Saturday, July 30, 2011

വിദേശ വാര്‍ത്തകള്‍ - പെറു, സോമാലിയ, നോര്‍വേ

ഒലാന്റ ഹുമാല പെറുവിന്റെ പുതിയ പ്രസിഡന്റ്‌

ലിമ: പെറുവിന്റെ പുതിയ പ്രസിഡന്റായി മുന്‍ സൈനിക ഉദ്യോഗസ്‌ഥന്‍ ഒലാന്റ ഹുമാല സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്‌ഥാനാര്‍ഥി കെയ്‌കോ ഫുജിമോരിയെ പരാജയപ്പെടുത്തിയാണ്‌ ഹുമാല അധികാരത്തിലെത്തിയത്‌. സാമൂഹിക വേര്‍തിരിവും പട്ടണിയും ഉന്‍മൂലനം ചെയ്യുമെന്നു പ്രതിജ്‌ഞയെടുത്താണു ഹുമാല അധികാരമേറ്റത്‌. പെറുവിയന്‍ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി അംഗമായ ഹുമാല 1980 മുതല്‍ 2005 വരെ സൈന്യത്തില്‍ ലഫ്‌റ്റണന്റ്‌ കേണലായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌അഞ്ചു വര്‍ഷത്തേക്കാണു കാലാവധി.ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, ചിലി, യുറഗ്വായ്‌, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

സൊമാലിയയെ പട്ടിണിയും ദാരിദ്ര്യവും ഗ്രസിച്ചുകഴിഞ്ഞുവെന്ന്‌ യു എന്‍

ജനീവ: വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം തെക്കന്‍ സൊമാലിയ ആകെ കടുത്ത പട്ടിണിയിലേയ്‌ക്കും ദാരിദ്ര്യത്തിലേയ്‌ക്കും നീങ്ങിക്കഴിഞ്ഞതായി ഐക്യരാഷ്‌ട്ര സഭ വെളിപ്പെടുത്തി. ഐക്യരാഷ്‌ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായമെത്തിക്കുന്ന രാഷ്‌ട്രങ്ങളും സൊമാലിയയില്‍ സ്ഥിതി ഗുരുതരമാണെന്ന്‌ സ്ഥിരീകരിക്കുന്നു. 500 മില്യണ്‍ ഡോളറിന്റെ സഹായം യു എന്‍ സൊമാലിയക്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സൊമാലിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ യുഎന്‍ ഉന്നതാധികാര സഭയുടെ യോഗത്തിലാണ്‌ ലോകബാങ്ക്‌ സൊമാലിയക്കും മറ്റ്‌ അയല്‍രാജ്യങ്ങളായ എത്തിയോപ്യ, കെനിയ, ജിബോറി എന്നീ രാഷ്‌ട്രങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിരുന്നത്‌.

അതേസമയം ദശലക്ഷത്തിലേറെ ജനങ്ങള്‍ പട്ടിണിമൂലം ദുരിതമനുഭവിക്കുകയും മരിച്ചു വീഴുകയും ചെയ്യുമ്പോള്‍ സഹായമെത്തിക്കാനാകാതെ വിഷമിക്കുകയാണ്‌ അന്താരാഷ്‌ട്ര ദുരിതാശ്വാസ സംഘടനകള്‍. ജനങ്ങള്‍ക്ക്‌ ഭക്ഷണവും സഹായവും എത്തിക്കുന്നത്‌ ഇസ്‌ലാമിക ഭീകരവാദികള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷണ സമിതിക്ക്‌ സൊമാലിയിയല്‍ സഹായമെത്തിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്‌.

തെക്കന്‍ സൊമാലിയയില്‍ അല്‍ഖ്വയ്‌ദ ബന്ധമുള്ള അല്‍ ഷബാബ്‌ എന്ന ഇസ്‌ലാമിക ഭീകര സംഘടന യു എന്നിന്റെ വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാം നടപ്പിലാക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെ പട്ടിണി മരണനിരക്ക്‌ വളരെ കൂടുതലാണ്‌.

സൊമാലിയയിലെ ഭൂരിപക്ഷം പ്രദേശങ്ങളും അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ്‌. സൊമാലിയയില്‍ പകുതിയോളം വരുന്ന ജനങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്‌താവിച്ചിരുന്നു.

ഭീകരവാദികള്‍ അഴിച്ചു വിടുന്ന കാലാപമാണ്‌ രാഷ്‌ട്രത്തെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതെന്നും സൊമാലിയന്‍ പ്രധാനമന്ത്രി അബ്‌ദിവെലി മുഹമ്മദ്‌ അലിയും പ്രസ്‌താവിച്ചിരുന്നു.

കഴിഞ്ഞ അറുപത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ്‌ സൊമാലിയയെ ബാധിച്ചിരിക്കുന്നത്‌. അല്‍ ഷബാബിന്റെ ഭീഷണിയെ തുടര്‍ന്ന്‌ 2009ല്‍ രാജ്യത്ത്‌ നിന്നും ദൗത്യസംഘങ്ങള്‍ പിന്‍വാങ്ങിയിരുന്നു. അമുസ്‌ലിങ്ങളെയും രഹസ്യ അജണ്ടയുമായി രാജ്യത്ത്‌ പ്രവേശിക്കുന്നവരെയും അനുവദിക്കില്ലെന്നായിരുന്നു അല്‍ ഷബാബിന്റെ നിലപാട്‌. എന്നാല്‍ കടുത്ത വരള്‍ച്ചയുടേയും ഭക്ഷ്യക്ഷാമത്തിന്റേയും പശ്‌ചാത്തലത്തില്‍ അല്‍ ഷബാബ്‌ അടുത്തിടെ നിലപാടുകള്‍ മയപ്പെടുത്തുകയും ദൗത്യ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്‌തതാണ്‌. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വീണ്ടും കടുത്തനിലപാടാണെടുത്തിരിക്കുന്നത്‌.

കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായ സൊമാലിയയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള ശ്രമങ്ങള്‍ തുടരുമെന്ന്‌ ഐക്യരാഷ്‌ട്രസഭാ വക്‌താവ്‌ പറഞ്ഞു. പോഷകാഹാരക്കുറവ്‌ നേരിടുന്ന പതിനായിരക്കണക്കിന്‌ കുട്ടികളെ സഹായിക്കാനുളള പദ്ധതികള്‍ക്കും തുടക്കം കുറിക്കുമെന്നും വക്താവ്‌ പറഞ്ഞു. തലസ്ഥാനമായ മൊഗാദിഷു ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വ്യോമമാര്‍ഗ്ഗം സഹായമെത്തിക്കാനുളള നടപടികളും ഊര്‍ജിതമാണ്‌.

വരള്‍ച്ചയും ക്ഷാമവും രൂക്ഷമായതിനെ തുടര്‍ന്ന്‌ 166,000 പേര്‍ തൊട്ടടുത്തുളള എത്യോപ്യയിലേക്കും കെനിയയിലേക്കും പലായനം ചെയ്‌തിട്ടുണ്ട്‌.

ഓസ്‌ലോ കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷന്‍

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്‌ലോയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സ്‌ഫോടനവും വെടിവയ്പും അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചതായി പ്രധാനമന്ത്രി ജെന്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് അറിയിച്ചു. സ്വതന്ത്ര ചുമതലയുള്ള കമ്മിഷന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അംഗീകാരത്തോടെയാണ് രൂപീകരിച്ചിരിക്കുന്നത്. ദുരന്തം തടയുന്നതില്‍ പൊലീസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.വെടിവയ്പിലും സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയ ഓര്‍മ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കുരുതി നടന്ന നോര്‍വീജിയന്‍ തലസ്ഥാ നമായ ഓസ്‌ലോയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായിതുടങ്ങിയിട്ടുണ്ട്.
അതിനിടെ, നോര്‍വേ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനം നടന്ന ഓസ്‌ലോയിലെ ഒരു സ്‌റ്റോറിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൂട്ടക്കുരിതിയില്‍ അന്തരിച്ചവരുടെ ഓര്‍മ്മയ്ക്കായി ദേശീയ ഓര്‍മ ദിനം ആചരിക്കുന്നതിന് തീയതി പിന്നീട് അറിയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പടിഞ്ഞാറന്‍ യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയ ആക്രമണമായിരുന്നു നോര്‍വേ തലസ്ഥാനത്തുണ്ടായത്. യുട്ടോയ ദ്വീപില്‍ ലേബര്‍ പാര്‍ട്ടി യുവജന ക്യാംപില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെ വിക്(32)് നടത്തിയ വെടിവയ്പിലാണ് 85 പേര്‍ കൊല്ലപ്പെട്ടത്. വെടിവയ്പിനു മുന്‍പ് ഓസ്‌ലോ ഗവണ്‍മെന്റ് മന്ദിരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും ബ്രെ വിക് ആയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യമുണ്ടായത്.  ഇതിനെ തുടര്‍ന്ന് തലസ്ഥാനത്തോടു ചേര്‍ന്ന ഉല്ലാസ കേന്ദ്രമായ ഉടോയ ദ്വീപില്‍ വെടിവയ്പുനടക്കുകയായിരുന്നു. ഇവിടെയാണ് 85 പേര്‍ വെടിയേറ്റു മരിച്ചത്. ജനങ്ങള്‍ കൊല്ലപ്പെട്ട സഹജീവികളുടെ സ്മരണാര്‍ത്ഥം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും സമൂഹ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നുണ്ട്.

ഇസ്‌ലാംവിരുദ്ധ നിലപാടുകളുടെ വക്താവും തീവ്രവലതുപക്ഷ രാഷ്ട്രീയമുള്ള ആളുമാണ് ബ്രെവിക്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. നഗരമധ്യത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയൂം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ജെന്‍ സ്റ്റോള്‍ട്ടന്‍ ബെര്‍ഗിന്റെ ഓഫീസിന് കാര്യമായ കേടുപാടുകള്‍ പറ്റിയെങ്കിലും അദ്ദേഹം സുരക്ഷിതനായിരുന്നു.  എന്നാല്‍ പ്രധാനമന്ത്രി ഓഫീസില്‍ എത്തി  ഒന്നും സംഭവിക്കാത്തപോലെ അദ്ദേഹം കര്‍മ്മങ്ങളില്‍ വ്യാപൃതനാകുന്നുണ്ട്.

സ്‌ഫോടനത്തിന് ശേഷം ജെന്‍ സ്റ്റോള്‍ട്ടന്‍ ബെര്‍ഗിന്റെ ജനസമ്മിതി വളരെ ഉയര്‍ന്നിരിക്കയാണ്. അടിയന്തര ഘട്ടത്തെ അദ്ദേഹം നേരിട്ട രീതിയാണ് അദ്ദേഹത്തെ കൂടുതല്‍ ജനസമ്മതനാക്കിയിരിക്കുന്നത്.

janayugom 300711

1 comment:

  1. വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം തെക്കന്‍ സൊമാലിയ ആകെ കടുത്ത പട്ടിണിയിലേയ്‌ക്കും ദാരിദ്ര്യത്തിലേയ്‌ക്കും നീങ്ങിക്കഴിഞ്ഞതായി ഐക്യരാഷ്‌ട്ര സഭ വെളിപ്പെടുത്തി. ഐക്യരാഷ്‌ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായമെത്തിക്കുന്ന രാഷ്‌ട്രങ്ങളും സൊമാലിയയില്‍ സ്ഥിതി ഗുരുതരമാണെന്ന്‌ സ്ഥിരീകരിക്കുന്നു. 500 മില്യണ്‍ ഡോളറിന്റെ സഹായം യു എന്‍ സൊമാലിയക്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

    ReplyDelete