Wednesday, June 22, 2011

യോജിച്ച കരട് ഇല്ല: ലോക്പാല്‍ സമിതി പരാജയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സര്‍ക്കാരും അന്നാഹസാരെയുടെ സംഘവും തമ്മിലുള്ള ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ ലോക്പാല്‍ കരടു സമിതിയുടെ അവസാനയോഗം പിരിഞ്ഞു. എട്ടു പ്രധാന പ്രശ്‌നങ്ങളില്‍ യോജിപ്പുണ്ടാക്കാന്‍ ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ സാധിച്ചില്ലെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി ഇരുവിഭാഗത്തിന്റെയും വിയോജിപ്പോടുകൂടി കേന്ദ്ര മന്ത്രിസഭയില്‍ കരട് ബില്‍ സമര്‍പ്പിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. കരട്‌സമിതിയുടെ ഒന്‍പതാമത്തെയും അവസാനത്തെയും കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. പത്തംഗ സമിതിയുടെ അവസാനയോഗത്തിലും പ്രധാന പ്രശ്‌നങ്ങളില്‍ യോജിപ്പുണ്ടാക്കാനായില്ല. പ്രധാനമന്ത്രിയെയും നീതിന്യായ വകുപ്പിലെ ഉന്നതരെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ അന്നാഹസാരെയുടെ  സംഘവും അത് പാടില്ലെന്ന നിലപാടില്‍ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പാര്‍ലമെന്റില്‍ അംഗങ്ങളുടെ പെരുമാറ്റത്തെ സംബന്ധിച്ചും ലോക്പാലില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതും നീക്കുന്നതും സംബന്ധിച്ചും അഭിപ്രായൈക്യമുണ്ടാക്കാന്‍ സാധിക്കാതെയാണ് യോഗം പിരിഞ്ഞത്.

അഴിമതിക്കെതിരെ സ്വതന്ത്രവും വിശാലവുമായ സ്ഥാപത്തെക്കാള്‍ ലോക്പാലിന്റെ പേരില്‍ അതോറിറ്റിയെ കൊണ്ടുവരാനമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ബില്ലിന്റെ മാതൃക മുന്നോട്ടുവച്ചതെന്ന് അന്നാഹസാരെ പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവാത്തതില്‍ ഹസാരെ അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അവരുടെ കരടും തങ്ങള്‍ തങ്ങളുടേതായ ഒന്നും കൈമാറുകയായിരുന്നു. വളരെ കുറച്ച് ചര്‍ച്ചയേ നടന്നുള്ളൂവെന്നും പ്രധാന പ്രശ്‌നങ്ങളില്‍ യാതൊരു യോജിപ്പുമുണ്ടായില്ലെന്നും അന്നാഹസാരെ പറഞ്ഞു.
അടുത്ത മാസം നടക്കുന്ന സര്‍വകക്ഷിയോഗത്തിനുമുന്നോടിയായി  ഇരുവിഭാഗത്തിന്റെയും കരട് ബില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും സിബല്‍ പറഞ്ഞു. സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ ബില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും സിബല്‍ പറഞ്ഞു. ഭരണ കക്ഷിക്ക് ലോക്പാലിന്റെ പൂര്‍ണ നിയന്ത്രണം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ബില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

വനിതാബില്‍ : സര്‍വ്വകക്ഷിയോഗം അലസി

ന്യൂഡല്‍ഹി: വനിതാസംവരണബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ചില പാര്‍ട്ടികളുടെ പ്രതിഷേധം മൂലം പാസാക്കാനായില്ല. ഈസാഹചര്യത്തിലാണ് സ്പീക്കര്‍ യോഗം വിളിച്ചത്.

അഴിമതിപ്രളയം: വര്‍ഷകാല സമ്മേളനം നീട്ടി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയരുന്ന അഴിമതിയാരോപണങ്ങള്‍ ചര്‍ച്ചയാകുമെന്നതിനാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ചേരുന്നത് നീട്ടി. വര്‍ഷകാല സമ്മേളനം ജൂലൈയില്‍ തുടങ്ങുന്ന പതിവ് തെറ്റിച്ച് ആഗസ്ത് ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് ഇത്തവണ ചേരുക. ലോക്പാല്‍ , വനിതാ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിനുശേഷം പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്റ് ചേരാന്‍ വൈകുന്നതെന്താണ് എന്ന ചോദ്യത്തിന്, മുമ്പും ഇങ്ങനെ വൈകിച്ചേര്‍ന്ന കീഴ്വഴക്കമുണ്ട് എന്നായിരുന്നു മറുപടി. ആഗസ്ത് ഒന്നുമുതല്‍ പാര്‍ലമെന്റ് ചേരുന്നതിന് രാഷ്ട്രപതിയോട് ഉടന്‍ ശുപാര്‍ശ ചെയ്യും- മന്ത്രി പറഞ്ഞു.

2ജി സ്പെക്ട്രം, വാതകഖനന അഴിമതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ ഒട്ടേറെ ആരോപണം സജീവചര്‍ച്ചയായി നിലനില്‍ക്കെ പാര്‍ലമെന്റ് ചേരുന്നത് ഗുണംചെയ്യില്ലെന്നു കണ്ടാണ് സമ്മേളനം നീട്ടിയത്. കഴിഞ്ഞദിവസം യുപിഎ ചെയര്‍പേഴ്സണ്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ലമെന്റ് ചേരുന്നത് ദോഷംചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇപ്പോഴത്തെ അന്തരീക്ഷം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വനിതാബില്‍ വീണ്ടും ചര്‍ച്ചയ്ക്കെടുക്കുന്നത്. ബില്‍ പാസാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കഴിഞ്ഞവര്‍ഷം രാജ്യസഭയില്‍ പാസാക്കിയശേഷം ലോക്സഭയില്‍ കൊണ്ടുവന്നപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ തെളിയിച്ചതാണ്. അതിനിടെ, വനിതാ സംവരണബില്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയപാര്‍ടികളുടെ യോഗം ബുധനാഴ്ച ചേരും. സ്പീക്കര്‍ മീരാകുമാറാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും 33.3 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്നതാണ് ബില്‍ . എന്നാല്‍ , സംവരണത്തിനുള്ളില്‍ വീണ്ടും പിന്നോക്കക്കാര്‍ക്ക് പ്രത്യേക സംവരണം വേണമെന്നാണ് ആര്‍ജെഡി, എസ്പി, ജനതാദള്‍ -യു തുടങ്ങിയ പാര്‍ടികള്‍ ആവശ്യപ്പെടുന്നത്.

janayugom/deshabhimani news 220611

1 comment:

  1. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സര്‍ക്കാരും അന്നാഹസാരെയുടെ സംഘവും തമ്മിലുള്ള ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ ലോക്പാല്‍ കരടു സമിതിയുടെ അവസാനയോഗം പിരിഞ്ഞു. എട്ടു പ്രധാന പ്രശ്‌നങ്ങളില്‍ യോജിപ്പുണ്ടാക്കാന്‍ ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ സാധിച്ചില്ലെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

    ReplyDelete