Thursday, July 28, 2011

യെദ്യൂരപ്പയുടെ പങ്ക് വ്യക്തം: നാലു വര്‍ഷത്തിനിടെ 16,085 കോടി രൂപയുടെ നഷ്ടം

ബംഗളൂരു: കര്‍ണാടകത്തിലെ ഖനന അഴിമതിയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കുറ്റകരമായ പങ്കാളിത്തം വ്യക്തമെന്ന് ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഖനന ലൈസന്‍സ് നല്‍കുന്നതിനുള്ള സാങ്കേതികതടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിനിരോധന നിയമപ്രകാരം യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഹെഗ്ഡെ വ്യക്തമാക്കി. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, വന നിയമം എന്നിവ പ്രകാരം നടപടിയെടുക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ബുധനാഴ്ച പകല്‍ രണ്ടരയോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത രജിസ്ട്രാര്‍ മൂസക്കുഞ്ഞി നായരെമൂലെ ചീഫ് സെക്രട്ടറി എസ് വി രംഗനാഥിന് കൈമാറിയത്. 21,508 പേജ് അന്വേഷണ റിപ്പോര്‍ട്ടും 450 പേജ് നിര്‍ദേശങ്ങളും 300 പേജ് വരുന്ന നടപടിക്രമങ്ങളും അടങ്ങിയതാണ് റിപ്പോര്‍ട്ട്. മുദ്ര വച്ച കവറിലാക്കിയ റിപ്പോര്‍ട്ട് പ്രത്യേകം സൂട്ട്കെയ്സിലാണ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബുധനാഴ്ച രാത്രി ഏഴുമണിയോടെ ചീഫ്സെക്രട്ടറി എസ് വി രംഗനാഥിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. അനധികൃത ഖനനത്തെതുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 16,085 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ജസ്റ്റിസ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി. 24,000 ടണ്‍ ഇരുമ്പയിരാണ് രേഖകളില്ലാതെ കടത്തിയത്. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു പുറമെ മന്ത്രിമാരായ ബി ശ്രീരാമലു, ജി ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കും മന്ത്രി വി സോമണ്ണയുടെ കുടുംബാംഗങ്ങള്‍ക്കും അനധികൃതഖനനത്തില്‍ പങ്കാളിത്തമുണ്ട്. ബിജെപി എംഎല്‍എ ബി നാഗേന്ദ്ര, കോണ്‍ഗ്രസ് നേതാവ് അനില്‍ ലാഡ് എംപി, മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവര്‍ക്കും അനധികൃതഖനനവുമായി ബന്ധമുണ്ട്. 787 ഉദ്യോഗസ്ഥര്‍ , 137 രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ക്കും അഴിമതിയില്‍ പങ്കാളിത്തമുണ്ട്. സംസ്ഥാനത്തെ ഖനികമ്പനികള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കിയതിലൂടെ യെദ്യൂരപ്പയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് 10 കോടി രൂപ സംഭാവന ലഭിച്ചു. രണ്ടു കോടിരൂപ വിലമതിക്കുന്ന ഭൂമി ഖനനാവശ്യത്തിന് 20 കോടി രൂപയ്ക്ക് യെദ്യൂരപ്പയുടെ കുടുംബാംഗങ്ങള്‍ മറിച്ചുവിറ്റു.

ഏറെ ത്യാഗം സഹിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനിടെ അനവധി ഭീഷണിയും മര്‍ദനവും ഖനി മാഫിയകളുടെ കൈയേറ്റവും നേരിടേണ്ടിവന്നെന്ന് ജസ്റ്റിസ് ഹെഗ്ഡെ പറഞ്ഞു. നാലുവര്‍ഷത്തോളം വിവിധ ഖനികളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും വ്യക്തമായി അന്വേഷിച്ചശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെതുടര്‍ന്ന് യെദ്യൂരപ്പ രാത്രി ഏഴരയോടെ ഡല്‍ഹിക്ക് പോയി. രാവിലെ റേസ്കോഴ്സ് റോഡിലെ യെദ്യൂരപ്പയുടെ വസതിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ചേര്‍ന്നു. നിയമനടപടിയെപ്പറ്റി ആലോചിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ഹരണഹള്ളിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സംസ്ഥാന കോര്‍കമ്മിറ്റിയംഗങ്ങളെ ബിജെപി കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച പകല്‍ 11ന് മുമ്പായി ഡല്‍ഹിയിലെത്തണമെന്നാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുടെ പേരുള്‍പ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
(പി വി മനോജ്കുമാര്‍)

റിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: അനധികൃത ഖനന അഴിമതി സംബന്ധിച്ച ലോകായുക്ത അന്വേഷണറിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വ്യാഴാഴ്ച പകല്‍ 3.30ന്് അടിയന്തര ക്യാബിനറ്റ്യോഗം ചേരും. ക്യാബിനറ്റ് യോഗത്തിനുശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കും. അനധികൃതഖനനം സംബന്ധിച്ച് നിരവധി കേസുകള്‍ കോടതികളിലുണ്ട്. പല കേസുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും തക്കസമയത്ത് ഉചിത നടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ ഉദ്ധരിച്ച് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ , രാജിവയ്ക്കില്ലെന്നും അടുത്ത രണ്ടുവര്‍ഷവും സര്‍ക്കാരിനെ താന്‍തന്നെ നയിക്കുമെന്നും റിപ്പോര്‍ട്ട് വരുംമുമ്പ് രാവിലെ നടന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയോഗത്തില്‍ യദ്യൂരപ്പ പറഞ്ഞിരുന്നു.

deshabhimani 280711

2 comments:

  1. കര്‍ണാടകത്തിലെ ഖനന അഴിമതിയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കുറ്റകരമായ പങ്കാളിത്തം വ്യക്തമെന്ന് ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഖനന ലൈസന്‍സ് നല്‍കുന്നതിനുള്ള സാങ്കേതികതടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിനിരോധന നിയമപ്രകാരം യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഹെഗ്ഡെ വ്യക്തമാക്കി. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, വന നിയമം എന്നിവ പ്രകാരം നടപടിയെടുക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

    ReplyDelete
  2. ബംഗളൂരു: ബിജെപിയുടെ അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം മുഖ്യമന്ത്രി യദ്യൂരപ്പയോട് രാജിയാവശ്യപ്പെട്ടു.എന്നാല്‍ നേതൃത്വം ആവശ്യപ്പെട്ടപ്രകാരം രാജിവയ്ക്കാന്‍ യദ്യൂരപ്പ സന്നദ്ധനായിട്ടില്ല.
    കര്‍ണാടകത്തില്‍ നേതൃമാറ്റം വേണമെന്നാണ് യോഗത്തിലുണ്ടായ തീരുമാനമെന്ന് ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി പറഞ്ഞു. ഖനന അഴിമതിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് യദ്യൂരപ്പയുടെ രാജിയാണ് കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. യദ്യൂരപ്പക്കെതിരെ പരാമര്‍ശമുള്ള സാഹചര്യത്തില്‍ രാജിയാണ് പോംവഴിയെന്ന് ബിജെപി നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച കര്‍ണാടകയില്‍ മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിധിന്‍ ഗഡ്കരിയുടെ വീട്ടിലാണ് യോഗംചേര്‍ന്നത്. രാജ്നാഥ്സിങ്ങും വെങ്കയ്യ നായിഡുവുമടക്കമുള്ള ഉയര്‍ന്ന നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞാല്‍ തന്നെ തനിക്കു വേണ്ടപ്പെട്ടവരെ മുഖ്യമന്ത്രിയാക്കാനും യദ്യൂരപ്പ ശ്രമിച്ചേക്കാം. ബിജെപി സര്‍ക്കാര്‍ കര്‍ണാടകത്തില്‍ തുടക്കം മുതലേ അനിശ്ചിതത്വത്തിലായിരുന്നു. കോടികള്‍ മറിയുന്ന ഖനന അഴിമതിയുമായി യദ്യൂരപ്പയുടെ കുടുംബത്തിന് നേരിട്ട് ബന്ധമുള്ളതായാണ് പ്രാഥമിക വിവരം. വന്‍ തോതില്‍ ഖനനം നടത്തുന്ന റെഡ്ഡി സഹോദരന്‍മാരെ മന്ത്രിസഭയിലുള്‍പ്പെടുത്താനും മുഖ്യമന്ത്രി അമിതമായ താല്‍പര്യമെടുത്തിരുന്നു. ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ ആവശ്യം യദ്യൂരപ്പ തള്ളിയ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധിയുടലെടുക്കും

    ReplyDelete