Sunday, June 5, 2011

പോസ്‌കോ കര്‍ഷക സമരം വീണ്ടും ശക്തമായി

ഭുവനേശ്വര്‍: പോസ്‌കോ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കര്‍ഷക സമരം വീണ്ടും ശക്തമായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം ഭൂമി ഏറ്റെടുക്കല്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ച സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ കാര്യമായ പ്രതിരോധനേരിടേണ്ടി വന്നിരുന്നില്ല. വെറ്റിലകൃഷി നശിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക കൈപ്പറ്റാന്‍ ഇപ്പോള്‍ കര്‍ഷകര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്‍പതോളംപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

നോലിയാഹി മേഖലയിലെ കുജംഗ് പ്രദേശത്തുള്ള പോസ്‌കോ വിരുദ്ധ സമിതിയുടെ നേതാവായ ബസുദേവ് ബിഹേരയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. വെറ്റിലകൃഷി നശിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരമായി നല്‍കിയ 2,99000 രൂപയുടെ ചെക്ക് കൈപ്പറ്റാന്‍ വിസമ്മതിക്കുകയും ഭൂമി വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത ബീഹേരയെയും മറ്റു 17 പേരെയും പൊലീസ് അറസ്റ്റു ചെയ്യുകയയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മാത്രമല്ല പോസ്‌കോ പ്രതിരോധ് സന്‍ഗ്രാം സമിതിയുടെ നേതൃത്വത്തില്‍ പദ്ധതിക്കെതിരായ നീക്കങ്ങളും ശക്തമായിട്ടുണ്ട്.

പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ബലംപ്രയോഗിച്ച ഭൂമി ഏറ്റെടുക്കല്‍ നടത്തുകയാണെന്നും ഇത് തടഞ്ഞതിനാണ് ബിഹേരയെയും അയല്‍വാസികളെയും പൊലീസ് അറസ്റ്റു ചെയ്തതെന്നും പോസ്‌കോ പ്രതിരോധ് സന്‍ഗ്രാം സമിതി വക്താവ് പ്രശാന്ത് പെയ്ക്ര പറഞ്ഞു. നഷ്ടപരിഹാരമായി നല്‍കിയ ചെക്ക് സ്വീകരിക്കാതിരിക്കുകയും ഉദ്യോഗസ്ഥരെ ഭൂമി ഏറ്റെടുക്കുന്നതിന് അനുവദിക്കാതിരുന്നതിനുമാണ് ബിഹേരയെ അറസ്റ്റു ചെയ്തതെന്ന് പരദീപ് പൊലീസ് സുപ്രണ്ട് ശന്തനു ദാസ് പറഞ്ഞു. 

ഇതുവരെ 450 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുള്ള ജില്ലാ ഭരണകൂടം വെറ്റില കര്‍ഷകര്‍ക്ക് അഞ്ച്‌കോടിയോളം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ ഉള്‍പ്പാദന കമ്പിനിയായ പോസ്‌കോ ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് 2005ലാണ് ഒറീസ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. 4,004 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടിവരുന്നത്. ഇതില്‍ 3000 ഏക്കര്‍ വനമേഖലയാണ്. 3100 ഏക്കര്‍ വനഭൂമി വെട്ടിത്തെളിച്ച് പദ്ധതിക്കുവേണ്ടി ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ജനയുഗം 050611

1 comment:

  1. പോസ്‌കോ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കര്‍ഷക സമരം വീണ്ടും ശക്തമായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം ഭൂമി ഏറ്റെടുക്കല്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ച സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ കാര്യമായ പ്രതിരോധനേരിടേണ്ടി വന്നിരുന്നില്ല. വെറ്റിലകൃഷി നശിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക കൈപ്പറ്റാന്‍ ഇപ്പോള്‍ കര്‍ഷകര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്‍പതോളംപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

    ReplyDelete