കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കര്‍മ്മധീരരായ ശര്‍മാജിയുടെയും പവനന്റെയും ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. ശര്‍മാജി 1997 ലും പവനന്‍ 2006 ലും നമ്മെവിട്ടു പിരിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളത്തിന്റെ വളര്‍ച്ചയിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാക്കന്‍മാരാണ് ശര്‍മാജിയും പവനനും.
തലശേരിയില്‍ ജനിച്ച സുബ്രഹ്മണ്യ ശര്‍മ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് പൊതു രംഗത്ത് കടന്നുവന്നത്. മദ്രാസില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം സജീവ പങ്കാളിയായി. വിദ്യാര്‍ഥികളുടെ പ്രിയങ്കരനായ നേതാവായി വളരെ വേഗം അദ്ദേഹം ഉയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശര്‍മാജിയുടെ ആഭിമുഖ്യം കോണ്‍ഗ്രസിലെ ഇടതുപക്ഷത്തോടായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ശര്‍മാജി അധികം കഴിയുംമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനു വേദിയായ 1939 ലെ പാറപ്പുറം സമ്മേളനത്തിന്റെ സംഘാടകരിലൊരാള്‍ ശര്‍മാജിയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ സമയ പ്രവര്‍ത്തകനായിമാറിയ ശര്‍മാജിയുടെ പ്രവര്‍ത്തന കേന്ദ്രം മദ്രാസായിരുന്നു. മലബാറും ആന്ധ്രയുടെ ഭാഗങ്ങളും തമിഴ്‌നാടും ഉള്‍പ്പെടുന്ന അന്നത്തെ മദ്രാസ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തെ മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരെ പോലെ ജയില്‍ വാസവും ഒളിവു ജീവിതവുമെല്ലാം ശര്‍മാജിയുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.1957 ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രൈവറ്റ് സെക്രട്ടറി ശര്‍മാജിയായിരുന്നു.
സമാധാന പ്രസ്ഥാനം, പരിസ്ഥിതി സംരക്ഷണം, പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ശര്‍മാജി. ഇസ്‌ക്കസിന്റെ അനിഷേധ്യ നേതാവായിരുന്ന ശര്‍മാജി ഇന്തോ-സോവിയറ്റ് സൗഹൃദ പ്രസ്ഥാനം വളര്‍ത്തികൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സൈലന്റ്‌വാലി സംരക്ഷണ പ്രസ്ഥാനത്തില്‍ ശര്‍മാജി സുപ്രധാന പങ്കുവഹിച്ചിരുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം പരിപാടികള്‍ ആവിഷ്‌കരിച്ചു. ലെനിന്‍ ബാലവാടി അതിലൊന്നായിരുന്നു.
പത്രപ്രവര്‍ത്തകന്‍, സാഹിത്യ വിമര്‍ശകന്‍, സംഘാടകന്‍, യുക്തിവാദി തുടങ്ങിയ നിലകളിലെല്ലാം കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന പവനന്‍ തലശേരിയിലെ വയലളത്താണ് ജനിച്ചത്.
മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലൂടെയാണ് പവനന്‍ പത്രപ്രവര്‍ത്തന രംഗത്തു വന്നത്.
ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായി ദീര്‍ഘകാലം പവനന്‍ പ്രവര്‍ത്തിച്ചു. ക്രാന്തദര്‍ശിയായ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. നവയുഗം വാരികയുടെ പത്രാധിപരായും സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ സ്റ്റൈല്‍ എഡിറ്ററായും പവനന്‍ പ്രവര്‍ത്തിച്ചിരുന്നു.
ഉള്‍ക്കാഴ്ചയുള്ള സാമൂഹ്യ വിമര്‍ശകനായിരുന്ന പവനന്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
കേരള യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റായിരുന്ന പവനന്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
തന്റെ സര്‍ഗവൈഭവമാകെ കമ്മ്യൂണിസ്റ്റ് ആശയപ്രചരണത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനുമാണ് പവനന്‍ വിനിയോഗിച്ചത്. അദ്ദേഹത്തിന്റെ എണ്ണമറ്റ ലേഖനങ്ങളും നിരവധി ഗ്രന്ഥങ്ങളും രാഷ്ട്രീയ ചരിത്ര സാഹിത്യം തുടങ്ങിയ മേഖലകളിലുള്ള അഗാധമായ അറിവിന്റെ സാക്ഷിപത്രമാണ്.
രാജ്യത്തിന്റെയും സാധാരണ ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുള്ള യത്‌നങ്ങളിലെ മുന്നണി പോരാളികളായിരുന്നു ശര്‍മാജിയും പവനനും. കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും അവര്‍ സുപ്രധാന പങ്കുവഹിച്ചു.
janayugom 220611
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കര്‍മ്മധീരരായ ശര്‍മാജിയുടെയും പവനന്റെയും ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. ശര്‍മാജി 1997 ലും പവനന്‍ 2006 ലും നമ്മെവിട്ടു പിരിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളത്തിന്റെ വളര്‍ച്ചയിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാക്കന്‍മാരാണ് ശര്‍മാജിയും പവനനും.
ReplyDelete