Friday, July 29, 2011

സ്വാശ്രയ മെഡി. മാനേജ്മെന്റുകള്‍ ധാരണയില്‍നിന്ന് പിന്മാറുന്നു

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാലെണ്ണം ഒഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും സര്‍ക്കാറുമായി ധാരണയിലെത്തിയിട്ടും കരാറില്‍ ഒപ്പിടാന്‍ വൈകുന്നതോടെ ധാരണയില്‍ നിന്നു പിന്മാറാന്‍ നീക്കം. മാനേജ്മെന്റ് സീറ്റിലേക്ക് പ്രവേശനത്തിന് മാനേജ്മെന്റ് അസോസിയേഷന്‍ സ്വന്തം നിലയില്‍ നടത്തിയ പരീക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കിയില്ലെങ്കില്‍ ധാരണ പ്രകാരമുള്ള ഫീസ് അനുസരിച്ച് പ്രവേശനം നല്‍കാനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ ഇപ്പോഴത്തെ നിലപാട്. ഹൈക്കോടതിവിധി എതിരാകുകയാണെങ്കില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു പ്രവേശനം നല്‍കേണ്ടി വരും.

എന്നാല്‍ , അഞ്ചര ലക്ഷം രൂപ വാര്‍ഷികഫീസ് നല്‍കി ഈ ലിസ്റ്റില്‍നിന്നു കൂടുതല്‍പേര്‍ മാനേജ്മെന്റ് സീറ്റില്‍ ചേരില്ലെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലെ കോളേജുകള്‍ മാനേജ്മെന്റ് സീറ്റില്‍ മൂന്നരലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് കോളേജുകളില്‍ അഞ്ചരലക്ഷം രൂപ ഫീസ് നല്‍കാന്‍ തയ്യാറാകില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 50 ശതമാനം സീറ്റില്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കിയാല്‍ നഷ്ടമാകുമെന്നാണ് അസോസിയേഷന്റെ വാദം. സര്‍ക്കാരുമായി ധാരണയില്‍ എത്തുമ്പോള്‍ ഈ വിഷയം ഉന്നയിച്ചിരുന്നില്ല. അപ്പോള്‍തന്നെ കരാറില്‍ ഒപ്പിടാന്‍ അവര്‍ സന്നദ്ധരുമായിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ നിസ്സംഗത കാട്ടി. കരാറില്‍ ഒപ്പിടുന്നതിന് രണ്ടുതവണ മാനേജ്മെന്റ് പ്രതിനിധികള്‍ മന്ത്രി ഓഫീസില്‍ എത്തിയെങ്കിലും സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് മാനേജ്മെന്റ് സീറ്റ് സംബന്ധിച്ച തര്‍ക്കം വീണ്ടും ഹൈക്കോടതിയിലെത്തിയത്. എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് ഫീസ് കുത്തനെ കൂട്ടിനല്‍കിയത് മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. വിലപേശി ഫീസ് കൂട്ടാനുള്ള തന്ത്രമാണ് അവര്‍ പയറ്റുന്നത്.

deshabhimani 290711

1 comment:

  1. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാലെണ്ണം ഒഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും സര്‍ക്കാറുമായി ധാരണയിലെത്തിയിട്ടും കരാറില്‍ ഒപ്പിടാന്‍ വൈകുന്നതോടെ ധാരണയില്‍ നിന്നു പിന്മാറാന്‍ നീക്കം. മാനേജ്മെന്റ് സീറ്റിലേക്ക് പ്രവേശനത്തിന് മാനേജ്മെന്റ് അസോസിയേഷന്‍ സ്വന്തം നിലയില്‍ നടത്തിയ പരീക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കിയില്ലെങ്കില്‍ ധാരണ പ്രകാരമുള്ള ഫീസ് അനുസരിച്ച് പ്രവേശനം നല്‍കാനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ ഇപ്പോഴത്തെ നിലപാട്. ഹൈക്കോടതിവിധി എതിരാകുകയാണെങ്കില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു പ്രവേശനം നല്‍കേണ്ടി വരും.

    ReplyDelete