Sunday, July 31, 2011

ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ മാണിയുടെ ധവളപത്രം

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള വിവരമോ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിക്കുന്ന ഔദ്യോഗികരേഖ എന്നാണ് ധവളപത്രത്തെ ഓക്സ്ഫഡ് നിഘണ്ടു നിര്‍വചിക്കുന്നത്. പാര്‍ലമന്റെ് സമര്‍പ്പിക്കുന്ന "ആഴത്തില്‍ വിശകലനം നടത്തുന്ന ഔദ്യോഗികരേഖ അല്ലെങ്കില്‍ ആധികാരികരേഖ" എന്ന് ബെസ്റ്റര്‍ നിഘണ്ടുവും പറയുന്നു. വെളളച്ചട്ടയോടുകൂടിയാണ് ആ രേഖ അവതരിപ്പിക്കുന്നത് എന്നതിനാല്‍ ധവളപത്രം എന്നായി അതിന്റെ വിളിപ്പേര്. ആ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ധനമന്ത്രി കെ എം മാണി കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ മേശപ്പുറത്തുവെച്ച രേഖയെ ശ്യാമപത്രം അഥവാ ബ്ലാക്ക്പേപ്പര്‍ എന്നു പറയേണ്ടി വരും. കാരണം അത് ആധികാരികമായി വിവരം നല്‍കുന്ന വസ്തുനിഷ്ഠരേഖയല്ല. വസ്തുതകളെ രാഷ്ട്രീയമായ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്ന രേഖയാണ്. അതിന് ഒരു ഉദ്ദേശ്യമുണ്ട്. അഞ്ചുവര്‍ഷം പ്രശംസനീയമായവിധത്തില്‍ എല്ലാ രംഗങ്ങളിലും (വിശേഷിച്ച് ധനകാര്യ മാനേജ്‌മെന്റില്‍) ഭരണം നടത്തിയ എല്‍ഡിഎഫ് ഗവണ്‍മന്റൊണ് ഈയിടെ അധികാരം ഒഴിഞ്ഞത്. യുഡിഎഫിനാണെങ്കില്‍ സമ്പന്നരുടെ വിശേഷിച്ചും സാമൂഹ്യവിരുദ്ധ പ്രവണതകള്‍ ഉള്ളവരുടെ, താല്‍പര്യം സംരക്ഷിക്കുകയും പുതിയ ആനുകൂല്യങ്ങള്‍ അവര്‍ക്ക് അനുവദിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എല്‍ഡിഎഫ് ഗവണ്മെന്റ് നടപ്പാക്കിയ പല പരിഷ്കാരങ്ങളും വെട്ടിച്ചുരുക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യേണ്ടിവരും. പ്രഖ്യാപിച്ച പല കാര്യങ്ങളും വേണ്ടെന്നുവെയ്ക്കേണ്ടിവരും. അതിന്റെ സ്പഷ്ടമായ സൂചന കെ എം മാണി അവതരിപ്പിച്ച ബജറ്റിലുണ്ട്. ഇതിനു കാരണക്കാര്‍ എല്‍ഡിഎഫ് ഗവണ്‍മന്റൊണ് എന്ന് വരുത്തിതീര്‍ത്ത് തങ്ങള്‍ പ്രതീക്ഷിച്ച പല ആനുകൂല്യങ്ങളും നടപ്പാക്കപ്പെടാത്തതിനും "സംസ്ഥാനത്തെ വലിയ സാമ്പത്തിക ഞെരുക്കത്തില്‍ ആക്കിയതിനും" ഉത്തരവാദികള്‍ എല്‍ഡിഎഫാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം. അതിനായി തട്ടിപ്പടയ്ക്കപ്പെട്ടതാണ് ധവളപത്രമെന്ന രേഖ.

ഇത് ആദ്യമായല്ല യുഡിഎഫ് ഈ അഭ്യാസം നടത്തുന്നത്. പത്തുവര്‍ഷംമുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രി ആയപ്പോഴും ഈ അഭ്യാസം നടത്തപ്പെട്ടു. അന്ന് അവതരിപ്പിക്കപ്പെട്ട ധവളപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയാക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ പല അവകാശങ്ങളും വെട്ടിക്കുറയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുകയും ജനക്ഷേമകരമായ പല വികസന പ്രവര്‍ത്തനങ്ങളും മരവിപ്പിക്കുകയും അധികാരവികേന്ദ്രീകരണത്തെ നോക്കുകുത്തിയാക്കുകയും ചെയ്തത്. മാത്രമല്ല, സര്‍ക്കാരിനു വരുമാനമുണ്ടാക്കാനും സംസ്ഥാനത്തിന്റെ ഊര്‍ജിത വികസനത്തിനുമെന്നപേരില്‍ സ്വകാര്യമേഖലയ്ക്കു പൊതുമുതല്‍ കുറഞ്ഞവിലയ്ക്കു കൈമാറുകയും മറ്റുതരത്തിലും പൊതുമുതല്‍ അപഹരിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു. എന്നിട്ടും യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ട്രഷറി അടച്ചുപൂട്ടാത്ത ദിവസങ്ങള്‍ കുറവ്. ജനങ്ങളുടെ നീറുന്ന ഒരു പ്രശ്നത്തിനും പരിഹാരമുണ്ടായില്ല. ഇനിയും ഈ സ്ഥിതിയിലേക്ക് കേരളത്തെ വലിച്ചിഴയ്ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ഭൂ കേന്ദ്രീകരണത്തെ തിരിച്ചുകൊണ്ടുവരുന്ന തരത്തില്‍ ഭൂപരിഷ്കരണം വേണമെന്ന് ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിക്കാനും അതിനെ ചില കോണ്‍ഗ്രസ് മന്ത്രിമാരും. എംഎല്‍എമാരും എതിര്‍ത്തപ്പോള്‍ അത് മാണിയുടെ മാത്രം അജണ്ടയല്ല എന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കാനും കാരണം അതാണ്. അതിന് സൈദ്ധാന്തിക ന്യായീകരണം നല്‍കാനാണ് ധവളപത്രം ഇറക്കിയത്. എന്നാല്‍ , ഈ ധവളപത്രം വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിച്ചല്ല, യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ധനമന്ത്രി മാണിയുടെ ധവളപത്രത്തിലെ ഒരു പ്രധാന വാദം കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ അഞ്ചു വര്‍ഷങ്ങളില്‍ വലിയ പുരോഗതി ഉണ്ടായി എന്നും പിന്നെ വന്ന എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് പിന്നോട്ടുപോക്കുണ്ടായി എന്നുമാണ്. യഥാര്‍ത്ഥ കണക്കുകള്‍വെച്ച് ഇത് സമര്‍ഥിക്കാനാവില്ല. അതിനാല്‍ കള്ളക്കണക്കുണ്ടാക്കി അവതരിപ്പിച്ചിരിക്കയാണ്. ഒന്നാമത്, താരതമ്യംചെയ്യുമ്പോള്‍ യുഡിഎഫ് ഗവണ്‍മന്റെിന്റെ 2001-06 കാലവും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ 2006-11 കാലവും തമ്മിലാണ് താരതമ്യം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം മുന്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ അവസാനവര്‍ഷമായ 2000-01 മുതല്‍ 2004-05 വരെയുള്ള കാലവും യുഡിഎഫ് ഗവണ്‍മന്റെിന്റെ 2004-05 മുതല്‍ എല്‍ഡിഎഫിന്റെ 2009-10 വരെയുള്ള കാലവും തമ്മിലാണ് താരതമ്യം. അതിന്റെ അടിസ്ഥാനത്തില്‍ ധവളപത്രം പറയുന്നത് യുഡിഎഫ് ഭരണകാലത്ത് വന്‍ പുരോഗതിയും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് വികസന മുരടിപ്പുമാണ് ഉണ്ടായത് എന്നത്രെ. ഇതിനായി അവര്‍ ചെയ്തത് 1999-2000 വര്‍ഷത്തെയും പിന്നീട് 2004-05 വര്‍ഷത്തെയും അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ കൂട്ടിക്കുഴച്ച് സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഭരണകാലത്ത് 23 ശതമാനംവരെ ഗണ്യമായ വര്‍ദ്ധന ഉണ്ടായി എന്നും എല്‍ഡിഎഫ് ഭരണകാലത്ത് അത് ഇടിഞ്ഞു എന്നും ചിത്രീകരിക്കലാണ്. യാഥാര്‍ത്ഥ്യമെന്താണ്?

യുഡിഎഫ് ഭരണകാലമായ 2001-06 കാലത്ത് ആഭ്യന്തര ഉല്‍പാദനത്തിലെ വാര്‍ഷിക വര്‍ദ്ധന 7.2 മുതല്‍ 14.7 ശതമാനംവരെ ആയിരുന്നു. ശരാശരി 11.8 ശതമാനം. എല്‍ഡിഎഫ് ഭരണകാലത്ത് അത് 12.4 ശതമാനം മുതല്‍ 14.6 ശതമാനംവരെയായി വര്‍ദ്ധിച്ചു. ശരാശരി 13. 9 ശതമാനം. ഇത് നേരെ തലതിരിച്ച് അവതരിപ്പിക്കാനായി ധനമന്ത്രി സര്‍ക്കാരിന്റെ ഔദ്യോഗികരേഖ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കീഴ്മേല്‍ മറിച്ചു. യുഡിഎഫും സ്പീക്കറുമൊന്നും ഇതുസംബന്ധമായ വസ്തുതകള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനെ അനുവദിച്ചുമില്ല. അവരുടെ ജനാധിപത്യ ബോധമോ നീതിബോധമോ ഒന്നും അതിന് അവരെ അനുവദിച്ചില്ല. കൃഷി അനുബന്ധ മേഖലകള്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനത്തില്‍ വഹിക്കുന്ന പങ്ക് എല്‍ഡിഎഫ് ഭരണകാലത്ത് കുറഞ്ഞു എന്ന് കെ എം മാണി പറയുന്നു. കേരളത്തില്‍ കുറച്ചുകാലമായി കൃഷിയും മറ്റും സംസ്ഥാന ആഭ്യന്തരോല്‍പാദനത്തില്‍ വഹിക്കുന്ന പങ്ക് ഇടിഞ്ഞുവരികയാണ്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലമടക്കം കഴിഞ്ഞ കുറച്ചുകാലമായി ഇതാണ് സ്ഥിതി. മാണിയുടെ ധവളപത്രത്തില്‍ ഇത് അടുത്തകാലത്തുണ്ടായ പ്രവണതയായാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് യഥാര്‍ത്ഥത്തില്‍ ഇത് വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. മറ്റ് മേഖലകളെക്കുറിച്ചും ഇതേ അഭിപ്രായമാണ് ധവളപത്രത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ , അവയിലെല്ലാം യുഡിഎഫ് ഭരണകാലത്തെ അപേക്ഷിച്ച് എല്‍ഡിഎഫ് ഭരണകാലത്ത് പറയത്തക്ക പുരോഗതിയുണ്ടായി എന്നതാണ് വസ്തുത. സംസ്ഥാനത്തിന്റെ വരുമാന (റവന്യു) ത്തില്‍ നികുതി, നികുതി ഇതര, കേന്ദ്ര വിഹിത ഇനങ്ങളാണ് ഉള്ളത്. ഇവയുടെ തോതുകള്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലങ്ങളില്‍ ഏതാണ്ട് തുല്യമായിരുന്നു. അവ തമ്മില്‍ പറയത്തക്ക വ്യത്യാസം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ധവളപത്രത്തിലെ ശ്രമം ഒട്ടും വസ്തുതാപരമല്ല. എന്നാല്‍ , ഇവയിലെ വര്‍ദ്ധനയുടെ കാര്യത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് ഭരണകാലങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം 9779 കോടി രൂപയായിരുന്ന നികുതി വരുമാനം 2010-11ല്‍ 22,000 കോടിയിലേറെയായിരിക്കുമെന്നാണ് മതിപ്പ് കണക്ക്. യുഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 14.3 ശതമാനം വീതമാണ് നികുതി വരുമാനം വര്‍ദ്ധിച്ചതെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് 17.6 ശതമാനമായി ഉയര്‍ന്നു.

2010 11ല്‍ അത് 24.38 ശതമാനമായി വര്‍ധിച്ചു. നികുതി ഇതര വരുമാനത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലുള്ള വര്‍ദ്ധന ഉണ്ടായി. നികുതി വരുമാന വര്‍ദ്ധനയ്ക്ക് കാരണം വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) നടപ്പാക്കിയതുമൂലമുണ്ടായ വര്‍ധന ആണെന്നുപറഞ്ഞ് ധനമന്ത്രി അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്നു. ഇതിനൊരു കാരണമുണ്ട്. നികുതി-നികുതി ഇതര വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് നികുതി വെട്ടിപ്പിന്റെയും കൂടുതല്‍ കാര്യക്ഷമമായ നികുതി വിവര സമാഹരണത്തിന്റെയും ഉദാഹരണങ്ങള്‍ കാട്ടി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നു. നികുതി വെട്ടിപ്പുകാരെ സഹായിക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ ജന്മസാഫല്യം. അതിന് ആവശ്യമായ കളമൊരുക്കല്‍ ധവളപത്രത്തിന്റെ ലക്ഷ്യമാണെന്നും തോന്നും ഇക്കാര്യം സംബന്ധിച്ച ധനമന്ത്രിയുടെ വാദമുഖങ്ങള്‍ കണ്ടാല്‍ . മൂലധനച്ചെലവ് ഭാവിയിലേക്കുള്ള മുടക്കുമുതലാണ്. അത് എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. അതു സംബന്ധിച്ച് ധനമന്ത്രി ഉയര്‍ത്തുന്ന തര്‍ക്കം നിരര്‍ഥകമാണ്. കേരളത്തിന്റെ കടം വര്‍ധിച്ചു, കടക്കെണിയിലാണ് എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ വാദം ബാലിശമായതുകൊണ്ടാകാം, അത് സംബന്ധമായി ധവളപത്രത്തില്‍ ഏറെ പ്രതിപാദിച്ചിരിക്കുന്നത്. റവന്യുവരുമാനവും ചെലവും കൂടി. സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനവും വര്‍ദ്ധിച്ചു. അതിന്റെ ശതമാനമായി റവന്യു വരുമാനവും ചെലവും റവന്യു കമ്മിയും ധനക്കമ്മിയും കണക്കാക്കുമ്പോള്‍ എല്‍ഡിഎഫ് ഭരണകാലത്ത് കമ്മികള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നതുകാണാം. മാത്രമല്ല, കേന്ദ്രഗവണ്‍മന്റെ് നിശ്ചയിച്ച പരിധിക്കുള്ളിലാണ് ഈ കമ്മികള്‍ . ഇവിടെ ഒരു ചോദ്യം പ്രസക്തമായി ഉയരുന്നു. എന്തായിരിക്കണം ഗവണ്‍മന്റെിന്റെ ലക്ഷ്യം? കടം കുറയ്ക്കലോ ഇല്ലാതാക്കലോ ആണോ? അതോ കടം ഒരു പരിധിക്കുള്ളില്‍ നിര്‍ത്തി സംസ്ഥാനത്തിന്റെ സമഗ്രവികസനം കൈവരിക്കലോ? യുഡിഎഫ് കടം കുറയ്ക്കണം എന്നു വാദിക്കുന്നു. എന്നാല്‍ അവരുടെ ഭരണകാലത്ത് നികുതിവരുമാനവും ചെലവും കുറയ്ക്കാനായിരുന്നു നീക്കം. നികുതി പിരിക്കുന്നത് കുറയ്ക്കുന്നത് വന്‍ പണക്കാരെ സഹായിക്കാന്‍ . അതിന്റെപേരില്‍ ചെലവ് കുറയ്ക്കുന്നു. അപ്പോള്‍തന്നെ വന്‍കിടക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫലമോ? ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ , ഇടത്തരക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ മുതലായവ വെട്ടിക്കുറയ്ക്കപ്പെടുന്നു. അതിനുപുറമെയാണ് അഴിമതി, നികുതിവെട്ടിപ്പ്, കള്ളപ്പണം ഇവയുടെ സൈ്വരവിഹാരം. മറിച്ച്, എല്‍ഡിഎഫ് ഗവണ്‍മന്റെ് നികുതി - നികുതി ഇതര വരുമാനങ്ങള്‍ ഊര്‍ജ്ജിതമായി പിരിക്കുന്നു; കേന്ദ്രവിഹിതം ചോദിച്ചുവാങ്ങുന്നു, അതിനുപുറമെ വാങ്ങാവുന്ന പരിധിക്കുള്ളില്‍ കടവും വാങ്ങുന്നു. ഇവ ഉപയോഗിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സമഗ്രവികസന പരിപാടി നടപ്പാക്കുന്നു. ഇത് ചെയ്യാനുള്ള മനസ്സില്ലായ്മയാണ് ധനമന്ത്രിയുടെ ധവളപത്രത്തില്‍ ഓളംവെട്ടുന്നത്.

എല്‍ഡിഎഫ് ഗവണ്മെന്റ് കടംവാങ്ങി ചെലവഴിക്കാതെ ട്രഷറിയില്‍ ഇടുന്നു എന്ന ആരോപണമുണ്ട് അതില്‍ . എന്താണ് വസ്തുത? കേന്ദ്ര ഗവണ്‍മന്റെ് കടം വാങ്ങാന്‍ സംസ്ഥാനങ്ങളെ ധനവര്‍ഷത്തിന്റെ ആദ്യമാസങ്ങളി (ഏപ്രില്‍ , ആഗസ്റ്റ്)ലാണ് അനുവദിക്കുക. കേരളത്തിലെ കാലാവസ്ഥയുടെയും മറ്റും പ്രത്യേകതയില്‍ ഏത് ഗവണ്മെന്റിന്റെ കാലത്തും വികസനച്ചെലവ് പ്രധാനമായി ഡിസംബറിനുശേഷമാണുണ്ടാവുക. അപ്പോഴേക്ക് കടംവാങ്ങി സൂക്ഷിക്കണം, വികസന കാര്യങ്ങളില്‍ പ്രതിബദ്ധതയുള്ള ഗവണ്മെന്റ്. റോഡ്, കെട്ടിടം ആദിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പലപ്പോഴും നടക്കാറില്ല കേരളത്തില്‍ . അതിനാല്‍ , ധനമന്ത്രി പറയുന്നതുപോലെ മാര്‍ച്ച് 31ന് നാലായിരത്തോളം കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ട്. അത് അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ പല മാസങ്ങളിലായി ചെലവഴിക്കപ്പെടും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ട്രഷറി ചെലവ് നോക്കിയാല്‍ ഇത് വ്യക്തമാണ്. ഇതിന്റെപേരില്‍ എല്‍ഡിഎഫ് ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നത്, എല്‍ഡിഎഫ് നടപ്പാക്കിയതോതിലുള്ള വികസന പ്രവര്‍ത്തനം ഇനി നടപ്പാക്കാതിരിക്കാനാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ബജറ്റില്‍ തുക വകകൊള്ളിക്കാതെ 10,000 കോടി രൂപയുടെ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തി എന്നാണ് കെ എം മാണിയുടെ വിമര്‍ശനം. പിന്നീട് അതേക്കുറിച്ച് എല്‍ഡിഎഫിന്റെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതില്‍ പകുതി തുക അങ്ങനെയാണെന്നായി മാണിയുടെ വിമര്‍ശനം ചുരുങ്ങി. റോഡുകള്‍ , പാലങ്ങള്‍ , സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവ വേണമെന്ന ആവശ്യം എല്ലാം എംഎല്‍എമാരും മറ്റ് ഉത്തരവാദപ്പെട്ടവരും ഉന്നയിക്കുന്നു. അതിന് പദ്ധതി തയ്യാറാക്കി അംഗീകാരം കൊടുത്താല്‍ അവയ്ക്കു സ്ഥലം കണ്ടെത്തല്‍ മുതല്‍ക്കുള്ള പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ അങ്ങനെ ചെയ്തതുമൂലം മുമ്പൊരിക്കലും ഇല്ലാത്തത്ര വികസന പ്രവര്‍ത്തനം മണ്ഡലങ്ങളില്‍ നടന്നതായി എംഎല്‍എമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചില പദ്ധതികള്‍ രണ്ടോ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം എടുത്തേക്കാം. പൂര്‍ത്തിയായവയുടെ പണം ബജറ്റില്‍ കൊള്ളിച്ച തുകയില്‍നിന്നു കൊടുക്കാം. ഇത് പദ്ധതി പ്രവര്‍ത്തനത്തിന് ഊക്കും വേഗവും വര്‍ദ്ധിപ്പിച്ചതായാണ് അനുഭവം. മറിച്ച്, സാമ്പത്തിക അച്ചടക്കത്തിന്റെപേരില്‍ മുമ്പ് ചെയ്തിരുന്നതുപോലെ ബജറ്റില്‍ കൊള്ളിച്ച തുകയ്ക്കുമാത്രം പദ്ധതികള്‍ അനുവദിച്ചാല്‍ അവ പലതും നടപ്പാക്കാത്തതുമൂലം പദ്ധതിച്ചെലവ് ഗണ്യമായി കുറയും. പദ്ധതി പ്രവര്‍ത്തനവും അതുകൊണ്ട് ജനങ്ങള്‍ക്കുള്ള പ്രയോജനവും വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മന്റെ് നടപ്പാക്കിയ രീതിയാണ് സ്വാഗതാര്‍ഹമെന്ന് സകല എംഎല്‍എമാരും ജനങ്ങളും സമ്മതിക്കും. ധനമന്ത്രി മാണിയുടെ വാദം കേരളത്തിലെ പദ്ധതി പ്രവര്‍ത്തനത്തെ പുറകോട്ടടിപ്പിക്കാന്‍ മാത്രമെ ഉതകൂ. ചുരുക്കത്തില്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ ധനകാര്യ മാനേജ്മന്റെിനെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉന്നയിച്ച വിമര്‍ശനം വികസന പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനോ അതിന്റെ വേഗം വര്‍ദ്ധിപ്പിക്കാനോ അല്ല ഉപകരിക്കുക. അതിന്റെ ഗതിവേഗം കുറയ്ക്കാനാണ്. അത്തരമൊരു സന്ദേശമായിരിക്കും അത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. അതോടൊപ്പം ബജറ്റില്‍ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതിവരുത്തി ഭൂ കേന്ദ്രീകരണത്തിനു വഴിതുറക്കണമെന്ന വാദം കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ കാര്യം സ്പഷ്ടമാകുന്നു. ഇത് നവലിബറല്‍ അജണ്ടയാണ് . ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസനങ്ങള്‍ വെട്ടിച്ചുരുക്കുക. സമ്പന്നര്‍ക്കുവേണ്ടിയുള്ളവയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക.

എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ റവന്യൂ ചെലവുമായി ബന്ധപ്പെട്ട് മറ്റൊരു വിമര്‍ശനം ധനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. അത് തന്നാണ്ട് റവന്യൂവില്‍നിന്നുള്ള നീക്കിയിരിപ്പ്  സംബന്ധിച്ചുള്ളതാണ്. ഇത് എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ കാലത്ത് അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്നാണ് വിമര്‍ശനം. എന്നാല്‍ ഇതിനു കാരണമായത് രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ , സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍റിന് പദ്ധതിയിതര ബിസിആറില്‍പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. അത് ബാധകമായത് എല്‍ഡിഎഫ് ഗവണ്‍മന്റെ് നിലവില്‍ വന്ന ശേഷമാണ്, 2006-07 മുതലാണ് ബിസിആറില്‍ തുക ഗണ്യമായി വര്‍ദ്ധിക്കാനിടയായത്. ഇത് വാസ്തവത്തില്‍ നീക്കുപോക്കു മാത്രമായിട്ടാണ് രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ കണ്ടിരുന്നത്. അതിനെ ധവളപത്രത്തില്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിനെതിരായ ഒരു വിമര്‍ശനമായി ഉന്നയിച്ചത് സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ അറിയാത്തതുകൊണ്ടാണ്; അന്ധമായ രാഷ്ട്രീയ വിദ്വേഷംകൊണ്ടാണ്. നിയമസഭയില്‍ ഈ പ്രശ്നം വേണ്ടത്ര ചര്‍ച്ചചെയ്യാന്‍ ഭരണപക്ഷവും സ്പീക്കറും കൂടി അനുമതി നല്‍കിയില്ല. നാട്ടിലാകെ ഇത് ചര്‍ച്ചാവിഷയമാക്കേണ്ടത് എല്‍ഡിഎഫിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ സമഗ്രവികസനം ആഗ്രഹിക്കുന്നവരുടെ മുഴുവന്‍ ചുമതലയാണ്. ഏതുസമയവും വീഴാവുന്നതാണ് ഈ ഗവണ്‍മന്റെ് എന്ന് ജൂലൈ 20ലെ നിയമസഭാ നടപടികള്‍ വ്യക്തമാക്കി. ഇങ്ങനെയൊരു അസ്ഥിര ഗവണ്‍മന്റെിന് സംസ്ഥാനത്തിന്റെ വികസന അജണ്ട കീഴ്മേല്‍ മറിക്കാന്‍ അവകാശമോ അധികാരമോ ഇല്ല എന്ന് ജനങ്ങള്‍ ദൃഢമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

സി പി നാരായണന്‍ chintha 290711

റബ്ബര്‍ ഇറക്കുമതി ടയര്‍ ലോബിക്കുവേണ്ടി

കുത്തക ടയര്‍ കമ്പനികളോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചുകൊണ്ട് 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 7 ശതമാനമാക്കി കറച്ചുകൊടുത്തുകൊണ്ടാണ് ഈ കൊടിയ കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത പരന്നതോടുകൂടിത്തന്നെ ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ വില ഇടിഞ്ഞുതുടങ്ങി. തുടര്‍ന്നും വില ഇടിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ ഇറക്കുമതി എന്ന് വെളിവായിരിക്കുന്നു.

റബ്ബര്‍ ഇറക്കുമതിക്കായി ടയര്‍ കമ്പനികളും കേന്ദ്രസര്‍ക്കാരും പറയുന്ന ന്യായങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റബ്ബറിന്റെ ഉല്‍പാദനം കുറവാണ്. ഉപഭോഗം അതില്‍ കൂടുതലാണ്. സ്റ്റോക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണ് എന്നൊക്കെയാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ റബ്ബര്‍ബോര്‍ഡിന്റെതന്നെ കണക്കുകള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. ഈ സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ തന്നെ റബ്ബറിന്റെ ഉല്‍പാദനം 1.75 ലക്ഷം ടണ്‍ ആണ്. പോയ വര്‍ഷം ഈ കാലയളവില്‍ ഇത് 1.66 ലക്ഷം ടണ്‍ ആയിരുന്നു. 9,000 ടണ്ണിന്റെ ഉല്‍പാദന വര്‍ദ്ധനവ്. ഇത് റബ്ബര്‍ബോര്‍ഡിന്റെ കണക്കാണ്. റബ്ബര്‍സ്റ്റോക്കിന്റെ കാര്യത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനവ് ഈ വര്‍ഷമുള്ളതായി റബ്ബര്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം ജൂണിലെ സ്റ്റോക്ക് 1,80,697 ടണ്‍ ആയിരുന്നു. ഈ വര്‍ഷമാകട്ടെ 2,47,442 ടണ്‍ ആണ്. അതായത് 66,745 ടണ്‍ റബ്ബര്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ അധികം സ്റ്റോക്കുണ്ട്.

റബ്ബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനം എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ആ തീരുമാനത്തില്‍ വെള്ളംചേര്‍ത്തു. ഇറക്കുമതി ചെയ്യുന്ന റബറിന് കിലോഗ്രാമിന് 20 ശതമാനം അല്ലെങ്കില്‍ 20 രൂപ ഇതില്‍ ഏതാണോ കുറവ് ആ പണം തീരുവയായി അടച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ വരുത്തിയ ഭേദഗതി. റബ്ബറിന് അന്താരാഷ്ട്ര വിപണിയില്‍ 212 രൂപ ഈ കുറിപ്പ് എഴുതുന്ന സമയത്ത് വിലയുണ്ട്. അതിന്റെ 20 ശതമാനം കണക്കാക്കിയാല്‍ 42 രൂപ 40 പൈസ ചുങ്കം നല്‍കണം. അതുകൂടി ചേര്‍ത്ത് 254 രൂപ 40 പൈസ ആകും യഥാര്‍ത്ഥ വില. 20 രൂപ എന്നു നിശ്ചയിക്കപ്പെട്ടതോടെ 232 രൂപയ്ക്ക് ഇറക്കുമതി ചെയ്യാം. ആ തീരുവയാണ് ഇപ്പോള്‍ ഏഴുശതമാനമാക്കി കുറച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. നമ്മുടെ രാഷ്ട്രത്തിനാവശ്യമായ റബ്ബറിന്റെ 90 ശതമാനത്തിലേറെയും ഉല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്. കാര്‍ഷികവിളകളില്‍ പലതിനും ഉല്‍പാദനച്ചെലവുപോലും ലഭിക്കാതെ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. റബ്ബറിന് ഭേദപ്പെട്ട വില ലഭിക്കുന്നതാണ് ഏക ആശ്വാസം. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും റബ്ബര്‍ കൃഷി വ്യാപിച്ചുകഴിഞ്ഞു.

റബറിന് ലഭിക്കുന്ന മെച്ചപ്പെട്ട വില കര്‍ഷകന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. റബ്ബര്‍ വില കുറയ്ക്കാന്‍ ടയര്‍ കുത്തകകളും കേന്ദ്രസര്‍ക്കാരും പഠിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. എങ്കിലും ഇപ്പോള്‍ ഭേദപ്പെട്ട വില കിട്ടാന്‍ പല കാരണങ്ങളുണ്ട്. ഒന്ന് അന്താരാഷ്ട്ര വിപണിയില്‍ റബറിന് നല്ല വിലയുണ്ട്. രണ്ട് പെട്രോളിയം ഉല്‍പന്നങ്ങളാണ് കൃത്രിമ റബ്ബര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളില്‍ ഒന്ന്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് കൃത്രിമ റബ്ബര്‍ ഉല്‍പാദനം ലാഭകരമല്ലാതാക്കി. രണ്ടുലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നായിരുന്നത്രേ ടയര്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്. ഒരുലക്ഷം ടണ്‍ എന്ന് വാണിജ്യമന്ത്രാലയം ശുപാര്‍ശചെയ്തു. ധനകാര്യ മന്ത്രാലയമാണത്രേ അത് 40,000 ടണ്‍ മതിയെന്ന് തീരുമാനിച്ചത്! എന്തൊരു മഹാമനസ്കത! ഇപ്പോഴത്തെ ഇറക്കുമതി ഒരു ടെസ്റ്റ് ഡോസാണ്. താമസിയാതെ കൂടുതല്‍ ഇറക്കുമതി ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം. ടയര്‍ കമ്പനികളും സര്‍ക്കാരും നഷ്ടം സഹിച്ചാണ് ഇപ്പോള്‍ റബ്ബര്‍ ഇറക്കുമതിചെയ്യുന്നത്.

ഭാവിയില്‍ വില വന്‍തോതില്‍ ഇടിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ നീചമായ കളികളിക്കുന്നത് എന്ന് വ്യക്തം. സെപ്റ്റംബര്‍ മുതലുള്ള മാസങ്ങളിലാണ് റബ്ബര്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നത്. കാലാവസ്ഥ ഉല്‍പാദനത്തിന് അനുകൂലമാകുന്നത് ആ സമയത്താണ്. ഈ വര്‍ഷം 9.02 ലക്ഷം ടണ്‍ റബ്ബര്‍ നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്നാണ് റബ്ബര്‍ ബോര്‍ഡിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനം 8,61,950 ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 40,000 ടണ്ണില്‍ കൂടുതല്‍ ഉല്‍പാദനം ഈ വര്‍ഷം ഉണ്ടാകുമെന്ന് സാരം. മാത്രമല്ല 2.50 ലക്ഷം ടണ്‍ റബ്ബര്‍ സ്റ്റോക്ക് ഇപ്പോള്‍തന്നെയുണ്ട്.

കര്‍ഷകരുടെ കയ്യിലുള്ള സ്റ്റോക്കുകൂടി പരിഗണിച്ചാല്‍ ഇതിലും കൂടും. ഉല്‍പാദനത്തിലും ഉപഭോഗത്തിലും വിടവുണ്ടെന്നുള്ളത് ടയര്‍ കമ്പനികളുടെയും സര്‍ക്കാരിന്റെയും പ്രചരണം മാത്രമാണ്. സീസണ്‍ ആകുമ്പോഴേക്ക് റബ്ബര്‍ വില വന്‍തോതില്‍ ഇടിക്കാനുള്ള തന്ത്രം മാത്രം. ഇറക്കുമതി ചെയ്യുന്നു എന്നു കേട്ടപ്പോള്‍തന്നെ വില കുറഞ്ഞുതുടങ്ങി. അപ്പോള്‍ പിന്നെയുള്ള പൂരം പറയേണ്ടല്ലോ? റബ്ബറിന്റെ വിലയിടിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ചെറുവിരല്‍പോലും അനക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെയും ടയര്‍ കമ്പനിക്കാരുടെയും വാദത്തെ ഏറ്റുപാടാനാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. കര്‍ഷകന്റെ കീശയെ മാത്രമല്ല സംസ്ഥാനത്തിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നതാണ് ഇറക്കുമതി തീരുമാനം. എത്രകോടി രൂപയാണ് സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടമാകുന്നത്! എന്നിട്ടുപോലും മുഖ്യമന്ത്രിയോ ധനമന്ത്രിയോ പ്രശ്നത്തിലിടപെടുന്നില്ല. മാത്രമല്ല പ്രതിഷേധിച്ചുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കാം എന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ധനകാര്യ സ്ഥിതിയെയെക്കുറിച്ച് വ്യാജ ധവളപത്രം ഇറക്കാന്‍ ചെലവഴിച്ച സമയം ഇത്തരം കര്യങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് പ്രയോജനം ഉണ്ടാകുമായിരുന്നു. യുഡിഎഫ് ഭരണാധികാഛികളില്‍നിന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നതുതന്നെ അര്‍ത്ഥശൂന്യമാണ്.

ഗിരീഷ് ചേനപ്പാടി chintha 290711

ഹൈക്കോടതി വിധി: നിര്‍ണായക മുന്നറിയിപ്പ്

കേരളത്തില്‍ പുതിയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് നിരാക്ഷേപപത്രം (എന്‍ ഒ സി) നല്‍കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് സംസ്ഥാന സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെയുള്ള നിര്‍ണായകമായ മുന്നറിയിപ്പാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖല സാമൂഹ്യനീതിയുടെ നിഷേധം മാത്രമല്ല വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന ആശങ്കയെയും സാധൂകരിക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ തന്നെ വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്ന കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

കേരളത്തിലെ 84 സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ പകുതിയില്‍ താഴെ മാത്രം കോളജുകളില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമൂഹത്തെ ആകെ തന്നെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പരിശോധന നടത്തിയ മുപ്പതോളം കോളജുകളില്‍ മൂന്നു നാലെണ്ണത്തില്‍ മാത്രമാണ് അവശ്യം ആവശ്യമുള്ള യോഗ്യരായ അധ്യാപകരുള്ളത്. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണായക പങ്കുവഹിക്കേണ്ട എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുന്ന കോളജുകളില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകര്‍ക്ക് എന്‍ജിനീയറിംഗ് ബിരുദം പോലുമില്ല. കേവല ശാസ്ത്രബിരുദക്കാര്‍ പോലും എന്‍ജിനീയറിംഗ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. ബിരുദാനന്തരബിരുദമോ അതിലുപരിയോ യോഗ്യത നേടിയവര്‍ക്കുപകരം ബി ടെക്കുകാരും പ്രഫസര്‍മാരായി പ്രവര്‍ത്തിക്കുന്നു. അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ മധ്യതല അധ്യാപകര്‍ ആവശ്യത്തിനില്ല. ആവശ്യമായ പ്രവര്‍ത്തിപരിചയമില്ലാത്തവരാണ് അധ്യാപകരില്‍ ഏറെയും. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ സ്വാശ്രയ കോളജുകളില്‍ ജോലി ചെയ്യുന്നു. ഇങ്ങിനെ പോകുന്നു കമ്മിറ്റിയുടെ കണ്ടെത്തലുകള്‍.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കാന്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വിദ്യാഭ്യാസരംഗം തുറന്നുകൊടുക്കുന്നവര്‍ സ്വാശ്രയമേഖലയില്‍ മിനിമം സൗകര്യങ്ങളും അധ്യാപന സംവിധാനവും ഉണ്ടെന്നു ഉറപ്പുവരുത്താന്‍പോലും മിനക്കെട്ടിട്ടില്ലെന്നാണ് ഇടക്കാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ സ്വകാര്യ-നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ കോളജുകളില്‍ എന്‍ജിനീയറിംഗ് പഠനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തേക്കാള്‍ ഏറെ സീറ്റുകളുണ്ട്. അത്യാര്‍ത്തിപൂണ്ട മാനേജ്‌മെന്റ് സീറ്റുകള്‍ കുത്തിനിറക്കുന്നതാകട്ടെ മതിയായ യോഗ്യത പോലുമില്ലാത്ത വിദ്യാര്‍ഥികളെകൊണ്ടാണ്. വേണ്ടത്ര യോഗ്യതയുള്ള അധ്യാപകര്‍ ഉണ്ടെന്നുപോലും ഉറപ്പുവരുത്താതെയാണ് ഇത്തരം അധ്യാപന പീടികകള്‍ക്ക് അനുമതി നല്‍കുന്നത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിനു ഉത്തരവാദിത്വപ്പെട്ട എ ഐ സി ടി ഇയും സര്‍വകലാശാലകളും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ അനാസ്ഥ അങ്ങേയറ്റം അപലപനീയമാണ്.

കേരള ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മതിയായ സൗകര്യങ്ങളും അധ്യാപകരുമില്ലാത്ത സ്വാശ്രയ കോളജുകള്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണം.

മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളജുകള്‍ക്ക് അഫിലിയേഷന്‍ നിഷേധിക്കുക തന്നെ വേണം. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ എ ഐ സി ടി ഇയും സര്‍വകലാശാലകളും സത്വര നടപടി സ്വീകരിക്കണം. മതിയായ അധ്യാപകര്‍ ലഭ്യമല്ലാതിരിക്കെ പുതിയ കോളജുകള്‍ക്ക് യാതൊരു കാരണവശാലും നിരാക്ഷേപപത്രം നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസമേഖലയെപ്പറ്റി വെളിപ്പെട്ടിട്ടുള്ള വസ്തുതകള്‍ എല്ലാ സ്വാശ്രയ വിദ്യാഭ്യാസമേഖലയിലേയ്ക്കുമുള്ള ചൂണ്ടുപലകയാണ്. വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണുകൊണ്ടു കാണുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ സൂക്ഷ്മ നിരീക്ഷണത്തിനും കര്‍ക്കശ നിയന്ത്രണത്തിനും വിധേയമാക്കേണ്ട ആവശ്യകതയിലേയ്ക്കാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിരല്‍ചൂണ്ടുന്നത്.

janayugom editorial 310711

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കി; ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇല്ലാതാകുന്നു

കാസര്‍കോട്:  കേന്ദ്ര സര്‍ക്കാര്‍  ഫണ്ട് നിര്‍ത്തലാക്കിയത് ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനംകൂടി ലക്ഷ്യമിട്ട് ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് (ഭിന്നതല പഠനകേന്ദ്രം) മരണമണിയാകുന്നു.   അഞ്ചുമാസമായി ഈ അധ്യാപകര്‍ക്ക് ശമ്പളമോ സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള മറ്റുചെലവുകളോ നല്‍കുന്നില്ല. 
സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ 1997-ല്‍ നടപ്പാക്കിയ പദ്ധതിയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരിലുള്ള ഭിന്നതല പഠനകേന്ദ്രങ്ങള്‍ (എം ജി എല്‍ സി).
കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തെത്തുടര്‍ന്ന് സര്‍വശിക്ഷ അഭിയാന്് ഇത്തരം പദ്ധതികളുടെ നിയന്ത്രണം ഇല്ലാതാവുകയാണ്. എം ജി എല്‍ സിയെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം സ്‌കൂളുകളാക്കി മാറ്റണമെന്നതാണ് പുതിയ വിദ്യാഭ്യാസ നയങ്ങളുടെ കാതല്‍.

ഇതോടെ 14 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകാധ്യാപക വിദ്യാലയമെന്ന സങ്കല്‍പം തന്നെ ഇല്ലാതാകും. സ്‌കൂളുകള്‍ തീരെയില്ലാത്ത ആദിവാസി മേഖലകളിലും മലയോരമേഖലകളിലും തീരദേശങ്ങളിലുമാണ് ഭിന്നതല പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 432 ഭിന്നതല പഠനകേന്ദ്രങ്ങളിലായി 14000ത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 96 ശതമാനവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.

സംസ്ഥാന സര്‍ക്കാരും ഏകാധ്യാപക വിദ്യാലയം നിലനിര്‍ത്താന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം ഭിന്നതല പഠനകേന്ദ്രങ്ങളെ സ്‌കൂളുകളാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞവര്‍ഷം അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞിരുന്നെങ്കിലും  അത് പ്രായോഗികമായി നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നു കണ്ടെത്തുകയായിരുന്നു. ഇന്‍സ്ട്രക്ടര്‍മാരുടെ ജോലി സ്ഥിരത, സ്‌കൂളുകളുടെ ഭൗതിക സൗകര്യം, അധ്യാപകരുടെ എണ്ണം, കുട്ടികളുടെ ലഭ്യത ഇവയെല്ലാം  പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ ആ ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തില്ല.

അതിനാല്‍ ഏകാധ്യാപക സ്‌കൂള്‍ നിലനിര്‍ത്തി, ശമ്പള വര്‍ധനവ് ഉണ്ടാക്കണമെന്നായിരുന്നു എം ജി എല്‍ സി ഇന്‍സ്ട്രക്ടര്‍മാരുടെ സംഘടനയായ ആള്‍ട്ടര്‍നേട്ടീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യമെന്ന് സംസ്ഥാന സെക്രട്ടറി ശാലിനി 'ജനയുഗ'ത്തോട് പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് ഏകാധ്യാപക സ്‌കുള്‍ അധ്യാപകര്‍ കഴിഞ്ഞ 19മുതല്‍ അനിശ്ചിതകാല സമരത്തിലാണ്.

അധ്യാപകരുടെ കാര്യത്തില്‍ മാത്രമല്ല, ഇവിടങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഒരു തീരുമാനവുമില്ല.  ഒന്നുമുതല്‍ നാലുവരെക്ലാസുകളിലുള്ള കുട്ടികളെ ഒന്നിച്ചിരുത്തി, പുസ്തകങ്ങള്‍ക്കു പകരം കാര്‍ഡ് സമ്പ്രദായം വഴിയാണ് പഠനം നടത്തുന്നത്. ഒരു അധ്യാപകനാണ് എല്ലാകാര്യങ്ങളും കൈകാര്യംചെയ്യുന്നത്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ഭിന്നതല പഠനകേന്ദ്രങ്ങളുള്ളത് ആന്ധ്രയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് ഇടുക്കി ജില്ലയിലാണ്- 92.  മലപ്പുറം-76, വയനാട്-55, പാലക്കാട്-33, കാസര്‍കോട്-58, തൃശൂര്‍-മൂന്ന്, കൊല്ലം-ഏഴ്, തിരുവന്തപുരം-30, എറണാകുളം-27, പത്തനംതിട്ട-12, കണ്ണൂര്‍-22,കോഴിക്കോട്-18 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രങ്ങളില്ല.

433 കേന്ദ്രങ്ങളിലായി ഇന്‍സ്ട്രക്ടര്‍മാരും അത്രതന്നെ ഹെല്‍പര്‍മാരുമുണ്ട്. ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ശമ്പളവും കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും  കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്നാണ് ലഭിച്ചിരുന്നത്. ഉച്ചക്കഞ്ഞിക്കും ഹെല്‍പര്‍മാര്‍ക്കുമുള്ള ഫണ്ട് സംസ്ഥാനസര്‍ക്കാരാണ് നല്‍കിവരുന്നത്.

1997-ല്‍ നല്‍കിവന്ന മൂവായിരം രൂപതന്നെയാണ് ഇപ്പോഴും ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രതിമാസവേതനം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും അതിനനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും പുതിയ നീക്കം ഈമേഖലയില്‍ ജോലിചെയ്യുന്നവരുടെയും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെയും ഭാവി ദുരിതത്തിലാക്കും. 
(നാരായണന്‍ കരിച്ചേരി)

janayugom 310711

യുഡിഎഫില്‍ പരക്കെ അതൃപ്തി: അക്കാദമി അധ്യക്ഷ നിയമനങ്ങളും വിവാദം

മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം അക്കാദമി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും അതൃപ്തി പടരുന്നു. കെപിസിസി നല്‍കിയ ലിസ്റ്റ് വെട്ടി സ്വന്തക്കാരെ അധ്യക്ഷപദവിയില്‍ മന്ത്രിമാര്‍ തിരുകി കയറ്റിയെന്നാണ് കോണ്‍ഗ്രസിലുയരുന്ന ആരോപണം. യുഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായി, തങ്ങളുമായി ആലോചിക്കാതെ നടത്തിയ നിയമനങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. നിയമനകാര്യത്തില്‍ ഘടകകക്ഷികളുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ,ആലോചന നടക്കുംമുമ്പ് അക്കാദമികളുടെ അധ്യക്ഷന്മാരെ മന്ത്രിമാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ അധ്യക്ഷന്മാരെയും ഇത്തരത്തില്‍ പ്രഖ്യാപിച്ചതോടെ മുന്നണിക്കുള്ളില്‍ അതൃപ്തി രൂക്ഷമായി.

സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെപിസിസി നല്‍കിയത് ഡോ. വയലാ വാസുദേവന്‍ പിള്ളയുടെ പേരായിരുന്നു. എന്നാല്‍ , പാര്‍ടി നിര്‍ദേശം മറികടന്ന് സൂര്യകൃഷ്ണമൂര്‍ത്തിയുടെ പേര് മന്ത്രി കെ സി ജോസഫ് പ്രഖ്യാപിച്ചു. ലളിതകലാഅക്കാദമിയിലേക്ക് കാട്ടൂര്‍ നാരായണപിള്ളയുടെയും കാനായി കുഞ്ഞിരാമന്റെയും പേരുകളാണ് കെപിസിസി നല്‍കിയത്. രണ്ടു പേരെയും ഒഴിവാക്കി കെ എ ഫ്രാന്‍സിസിനെ മന്ത്രി പ്രഖ്യാപിച്ചു. ഇതിനെതിരെ കാട്ടൂര്‍ നാരായണപിള്ള പരസ്യമായി രംഗത്തെത്തി. അദ്ദേഹത്തിനു നല്‍കിയ വൈസ് ചെയര്‍മാന്‍ വാഗ്ദാനം നിഷേധിച്ചേക്കുമെന്നും സൂചനയുണ്ട്. എം ജി എസ് നാരായണനെ തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറലാക്കിയതിലും പ്രതിഷേധമുണ്ട്. സാഹിത്യഅക്കാദമിയിലേക്ക് നിര്‍ദേശിച്ച ഡോ. ജോര്‍ജ് ഓണക്കൂറിനെ ഒഴിവാക്കിയതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍ പി രാജേന്ദ്രനെ നിശ്ചയിച്ച മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് തടഞ്ഞിരുന്നു. ഈ നിയമനത്തില്‍ മാതൃഭൂമി എം ഡി വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രനും തമ്മിലുള്ള തര്‍ക്കവും രാജേന്ദ്രന് വിനയായി. അതിനിടെ ചലച്ചിത്ര അക്കാദമിയില്‍ വര്‍ക്കിങ് ചെയര്‍മാനെ നിയമിക്കാനുള്ള വകുപ്പുമന്ത്രിയുടെ നീക്കത്തിനെതിരെ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. വിയോജിപ്പ് പ്രിയദര്‍ശന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി വ്യക്തമാക്കി.

നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും അഴിമതി : ഡിസിസി നേതൃയോഗത്തില്‍ വാക്കേറ്റം

ആലപ്പുഴ: ജില്ലയില്‍ പൊലീസ്, എക്സൈസ് അടക്കമുള്ള മുഴുവന്‍ വകുപ്പുകളിലെയും നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും വന്‍അഴിമതി നടന്നെന്നാരോപിച്ച് ശനിയാഴ്ച ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ വാക്കേറ്റം. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാനുള്ള നീക്കവും എഗ്രൂപ്പ് ശക്തമാക്കി. അടുത്ത ദിവസം യോഗം ചേരാനും എഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. യോഗം അറിയിച്ചില്ലെന്ന് ആരോപിച്ച് ഡിസിസി നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് രംഗത്തുവന്നു.

ജില്ലയിലെ പൊലീസ് വകുപ്പിലെ അടക്കം പല നിയമനവും സ്ഥലംമാറ്റവും ചില ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് മൂന്നാം ഗ്രൂപ്പ് നേതാവ് ആരോപിച്ചതോടെയാണ് വാക്കേറ്റം തുടങ്ങിയത്. ഡിസിസി നേതൃത്വം അറിയാതെയാണ് നിയമനവും സ്ഥലംമാറ്റവും നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് എ ഗ്രൂപ്പില്‍ നിന്ന് തടസവാദമുയര്‍ന്നതോടെ തര്‍ക്കമായി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡിസിസി പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണ് ആരോപണങ്ങള്‍ മൂന്നാംഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചതെന്നും എ ഗ്രൂപ്പിലെ ഒരംഗം ചൂണ്ടിക്കാട്ടി. വാക്കേറ്റത്തെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെ അറിയിക്കാതെ നേതൃയോഗം ചേര്‍ന്ന് ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് എ ഗ്രൂപ്പ്് നേതാക്കള്‍ ആരോപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ മറയ്ക്കാനാണ് ആരോപണവുമായി മൂന്നാംഗ്രൂപ്പ് രംഗത്തുവന്നതെന്ന് ഇവര്‍ പറഞ്ഞു. കായംകുളത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസില്‍ കയറാന്‍ പറ്റാത്ത ചില നേതാക്കളാണ് ആരോപണത്തിനു പിന്നിലെന്നും ഇവര്‍ പറയുന്നു. കായംകുളം കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് അന്വേഷണവിധേയനായ നേതാവാണ് യോഗത്തില്‍ ആരോപണം ഉയര്‍ത്തിയതെന്നും എ ഗ്രൂപ്പ് ആരോപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ദയനീയ തോല്‍വിയുണ്ടായ ജില്ലകളില്‍ ഡിസിസി നേതൃത്വത്തെ മാറ്റാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിസിസി നേതൃത്വത്തെ മാറ്റണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എം മുരളിയെ ഡിസിസി പ്രസിഡന്റാക്കാനാണ് എ ഗ്രൂപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഇതു മനസിലാക്കി മുരളിയെ ഒതുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ പിന്തുണയോടെയാണ് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടുന്ന മൂന്നാം ഗ്രൂപ്പിന്റെ നീക്കം.

കോഴഞ്ചേരിയില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് സൈമണ്‍ ചാരക്കുന്നേല്‍ വിളിച്ച മണ്ഡലം കമ്മിറ്റി ഔദ്യോഗികമല്ലെന്നും ആരും പങ്കെടുക്കരുതെന്നും കാട്ടി ഡിസിസി അംഗം കമ്മിറ്റി അംഗങ്ങളെ തടഞ്ഞു. ആന്റോ ആന്റണി എംപിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗം ഇതോടെ ഏഴു പേരില്‍ ഒതുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്് തൊള്ളായിരക്കുഴി ബില്‍ഡിങ്ങിലാണ് മണ്ഡലം കമ്മിറ്റി വിളിച്ചിരുന്നത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റും കെട്ടിടം ഉടമയും, കെപിസിസി അംഗവും ഉള്‍പ്പെടെയാണ് ഏഴു പേര്‍ പങ്കെടുത്തത്. യോഗത്തില്‍ ആരും പങ്കെടുക്കരുതെന്നും യോഗം അനൗദ്യോഗികമാണെന്നും ഡിസിസി അംഗം ജെറി മാത്യു സാം ടെലിഫോണിലൂടെ പറഞ്ഞതായാണ് അറിയുന്നത്. എ വിഭാഗം നയിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് മുതല്‍ പ്രശ്നങ്ങള്‍ സംഘട്ടനത്തിന്റെ വക്കില്‍ എത്തിയിരുന്നു. ഇതിനിടയില്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍ ചാരക്കുന്നേല്‍ തനിക്ക് ഇഷ്ടമില്ലാത്തവരോട് കമ്മിറ്റിക്കാര്യം പറഞ്ഞില്ല എന്ന ആരോപണവും സജീവമാണ്.

deshabhimani 310711

അവയവമാറ്റ ശസ്ത്രക്രിയ നിയമത്തില്‍ മാറ്റംവേണം : ഐഎംഎ ശില്‍പ്പശാല

കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ "വൈദ്യശാസ്ത്രത്തിലെ നൈതികത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല ആവശ്യപ്പെട്ടു. രാജ്യത്ത് അവയവദാനചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടുതലും ലഭ്യത കുറവുമാണ്. ഈ സാഹചര്യത്തില്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി ഉണ്ടാവണം. അവയവമാറ്റത്തിന് അനുമതി നല്‍കേണ്ട ജില്ലാതല അതോറിറ്റിക്ക് പലപ്പോഴും കൃത്യസമയത്ത് ചേരാനോ തീരുമാനമെടുക്കാനോ കഴിയുന്നില്ല. കലക്ടര്‍ ചെയര്‍മാനായ അതോറിറ്റികള്‍ തീരുമാനമെടുക്കുമ്പോഴേക്കും രോഗിയുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. മസ്തിഷ്കമരണം സംഭവിച്ചവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കുക ഫലപ്രദമാണ്. കേരളത്തില്‍ ഇത്തരത്തില്‍ അവയവദാനത്തിന് ആരും തയ്യാറാകാത്തതിനാല്‍ അന്യസംസ്ഥാനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ഇന്ത്യന്‍ജനത പ്രതിവര്‍ഷം മരുന്നുകള്‍ക്കും രോഗനിര്‍ണയത്തിനുമായി ചെലവിടുന്ന 80,000 കോടി രൂപയില്‍ പകുതിയും അനാവശ്യ മരുന്നുകള്‍ക്കും ലബോറട്ടറി പരിശോധനകള്‍ക്കുമാണ്. മാസത്തില്‍ 4000 രൂപവരെ ഒരുകുടുംബം ചികിത്സക്കായി ചെലവിടുമ്പോള്‍ ഇതിന്റെ പകുതിയും മരുന്നുകമ്പനികളുടെയും ലബോറട്ടറി ഉടമകളുടെയും ഡോക്ടര്‍മാരുടെയും ധനമോഹത്തിനായി ബലികഴിക്കേണ്ടിവരുന്നു. വിദേശരാജ്യങ്ങളില്‍ ഇതിനെതിരെ ഡോക്ടര്‍മാര്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. വന്ധ്യതാചികിത്സയില്‍ ചെലവുകുറഞ്ഞ ചികിത്സാമാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും ഉപയോഗവും വര്‍ധിപ്പിക്കണം. വന്ധ്യതാചികിത്സയുടെയും അവയവദാനത്തിന്റെയും വിശ്വാസ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ രേഖകളുടെ ഓഡിറ്റിങ് നടപ്പാക്കാന്‍ ഐഎംഎ മുന്‍കൈയെടുക്കും. രോഗികള്‍ക്കുണ്ടാവുന്ന പരാതി പരിഹരിക്കാന്‍ ഡോക്ടര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംവിധാനം നിലവില്‍വരണമെന്നും നിര്‍ദേശമുണ്ടായി. വിവിധ വിഷയങ്ങളില്‍ ഡോ. അജയ്കുമാര്‍ , അഡ്വ. കാളീശ്വരംരാജ്, ഡോ. ബി ഇക്ബാല്‍ , ഡോ. പ്രകാശ്, ജസ്റ്റിസ് എ കെ ബഷീര്‍ , ഡോ. എം കെ ഗ്രോവര്‍ , അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. വസന്ത മുത്തുസ്വാമി, ഡോ. എച്ച് കോഹ്ലി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.&ാറമവെ;പി സി ചാക്കോ എംപി ശില്‍പ്പശാല ഉദ്ഘാടനംചെയ്തു. ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. വിനയ് അഗര്‍വാള്‍ അധ്യക്ഷനായി. ഡോ. എം ഭാസ്കരന്‍ , ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. കെ മോഹന്‍ദാസ്, ഡോ. ഹേമ മേനോന്‍ , ഡോ. ജി കെ രാമചന്ദ്രപ്പ, ഡോ. ഡി ആര്‍ റായ്, ഡോ. കെ വിജയകുമാര്‍ , ഡോ. ജി വിജയകുമാര്‍ , ഡോ. ജെ രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 310711

ചിത്രപ്രദര്‍ശനമൊരുക്കി വാന്‍ഗോഗിന്റെ ചരമദിനം ആചരിച്ചു

മൂലമറ്റം: കലാപഠനത്തില്‍ പുത്തന്‍ അവബോധം കുട്ടികള്‍ക്ക് നല്‍കി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ 121-ാം ചരമദിനം ആചരിച്ചു. 1853 മുതല്‍ 1890വരെയാണ് വാന്‍ഗോഗ് ജീവിച്ചിരുന്നത്. 37-ാം വയസില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പട്ടിണിയില്‍ ജീവിച്ച വാന്‍ഗോഗ് കര്‍ഷകദുരിതങ്ങളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന ചിത്രരചനക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. പൊട്ടറ്റോ ഈറ്റേഴ്സ്, വേദനിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയ 40 ചിത്രങ്ങളും മൈക്കല്‍ ആഞ്ചലോ, ലിയനാര്‍ഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, രാജാ രവിവര്‍മ, കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.

പത്താംക്ലാസിലെ ആര്‍ട് അറ്റാക്ക് എന്ന പാഠത്തിലെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളില്‍ ചിത്രകലാരചനയുടെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കലാമൂല്യ ശോഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഐടി കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകന്‍ വി വി ഷാജി പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബ്ബുകളില്‍നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ചിത്രരചനയില്‍ പങ്കെടുത്തത്. പ്രദര്‍ശനവും വാന്‍ഗോഗ് അനുസ്മരണവും ചിത്രകാരന്‍ പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ വിശ്വനാഥന്‍ , അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ ഓമന അധ്യക്ഷയായി. പി എന്‍ സന്തോഷ് സ്വാഗതവും പി വി രാധിക നന്ദിയും പറഞ്ഞു.

deshabhimani 310711

എന്‍എസ്ജി നിര്‍ദേശങ്ങള്‍ നിലവില്‍വന്നു; ഇന്ത്യക്ക് ആണവ ഇളവുകള്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: ആണവപുനഃസംസ്കരണത്തിനും സമ്പുഷ്ടീകരണത്തിനുമുള്ള(ഇഎന്‍ആര്‍) സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് ഇനി കിട്ടില്ലെന്ന് ഉറപ്പായി. ഇന്ത്യയുള്‍പ്പെടെ ആണവനിര്‍വ്യാപന കരാറില്‍(എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഇവ നല്‍കുന്നത് നിഷേധിക്കുന്ന ആണവവിതരണസംഘത്തിന്റെ(എന്‍എസ്ജി) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ഔദ്യോഗികമായി നിലവില്‍ വന്നു. ജൂണ്‍ 24ന് നെതര്‍ലന്‍ഡ്സില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗം അംഗീകരിച്ച ഈ മാര്‍ഗനിര്‍ദേശം ഇപ്പോഴാണ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഇതോടെ 2008 സെപ്തംബറില്‍ എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് പ്രത്യേകമായി ലഭിച്ച ഇളവുകള്‍ക്ക് വിലയില്ലാതാകും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി(ഐഎഇഎ) പ്രത്യേക സുരക്ഷാമാനദണ്ഡക്കരാര്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍എസ്ജി ഇന്ത്യക്ക് മാത്രം ഇളവുകള്‍ നല്‍കിയത്. ഈ ഇളവുകള്‍ ലഭിക്കാനാണ് ഇന്ത്യ 14 സിവിലിയന്‍ റിയാക്ടറുകള്‍ ഐഎഇഎയുടെ നിരീക്ഷണത്തിന് വിട്ടുകൊടുത്തത്. എന്നാല്‍ ,ഇപ്പോള്‍ എന്‍എസ്ജി പറയുന്നത് സമഗ്ര സുരക്ഷാമാനദണ്ഡ കരാര്‍ ഒപ്പുവയ്ക്കണമെന്നാണ്. അതോടെ സൈനികാവശ്യത്തിനുള്ള റിയാക്ടറുകളും ഐഎഇഎ നിരീക്ഷണത്തിന് തുറന്നുകൊടുക്കണം.

അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിട്ടത് സമ്പൂര്‍ണ ആണവ സഹകരണത്തിനാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്. എല്ലാ നിയന്ത്രണങ്ങളും നീക്കിയാല്‍ മാത്രമേ കരാറില്‍ ഒപ്പുവയ്ക്കൂ എന്ന് പ്രധാനമന്ത്രി 2006 ആഗസ്ത് 17ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ , ഇന്ത്യ ഏറെ ആഗ്രഹിച്ച ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളുമാണ് ഇപ്പോള്‍ നിഷേധിച്ചിട്ടുള്ളത്. ഇവ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനംചെയ്തത് അമേരിക്കയായിരുന്നു. എന്നിട്ടും അമേരിക്കയ്ക്ക് നിര്‍ണായക സ്വാധീനമുള്ള എന്‍എസ്ജി, ഇന്ത്യ എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ ഇവ നല്‍കാനാകില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും നല്‍കരുതെന്ന് അമേരിക്ക നയിക്കുന്ന ജിഎട്ടും ശഠിച്ചിരുന്നു. ഇന്ത്യയുമായി ആണവക്കരാര്‍ ഒപ്പിടുന്നതിന്റെ മുന്നോടിയായി 2006 ഡിസംബറില്‍ അമേരിക്കന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഹൈഡ് ആക്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പുനഃസംസ്ക്കരണം, സമ്പുഷ്ടീകരണം, ഘനജലം എന്നിയുടെ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറരുതെന്ന് ഹൈഡ് ആക്ടിലെ 104(ഡി)(4) എ വകുപ്പ് അനുശാസിക്കുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന് ഈ നിയമം ലംഘിക്കാന്‍ കഴിയില്ലെന്നതാണ് അവര്‍ക്ക് മേധാവിത്വമുള്ള ജി എട്ടും എന്‍എസ്ജിയും ഇന്ത്യക്ക് ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും നിഷേധിക്കാന്‍ കാരണം. ആണവക്കരാറിന്റെ ഭാഗമായി ഇന്ത്യ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും അമേരിക്ക വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഇടതുപക്ഷപാര്‍ടികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്.
(വി ബി പരമേശ്വരന്‍)

deshabhimani 310711

ആശുപത്രി അവതാളത്തില്‍ ; മന്ത്രിക്ക് പ്രിയം "വിസ്മയയാത്ര"

മാനന്തവാടി: ജനങ്ങള്‍ക്ക് ഏറെ ആശ്രയമായ ജില്ലാ ആശുപത്രിയുടെ നില "അതീവ ഗുരുതര"മായിട്ടും സ്ഥലം എംഎല്‍എ കൂടിയായ പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒരു നടപടിയുംസ്വീകരിച്ചില്ല. രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച യുവ എംഎല്‍എ മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ "വിസ്മയയാത്ര" നടത്തുകയായിരുന്നു മന്ത്രി പി കെ ജയലക്ഷ്മി. ജില്ലാ ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി പ്രസവവാര്‍ഡ് അടച്ചിട്ടതുപോലും മന്ത്രി പി കെ ജയലക്ഷ്മി അറിഞ്ഞതായി നടിച്ചിട്ടില്ല.

അയ്യായിരത്തിലധികം രോഗികള്‍ ചികിത്സതേടി എത്തുന്ന ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. 46 ഡോക്ടര്‍മാര്‍ വേണ്ട ജില്ലാ ആശുപത്രിയില്‍ 20 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഉള്ളവരെ തന്നെ വര്‍ക്കിങ് അറേജ്മെന്റായി ജില്ലയിലെ ചില ആശുപത്രികളില്‍നിയമിച്ചിരിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തില്‍നാല് ഡോക്ടര്‍മാരാണ് വേണ്ടത്. രേഖയില്‍ മൂന്ന് ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലുണ്ട്. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ കല്‍പ്പറ്റ, ബത്തേരി ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. ഫലത്തില്‍ ഒരു ഡോക്ടറാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇരുവരും അവധിയില്‍പോയതോടെ പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ദിവസം 12ലധികം പ്രസവങ്ങള്‍ നടക്കുന്ന ജില്ലാ ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി കെ ജയലക്ഷ്മി നിസംഗതപാലിച്ചു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെയും മന്ത്രി പി കെ ജയലക്ഷ്മിയെയും ആശുപത്രിയുടെ അവസ്ഥ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ബോധ്യപ്പെടുത്തിയതാണ്. രണ്ട് മന്ത്രിമാരും ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായില്ല.

അറുപത് ശതമാനം ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ ആശുപത്രിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മൂന്നു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ പോലുമില്ല. ജില്ലയിലെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെത്. ശ്രീ ചിത്തിര മെഡിക്കല്‍ സെന്ററിനായി സ്ഥലം കണ്ടെത്താനുംജില്ലയിലെ ആദ്യ മെഡിക്കല്‍ കോളേജിനെറ ഉടമക്ക് സ്വീകരണമൊരുക്കാനും തിടുക്കം കാണിക്കുന്നവര്‍ നിലവിലുള്ള ആശുപത്രികളുടെ ദൈന്യത കണ്ടില്ലെന്ന് നടിക്കുകയാണ്. പകര്‍ച്ചപ്പനിയും കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും ജില്ലയില്‍ ഭീകരത പരത്തുമ്പോഴും ആരോഗ്യവകുപ്പും മന്ത്രി പി കെ ജയലക്ഷ്മിയും സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കിടയില്‍ .

പ്രസവവാര്‍ഡ് തുറന്നു; രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചു

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരും നടത്തിയ സമരത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ നിയമിച്ചത്. മാനന്താടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവന്ന ഡോ. എലിസബത്ത്, ബത്തരി താലൂക്ക് ആശുപത്രിയില്‍ വര്‍ക്കിങ് അറേജ്മെന്റിനായി അയച്ച ഡോ. ശാന്തകുമാരി എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത്. യുവജന സമരത്തെ തുടര്‍ന്ന്വെള്ളിയാഴ്ച തന്നെ ഡോ.ശാന്തകുമാരിയെ തിരിച്ചുവിളിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിഎംഒയുടെ അനാസ്ഥയെ തുടര്‍ന്നാണ് നിയമനം വൈകിയത്. നിയമന ഉത്തരവ് നല്‍കാന്‍ താമസിച്ചതിനാലാണ് ഡോ. ശാന്തകുമാരി വെള്ളിയാഴ്ച തന്നെ ചുമതലയേക്കാതിരുന്നതെന്നാണ് അറിയുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നും വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നിയമിച്ച ഡോക്ടറെ തിരികെ വിളിക്കാന്‍ ഡിഎംഒ തയ്യാറായിട്ടില്ല. ഇപ്പോഴും ഈ ഡോക്ടര്‍ കല്‍പ്പറ്റയില്‍ തന്നെ തുടരാന്‍ അനുവദിച്ചതിന്റെ സാഹചര്യം ഇനിയും വ്യക്തമായിട്ടില്ല.

deshabhimani 310711

സംഘപരിവാര്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നു

പത്തനംതിട്ട: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തുന്ന ആയുധ പരിശീലനം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. ഭരണം മാറിയ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ ശക്തികള്‍ ആയുധ പരിശീലനം ശക്തമാക്കുന്നത്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആയുധ പരിശീലനവും ഗുണ്ടാ വിളയാട്ടവും പ്രദേശത്തുകാരുടെ ജീവിതം ദുരിത പൂര്‍ണമായക്കിയിരിക്കുകയാണ്. രണ്ടു മാസത്തോളമായി ആര്‍എസഎസ് ഇവിടെ പ്രത്യക്ഷമായി ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രമുറ്റത്ത് വൈകിട്ട് ആറോടെ എത്തുന്ന ആര്‍എസ്എസുകാര്‍ രാത്രി വൈകിയും ഇവിടെ ആയുധ പരിശീലനം നടത്തുന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരവരെ ആര്‍എസ്എസുകാരുടെ കേന്ദ്രമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് ആര്‍എസ്എസ് വിളയാട്ടം എന്ന ആക്ഷേപം ശക്തമാണ്.

ഇവിടെ ആയുധ പരിശീലനം നടത്തുന്ന ആര്‍എസ്എസുകാരാണ് കഴിഞ്ഞ ദിവസം മുസ്ലിയാര്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അക്രമിച്ചത്. കഴിഞ്ഞ ദിവസംഡിവൈഎഫ്ഐ പ്രവര്‍ത്തകരുംആര്‍എസ്എസ് അക്രമത്തിന് ഇരയായി. കമ്മിറ്റി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു കയറ്റിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് സംഘം കൊലവിളി നടത്തിയത്. ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആയുധങ്ങളുമായി എത്തിയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ പോര്‍വിളി നടത്തിയത്. വൈകിട്ടോടെ മദ്യലഹരിയില്‍ ക്ഷേത്ര പരിസരത്തെത്തുന്ന ആര്‍എസ്എസുകാര്‍ സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ രതീഷിന്റെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച് പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

deshabhimani 310711

തൃണമൂല്‍ കല്‍പ്പിക്കുന്നു, "ശുഭ്ര ഇനി പാടരുത്"

ബംഗാള്‍ സിപിഐ എം ചീഫ് വിപ്പിനെ തൃണമൂലുകാര്‍ ആക്രമിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലെ സിപിഐ എം ചീഫ് വിപ്പും സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്ദുറസാഖ് മൊള്ളയെ തൃണമൂല്‍ കോണഗ്രസുകാര്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാവ് സത്താര്‍ മൊള്ളയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. കാര്‍ അടിച്ചുതകര്‍ത്തു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രബീര്‍ റോയ് ചൗധരിയുടെ ബന്ധുക്കളായ റാണാ ബോസ്, രാഹുല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കാര്‍ തടഞ്ഞ അക്രമികള്‍ സത്താര്‍ മൊള്ളയെ പിടിച്ചുവലിച്ച് പുറത്തിട്ട് മര്‍ദിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ കാനിങ്ങില്‍ കര്‍ഷകരില്‍നിന്ന് തൃണമൂലുകാര്‍ പിടിച്ചെടുത്ത ഭൂമി മുന്‍ ഭൂപരിഷ്കരണമന്ത്രികൂടിയായ അബ്ദുറസാഖ് മൊള്ളയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ തിരിച്ചുപിടിച്ചിരുന്നു. ഇതിന്റെ പകയാണ് അക്രമത്തിനുപിന്നിലെന്ന് കരുതുന്നു. പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര അക്രമത്തെ അപലപിച്ചു.

തൃണമൂല്‍ കല്‍പ്പിക്കുന്നു, "ശുഭ്ര ഇനി പാടരുത്"

ആരാംബാഗ് (പശ്ചിമബംഗാള്‍): ശുഭ്ര പരൂയിയുടെ ജീവിതത്തില്‍ മായ്ക്കാനാകാത്ത മുറിവേറ്റു. ഓര്‍മവച്ച നാള്‍മുതല്‍ താലോലിച്ച ഹാര്‍മോണിയം അക്രമികള്‍ കവര്‍ന്നു. രണ്ടുമണിക്കൂറോളം തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെങ്കിലും പതറാതെ പിടിച്ചുനിന്നു. എന്നാല്‍ , തന്റെ ജീവനായ ഹാര്‍മോണിയം കൊണ്ടുപോയപ്പോള്‍ തളര്‍ന്നുപോയി. ശുഭ്ര പൊതുപ്രവര്‍ത്തകയും അധ്യാപികയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹുഗ്ലി ജില്ലയിലെ ഖാനാകുല്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി. രവീന്ദ്രസംഗീത കലാകാരികൂടിയായ ശുഭ്രയുടെ വീടാക്രമിച്ചത്, തൃണമൂലിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാണ്. ആക്രമണത്തില്‍ ശുഭ്രയുടെ ഭര്‍ത്താവും സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അശോക് പരൂയിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ശുഭ്രയെ രണ്ടുമണിക്കൂറോളം മര്‍ദിക്കുകയും ബ്ലൗസ് വലിച്ചുകീറുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കമ്മല്‍ പറിച്ചെടുത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച ഖാനാകുല്‍ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയോട്, പൊട്ടിക്കരഞ്ഞാണ് ശുഭ്ര ദുരനുഭവങ്ങള്‍ വിവരിച്ചത്. അമ്പതോളം അക്രമികള്‍ വീടിന്റെ ഇരുമ്പുഗേറ്റ് അടിച്ചുതകര്‍ത്ത് അകത്തുകയറി മര്‍ദിക്കുകയായിരുന്നു. അശോകിന്റെ തല അടിച്ചുപൊളിച്ചു. ബോധശൂന്യനായി അശോക് നിലംപതിച്ചു. ശുഭ്രയെ വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിച്ച് ഒരുമണിക്കൂറോളം മര്‍ദിച്ചു. വിലപിടിച്ച സാധനങ്ങളെല്ലാം എടുത്താണ് അക്രമികള്‍ മടങ്ങിയത്. ബൈക്ക് കത്തിച്ചു. ടിവി, വിസിആര്‍ , മേശ, കസേരകള്‍ , ധാന്യം എന്നിവയടക്കം കൊണ്ടുപോയി. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തിയത് ഏറെ വൈകി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. സിപിഐ എം പ്രവര്‍ത്തകരെ ഇനി ആക്രമിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അണികളെ ഉപദേശിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്ത്രീകളെ അപമാനിക്കുകയും വീടുകയറി ആക്രമിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)

deshabhimani 310711

കരട് വ്യവസായനയം: സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍

യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുയര്‍ന്നു. ഘനധാതു ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് വ്യവസായവകുപ്പ് പ്രസിദ്ധീകരിച്ച കരട് നയം പറയുന്നു. എന്നാല്‍ ,മൂന്നുമന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് ചവറയില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലക്ക് അനുമതി നല്‍കിയതെന്ന് തെളിഞ്ഞു. സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവും കാര്യക്ഷമതയും യോഗ്യതയുമുള്ളവരെ നിയമിക്കാന്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ , കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടറായി മുസ്ലിംലീഗ് ജില്ലാസെക്രട്ടറിയെ നിയമിച്ചത് കരട് നയം പ്രസിദ്ധീകരിച്ച അതേ മന്ത്രിതന്നെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച യോഗ്യതയുള്ള ഉദ്യോഗസ്ഥനെ മാറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി രാഷ്ട്രീയ നിയമനമാക്കുകയായിരുന്നു. ഓട്ടോ കാസ്റ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ , കേരള ഓട്ടോ മൊബൈല്‍ എന്നീ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികളിലും യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയില്ലെന്ന് കരട് നയത്തില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റ ഉടന്‍ ഓട്ടോകാസ്റ്റിലെ ജീവനക്കാരുടെ ആനൂകല്യങ്ങള്‍ വെട്ടിക്കുറച്ചു. പുറമെ നിരുപദ്രവമെന്നു തോന്നുന്ന അപകടകരമായ നിര്‍ദേശങ്ങളും കരട് നയത്തില്‍ ഉണ്ട്. ഖനനമേഖലയില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന പരാമര്‍ശം അതുവഴി വിദേശനിക്ഷേപം ക്ഷണിച്ചുവരുത്താനാണെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പശ്ചാത്തലസൗകര്യ വികസനരംഗത്തടക്കം പൊതു സ്വകാര്യ സംരംഭങ്ങള്‍ക്കാണ് നയം പ്രാധാന്യം നല്‍കുന്നത്. ഡെവലപ്മെന്റ് ഏരിയകളും ഡെവലപ്മെന്റ് പ്ലോട്ടുകളും പൊതു സ്വകാര്യ സംരംഭ മാതൃകയില്‍ വ്യവസായ പാര്‍ക്കുകളാക്കുമെന്നും പ്രഖ്യാപനമുണ്ട്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തശേഷം അടിസ്ഥാന സൗകര്യവികസനം പിപിപി മാതൃകയില്‍ നടത്തുന്നത് ഭൂമി സ്വകാര്യമേഖലയുടെ കൈയില്‍ എത്താന്‍ മാത്രമേ സഹായിക്കൂ.

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; പദ്ധതി നിര്‍ത്തിയെന്ന് കമ്പനി

കൊല്ലം: കെഎംഎംഎല്ലിന്റെ കരിമണല്‍ ഖനന സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് എം ചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചത്. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) കരിമണല്‍ ഖനനത്തിന് പാട്ടം ലഭിച്ച ഭൂമിയില്‍ ഖനനം നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കി രണ്ടു ദിവസത്തിനു ശേഷമായിരുന്നു ഈ മറുപടി.

ജൂലൈ 11ന് നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കരിമണല്‍ ഖനനം ആരംഭിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിയത്. തുറമുഖമന്ത്രി കെ ബാബു, തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ , കെഎംഎംഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ജെ ജോര്‍ജ് എന്നിവരും സംബന്ധിച്ചതായി യോഗത്തിന്റെ മിനിറ്റ്സ് സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയതെന്നും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിയതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികള്‍ വഴി കരിമണല്‍ ശേഖരിക്കുന്ന നടപടി നിര്‍ത്തിയതായും മന്ത്രി പറഞ്ഞു. കെഎംഎംഎല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 8000 ടണ്ണിന്റെ ഇല്‍മനൈറ്റാണ് വേണ്ടത്. സ്വകാര്യ വ്യക്തികളില്‍നിന്ന് 3800 ടണ്ണാണ് ലഭിച്ചത്. ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് വ്യക്തികളില്‍നിന്ന് കരിമണല്‍ ശേഖരിക്കേണ്ടെന്ന് തീരുമാനിച്ചത്. കോവില്‍തോട്ടം പാക്കേജ് ഭേദഗതിയോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

deshabhimani 310711

യെദ്യൂരപ്പ ഇടഞ്ഞാല്‍ പാര്‍ടി പിളരും; ഊരാക്കുടുക്കില്‍ ബിജെപി

പിന്‍ഗാമിയെ കണ്ടെത്താനായില്ല: കര്‍ണാടക പ്രതിസന്ധി രൂക്ഷം

ബംഗളൂരു: ഞായറാഴ്ച ഗവര്‍ണര്‍ക്ക് രാജി നല്‍കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചെങ്കിലും പിന്‍ഗാമിയെ കണ്ടെത്താനാകാതെ ബിജെപി കേന്ദ്രനേതൃത്വം കടുത്ത പ്രതിസന്ധിയില്‍ . രാജിസന്നദ്ധത അറിയിച്ച യെദ്യൂരപ്പ അണിയറയില്‍ വിമതനീക്കങ്ങളുമായി വിലപേശല്‍ തുടരുകയാണ്. തന്റെ വിശ്വസ്തനായ ആളെ മുഖ്യമന്ത്രിയാക്കാനും തനിക്ക് ഇഷ്ടപ്പെട്ട മറ്റ് ഉന്നതപദവി തരപ്പെടുത്താനും യെദ്യൂരപ്പ നടത്തുന്ന നീക്കങ്ങള്‍ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദതന്ത്രത്തിലൂടെ നേത്യത്വത്തെ വരച്ചവരയില്‍ നിര്‍ത്താനാണ് യെദ്യൂരപ്പ ശ്രമിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച രാത്രി വൈകിയും തുടരുകയാണ്.

മൂന്നുദിവസം നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യെദ്യൂരപ്പ രാജിവയ്ക്കുമെന്ന് അറിയിച്ചത്. യെദ്യൂരപ്പയുടെ വിശ്വസ്തനായ ജലവിഭവമന്ത്രി ബസവരാജ് ബൊമ്മെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യെദ്യൂരപ്പ നിര്‍ദേശിക്കുന്നവരില്‍നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാമെന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ബംഗളൂരുവിലെത്തി തമ്പടിക്കുന്ന ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ്സിങ്ങും ഉറപ്പുനല്‍കി. കേന്ദ്രനേതൃത്വത്തിനുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരെ നിര്‍ദേശിക്കണമെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡി വി സദാനന്ദഗൗഡ എംപി, ഉന്നതവിദ്യാഭ്യാസമന്ത്രി വി എസ് ആചാര്യ, നിയമമന്ത്രി എസ് സുരേഷ്കുമാര്‍ എന്നിവരാണ് സജീവപരിഗണനയിലുള്ളത്. കടുത്ത യെദ്യൂരപ്പവിരുദ്ധനായി അറിയപ്പെടുന്ന ദേശീയ ജനറല്‍ സെക്രട്ടറി എച്ച് എന്‍ അനന്ത്കുമാര്‍ എംപിയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് 67 എംഎല്‍എമാര്‍ കേന്ദ്രനേതാക്കളെ നേരിട്ട് അറിയിച്ചു.

രാത്രി ഏറെ വൈകിയും നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ തിരക്കുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ജഗദീഷ് ഷെട്ടാര്‍ , കെ എസ് ഈശ്വരപ്പ എന്നിവര്‍ രാത്രി എട്ടോടെ ഹോട്ടലിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. റെഡ്ഡിസഹോദരങ്ങളും നേതാക്കളുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കകം രാജിവയ്ക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം യെദ്യൂരപ്പ തള്ളിയിരുന്നു. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിതീരുമാനം പുനഃപരിശോധിക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ , പാര്‍ടി തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് കേന്ദ്രനേതൃത്വം അന്ത്യശാസനം നല്‍കി.

ശനിയാഴ്ച രാവിലെ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ്സിങ്, വെങ്കയ്യനായിഡു എന്നിവരുമായി യെദ്യൂരപ്പ വീണ്ടും ചര്‍ച്ച നടത്തി. ആദ്യം രാജി, പിന്നീട് ചര്‍ച്ച എന്നായിരുന്നു കേന്ദ്രനേതാക്കളുടെ നിലപാട്. രാജി നീളുന്നതില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അസന്തുഷ്ടി അറിയിച്ചു. എന്നാല്‍ , ഉപാധി അംഗീകരിക്കാതെ രാജിവയ്ക്കില്ലെന്ന് ഉറച്ചുനില്‍ക്കുകയാണ് യെദ്യൂരപ്പ. ശക്തി തെളിയിക്കാനായി തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരെ പ്രത്യേക ബസില്‍ കേന്ദ്രനേതാക്കള്‍ തങ്ങുന്ന ഹോട്ടലില്‍ എത്തിച്ചു. യെദ്യൂരപ്പയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരി ശോഭ കരന്ത്ലാജയെ മുഖ്യമന്ത്രിയാക്കില്ലെന്നും ഇതിന്റെ പേരില്‍ ഭരണം പോയാലും സാരമില്ലെന്നും കേന്ദ്രനേതാക്കള്‍ യെദ്യൂരപ്പയെ അറിയിച്ചു. പാര്‍ടി ഭാരവാഹികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും.

രാവിലെമുതല്‍ നഗരത്തില്‍ ഇരുഗ്രൂപ്പും പ്രത്യേകം യോഗം ചേര്‍ന്നു. വൈകിട്ട് യെദ്യൂരപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തി. ആഭ്യന്തരമന്ത്രി ആര്‍ അശോകും യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്ന് മന്ത്രി വി എസ് ആചാര്യ പറഞ്ഞു. ഖനന അഴിമതിയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യണമെന്ന് ലോകായുക്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകരാഷ്ട്രീയം കലുഷമായത്.
(പി വി മനോജ്കുമാര്‍)

യെദ്യൂരപ്പ ഇടഞ്ഞാല്‍ പാര്‍ടി പിളരും; ഊരാക്കുടുക്കില്‍ ബിജെപി

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി എസ് യെദ്യൂരപ്പയെ മാറ്റിയാലും കര്‍ണാടകത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. പാര്‍ടിയില്‍ വിമതനീക്കം സജീവമായതിനാല്‍ പുതിയ സര്‍ക്കാരിന്റെ ആയുസ്സിനെച്ചൊല്ലി ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്കും ആശങ്ക. യെദ്യൂരപ്പയെ പിണക്കിയാല്‍ കര്‍ണാടകത്തില്‍ ബിജെപി പിളരുമെന്നും സര്‍ക്കാര്‍ നിലംപൊത്തുമെന്നും ബിജെപി കേന്ദ്രനേതൃത്വം ഭയക്കുന്നു. അതുകൊണ്ടാണ് പാര്‍ടിയോട് ബലപരീക്ഷണത്തിനിറങ്ങിയ യെദ്യൂരപ്പയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിന് കഴിയാത്തതും. രാജിവച്ചാലേ സ്ഥാനമാനങ്ങളെപ്പറ്റി തീരുമാനിക്കൂ എന്ന കേന്ദ്രനേതാക്കളുടെ നിലപാട് തിരുത്തിക്കാന്‍ യെദ്യൂരപ്പയ്ക്കായി. രാജിക്ക് ബദലായി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും സര്‍ക്കാര്‍ ഏകോപനസമിതി അധ്യക്ഷസ്ഥാനവും സുപ്രധാനവകുപ്പുകളും യെദ്യൂരപ്പ ആവശ്യപ്പെട്ടു. അനുയായികളെ പ്രധാനപ്പെട്ട വകുപ്പുകളില്‍ അവരോധിച്ച് പാര്‍ടിക്കുള്ളിലെ എതിര്‍ചേരിയെ നിലയ്ക്കുനിര്‍ത്താനാണ് നീക്കം. പാര്‍ടിക്കുള്ളിലെ മുഖ്യശത്രു അനന്ത്കുമാറിന്റെ നോമിനിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാടിലും യെദ്യൂരപ്പ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. പ്രശ്നം പരിഹരിച്ചെന്നവിശ്വാസത്തോടെ കേന്ദ്രനേതാക്കള്‍ക്ക് ഡല്‍ഹിയിലേക്ക് മടങ്ങാനാകില്ല. യെദ്യൂരപ്പയെ നീക്കരുതെന്ന് 62 എംഎല്‍എമാര്‍ നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നേതാക്കള്‍ക്കെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

സംസ്ഥാനത്തെ മത-സാമുദായിക സംഘടനകളില്‍ യെദ്യൂരപ്പയുടെ സ്വാധീനം ചെറുതായി കാണാനാകില്ല. നേരത്തെ വിമതനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെ ഒപ്പം നിര്‍ത്താന്‍ യെദ്യൂരപ്പയ്ക്കു കഴിഞ്ഞു. ലോകായുക്തയുടെ ഖനന അഴിമതി റിപ്പോര്‍ട്ടില്‍ പ്രബലരായ റെഡ്ഡി സഹോദരങ്ങളും കുടുങ്ങിയതോടെ ഇവരും യെദ്യൂരപ്പയ്ക്കൊപ്പമായി. മുഖ്യമന്ത്രിയായി തുടരാനായാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളുമെന്നും മറ്റു നിയമനടപടികള്‍ ഉണ്ടാകില്ലെന്നും യെദ്യൂരപ്പ റെഡ്ഡിമാര്‍ക്കും മറ്റും നേരത്തെ ഉറപ്പുനല്‍കിയിട്ടുണ്ട്. അനധികൃതഖനനത്തിലൂടെ പത്തുവര്‍ഷമായി സംസ്ഥാനത്തിന് നഷ്ടമായ 16,085 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ടിയെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കം പുതിയ മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കേണ്ട.

deshabhimani 310711

ശ്രീധരന്‍പിള്ളക്കെതിരെ ജന്മഭൂമിയില്‍ കത്ത്; പിന്നില്‍ ആര്‍എസ്എസ്

പാലക്കാട്: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് "ജന്മഭൂമി" പത്രത്തില്‍ കത്തിന്റെ രൂപത്തില്‍ വന്ന ലേഖനം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ. തുടക്കം മുതലേ ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന ശ്രീധരന്‍പിള്ള മാറാട് കലാപത്തോടെ ആര്‍എസ്എസുമായി കൂടുതല്‍ അകന്നിരുന്നു. മുസ്ലിംസമുദായ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ആര്‍എസ്എസ് നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാറാട് സംഭവക്കാലത്ത് സംഘ്പരിവാറിന്റെ എതിര്‍പ്പ് അവഗണിച്ച് പി കെ കുഞ്ഞാലിക്കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് ശ്രീധരന്‍പിള്ളയാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പിള്ളക്കെതിരെ നടപടിയെടുക്കുന്നതിന് ആര്‍എസ്എസിന് തടസ്സമായിരുന്നു. ഇപ്പോള്‍ പാര്‍ടിയുടെ നിയന്ത്രണം പൂര്‍ണമായും പിടിയിലായതോടെ ആരേയും ഒതുക്കാമെന്ന അവസ്ഥയിലാണ് ആര്‍എസ്എസ്.

പി പി മുകുന്ദനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയശേഷം "ജന്മഭൂമി" പത്രത്തിന്റെ നിയന്ത്രണവും ആര്‍എസ്എസിനാണ്. ബിജെപിയിലെ ആരും ഡയറക്ടര്‍ബോര്‍ഡിലില്ല. കടുത്ത ആര്‍എസ്എസുകാരായ കുമ്മനം രാജശേഖരനെ ചെയര്‍മാനും കിഷോര്‍ ഭാര്‍ഗവിനെ എംഡിയുമാക്കി. ശ്രീധരന്‍ പിള്ളക്കെതിരായ കത്ത് പത്രത്തില്‍ വരുന്നതിനുമുമ്പേ ആര്‍എസ്എസിന്റെ പ്രമുഖനേതാക്കളെല്ലാം അറിഞ്ഞിരുന്നുവെന്ന് സൂചനയുണ്ട്. ബിജെപിസംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സെക്രട്ടറി കെ സുരേന്ദ്രനും ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നു. അതിനിടെ, പോഷകസംഘടനാ സംസ്ഥാന നേതാവിന്റെ പേരില്‍ പത്രത്തില്‍ വന്ന കത്ത് മറ്റാരോ എഴുതിയതാണെന്നും ആക്ഷേപമുണ്ട്. മാറാടുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന നേതാവിന്റെ പേരില്‍ നല്‍കുകയായിരുന്നു. കേന്ദ്ര നിര്‍വാഹകസമിതി അംഗത്തിനെതിരെ പാര്‍ടി പത്രത്തില്‍ വാര്‍ത്ത വന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഒ രാജഗോപാല്‍ , സി കെ പത്മനാഭന്‍ , പി കെ കൃഷ്ണദാസ് തുടങ്ങി എ എന്‍ രാധാകൃഷ്ണന്‍ , എം ടി രമേശ് വരെയുള്ളവര്‍ ഇക്കാര്യം പാര്‍ടിയില്‍ ഉന്നയിച്ചു. അതേസമയം മാറാട് വിഷയത്തിലെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്രീധരന്‍പിള്ള.
(ഇ എസ് സുഭാഷ്)

ദേശാഭിമാനി 310711

എക്സൈസ് മന്ത്രിക്ക് ഉപഹാരം: മദ്യശാലകളില്‍ വന്‍ പണപ്പിരിവ്

കൊച്ചി: എക്സൈസ്മന്ത്രി കെ ബാബുവിന് ഉപഹാരം നല്‍കാനെന്ന പേരില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളിലും ബാറുകളിലും വന്‍ പണപ്പിരിവ്. ബാറുകളില്‍നിന്ന് 5000 മുതല്‍ ലക്ഷംവരെയാണ് പിരിവ്. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിെന്‍റയും മദ്യവില്‍പ്പനശാലകള്‍ക്ക് 10,000 രൂപയാണ് ക്വോട്ട നിശ്ചയിച്ചത്. മദ്യവ്യാപാരരംഗത്തുള്ള മൂന്ന് കോണ്‍ഗ്രസ് അനുകൂല യൂണിയനുകള്‍ ചേര്‍ന്ന് ആഗസ്ത് ഒന്നിന് കൊച്ചിയില്‍ നടത്തുന്ന കണ്‍വന്‍ഷനിലാണ് എക്സൈസ്മന്ത്രിക്ക് സ്വീകരണവും ഉപഹാരം നല്‍കലും. കെ പി ധനപാലന്‍ എംപി പ്രസിഡന്റായ ബിവറേജസ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്, കെപിസിസി അംഗം ടി യു രാധാകൃഷ്ണന്‍ പ്രസിഡന്റായ ബിവറേജസ് കോര്‍പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ്, എന്‍ അഴകേശന്‍ പ്രസിഡന്റായ ടോഡി ആന്‍ഡ് അബ്കാരി വര്‍ക്കേഴ്സ് കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നാണ് മന്ത്രിക്ക് ഉപഹാരം നല്‍കുന്നത്. യൂണിയനുകളുടെ സംയുക്ത സംസ്ഥാന കണ്‍വന്‍ഷന്‍ എന്ന പേരില്‍ മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രിയുടെ ചിത്രംവച്ച് പോസ്റ്ററും രസീതുമൊക്കെ ഇറക്കി ആഴ്ചകള്‍ക്കുമുമ്പേ പിരിവു തുടങ്ങി.

സംസ്ഥാനത്താകെ ബിവറേജസിന്റെ 338ഉം കണ്‍സ്യൂമര്‍ഫെഡിെന്‍റ 54ഉം ചില്ലറവില്‍പ്പനശാലകളാണുള്ളത്. ഇവിടങ്ങളില്‍നിന്നുമാത്രം 50 ലക്ഷത്തോളം രൂപയാണ് പിരിവെടുത്തത്. എല്ലായിടത്തും രസീത് കൊടുത്തിട്ടുമില്ല. മൂന്നു യൂണിയനുകളിലും കൂടി നൂറില്‍താഴെ അംഗങ്ങള്‍മാത്രമാണുള്ളത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഇവരില്‍നിന്ന് 100 രൂപ നിര്‍ബന്ധ രജിസ്ട്രേഷന്‍ഫീസും പിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വന്‍നിരതന്നെ ഉപഹാരസമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് നോട്ടീസിലെ അറിയിപ്പ്. എന്നാല്‍ , കെ പി ധനപാലന്‍ , ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ഐഎന്‍ടിയുസി നേതാവ് കെ പി ഹരിദാസ് എന്നിവരുള്‍പ്പെടെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ടിയുമായി ആലോചിക്കാതെ മന്ത്രി കെ ബാബുതന്നെ പരിപാടി സംഘടിപ്പിച്ചതാണെന്നാണ് ഇവരുടെ ആക്ഷേപം.
(എം.എസ്.അശോകന്‍)

ദേശാഭിമാനി 310711

Saturday, July 30, 2011

വിശേഷണങ്ങളിലൊതുങ്ങാത്ത വിപ്ലവകാരി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച മുന്‍നിരപ്പോരാളി... സി എച്ച്. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ആ മാതൃകാ കമ്യണിസ്റ്റിന്റെ ജന്മശതമാബ്ദി വര്‍ഷമാണിത്. ഒരു വര്‍ഷം നീണ്ട ആഘോഷപരിപാടികളാണ് കേരളത്തിലാകെ. സമരതീഷ്ണമായ ഇന്നലെകളിലെ ജ്വലിപ്പിക്കുന്ന ആ സാന്നിധ്യം ഓര്‍മ്മിക്കുകയാണിവിടെ.
 
വഴി വരമ്പിലൂടെ നടന്നെത്തുന്ന കാലം

മകന്റെ വരവും പ്രതീക്ഷിച്ച് ഉറിയില്‍ ചോറും കറികളും സൂക്ഷിച്ച് ഉറങ്ങാതിരിക്കുന്ന അമ്മ. നാടിനായി സ്വയം സമര്‍പ്പിച്ച ഏക മകന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഓരോ ദിവസവും ചീക്കോളി നാരായണിയമ്മ. സി എച്ച് കണാരനും അമ്മയും തമ്മിലുള്ള ബന്ധം അത്രമേല്‍ ദൃഢമായിരുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും കണ്ണീരും ദുരിതവും അകറ്റാന്‍ ഓടിനടന്ന സി എച്ച് അപൂര്‍വമായേ വീട്ടില്‍ എത്താറുള്ളൂ. പലപ്പോഴും രാത്രി വൈകും. മുഷിഞ്ഞ വസ്ത്രങ്ങള്‍ സഞ്ചിയില്‍ . പരാതിയും പരിഭവവുമില്ലാതെ മകനെ കണ്‍കുളിര്‍ക്കെ കണ്ടുനില്‍ക്കും. കഞ്ഞി കഴിച്ച് അകത്തെ പഴയ പത്തായത്തില്‍ ഉറക്കം. രാവിലെ വീണ്ടും യാത്ര. വൈകിട്ട് അലക്കിയ വസ്ത്രവുമായി മരുമകളുടെ മകന്‍ പ്രഭാകരന്‍ മാക്കൂട്ടത്ത് നില്‍ക്കും. അതുവഴി പോകുന്ന ഏതെങ്കിലും വാഹനത്തില്‍ സി എച്ചുണ്ടാവും. ആരോടും ദേഷ്യപ്പെടില്ല. പുസ്തകം വാങ്ങാന്‍ എത്ര പണവും തരും. അമ്മാമനെക്കുറിച്ച് പറയുമ്പോള്‍ മരുമക്കളായ അംബുജാക്ഷിക്കും അനുജത്തി ഭാനുമതിക്കും നൂറ് നാവ്. വീട്ടില്‍ അമ്മാമന്‍ എത്തിയാല്‍ മുറ്റംനിറയെ ആളുകളാവും. ആവലാതികള്‍ കേള്‍ക്കും. തിന്നാനും കുടിക്കാനുമൊന്നും നേരമുണ്ടാവില്ല.

ഒരു ദിവസം അതിരാവിലെ വാതിലില്‍ മുട്ട്. സായുധപൊലീസ്. അമ്മാമന്‍ വീട്ടിലില്ലെന്ന് പറഞ്ഞിട്ട് വിശ്വാസംപോര. വീടും പരിസരവും പൊലീസ് വലയത്തില്‍ . പെണ്ണുങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞിട്ടും മടങ്ങാന്‍ കൂട്ടാക്കിയില്ല. നാട്ടുകാരായ പുരുഷന്മാരുടെ സാന്നിധ്യത്തിലേ പരിശോധിക്കാന്‍ വിടൂ എന്ന് വാശിപിടിച്ചു. പൊലീസിന് വഴങ്ങേണ്ടിവന്നു. തലശേരി-മാഹി ദേശീയപാതയില്‍ മാക്കൂട്ടത്തുനിന്ന് പാറാലിലേക്കുള്ള റോഡില്‍ പുന്നോല്‍ പള്ളേരി ലക്ഷ്മിയമ്മ സ്കൂളിന് വിളിപ്പാടകലെയാണ് സി എച്ച് കണാരന്‍ പിറന്ന തറവാട്. സാധാരണ നാട്ടിന്‍പ്രദേശം. സി എച്ച് നടന്നുപോയ പഴയ ഇടവഴി റോഡായി. വഴിവരമ്പിലൂടെ നടന്നെത്തുക ചരിത്രം സ്പന്ദിക്കുന്ന തറവാട്ടില്‍ . പഴമയുടെ ഗന്ധമുള്ള കല്‍പ്പടവുകള്‍ കയറുന്നത് മുറ്റത്തേക്ക്. ഓടുമേഞ്ഞ ഇരുനില മാളികവീട്. മരംപാകിയ മച്ചും ചായ്പ്പോടുംകൂടിയ പഴയ ശൈലി. ഒന്നരനൂറ്റാണ്ടിന്റെ പഴക്കം. പൂമുഖത്തുനിന്ന് അകത്തേക്ക് കയറുമ്പോള്‍ വലതുഭാഗത്തെ ചുമരില്‍ സി എച്ചിന്റെ ചിത്രം. കുമ്മായംതേച്ച പഴമ വിളിച്ചറിയിക്കുന്ന മുറികള്‍ . സി എച്ച് കിടന്നുറങ്ങിയ പത്തായം ദ്രവിച്ചു തീര്‍ന്നു. ഇടയ്ക്ക് ഉപയോഗിച്ച കട്ടില്‍ അകത്തുണ്ട്. സി എച്ചിന്റെ മരുമകള്‍ നാണിയുടെ മകന്‍ പ്രഭാകരനും ഭാര്യ മൈഥിലിടീച്ചറും മക്കളുമാണ് താമസം. മുന്‍ നഗരസഭാംഗംകൂടിയാണ് ടീച്ചര്‍ . വിളിപ്പാടകലെയുള്ള വീടുകളിലാണ് മരുമക്കളായ അംബുജാക്ഷിയും ഭാനുമതിയും മരുമകളുടെ മകന്‍ വിക്രമനും.

മാഹിക്കടുത്ത അഴിയൂരിലെ കച്ചവടക്കാരനായ അനന്തന്റെയും പുന്നോലിലെ ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലൈ 29നായിരുന്നു സി എച്ചിന്റെ ജനനം. നേര്‍പെങ്ങള്‍ സുമിത്ര പ്രസവസമയത്ത് മരിച്ചു. ഒപ്പം കുഞ്ഞും. അമ്മ നാരായണിയുടെ അനുജത്തി ജാനകിയുടെ മക്കളായിരുന്നു സി എച്ചിന്റെ സഹോദരിമാര്‍ . അവരുടെ മക്കളും ചെറുമക്കളുമടങ്ങിയ വലിയ കുടുംബം. ഇളയ മരുമകളായിരുന്നു ഭാനുമതി. അമ്മാമന്റെ കല്യാണത്തിന് പുന്നോലില്‍ നിന്ന് നടന്ന് അഴിയൂരിലേക്ക് പോയത് ഇന്നും ഓര്‍മയില്‍ . ബന്ധത്തില്‍തന്നെയുള്ള പാര്‍വതി ടീച്ചറായിരുന്നു വധു. ജയില്‍ , ഒളിവ്, നിയമസഭാപ്രവര്‍ത്തനം, സമരങ്ങള്‍ ... നീളുന്ന യാത്രക്കിടയിലും അമ്മയെയും വീടിനെയുംകുറിച്ചുള്ള ഓര്‍മ സി എച്ചിന് എന്നുമുണ്ടായിരുന്നു. അമ്മ മരിച്ചാല്‍ ഉപയോഗിക്കേണ്ട വസ്ത്രമടക്കം വാങ്ങി സൂക്ഷിച്ച മകന്‍ . പക്ഷേ, അവരുടെ അന്ത്യയാത്രക്ക് കാത്തുനില്‍ക്കാതെ മകന്‍ ചരിത്രത്തിലേക്ക് മറഞ്ഞു. അമ്മാമനെ അവസാനമായി ഈ വീട്ടുമുറ്റത്ത് കിടത്തിയ നാള്‍ ഇടയ്ക്കിടെ ഇവരുടെ ഓര്‍മകളെ അസ്വസ്ഥമാക്കുന്നുണ്ട്. കണ്ണീരുമായി തടിച്ചുകൂടിയ ജനങ്ങള്‍ , നേതാക്കള്‍ ... ഇന്നും ഒക്ടോബര്‍ ഇരുപതിന് വീടിനോട് ചേര്‍ന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്നവര്‍ .

തീര്‍ത്തും സ്വകാര്യമായ കാര്യത്തിലേക്കും മരുമകള്‍ അംബുജാക്ഷി സഞ്ചരിച്ചു. സി എച്ച് ജീവിച്ച കാലത്ത് വീടിന്റെ മേല്‍ക്കൂര ഓലയായിരുന്നു. മകന്‍ ഇടയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ഓടുമേയേണ്ട കാര്യം അമ്മ പറഞ്ഞു. കയറിക്കിടക്കാന്‍ കൂരപോലുമില്ലാത്ത ആയിരങ്ങള്‍ തെരുവില്‍ കഴിയുമ്പോള്‍ ഇത്രയൊക്കെ മതിയെന്നായിരുന്നു മറുപടി. വൈദ്യുതികണക്ഷന്‍ എടുക്കേണ്ട കാര്യം വന്നപ്പോഴും മണ്ണെണ്ണവിളക്കിന്റെ വെട്ടംപോലുമില്ലാതെ കഴിയുന്ന സാധാരണക്കാരുടെ കാര്യമായിരുന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓടുപാകിയതും വൈദ്യുതിയെടുത്തതും. സി എച്ചിന്റെ മൂത്തമകള്‍ സരോജിനിയുടെ കോഴിക്കോട്ടെ വീട്ടിലേക്കും അഴിയൂരിലെ ഭാര്യവീട്ടിലും പോകുമ്പോള്‍ ഇളയമരുമകളാവും ഒന്നിച്ച്. അവസാനകാലത്ത് പുന്നോലിലെ വീട്ടില്‍ അമ്മയോടൊപ്പമായിരുന്നു സി എച്ച്. മാഹിയിലും ഒരുപാട് കുടുംബബന്ധങ്ങളുണ്ട്. മുച്ചിക്കല്‍ പത്മനാഭനടക്കം. പുത്ര സ്നേഹത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും അപൂര്‍വമായ കമ്യൂണിസ്റ്റ് മാതൃക സി എച്ചിന്റെ ജീവിതത്തിലുടനീളം കാണാം. സി എച്ച്- പാര്‍വതിടീച്ചര്‍ ദമ്പതികള്‍ക്ക് നാലുമക്കള്‍ . സുരേന്ദ്രനും ശശിധരനും അകാലത്തില്‍ മരിച്ചു. അധ്യാപികയായ മൂത്തമകള്‍ സരോജിനി കോഴിക്കോട് നടക്കാവിലും രണ്ടാമത്തെ മകള്‍ ശ്യാമള വടകരയിലുമാണ്.
(പി ദിനേശന്‍)

സി എച്ച് ഒരു പാഠപുസ്തകം

സ. സി എച്ച് കണാരനെ ഏതെങ്കിലും ഒരു വിശേഷണത്തില്‍ തളച്ചിടാനാവില്ല. അനീതികള്‍ക്കെതിരെ അവിശ്രമം പൊരുതിയ സാമൂഹ്യ പരിഷ്കര്‍ത്താവ്, സാമ്രാജ്യത്വത്തിനെതിരായ സമരപതാകയേന്തിയ സ്വാതന്ത്ര്യപോരാളി, വര്‍ഗ- ബഹുജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുന്‍നിന്ന നേതാവ്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അതുല്യ സംഘാടകന്‍ , ആശയവ്യക്തതയുള്ള വിപ്ലവകാരി- വിശേഷണങ്ങള്‍ എത്രവേണമെങ്കിലും ആ ജീവിതത്തിനിണങ്ങും. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ ഉറച്ച സംഘടനയാണെന്ന് സി എച്ച് തിരിച്ചറിഞ്ഞിരുന്നു. എ കെ ജി പറഞ്ഞത്, "എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന പാഠപുസ്തകമാണ് സി എച്ചിന്റെ ജീവിതം. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കുമ്പോള്‍തന്നെ സാര്‍വത്രികമായ സ്നേഹവും ആദരവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഖാക്കളുടെ ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതില്‍ സ്നേഹപൂര്‍ണമായി ഇടപെട്ടും ശാസിച്ചും നേര്‍വഴിയിലേക്ക് കൈപിടിച്ച് നയിച്ചുമുള്ള പ്രവര്‍ത്തനം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അടിത്തറ ഭദ്രമാക്കിയ നിസ്തുലമായ അധ്യായമാണ്.
(പിണറായി വിജയന്‍)

അദ്വിതീയനായ സംഘാടകന്‍

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് അദ്വിതീയ പങ്ക് വഹിച്ച വിപ്ലവകാരിയായിരുന്നു സി എച്ച്. ജാതീയതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രത്യക്ഷ സമരം നടത്തിക്കൊണ്ടാണ് അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് വന്നത്. ചെറുപ്രായത്തില്‍ വാഗ്ഭടാനന്ദ ചിന്തകളില്‍ ആകൃഷ്ടനായി യുക്തിവാദ പ്രചാരണത്തിലാണ് ആദ്യം മുഴുകിയതും. തൊള്ളായിരത്തി നാല്‍പത് അവസാനം കൃഷ്ണപിള്ള അറസ്റ്റിലായപ്പോള്‍ സംസ്ഥാന ഘടകം ചലിപ്പിച്ചത് സി എച്ചാണ്. സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് പാര്‍ടിസെല്ലുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. കല്ലച്ചില്‍ അച്ചടിച്ച് പാര്‍ടി സാഹിത്യം പ്രചരിപ്പിക്കലും ഒളിവില്‍ യോഗങ്ങള്‍ നടത്തലുമായിരുന്നു പ്രധാന പ്രവര്‍ത്തനം. പാര്‍ടി കത്തുകളും ലേഖനങ്ങളും കുറിപ്പുകളും കല്ലച്ചില്‍ അച്ചടിച്ച് ഓരോ കേന്ദ്രത്തിലും രഹസ്യമായി എത്തിക്കുകയായിരുന്നു. ഒന്നാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 1943-ല്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇ എം എസിനെയും എ കെ ജിയെയും എന്ന പോലെ സി എച്ചിനെയും പരിചയപ്പെടുന്നത്. 1957-ല്‍ ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സി എച്ചും ഞാനുമെല്ലാമുണ്ടായിരുന്നു. കര്‍ഷക സംഘം നേതാവെന്ന നിലയില്‍ , അദ്ദേഹം വലിയ പങ്ക് വഹിച്ചു.
(വി എസ് അച്യുതാനന്ദന്‍)

ഈ നേട്ടത്തിനു പിന്നില്‍ സി എച്ച് സ്പര്‍ശം

സാക്ഷരത, ജീവിതനിലവാരം, പൊതുജനാരോഗ്യം, സാമൂഹ്യനീതി എന്നിങ്ങനെ കേരളം ഏറെ മുന്നിലായ ഒട്ടേറെ കാര്യങ്ങള്‍ക്ക് ആധാരമായ നിയമനിര്‍മാണങ്ങളുടെ ശില്‍പ്പികളില്‍ പ്രമുഖനാണ് സി എച്ച്. 1957സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കിയത് ഭൂപരിഷ്കരണത്തിനാണ്. ഒന്നാം നിയമസഭയില്‍ അംഗംകൂടിയായിരുന്നതിനാല്‍ സി എച്ചിന് ഭൂപരിഷ്കരണ നിയമനിര്‍മാണ പ്രക്രിയയില്‍ സജീവമായി ഇടപെടാന്‍ സാധിച്ചു. ബില്ല് അവതരിപ്പിച്ച കെ ആര്‍ ഗൗരിയമ്മയെയോ മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരെയോപോലെ നിയമത്തില്‍ വിശാരദനായിരുന്നില്ല സി എച്ച്. 1930കള്‍ മുതല്‍ മലബാറില്‍ ശക്തമായിരുന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുടിയാന്മാരുടെ വേദനകള്‍ അറിയാമായിരുന്നു. അധ്വാനിക്കുന്നവരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുകയല്ലാതെ കൃഷിക്കാരനും അവന്റെ അധ്വാനഫലം തട്ടിയെടുക്കുന്ന ജന്മിക്കും ഒരേ പരിഗണന സാധ്യമല്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുന്നതിലും അത് നിയമമാക്കുന്നതിലും പാര്‍ടിനേതാവ് കൂടിയായിരുന്ന സി എച്ചിന്റെ സംഘടനാ കാര്‍ക്കശ്യം തെല്ലൊന്നുമല്ല തുണച്ചത്. ബില്ലിലെ ഓരോ വകുപ്പിലും "സി എച്ച് സ്പര്‍ശം" കാണാം.
(കോടിയേരി ബാലകൃഷ്ണന്‍)

പ്രായോഗികമതി

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സിപിഐ എമ്മിന്റെയും ഉന്നത സ്ഥാനത്ത് എത്തിയ പോരാളിയായിരുന്നു സി എച്ച്. മാര്‍ക്സിയന്‍ വീക്ഷണത്തെ ജീവിതസാഹചര്യങ്ങളില്‍ പ്രയോഗിച്ച് സമൂഹത്തിലാകെ പുരോഗമനപരമായ മാറ്റം സൃഷ്ടിക്കാന്‍ പ്രയത്നിച്ച പ്രായോഗികമതി. ചെറുപ്പത്തിലേ വാഗ്ഭടാനന്ദ ചിന്തകളില്‍ ആകൃഷ്ടനായി യുക്തിവാദിയും ഭൗതികവാദിയുമായിത്തീര്‍ന്ന അദ്ദേഹം ഈ അടിത്തറയിലൂന്നിയാണ് വിപ്ലവരാഷ്ട്രീയത്തിലെത്തിയത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബീജാവാപംചെയ്ത പി കൃഷ്ണപിള്ളയെപ്പോലെ അവിശ്വസനീയമാംവിധം കര്‍മനിരതനും പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്നു സി എച്ച്. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാനും അതുവഴി സുശക്തമായ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിയെടുക്കാനുമാണ് ജീവിതം ഉഴിഞ്ഞുവച്ചത്.
(ഇ പി ജയരാജന്‍)

സംഘാടക വിദഗ്ധന്‍

കേരളം കണ്ട സംഘാടക വിദഗ്ധരില്‍ ഒന്നാമനാണ് സി എച്ച് കണാരന്‍ . അദ്ദേഹത്തിന്റെ പൂര്‍ണ ജീവചരിത്രത്തിന്റെ അഭാവം രാഷ്ട്രീയ സാഹിത്യത്തിലെ വലിയ വിടവാണ്. ജന്മശതാബ്ദി ആഘോഷവേളയിലെങ്കിലും അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ നന്നായേനെ. സിപിഐ എം സംസ്ഥാന സെക്രട്ടറിയിയായിരുന്നപ്പോഴും അദ്ദേഹം സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി സമയം ചെലവഴിക്കാന്‍ ശ്രമിച്ചു. ഏതു സ്ഥലത്ത് പോയാലും പാര്‍ടി ഓഫീസുകളിലായിരുന്നു വാസം. പലയിടത്തും ഏര്‍പ്പെടുത്തിയ അതിഥി മന്ദിരങ്ങളിലെയും ഹോട്ടലുകളിലെയും താമസം സ്നേഹപൂര്‍വം നിരസിച്ചു. പൊടിപിടിച്ചതും ബീഡിക്കുറ്റികളും പത്രങ്ങളും ചിതറിക്കിടക്കുന്നതുമായ പാര്‍ടി ഓഫീസിലെ മുറികളില്‍ പലപ്പോഴും പായപോലുമില്ലാതെ ഉറങ്ങി. ഇത് ത്യാഗമാണെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. പാര്‍ടിക്കകത്തെ കാര്യങ്ങളും നാട്ടുകാരുടെ പ്രതികരണങ്ങളും അറിയാന്‍ ഓഫീസില്‍ കഴിയുന്നതാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. ഔപചാരികമായി മേല്‍ഘടകങ്ങളോടും മുതിര്‍ന്ന സഖാക്കളോടും അറിയിക്കുന്ന വിവരങ്ങള്‍ വച്ച് യഥാര്‍ഥ ചിത്രം ലഭ്യമാകില്ലെന്ന് സി എച്ച് പറയുമായിരുന്നു. കീഴ്ഘടകങ്ങളോടും സഖാക്കളോടും നല്ല അടുപ്പവും ഇടപെടലും ഉറപ്പിക്കാനായത് അദ്ദേഹത്തിന്റെ ശക്തിയായി.
(പി ഗോവിന്ദപിള്ള)

ആരിലും സ്വാധീനം ചെലുത്തുന്ന വ്യക്തിത്വം

സി എച്ചിന്റെ ആജ്ഞാശക്തി നേരിട്ടനുഭവപ്പെട്ടത് ഞാന്‍ തിരുവള്ളൂര്‍ ശാന്തിനികേതന്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കാലത്ത്- 1951ല്‍ . അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി മണ്ഡലം കമ്മിറ്റി ഓഫീസ് വടകര എടോടിയില്‍ . ഓഫീസിലെത്തിയപ്പോള്‍ അവിടെ സി എച്ച്. ഡല്‍ഹിയില്‍നിന്ന് ഒരു സഖാവ് പ്രസംഗകനായി വടകരയില്‍ എത്തിയിട്ടുണ്ട്. പ്രസംഗം പരിഭാഷപ്പെടുത്തണം. എന്നെക്കണ്ട ഉടന്‍ സി എച്ചിന്റെ ആജ്ഞ. എനിക്കാണെങ്കില്‍ മുന്‍ പരിചയമില്ല. ഏറ്റെടുക്കാനുള്ള ആത്മധൈര്യവുമില്ല. സി എച്ചിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനായില്ല. പരാജയപ്പെട്ടില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. കാഡര്‍മാരെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനുമുള്ള സി എച്ചിന്റെ കഴിവ് അപാരമായിരുന്നു. പാര്‍ടി ഭിന്നിച്ച കാലത്ത് വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ എന്നെ കണ്ടു. ഉടന്‍ വിളിച്ച് ഒരു ഭാഗത്തേക്ക് കൊണ്ടുപോയി. ബാഗ് തുറന്ന് ഏതാനും പുസ്തകങ്ങള്‍ തന്നു. ഇതൊക്കെ എന്നില്‍ സ്വാധീനം ചെലുത്തി. നിലപാടെടുക്കാന്‍ സഹായിച്ചു. പാര്‍ടി ഭിന്നിച്ച കാലത്ത് റിവിഷനിസത്തിനെതിരായ പോരാട്ടത്തില്‍ സി എച്ച് സ്തുത്യര്‍ഹ സേവനമാണ് നിര്‍വഹിച്ചത്.
(വി വി ദക്ഷിണാമൂര്‍ത്തി)

deshabhimani

യുഡിഎഫ് സര്‍ക്കാരിന്റെ തനിനിറം

പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനോട് പ്രതിപക്ഷം അസഹിഷ്ണുത കാട്ടുന്നു, സര്‍ക്കാരിന് "മധുവിധു" കാലമെങ്കിലും നല്‍കേണ്ടേ എന്ന ചോദ്യം യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുകയുണ്ടായി. അതില്‍ അല്‍പ്പം കാര്യമില്ലേ എന്ന് സംശയിച്ച ചില ശുദ്ധഗതിക്കാരുണ്ട്. ഇപ്പോള്‍ എല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. അഴിമതിരഹിത സുതാര്യഭരണം, ഭരണം ലൈവായി 24 മണിക്കൂറും കണ്ടാനന്ദിക്കാം, നൂറുദിവസംകൊണ്ട് പാലുംതേനും ഒഴുക്കും എന്നെല്ലാമുളള വീരസ്യത്തോടെ ഭരണമാരംഭിച്ച യുഡിഎഫിന്റെ തനിനിറം പുറത്തുവരാന്‍ പത്താഴ്ചയേ വേണ്ടിവന്നുളളൂ.

1982-87, 1991-94 കാലത്തെ കരുണാകരന്‍ മോഡലിലും തുടര്‍ന്നുള്ള യുഡിഎഫ് മോഡലിലുമുള്ള ദുര്‍ഭരണമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍നിന്ന് പ്രകടമായി മാറ്റമുള്ള, തികച്ചും ജനവിരുദ്ധ നയങ്ങള്‍ മുഖമുദ്രയാക്കിയ ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേത് എന്ന് വ്യക്തമാവുകയാണ്. കേവലം പത്താഴ്ചകൊണ്ട് ഇത്രമാത്രം ജനവിരുദ്ധത പ്രകടിപ്പിച്ച ഭരണം മുമ്പുണ്ടായിട്ടില്ല. കേന്ദ്രത്തിലും കേരളത്തിലും ഒരേ കക്ഷി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ ക്ഷേമ-വികസനമേഖലകളില്‍ നല്ല മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പറഞ്ഞത്. ഇപ്പോള്‍ കേന്ദ്രത്തില്‍ യുപിഎയും സംസ്ഥാനത്ത് അതിന്റെ ഘടകമായ യുഡിഎഫും ഭരിക്കുന്നു. കേന്ദ്രനയങ്ങളെ സംസ്ഥാനസര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ യുപിഎ സര്‍ക്കാരും പരസ്പരം പിന്തുണയ്ക്കുകയും പാടിപ്പുകഴ്ത്തുകയുംചെയ്യുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവിതം നാനാവിധേന ദുസ്സഹമാക്കിയിരിക്കുകയാണ് ഇരുസര്‍ക്കാരുകളും. പെട്രോള്‍ , ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്ക് കുത്തനെ വില വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്രം ജനങ്ങളുടെമേല്‍ കടുത്ത ഭാരം കയറ്റിവച്ചു. ഈ തെറ്റായ നയത്തെ എതിര്‍ക്കുന്നതിന് പകരം അധിക നികുതി ഒഴിവാക്കുന്നുവെന്ന് പറഞ്ഞ് ത്യാഗം ചെയ്തതായി ഭാവിക്കുകയും വിലവര്‍ധനയെ ന്യായീകരിക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എണ്ണവില കൂടിയതോടെ ഓട്ടോ-ടാക്സി ചാര്‍ജ് മുതല്‍ നിത്യോപയോഗ സാധനങ്ങളുടെവരെ വില വര്‍ധിച്ചു. പാചകവാതകത്തിന്റെ വില 57 രൂപയാണ് വര്‍ധിച്ചത്. ഇതെല്ലാം കാരണം ഹോട്ടല്‍ഭക്ഷണത്തിന്റെ വിലയും ഗണ്യമായി കൂടി. ഇപ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഡീസലിന് വില കൂടിയതിനാല്‍ ബസ് ചാര്‍ജ് എങ്ങനെ കൂട്ടാതിരിക്കും എന്നാണ് സര്‍ക്കാരിന്റെ ചോദ്യം. ഡീസലിന് വില കൂട്ടിയത് നാട്ടുകാരല്ല, റിലയന്‍സ് പോലുള്ള കുത്തകകള്‍ക്ക് ലാഭം കുന്നുകൂട്ടുന്നതിനായി ഉമ്മന്‍ചാണ്ടിയുടെ കേന്ദ്രനേതാക്കള്‍ ഭരിക്കുന്ന യുപിഎ സര്‍ക്കാരാണ്. കൂടിയ വില കുറപ്പിക്കാന്‍ ശ്രമിക്കുകയോ കൂടിയ വിലയ്ക്ക് ആനുപാതികമായി സബ്സിഡി നല്‍കിയോ നികുതി കുറച്ചോ ബസുകളുടെ വരുമാനനഷ്ടം നികത്തുകയാണ് വേണ്ടത്, അല്ലാതെ ജനങ്ങളെ പിഴിയുകയല്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്താഴ്ച തികയുംമുമ്പ് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 25 പൈസ തോതില്‍ കൂട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്കായി അധികം ചെലവാകുന്ന തുക സര്‍ച്ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുകയാണെന്നാണ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ വേണ്ടിവന്നപ്പോള്‍ സാധാരണക്കാരായ ഉപയോക്താക്കളെ പൂര്‍ണമായും ഒഴിവാക്കി. 200 യൂണിറ്റ് വരെ സര്‍ച്ചാര്‍ജ് വാങ്ങിയില്ല. അത്രയും തുക സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന് സബ്സിഡിയായി കൊടുക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത് ഇരുപത് യൂണിറ്റ് വരെ സര്‍ച്ചാര്‍ജ് വാങ്ങില്ലെന്നാണ്. ഇരുപത് യൂണിറ്റ് വരെ വൈദ്യുതിചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയതാണെന്നതാണ് വസ്തുത. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ഭക്ഷ്യധാന്യങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃക കാട്ടിയെന്ന് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ , യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അത് മാറിയിരിക്കുന്നു. രണ്ട് രൂപ നിരക്കില്‍ മുഴുവന്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും അരി നല്‍കിവന്ന പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കാന്‍ പരിധിയില്ലാത്ത സബ്സിഡിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. അതുകാരണം പൊതുവിതരണകേന്ദ്രങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും നിത്യോപയോഗസാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ വിതരണംചെയ്തു. എന്നാല്‍ , പുതിയ സര്‍ക്കാരിന്റെ പരിഷ്കരിച്ച ബജറ്റില്‍ വിപണി ഇടപെടലിന് പണമില്ല. അതുകൊണ്ടുതന്നെ മിക്ക നിത്യോപയോഗസാധനങ്ങള്‍ക്കും കുത്തനെ വില കൂട്ടുകയാണ് സപ്ലൈകോ. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി വിപുലപ്പെടുത്തിയ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കലുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് പത്താഴ്ച കൊണ്ടുതന്നെ തെളിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ച്, എല്ലാ മരുന്നുകളും സൗജന്യമായി ലഭ്യമാക്കി, പൊതുജനാരോഗ്യരംഗം മുന്‍സര്‍ക്കാര്‍ ശക്തിപ്പെടുത്തി. എന്നാല്‍ , ആ സംവിധാനം തകര്‍ത്ത് മുന്‍ യുഡിഎഫ് ഭരണകാലത്തെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ സര്‍ക്കാരാശുപത്രി സംവിധാനത്തെ മാറ്റാന്‍ ഈ ഗവണ്‍മെന്റ് ശ്രമം തുടങ്ങി.

ഡോക്ടര്‍മാരുടെ സമരത്തോടുള്ള നിലപാടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയും അതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തം. തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ നല്ലനിലയില്‍ നടത്തിവരുന്ന കള്ളുഷാപ്പുകള്‍ വീണ്ടും കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. മായം ചേര്‍ക്കലിനും അഴിമതിക്കുമാണ് ഇത് വഴിവയ്ക്കുക. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ ഭാവിയില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ ഗൂഢതാല്‍പ്പര്യമുണ്ടെന്ന് സംശയിക്കണം. ലൈസന്‍സ് വേണ്ടവര്‍ ഇപ്പോഴേ പോന്നോളൂ എന്ന ആഹ്വാനമാണ് നിബന്ധനയ്ക്കു പിന്നിലെന്ന് സംശയിക്കണം. തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരെ രക്ഷിക്കാനും അവര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനും പുനരന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഏറ്റവുമൊടുവില്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷനെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നീതിന്യായവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .

ഈ സര്‍ക്കാരിന്റെ നയങ്ങള്‍ അറുപിന്തിരിപ്പനാണെന്ന് ഭൂപരിഷ്കരണത്തിന്മേല്‍ തൊട്ടുള്ള കളി തെളിയിച്ചു. കശുമാവിന്‍തോപ്പുകളെ ഭൂപരിധിയില്‍ നിന്നൊഴിവാക്കുമെന്ന പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മാഫിയക്കു വേണ്ടിയാണ്. തോട്ടമെന്ന പേരില്‍ ഭൂപരിധിയില്‍ ഇളവ് നേടിയ ധനികവര്‍ഗത്തിന് വീണ്ടും ഇളവനുവദിച്ച് കൊള്ളലാഭമടിക്കാനാണ് തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് സമ്മതിക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തിതാല്‍പ്പര്യങ്ങളും വര്‍ഗതാല്‍പ്പര്യവുമുണ്ട്. പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുമ്പോള്‍ ഭൂമിയുടെ 70 ശതമാനവും നിര്‍ദിഷ്ട വ്യവസായാവശ്യത്തിന് വിനിയോഗിക്കണമെന്ന മുന്‍സര്‍ക്കാരിന്റെ സെസ് നയം മാറ്റുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കരട് വ്യവസായനയത്തില്‍ പറയുന്നത് കേന്ദ്ര സെസ് നയം ഇവിടെയും ബാധകമാക്കുമെന്നാണ്. 50 ശതമാനം ഭൂമിയും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന ദേശീയ സെസ് നയത്തില്‍ മാറ്റംവേണമെന്ന് അതുസംബന്ധിച്ച് പഠിച്ച പാര്‍ലമെന്റ് സമിതിതന്നെ ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നിട്ടും വികസനാവശ്യത്തിന് ഭൂമി കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള കേരളത്തില്‍ 30 ശതമാനത്തിന് പകരം അമ്പത് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് ഉപയോഗിച്ചോളൂ എന്ന് സംരംഭകരോട് അങ്ങോട്ടുപറയുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നിക്ഷ്പിത താല്‍പ്പര്യക്കാരാണ് ഈ സര്‍ക്കാരിന്റെ പിന്നിലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണിത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നയുടന്‍ സ്മാര്‍ട്സിറ്റി പദ്ധതിക്ക് അവര്‍ ചോദിക്കാതെ തന്നെ നാലേക്കര്‍ നല്‍കിയതും മള്‍ട്ടിപര്‍പ്പസ് സെസാക്കാന്‍ അനുമതി നല്‍കിയതും കേന്ദ്ര സെസ് നയം നടപ്പാക്കുമെന്ന് പറഞ്ഞതും യാദൃച്ഛികമല്ലെന്ന് വ്യവസായനയത്തിന്റെ കരടില്‍നിന്ന് വ്യക്തമാകുന്നു.

ന്യൂയോര്‍ക്ക് ടൈംസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടം വന്നു, 24 മണിക്കൂറും തുറക്കുന്ന അത്ഭുതം എന്നെല്ലാം വലതുപക്ഷ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം പുറത്താകാന്‍ നൂറ് ദിവസം പോലും വേണ്ടിവന്നില്ല. ചട്ടം മറികടന്ന് കൂട്ട സ്ഥലംമാറ്റവും അനധികൃത നിയമനവും ഭരണയന്ത്രത്തില്‍ അപ്പടി രാഷ്ട്രീയ-സാമുദായികവല്‍ക്കരണവും നടപ്പാക്കുകയാണ് ചെറിയ കാലയളവില്‍ സംഭവിച്ചിരിക്കുന്നത്. അങ്ങേയറ്റം ജനവിരുദ്ധമായ ഭരണത്തിനാണ് ഉമ്മന്‍ചാണ്ടി - കുഞ്ഞാലിക്കുട്ടി-മാണി സര്‍ക്കാര്‍ അടിത്തറ പാകിയിരിക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

സി എച്ച് ജന്മശതാബ്ദി ആഘോഷത്തിന് പ്രൗഢോജ്വല തുടക്കം

തലശേരി: പാവങ്ങളുടെ മോചനത്തിനു പട നയിച്ച അതുല്യ കമ്യൂണിസ്റ്റ് വിപ്ലവകാരി സഖാവ് സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷത്തിന് ജന്മനാട്ടില്‍ പ്രൗഢഗംഭീര തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷം തലശ്ശേരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പോരാട്ടവീഥികളില്‍ പ്രകാശഗോപുരമായി ജ്വലിച്ച കേരളത്തിന്റെ വീരപുത്രന്റെ ഓര്‍മകള്‍ നെഞ്ചേറ്റിയ ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തിയാണ് ജന്മശതാബ്ദിക്കു ചെമ്പതാക ഉയര്‍ന്നത്. തലശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി.

സി എച്ചിന്റെ ജീവിതത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍നിന്നോ ജീവിച്ച കാലഘട്ടത്തില്‍നിന്നോ അടര്‍ത്തിമാറ്റാനാവില്ലെന്ന് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റത്തില്‍ സി എച്ചിന് നിര്‍ണായക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ സംസാരിച്ചു. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകരും രക്തസാക്ഷികുടുംബങ്ങളും സി എച്ചിന്റെ മക്കളും ബന്ധുക്കളും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രിയനേതാവിന്റെ ഓര്‍മയില്‍ സംഗമിച്ചത്.

എരഞ്ഞോളി മൂസയും വി ടി മുരളിയും നയിച്ച തലശേരി യൂത്ത്ക്വയറിന്റെ സ്വാഗതഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബാലസംഘം പ്രവര്‍ത്തകര്‍ സി എച്ചിന്റെ സ്മരണയുണര്‍ത്തുന്ന ഉപഹാരം സമര്‍പ്പിച്ച് വിശിഷ്ടാതിഥികളെ വരവേറ്റു. കാരായി രാജന്‍ സ്വാഗതം പറഞ്ഞു. "സി എച്ചിന്റെ കാലം" സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ അധ്യക്ഷനായി. "സി എച്ചും കര്‍ഷകപ്രസ്ഥാനവും" എന്ന വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും "യുക്തിവാദത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക്" എന്ന വിഷയം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും അവതരിപ്പിച്ചു. സമാപനസമ്മേളനം പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പുഞ്ചയില്‍നാണു അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സംസാരിച്ചു.

പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ അംഗീകരിക്കില്ല: കാരാട്ട്

തലശേരി: പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ക്കും. കരടു ബില്‍ ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പര്യാപ്തമല്ല. ഫലപ്രദമായ ലോക്പാല്‍ നിയമത്തിനായുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരുമെന്നും കാരാട്ട് പറഞ്ഞു. സി എച്ച് കണാരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത് രാജ്യത്ത് നടന്ന എല്ലാ വന്‍ അഴിമതികള്‍ക്കു പിന്നിലും കോര്‍പറേറ്റുകളാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി ഖനി അഴിമതിയില്‍വരെ കോര്‍പറേറ്റുകളുടെ സാന്നിധ്യമുണ്ട്. ഈ അഴിമതികളിലെല്ലാം ഇവരാണ് നേട്ടമുണ്ടാക്കിയത്. കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്കായി സര്‍ക്കാര്‍നയം വരെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയത്രാജ്യത്തോടുള്ള ചതിയാണ്. അഴിമതി തടയുകയും അവസാനിപ്പിക്കുകയുമാണാവശ്യം. ലോക്പാല്‍ ഫലപ്രദവും ലക്ഷ്യം സാധ്യമാക്കുന്നതുമാവണം. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയാല്‍ ഭരണം അസ്ഥിരപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ഈ നയം ദുരൂഹമാണ്. നിലവിലുള്ള നിയമമനുസരിച്ചു പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് കടുത്ത വഞ്ചനയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പൊതുസ്വത്താണെന്നുംഎതിര്‍പ്പ് ഉയര്‍ത്തുന്നത് പാര്‍ലമെന്റിനോടുള്ള എതിര്‍പ്പാണെന്നുമുള്ള കോണ്‍ഗ്രസ്വാദം ബാലിശമാണ്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളരെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതു വരെ ബില്‍ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനാലാണ് ജനവിരുദ്ധനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞത്. 1989 മുതല്‍ നാലു തവണ ലോക്പാല്‍ ബില്ലിന്റെ കരട് ചര്‍ച്ചചെയ്തപ്പോഴും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സ്വന്തം ഭരണത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി കാണിച്ചാല്‍ വിചാരണചെയ്യാന്‍ നിയമമില്ലെന്നത് പാപ്പരത്തമാണ്. സ്ഥാനം ഒഴിഞ്ഞാലേ അഴിമതിക്ക് വിചാരണ ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണശേഷമേ കേസെടുക്കാവൂ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തതില്‍ അവരോടു നന്ദി പറയണം.

ജുഡീഷ്യറിയും അഴിമതിക്ക് വശംവദമാവുകയാണ്. ഇതു തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നത് തടയാന്‍ നിയമനിര്‍മാണം വേണം. രാജ്യത്തെ കള്ളപ്പണം വിദേശബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതു പിടിച്ചെടുക്കണം. നീണ്ട പോരാട്ടത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഉദാരവല്‍ക്കരണം കവരുകയാണ്. സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിനപ്പുറം കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ഥി, വനിതാ വിഭാഗങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയാണ് സി എച്ചിന്റെ കാലഘട്ടത്തില്‍ പോരാട്ടം സംഘടിപ്പിച്ചത്. അതുവഴി നേടിയെടുത്ത സാമൂഹ്യമാറ്റങ്ങള്‍ തകിടംമറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടാന്‍ സി എച്ച് സ്മരണ കരുത്തേകുമെന്ന് കാരാട്ട് പറഞ്ഞു.

ലോക്പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുംവരെ പ്രക്ഷോഭം: വിഎസ്

കണ്ണൂര്‍ : ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ജഡ്ജിമാരെയും ഉള്‍പ്പെടുത്തുന്നതുവരെ പാര്‍ലമെന്റിനകത്തും പുറത്തും സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്പെക്ട്രം ഇടപാടിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്കും അനത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി രാജ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബില്ലിന്റെ പരിധിയില്‍ ഇവരെയും ഉള്‍പ്പെടുത്തണം. 2ുജി സ്പെക്ട്രം ഇടപാടില്‍ അഴിമതിയുണ്ടെന്ന് മന്ത്രിസഭയിലെ എല്ലാവര്‍ക്കുമറിയാം. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതികളില്‍ ചെറുവിരല്‍ പോലുമനക്കാത്തയാളാണ് പ്രധാനമന്ത്രി. രാജക്കും കനിമൊഴിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണല്ലോ ഇരുവരെയും ജയിലിട്ടത്. പ്രധാനമന്ത്രിയും ധനമന്ത്രിയും അറിഞ്ഞാണ് എല്ലാകാര്യങ്ങളും ചെയ്തിട്ടുള്ളതെന്ന് രാജതന്നെ വ്യക്തമാക്കിയതോടെ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ലെന്നു വിഎസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി സര്‍വ്വീസ് സഹകരണബാങ്ക് ശാഖയും സിആര്‍സി വായനശാലയുടെ കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രകാശ് കാരാട്ട് പുഷ്പനെ സന്ദര്‍ശിച്ചു

പാനൂര്‍ : കിടയ്ക്കക്കരികില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകന്‍ എത്തിയപ്പോള്‍ പുഷ്പന്റെ കണ്ണുകളില്‍ നിഴലിട്ടത് ആവേശവും ആദരവും. കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് 17 വര്‍ഷമായി കിടപ്പിലായ പുതുക്കുടി പുഷ്പനെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വീട്ടിലെത്തിയാണ് കണ്ടത്. അദ്ദേഹം കൈപിടിച്ച് കുശലാന്വേഷണം നടത്തിയപ്പോള്‍ പുഷ്പന് സന്തോഷം. കണ്ടുനിന്നവരിലും വികാരം നിറച്ചു ഈ കൂടിക്കാഴ്ച. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെയാണ് അദ്ദേഹമെത്തിയത്. ഭക്ഷണക്രമം, വായന, കുടുംബം എല്ലാ കാര്യങ്ങളെക്കുറിച്ചും കാരാട്ട് ചോദിച്ചറിഞ്ഞു. അച്ഛന്‍ , അമ്മ, സഹോദരങ്ങള്‍ , കുടുംബാംഗങ്ങള്‍ എന്നിവരെ പരിചയപ്പെട്ടു. എന്തെങ്കിലും പറയാനുണ്ടോ എന്ന കാരാട്ടിന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് പുഷ്പന്‍ മറുപടി നല്‍കി. എന്താവശ്യമുണ്ടെങ്കിലും അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് അരമണിക്കൂര്‍ ചെലവഴിച്ചാണ് കാരാട്ട് യാത്ര ചോദിച്ചത്. പുഷ്പന്‍ പൊരുതുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് കാരാട്ട് പറഞ്ഞു.

deshabhimani 300711

മഹാരാജാസില്‍ കെഎസ്യു-എബിവിപി ആക്രമണത്തില്‍ എസ്എഫ്ഐക്കാര്‍ക്ക് പരിക്ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ കെഎസ്യു-എബിവിപി സംഘത്തിന്റെ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ പുറത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈശാഖ്, ടിനൂബ്, അജിത്ത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിമിനല്‍കേസ് പ്രതികളായ നോബിള്‍ , ടിബിന്‍ , ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ ശ്യാംജിത്ത്, ശ്രീജിത്ത്, വൈശാഖ്, അനുരാഗ്, നിവിന്‍ , ജിതിന്‍ എന്നിവരുള്‍പ്പെട്ട സംഘം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ഇക്കൊല്ലം കോളേജ് തുറന്നതിനുശേഷം നിരവധിതവണ ഇവരുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി പ്രവര്‍ത്തകന്‍ സേതുമാധവന്റെ നേതൃത്വത്തില്‍ പൊലീസും ആശുപത്രി ജീവനക്കാരും നോക്കിനില്‍ക്കേ വീണ്ടും ആക്രമണമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിക്കുള്ളില്‍വച്ച് കത്തികൊണ്ട് കുത്താനും ശ്രമം നടന്നു.

വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന വധശ്രമത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കെഎസ്യു-എബിവിപി ക്രിമിനല്‍സംഘത്തെ പുറത്താക്കണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 300711

സൗജന്യ ഓണക്കിറ്റ് സര്‍ക്കാര്‍ തടഞ്ഞു

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു. ഓണക്കിറ്റ് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും ധനവകുപ്പ് തടയുകയായിരുന്നു. ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ഓണക്കിറ്റ് ഒഴിവാക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു രൂപയ്ക്കുള്ള അരി സെപ്തംബര്‍ ഒന്നു മുതല്‍ നല്‍കുമെന്നതിനാല്‍ മറ്റൊരു സൗജന്യ കിറ്റ് നല്‍കേണ്ട ആവശ്യമില്ലെന്നും ധനവകുപ്പ് വാദിക്കുന്നു.

എന്നാല്‍ , വിപണി ഇടപെടലിന് സിവില്‍ സപ്ലൈസിന് ബജറ്റില്‍ തുക വകയിരുത്തിയതിനാല്‍ സൗജന്യ ഓണക്കിറ്റിന് പ്രത്യേക തുക ഇല്ലെങ്കിലും പണം അനുവദിക്കാം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതേ രീതിയിലാണ് ഓണക്കിറ്റ് നല്‍കിയിരുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര, കാല്‍ കിലോ മുളക്, കാല്‍ കിലോ തേയില എന്നിവയടങ്ങിയ നൂറു രൂപയുടെ കിറ്റാണ് സൗജന്യമായി നല്‍കിയിരുന്നത്. 14 കോടി രൂപ ചെലവഴിച്ച ഈ നടപടി ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ വളരെയധികം സാഹായിച്ചിരുന്നു. സിവില്‍ സപ്ലൈസിന്റെ നിര്‍ദേശം ധനവകുപ്പ് തടഞ്ഞത് സബന്ധിച്ച് മന്ത്രി ടി എം ജേക്കബ് മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അതേസമയം, സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ സിവില്‍ സപ്ലൈസ് സ്വന്തം നിലയ്ക്ക് ചില ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് തിങ്കളാഴ്ചയെങ്കിലും സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍മാത്രമെ ഈ വര്‍ഷം ഓണത്തിന് കിറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കാനാകൂ.
(ഡി ദിലീപ്)

deshabhimani 300711

ബെല്ലാരിയിലെ ഖനനം അടിയന്തരമായി നിര്‍ത്താന്‍ സുപ്രിം കോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നടക്കുന്ന ഇരുമ്പ്‌ അയിര്‌ ഖനനം അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. അമിതമായ ചൂഷണം പരിസ്ഥിതി നാശത്തിന്‌ കാരണമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഉത്തരവ്‌. അനധികൃതമായ ഖനനം കനത്ത പരിസ്ഥിതി നാശത്തിന്‌ വഴിവയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ ആറംഗ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

കര്‍ണാടകയിലെ അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ രണ്ടുദിവസത്തിനുള്ളിലാണ്‌ ഇതുസംബന്ധിച്ച്‌ സുപ്രിം കോടതി ഉത്തരവിട്ടത്‌. അടുത്തൊരു ഉത്തരവുവരുന്നതുവരെ 10868 ഹെക്‌ടര്‍ പ്രദേശത്തെ ഖനനം നിര്‍ത്തിവയ്‌ക്കാനാണ്‌ ജസ്റ്റിസ്‌ എസ്‌ എച്ച്‌ കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. കര്‍ണാടകയിലെ ബല്ലാരി, തുംകൂര്‍, ചിത്രദുര്‍ഗ ജില്ലകളിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന അനധികൃത ഖനനം പരിസ്ഥിതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയുള്ളതാണ്‌ റിപ്പോര്‍ട്ട്‌. കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യദ്യൂരപ്പയ്‌ക്കും മന്ത്രിമാരായ റെഡ്‌ഢിസഹോദരന്‍മാര്‍ക്കും അനധികൃത ഖനനത്തിലുള്ള പങ്കിനെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ രാജിയിലേക്ക്‌ നയിക്കുന്നതരത്തില്‍ ഇത്‌ രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തുകയായിരുന്നു.

രാജ്യത്തെ ഉരുക്കുവ്യവസായത്തിനായുള്ള ഇരുമ്പ്‌ അയിരിന്റെ ആവശ്യകത സംബന്ധിച്ച്‌ വനം പരിസ്ഥിതി മന്ത്രാലയയം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കോടതി പറഞ്ഞു. ആഭ്യന്തര വ്യവസായത്തിനും കയറ്റുമതിക്കും എത്രത്തോളം ഇരുമ്പ്‌ അയിര്‌ ആവശ്യമാണെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ പറയണമെന്നും കോടതി പറഞ്ഞു. ഖനന, ഉരുക്ക്‌, വ്യവസായ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുമായി ചര്‍ച്ചചെയ്‌ത്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാനും അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ സബ്‌മിഷന്‍ സ്വീകരിച്ചുകൊണ്ട്‌ കോടതി വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി.

തുംകൂര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെ ഖനനത്തിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിച്ച്‌ മൂന്ന്‌ ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബഞ്ച്‌ പറഞ്ഞു. ബെല്ലാരി പ്രശ്‌നം ഗൂഢ സമ്പത്തിന്റെ വെളിപ്പെടുത്തലാണെന്നും കോടതി നിരീക്ഷിച്ചു.
മെയ്‌ 6നാണ്‌ കര്‍ണാടക ലോകായുക്തയ്‌ക്കുപുറമേ വനം വകുപ്പിലെയും ഖനന- ജിയോളജി വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിച്ചത്‌. സംസ്ഥാനത്തെ 99 ഖനികളിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി അതിര്‍ത്തി തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

148 ഖനികള്‍ക്കാണ്‌ ഇരുമ്പ്‌ അയിര്‌ ഖനനത്തിനായി പാട്ടത്തിന്‌ നല്‍കിയിരിക്കുന്നത്‌. 124 എണ്ണം നിലവിലുണ്ട്‌. ഇതില്‍ 60 എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ്‌ സമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഇവയില്‍ 45 എണ്ണം അനധികൃതമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ സമിതിയുടെ കണ്ടെത്തല്‍.

ജനയുഗം 300711

പുതിയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ക്കുള്ള എന്‍ ഒ സി ഹൈക്കോടതി വിലക്കി

സംസ്ഥാനത്ത്‌ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ പുതിയ എന്‍ജിനീയറിംഗങ്‌ കോളജുകള്‍ക്ക്‌ എന്‍ ഒ സി നല്‍കരുതെന്ന്‌ സര്‍ക്കാരിന്‌ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഇപ്പോഴുള്ള ഭൂരിഭാഗം സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളിലും യോഗ്യരായ അധ്യാപകരില്ലെന്ന വിദഗ്‌ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.

പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണക്കിലെടുത്ത്‌ സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളജുകളില്‍ ഡിഗ്രി, പിജി തലങ്ങളില്‍ സീറ്റ്‌ വര്‍ധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. യോഗ്യരായ അധ്യാപകരില്ലെന്ന കാരണത്താല്‍ സര്‍വകലാശാല അഫിലിയേഷന്‍ നിഷേധിച്ചതിനെതിരെ എറണാകുളത്തപ്പന്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും നിര്‍മല എജ്യൂക്കേഷന്‍ ട്രസ്റ്റും നല്‍കിയ അപ്പീലിലാണ്‌ ഡിവിഷന്‍ ബഞ്ച്‌ ഉത്തരവ്‌.

ഇരു ഹര്‍ജിക്കാര്‍ക്കും എ ഐ സി ടി ഇ അംഗീകാരം കൊടുത്തിരുന്നെങ്കിലും യോഗ്യരായ അധ്യാപകരില്ലെന്ന കാരണത്താല്‍ അഫിലിയേഷന്‍ നിഷേധിച്ചിരുന്നു. സര്‍വകലാശാല നടപടിക്കെതിരെ ഇരുകൂട്ടരും സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ്‌ 84 സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടത്‌. ഇതിനായി തിരുവനന്തപുരം കോളജ്‌ ഒാഫ്‌ എന്‍ജിനീയറിംഗ്‌ ടെക്‌നോളജിയിലെ അസി. പ്രഫസര്‍ എന്‍ വിജയകുമാര്‍ അധ്യക്ഷനായി എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചു.

കമ്മിറ്റി മൂന്നു ഘട്ടമായി ജില്ലകളിലെ വിവിധ കോളജുകളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. 30 കോളജുകളാണ്‌ ആദ്യ ഘട്ടം പരിശോധിച്ചത്‌ ഇതില്‍ നാലോ അഞ്ചോ കോളജുകളിലൊഴികെ ഒരിടത്തും യോഗ്യരായ അധ്യാപകരില്ലെന്ന്‌ കമ്മിറ്റി വിലയിരുത്തി.

നിലവാരത്തോടെ കോളജ്‌ നടത്തുന്നത്‌ കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എന്‍ജിനീയറിംഗ്‌ കോളജുകളിലാണെന്ന്‌ വിലയിരുത്തിയ കമ്മിറ്റി ഏറ്റവും മോശം കാലിക്കറ്റ്‌ സര്‍വകലാശാലയിലെ കോളജുകളാണെന്നും വിലയിരുത്തി. പലയിടങ്ങളിലും ഒന്നിലധികം കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അധ്യാപകരില്ലെന്ന്‌ കണ്ടെത്തിയ കോളജുകള്‍ക്ക്‌ അഫിലിയേഷന്‍ തുടര്‍ന്നു ലഭിച്ചുവോയെന്ന്‌ ഈയവസരത്തില്‍ പറയുന്നില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ആവശ്യത്തിന്‌ അധ്യാപകരില്ലാതെ ഓടിക്കുന്ന കോളജുകളെക്കുറിച്ചും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്ര അധ്യാപകരുമില്ലാതെ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നത്‌ വിദ്യാഭ്യാസത്തിനും വിദ്യാര്‍ഥികളുടെ താത്‌പര്യത്തിനും എതിരാണ്‌. ഒട്ടേറെ എന്‍ജിനീയറിങ്‌ കോളജുകള്‍ ഉള്ളതിനാല്‍ യോഗ്യരായ അധ്യാപകരെ ലഭിക്കാന്‍ പ്രയാസമുണ്ടെന്ന വസ്‌തുത മാറ്റിവയ്‌ക്കുന്നില്ല. അതുകൊണ്ട്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ്‌ കോളജുകളില്‍ പിജി കോഴ്‌സ്‌ അനുവദിച്ച്‌ അധ്യാപകര്‍ക്കുവേണ്ട യോഗ്യത നേടാന്‍ അവസരം ഉണ്ടാക്കണമെന്നും കോടതി സര്‍വകലാശാലകള്‍ക്ക്‌ നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കോളജുകളിലെ പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി ആറാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ജനയുഗം 300711

വിദേശ വാര്‍ത്തകള്‍ - പെറു, സോമാലിയ, നോര്‍വേ

ഒലാന്റ ഹുമാല പെറുവിന്റെ പുതിയ പ്രസിഡന്റ്‌

ലിമ: പെറുവിന്റെ പുതിയ പ്രസിഡന്റായി മുന്‍ സൈനിക ഉദ്യോഗസ്‌ഥന്‍ ഒലാന്റ ഹുമാല സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്‌ഥാനാര്‍ഥി കെയ്‌കോ ഫുജിമോരിയെ പരാജയപ്പെടുത്തിയാണ്‌ ഹുമാല അധികാരത്തിലെത്തിയത്‌. സാമൂഹിക വേര്‍തിരിവും പട്ടണിയും ഉന്‍മൂലനം ചെയ്യുമെന്നു പ്രതിജ്‌ഞയെടുത്താണു ഹുമാല അധികാരമേറ്റത്‌. പെറുവിയന്‍ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി അംഗമായ ഹുമാല 1980 മുതല്‍ 2005 വരെ സൈന്യത്തില്‍ ലഫ്‌റ്റണന്റ്‌ കേണലായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌അഞ്ചു വര്‍ഷത്തേക്കാണു കാലാവധി.ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, ചിലി, യുറഗ്വായ്‌, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

സൊമാലിയയെ പട്ടിണിയും ദാരിദ്ര്യവും ഗ്രസിച്ചുകഴിഞ്ഞുവെന്ന്‌ യു എന്‍

ജനീവ: വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം തെക്കന്‍ സൊമാലിയ ആകെ കടുത്ത പട്ടിണിയിലേയ്‌ക്കും ദാരിദ്ര്യത്തിലേയ്‌ക്കും നീങ്ങിക്കഴിഞ്ഞതായി ഐക്യരാഷ്‌ട്ര സഭ വെളിപ്പെടുത്തി. ഐക്യരാഷ്‌ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായമെത്തിക്കുന്ന രാഷ്‌ട്രങ്ങളും സൊമാലിയയില്‍ സ്ഥിതി ഗുരുതരമാണെന്ന്‌ സ്ഥിരീകരിക്കുന്നു. 500 മില്യണ്‍ ഡോളറിന്റെ സഹായം യു എന്‍ സൊമാലിയക്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സൊമാലിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ യുഎന്‍ ഉന്നതാധികാര സഭയുടെ യോഗത്തിലാണ്‌ ലോകബാങ്ക്‌ സൊമാലിയക്കും മറ്റ്‌ അയല്‍രാജ്യങ്ങളായ എത്തിയോപ്യ, കെനിയ, ജിബോറി എന്നീ രാഷ്‌ട്രങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിരുന്നത്‌.

അതേസമയം ദശലക്ഷത്തിലേറെ ജനങ്ങള്‍ പട്ടിണിമൂലം ദുരിതമനുഭവിക്കുകയും മരിച്ചു വീഴുകയും ചെയ്യുമ്പോള്‍ സഹായമെത്തിക്കാനാകാതെ വിഷമിക്കുകയാണ്‌ അന്താരാഷ്‌ട്ര ദുരിതാശ്വാസ സംഘടനകള്‍. ജനങ്ങള്‍ക്ക്‌ ഭക്ഷണവും സഹായവും എത്തിക്കുന്നത്‌ ഇസ്‌ലാമിക ഭീകരവാദികള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷണ സമിതിക്ക്‌ സൊമാലിയിയല്‍ സഹായമെത്തിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്‌.

തെക്കന്‍ സൊമാലിയയില്‍ അല്‍ഖ്വയ്‌ദ ബന്ധമുള്ള അല്‍ ഷബാബ്‌ എന്ന ഇസ്‌ലാമിക ഭീകര സംഘടന യു എന്നിന്റെ വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാം നടപ്പിലാക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെ പട്ടിണി മരണനിരക്ക്‌ വളരെ കൂടുതലാണ്‌.

സൊമാലിയയിലെ ഭൂരിപക്ഷം പ്രദേശങ്ങളും അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ്‌. സൊമാലിയയില്‍ പകുതിയോളം വരുന്ന ജനങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്‌താവിച്ചിരുന്നു.

ഭീകരവാദികള്‍ അഴിച്ചു വിടുന്ന കാലാപമാണ്‌ രാഷ്‌ട്രത്തെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതെന്നും സൊമാലിയന്‍ പ്രധാനമന്ത്രി അബ്‌ദിവെലി മുഹമ്മദ്‌ അലിയും പ്രസ്‌താവിച്ചിരുന്നു.

കഴിഞ്ഞ അറുപത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ്‌ സൊമാലിയയെ ബാധിച്ചിരിക്കുന്നത്‌. അല്‍ ഷബാബിന്റെ ഭീഷണിയെ തുടര്‍ന്ന്‌ 2009ല്‍ രാജ്യത്ത്‌ നിന്നും ദൗത്യസംഘങ്ങള്‍ പിന്‍വാങ്ങിയിരുന്നു. അമുസ്‌ലിങ്ങളെയും രഹസ്യ അജണ്ടയുമായി രാജ്യത്ത്‌ പ്രവേശിക്കുന്നവരെയും അനുവദിക്കില്ലെന്നായിരുന്നു അല്‍ ഷബാബിന്റെ നിലപാട്‌. എന്നാല്‍ കടുത്ത വരള്‍ച്ചയുടേയും ഭക്ഷ്യക്ഷാമത്തിന്റേയും പശ്‌ചാത്തലത്തില്‍ അല്‍ ഷബാബ്‌ അടുത്തിടെ നിലപാടുകള്‍ മയപ്പെടുത്തുകയും ദൗത്യ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്‌തതാണ്‌. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വീണ്ടും കടുത്തനിലപാടാണെടുത്തിരിക്കുന്നത്‌.

കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായ സൊമാലിയയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള ശ്രമങ്ങള്‍ തുടരുമെന്ന്‌ ഐക്യരാഷ്‌ട്രസഭാ വക്‌താവ്‌ പറഞ്ഞു. പോഷകാഹാരക്കുറവ്‌ നേരിടുന്ന പതിനായിരക്കണക്കിന്‌ കുട്ടികളെ സഹായിക്കാനുളള പദ്ധതികള്‍ക്കും തുടക്കം കുറിക്കുമെന്നും വക്താവ്‌ പറഞ്ഞു. തലസ്ഥാനമായ മൊഗാദിഷു ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വ്യോമമാര്‍ഗ്ഗം സഹായമെത്തിക്കാനുളള നടപടികളും ഊര്‍ജിതമാണ്‌.

വരള്‍ച്ചയും ക്ഷാമവും രൂക്ഷമായതിനെ തുടര്‍ന്ന്‌ 166,000 പേര്‍ തൊട്ടടുത്തുളള എത്യോപ്യയിലേക്കും കെനിയയിലേക്കും പലായനം ചെയ്‌തിട്ടുണ്ട്‌.

ഓസ്‌ലോ കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷന്‍

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്‌ലോയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സ്‌ഫോടനവും വെടിവയ്പും അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചതായി പ്രധാനമന്ത്രി ജെന്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് അറിയിച്ചു. സ്വതന്ത്ര ചുമതലയുള്ള കമ്മിഷന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അംഗീകാരത്തോടെയാണ് രൂപീകരിച്ചിരിക്കുന്നത്. ദുരന്തം തടയുന്നതില്‍ പൊലീസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.വെടിവയ്പിലും സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയ ഓര്‍മ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കുരുതി നടന്ന നോര്‍വീജിയന്‍ തലസ്ഥാ നമായ ഓസ്‌ലോയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായിതുടങ്ങിയിട്ടുണ്ട്.
അതിനിടെ, നോര്‍വേ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനം നടന്ന ഓസ്‌ലോയിലെ ഒരു സ്‌റ്റോറിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൂട്ടക്കുരിതിയില്‍ അന്തരിച്ചവരുടെ ഓര്‍മ്മയ്ക്കായി ദേശീയ ഓര്‍മ ദിനം ആചരിക്കുന്നതിന് തീയതി പിന്നീട് അറിയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പടിഞ്ഞാറന്‍ യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയ ആക്രമണമായിരുന്നു നോര്‍വേ തലസ്ഥാനത്തുണ്ടായത്. യുട്ടോയ ദ്വീപില്‍ ലേബര്‍ പാര്‍ട്ടി യുവജന ക്യാംപില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെ വിക്(32)് നടത്തിയ വെടിവയ്പിലാണ് 85 പേര്‍ കൊല്ലപ്പെട്ടത്. വെടിവയ്പിനു മുന്‍പ് ഓസ്‌ലോ ഗവണ്‍മെന്റ് മന്ദിരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും ബ്രെ വിക് ആയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യമുണ്ടായത്.  ഇതിനെ തുടര്‍ന്ന് തലസ്ഥാനത്തോടു ചേര്‍ന്ന ഉല്ലാസ കേന്ദ്രമായ ഉടോയ ദ്വീപില്‍ വെടിവയ്പുനടക്കുകയായിരുന്നു. ഇവിടെയാണ് 85 പേര്‍ വെടിയേറ്റു മരിച്ചത്. ജനങ്ങള്‍ കൊല്ലപ്പെട്ട സഹജീവികളുടെ സ്മരണാര്‍ത്ഥം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും സമൂഹ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നുണ്ട്.

ഇസ്‌ലാംവിരുദ്ധ നിലപാടുകളുടെ വക്താവും തീവ്രവലതുപക്ഷ രാഷ്ട്രീയമുള്ള ആളുമാണ് ബ്രെവിക്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. നഗരമധ്യത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയൂം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ജെന്‍ സ്റ്റോള്‍ട്ടന്‍ ബെര്‍ഗിന്റെ ഓഫീസിന് കാര്യമായ കേടുപാടുകള്‍ പറ്റിയെങ്കിലും അദ്ദേഹം സുരക്ഷിതനായിരുന്നു.  എന്നാല്‍ പ്രധാനമന്ത്രി ഓഫീസില്‍ എത്തി  ഒന്നും സംഭവിക്കാത്തപോലെ അദ്ദേഹം കര്‍മ്മങ്ങളില്‍ വ്യാപൃതനാകുന്നുണ്ട്.

സ്‌ഫോടനത്തിന് ശേഷം ജെന്‍ സ്റ്റോള്‍ട്ടന്‍ ബെര്‍ഗിന്റെ ജനസമ്മിതി വളരെ ഉയര്‍ന്നിരിക്കയാണ്. അടിയന്തര ഘട്ടത്തെ അദ്ദേഹം നേരിട്ട രീതിയാണ് അദ്ദേഹത്തെ കൂടുതല്‍ ജനസമ്മതനാക്കിയിരിക്കുന്നത്.

janayugom 300711

ഇന്ത്യന്‍ സൈന്യത്തിന് മദ്യം വാങ്ങിയതില്‍ വന്‍ അഴിമതി

വാഷിങ്ടണ്‍ : സൈന്യത്തിന് മദ്യം വാങ്ങിയ വകയില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ഉന്നതര്‍ വന്‍ അഴിമതി നടത്തിയതായി തെളിവ്. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനെ കൊണ്ട് തങ്ങളുടെ ബ്രാന്‍ഡുകള്‍ കൂടുതലായി വാങ്ങിപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയ സ്പിരിറ്റ് കമ്പനിക്ക് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്ഇസി) 1.6 കോടി ഡോളര്‍ (70.52 കോടിയിലധികം രൂപ) പിഴയിട്ടു. ജോണി വാക്കര്‍ വിസ്കി, സ്മിര്‍നോഫ് വോഡ്ക തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ദിയാഷിയോ കമ്പനി ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉന്നതര്‍ക്ക് നല്‍കിയ 27 ലക്ഷം ഡോളറില്‍ 17 ലക്ഷവും (ഏഴരക്കോടിയോളം രൂപ) കൈപ്പറ്റിയത് ഇന്ത്യക്കാരാണ്. അനന്തര നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കമ്പനി പിഴയടച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സൈന്യത്തിന് മദ്യ വാങ്ങാനോ അതിന് അധികാരപ്പെടുത്താനോ ഉത്തരവാദിത്തമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കും മറ്റും ദിയാഷിയോ പണം നല്‍കിയിട്ടുണ്ട്. 2003-2009ലെ ഇടപാടില്‍ രാഷ്ട്രീയനേതാക്കള്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രതിരോധവകുപ്പിന്റെ പലതട്ടിലുള്ളവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേനാ കാന്റീനുകളിലെ സ്റ്റോര്‍സ് വകുപ്പിലെ ജീവനക്കാര്‍ക്ക് കോഴ നല്‍കിയ വകയില്‍ ദിയാഷിയോ ഇന്ത്യന്‍ ഉപസ്ഥാപനം വഴി ഇടനിലക്കാര്‍ക്കും വന്‍തുക നല്‍കിയിട്ടുണ്ടെന്ന് എസ്ഇസി കണ്ടെത്തിയിട്ടുണ്ട്. സേനാ കാന്റീന്‍ സ്റ്റോറുകളിലെ ഉദ്യോഗസ്ഥരെ ദീപാവലിക്കും പുതുവര്‍ഷത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും കമ്പനി സന്തോഷിപ്പിച്ചിട്ടുണ്ട്.

deshabhimani 300711

കര്‍ണാടകത്തില്‍ യെരവര്‍ക്ക് അടിമവേല

നെല്ല്യാഹുതിക്കേരി(കര്‍ണ്ണാടകം): അധികാരം അഴിമതിക്ക് തീറെഴുതിയ ബിജെപി ഭരണത്തില്‍ കര്‍ണ്ണാടകത്തിലെ കുടകില്‍ ആദിവാസികള്‍ക്ക് അടിമ വേലയും അയിത്തവും. സ്വന്തം മണ്ണില്‍ നിന്ന് ജന്മിമാര്‍ ആട്ടിയോടിച്ച കാടിന്റെ മക്കള്‍ ഇടതുപക്ഷ ചെറുത്ത് നില്‍പ്പിന്റെ തണലില്‍ പ്ലാസ്റ്റിക്ക് കൂരകള്‍ തീര്‍ത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നു. ഒപ്പം കിടപ്പാടത്തിനായി സന്ധിയില്ലാ സമരവും.

കുടകിലെ നെല്ലിയാഹുതിക്കേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വരടി ഗ്രാമത്തിലാണ് ആധുനിക സമൂഹത്തെ ലജ്ജിപ്പിക്കുന്ന അസമത്വത്തിന്റെ യാതനകള്‍ പേറി ആദിവാസികളായ "യെരവ" വിഭാഗത്തിലെ നാല്‍പ്പത് കുടുംബങ്ങള്‍ കഴിയുന്നത്. ജന്മി മൊന്നപ്പയാണ് വരടിയിലെ പരമ്പരാഗത ആദിവാസി ഗോത്ര ജനവിഭാഗം കുടില്‍ കെട്ടി താമസിച്ചിരുന്ന ഭൂമിയില്‍ അവകാശം ഉന്നയിച്ച് 10 കുടിലുകള്‍ തകര്‍ത്ത് തീയിട്ട് ആദിവാസികളെ കുടിയൊഴിപ്പിച്ചത്. അരനൂറ്റാണ്ടിന് മുമ്പ് നടന്ന ഈ പാതകത്തെ തുടര്‍ന്ന് പലായനം ചെയ്ത ആദിവാസികള്‍ കടത്തിണ്ണകളിലും ഇതര വന പാര്‍ശ്വങ്ങളിലും കഴിയുകയായിരുന്നു. വീടും സ്വന്തം ഭൂമിയുമില്ലാത്ത ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് കുടക് ജില്ലാ ഡിവൈഎഫ്ഐ പ്രസിഡന്റ് ടി ആര്‍ ഭരതിന്റെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ മുമ്പാകെ പല വട്ടം ആവശ്യപ്പെട്ടു. ജന്മിമാര്‍ക്കൊപ്പം നിന്ന സംസ്ഥാന ഭരണം ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല.

ഇതിനിടയില്‍ വന്‍കിട തോട്ടമുടമകളുടെ എസ്റ്റേറ്റുകളില്‍ ദിവസക്കൂലിക്ക് ജോലിക്ക് ചേര്‍ന്ന യെരവര്‍ക്ക് അഞ്ഞൂറുംആയിരവും രൂപ കടം നല്‍കിയ എസ്റ്റേറ്റുടമകള്‍ അഭയമില്ലാത്ത ഈ ആദിവാസികളുടെ പേരില്‍ വന്‍തുകകകള്‍ കണക്കില്‍ പറ്റെഴുതി. കടക്കെണിയിലായ യെരവരെ മറ്റിടങ്ങളില്‍ പണിക്ക് പോകാന്‍ മുതലാളിമാര്‍ സമ്മതിച്ചില്ല. കടകളില്‍ പോകാനോ സാധനങ്ങള്‍ വാങ്ങാനോ മിടമുറിക്കല്‍ പോലെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റാനോ എസ്റ്റേറ്റികള്‍ വിട്ട് പുറത്ത് പോകാന്‍ സ്വാതന്ത്ര്യം നല്‍കാത്ത തരത്തിലാണ് യെരവരെ മുതലാളിമാര്‍ ചൂഷണം ചെയ്തത്. സ്ത്രീകള്‍ക്കെതിരെയും ഇതേനിലക്കുള്ള അടിമ നിയമങ്ങള്‍ പ്രയോഗിച്ചു. പല എസ്റ്റേറ്റുകളിലും ആദിവാസി സ്ത്രീകളെ~ലൈംഗിക ചൂഷണത്തിനും ഇരകളാക്കി.~ കൊടിയ ചൂഷണവും അടിമത്തവും പുറം ലോകമറിഞ്ഞതോടെ ഡിവൈഎഫ്ഐ വരടിയില്‍ നിന്ന് പലായനം ചെയ്ത യെരവരെ മുഴുവന്‍ എസ്റ്റേറ്റുകളില്‍ നിന്ന് തെരഞ്ഞ് പിടിച്ച് മോചിപ്പിച്ചു. കൂരകള്‍ കത്തിച്ച് ചാമ്പലാക്കിയ അതേ സ്ഥലത്ത് പ്ലാസ്റ്റിക്ക് കൂരകള്‍ പണിത് മോചിപ്പിക്കപ്പെട്ട മുഴുവന്‍ ആദിവാസികളെയും പുനരധിവസിപ്പിച്ച് കുടകിലെ വരടി ഗ്രാമം അടിമപ്പണിക്കെതിരെ കനത്ത താക്കീതാണ് ജന്മിമാര്‍ക്ക് നല്‍കിയത്. ആട്ടിയിറക്കപ്പെട്ട ഭൂമി മുഴുവന്‍ തങ്ങള്‍ക്ക് പതിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് പിറന്ന മണ്ണില്‍ പുതിയ ജീവിതത്തിന്റെ തുടക്കം കുറിച്ച ഈ കോളനിക്കാര്‍ ഇതിനകം നടത്തിയ എണ്ണമറ്റ സമരങ്ങള്‍ക്ക് നാടിന്റെ വലിയ പിന്തുണ നേടാനായി.
(മനോഹരന്‍ കൈതപ്രം)

മര്‍ദിച്ചും വീടാക്രമിച്ചും ആദിവാസികളെ കര്‍ണാടക സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു

പെരിങ്ങോം: കേരള കര്‍ണാടക അതിര്‍ത്തിയായ ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയില്‍നിന്ന് കര്‍ണാടക സര്‍ക്കാര്‍ ആദിവാസികളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കോളനിയിലെ വീടുകളില്‍ വ്യാപകമായി അക്രമം നടത്തി. ആദിവാസി യുവാക്കളെ മര്‍ദിക്കുകയും ചെയ്തു. പയ്യന്‍വീട്ടില്‍ രാജന്‍ , ഇളയിടത്ത് ബാലകൃഷ്ണന്‍ , പുതിയവീട്ടില്‍ സുഭാഷ് എന്നിവരുടെ വീട്ടില്‍ കയറി ഭക്ഷണപദാര്‍ഥങ്ങള്‍ നശിപ്പിക്കുകയും പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. നിരവധി വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് തടയാനെത്തിയ പുതിയവീട്ടില്‍ ഷൈജു, കാണിക്കാരന്‍ സനീഷ് എന്നിവര്‍ക്കും മര്‍ദനമേറ്റു.

ആറാട്ടുകടവ് പുഴ കടക്കാന്‍ കോളനി നിവാസികള്‍ ഉപയോഗിക്കുന്ന പാണ്ടി ഒരാഴ്ച മുമ്പ് കര്‍ണാടക വനം വകുപ്പ് ജീവനക്കാര്‍ തകര്‍ത്തിരുന്നു. സംഭവത്തെക്കുറിച്ച് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്താല്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പുളിങ്ങോം വില്ലേജിലെ ആറാട്ടുകടവ് കോളനിയെ ചൊല്ലി കേരള- കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. കേരളത്തിന്റെ ഭാഗമായുള്ള 65 ഏക്കറോളം റബര്‍തോട്ടം കര്‍ണാടകം കൈവശപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം കൈയേറ്റം വ്യാപകമാണ്. ആറാട്ടുകടവ് കോളനിയിലെ കൈയേറ്റം തടയണമെന്നും ആദിവാസി കുടുംബങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പി കെ സുരേഷ്ബാബു, പ്രസിഡന്റ് കെ ചെമ്മരന്‍ എന്നിവര്‍ അറിയിച്ചു.

deshabhimani 300711