയാന്‍ ഹുജിയെ പ്രേരിപ്പിക്കുകയും മുശാരഫിനെതിരെ വധശ്രമം നടത്തുകയും ചെയ്തതോടെയാണ് കശ്മീരിയെ പാകിസ്ഥാന്‍ തിരഞ്ഞ് തുടങ്ങിയത്.
ReplyDelete