Thursday, July 28, 2011

അനധികൃത സ്ഥലം മാറ്റം, നിയമനം - ഭരണം കൊഴുക്കുന്നു

സിറാമിക്സ് എംഡിയെ നിയമിച്ചത് കീഴ്വഴക്കം ലംഘിച്ച്

കണ്ണൂര്‍ : ആരോപണവിധേയനായ മുന്‍ എംഡിയെ കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക്സ് മേധാവിയായി നിയമിച്ചത് കീഴ്വഴക്കം ലംഘിച്ച്. നിലവിലുള്ള എംഡി ആനക്കൈ ബാലകൃഷ്ണനെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് തരംതാഴ്ത്തിയാണ് പുതിയ നിയമനം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എംഡിയായിരുന്ന എന്‍ ലക്ഷ്മണന്‍ നമ്പ്യാരെയാണ് വീണ്ടും ഇതേ തസ്തികയില്‍ നിയമിച്ചത്. നിയമനത്തിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെ കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. 22 വര്‍ഷമായി തൊഴില്‍സമരങ്ങളില്ലാത്ത ഈ സ്ഥാപനത്തിനുകീഴിലുള്ള മുഴുവന്‍ ഫാക്ടറികളിലും തിങ്കളാഴ്ച മുതല്‍ ആരും ജോലിക്ക് കയറിയില്ല. മുഴുവന്‍ സംഘടനാഭാരവാഹികളും ഒപ്പുവച്ച പരാതിയും വ്യവസായമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് എംഡിയായി തുടരവേ 58 വയസ്സ് പൂര്‍ത്തിയായിട്ടും ഒരുവര്‍ഷം സര്‍വീസ് നീട്ടിനല്‍കുകയായിരുന്നു. ഈ വിവാദതീരുമാനത്തിലൂടെ 2007 മാര്‍ച്ചുവരെ ലക്ഷ്മണന്‍ നമ്പ്യാര്‍ തുടര്‍ന്നു. 63 വയസ്സു കഴിഞ്ഞയാളെ വീണ്ടും നിയമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. വിരമിച്ച് നാലുവര്‍ഷം വിശ്രമജീവിതം നയിച്ചശേഷമാണ് നമ്പ്യാര്‍ വീണ്ടും ശനിയാഴ്ച ചുമതലയേറ്റത്. വ്യവസായമന്ത്രിയുടെ ഓഫീസ് പ്രത്യേക താല്‍പര്യമെടുത്താണ് യുഡിഎഫ് സംഘടനകള്‍പോലും എതിര്‍ക്കുന്നയാളെ മേധാവിയായി കൊണ്ടുവന്നത്. വന്‍തുക കൈക്കൂലിയായി നല്‍കിയാണ് ഇയാള്‍ വീണ്ടുമെത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കളിമണ്‍ ഖനനവിരുദ്ധ സമിതിയുമായി ഗൂഢാലോചന നടത്തി ലക്ഷ്മണന്‍ നമ്പ്യാര്‍ കമ്പനി പൂട്ടിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. ഖനനത്തിനുള്ള ലൈസന്‍സിന് യഥാസമയം അപേക്ഷിക്കാത്തതിനാല്‍ കമ്പനി പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയുമുണ്ടായി. വിരമിച്ചശേഷം വിവരാവകാശനിയമം ദുരുപയോഗംചെയ്ത് നിരന്തരം കമ്പനിയെ ബുദ്ധിമുട്ടിച്ചതായും പരാതിയിലുണ്ട്.

കെഎസ്എഫ്ഇയില്‍ 350 മാനേജര്‍മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം


അഞ്ഞൂറില്‍ താഴെ മാനേജര്‍മാരുള്ള കെഎസ്എഫ്ഇയില്‍ 350 പേരെയും സ്ഥലംമാറ്റി ഉത്തരവിറക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൂട്ടസ്ഥലംമാറ്റം. ഭരണകക്ഷി യൂണിയന്‍ നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് കൂട്ടസ്ഥലംമാറ്റമെന്ന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണസമിതിയും ചെയര്‍മാനും നിലവിലില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികയില്‍ പ്രതിഷ്ഠിച്ചശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഓഫീസേഴ്സ് യൂണിയന്റെ പ്രധാന ഭാരവാഹികളെയെല്ലാം തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി. മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റവിവരം പെട്ടെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഭരണകക്ഷി യൂണിയന്‍ നേതാക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കിയിട്ടുമുണ്ട്.

കെഎസ്എഫ്ഇയുടെ ശാഖകളില്‍ കംപ്യൂട്ടര്‍വല്‍ക്കരണപ്രവര്‍ത്തനം നടക്കുകയാണ്. ഭൂരിപക്ഷം ശാഖകളിലും കണക്ക് പൂര്‍ത്തിയാക്കാനിരിക്കെയാണ് പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട മാനേജര്‍മാരെ കൂട്ടമായി സ്ഥലംമാറ്റിയത്. കൂടുതല്‍ ബിസിനസ് എന്ന ലക്ഷ്യം കൈവരിച്ചെങ്കിലേ സ്ഥാപനത്തിന്റെ പുരോഗതി നിലനിര്‍ത്താനാകൂ. മാനേജര്‍മാരുടെ കൂട്ടസ്ഥലംമാറ്റത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. കമ്പനിയുടെ പുരോഗതിക്ക് അഹോരാത്രം പണിയെടുക്കുന്ന ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് കെഎസ്എഫ്ഇയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഓഫീസേഴ്സ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ആര്‍ രാഘവന്‍പിള്ളയും ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണനും വൈസ് പ്രസിഡന്റ് സുരേഷ്ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്എഫ്ഇ മാനേജര്‍മാരുടെ കൂട്ടസ്ഥലംമാറ്റം രാഷ്ട്രീയപ്രേരിതം

തലശ്ശേരി: കെഎസ്എഫ്ഇ മാനേജര്‍മാരുടെ കൂട്ടസ്ഥലംമാറ്റത്തിന് മാനദണ്ഡമാക്കിയത് സംഘടനാബന്ധം. ഇടതുപക്ഷ അനുകൂല സംഘടനയായ കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന നേതാക്കളടക്കമുള്ള പ്രവര്‍ത്തകരെയാണ് തെരഞ്ഞുപിടിച്ച് വിദൂരകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. യുഡിഎഫിന്റെ വിശ്വസ്തരെ കെഎസ്എഫ്ഇ ആസ്ഥാനത്തും സൗകര്യപ്രദമായ കേന്ദ്രങ്ങളിലും കുടിയിരുത്താനും ശേഷിച്ചവരെ ദ്രോഹിക്കാനുമാണ് മാറ്റം ലക്ഷ്യമിടുന്നത്. 483 മാനേജര്‍മാരില്‍ 350 പേരെയാണ് ഒറ്റയടിക്ക് മാറ്റിയത്. ഇവരില്‍ 270 പേര്‍ക്കും അപേക്ഷിക്കാതെയാണ് മാറ്റം.

വീടിന് സമീപത്തുനിന്ന് ദൂരേക്ക് സ്ഥലം മാറ്റിയവരില്‍ ബഹുഭൂരിപക്ഷവും യൂണിയന്‍കാരാണെന്നതിന് പട്ടിക തെളിവാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണനെ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍നിന്ന് കല്ലാച്ചി ശാഖയിലേക്ക് മാറ്റി. വൈസ്പ്രസിഡന്റുമാരില്‍ ഒരാളെ ആലപ്പുഴ ഒന്നാംശാഖയില്‍നിന്ന് പാനൂരിലേക്കും മറ്റൊരാളെ തിരുവനന്തപുരത്ത്നിന്ന് കായംകുളത്തേക്കും മാറ്റി. രാഷ്ട്രിയപ്രേരിതമാറ്റത്തില്‍നിന്ന് സ്ത്രീകളെപോലും ഒഴിവാക്കിയില്ല. കോഴിക്കോട് സ്വദേശിയായ വനിതാ മാനേജര്‍ നാലുമാസം മുമ്പാണ് കാസര്‍കോടുനിന്ന് കക്കോടിയിലെത്തിയത്. അപകടത്തില്‍ പരിക്കേറ്റ് നട്ടെല്ലിന് ചികിത്സ നടത്തുന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായ ഇവരെ മട്ടന്നൂരിലേക്ക് "തട്ടി".

വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള കോഴിക്കോട് റീജ്യണല്‍ ഓഫീസിലെ സീനിയര്‍ മാനേജരെ കണ്ണൂര്‍ രണ്ടാം ശാഖയിലേക്കും വടകരയിലെ സീനിയര്‍ മാനേജരെ കൂത്തുപറമ്പിലേക്കും സംസ്ഥാന കമ്മിറ്റി അംഗത്തെ കല്ലാച്ചിയില്‍നിന്ന് തിരുവമ്പാടിക്കുമാണ് മാറ്റിയത്. കോഴിക്കോട് മാനേജരായ രാമനാട്ടുകര സ്വദേശിക്ക് പുല്‍പ്പള്ളിയിലേക്കാണ് സ്ഥലംമാറ്റം. ഒരു മാസം മുമ്പ് കണ്ണൂരില്‍നിന്ന് മാങ്കാവിലെത്തിയ കോഴിക്കോട് സ്വദേശിയെ നരിക്കുനിയിലേക്ക് മാറ്റി. കുറ്റ്യാടി ശാഖാ മാനേജര്‍ തിരുവമ്പാടി സ്വദേശി നാട്ടിലേക്ക് മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെ കല്ലാച്ചി ശാഖാ മാനേജരായ കുറ്റ്യാടി സ്വദേശിയെയാണ് തിരുവമ്പാടിക്ക് മാറ്റിയത്. സംസ്ഥാനത്ത് എവിടെ ജോലി ചെയ്യാനും ബാധ്യസ്ഥരാണെങ്കിലും പുതിയ സ്ഥലം മാറ്റപ്പട്ടിക പകപോക്കലാണെന്ന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ ആരോപിച്ചു.

വിജിലന്‍സിലും മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം

കണ്ണൂര്‍ : പൊലീസ് വിജിലന്‍സ് വിഭാഗത്തിലും മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. 12 പേരെയാണ് അനധികൃതമായി സ്ഥലംമാറ്റിയത്. ഹെഡ്കോണ്‍സ്റ്റബിള്‍ , കോണ്‍സ്റ്റബിള്‍ , ഡ്രൈവര്‍മാര്‍ എന്നിവര്‍ മാറ്റിയവരില്‍ പെടുന്നു. മൂന്നുവര്‍ഷമെങ്കിലും ഒരു വിഭാഗത്തില്‍ നിലനിര്‍ത്തണമെന്നാണ് മാനദണ്ഡം. മുന്നുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെപോലും സ്ഥലംമാറ്റി. അതേസമയം ഏഴ് വര്‍ഷമായി വിജിലന്‍സില്‍ ജോലി ചെയ്യുന്നവരെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണിത്.

ദേശാഭിമാനി 280711

2 comments:

  1. ആരോപണവിധേയനായ മുന്‍ എംഡിയെ കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക്സ് മേധാവിയായി നിയമിച്ചത് കീഴ്വഴക്കം ലംഘിച്ച്. നിലവിലുള്ള എംഡി ആനക്കൈ ബാലകൃഷ്ണനെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് തരംതാഴ്ത്തിയാണ് പുതിയ നിയമനം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എംഡിയായിരുന്ന എന്‍ ലക്ഷ്മണന്‍ നമ്പ്യാരെയാണ് വീണ്ടും ഇതേ തസ്തികയില്‍ നിയമിച്ചത്. നിയമനത്തിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെ കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. 22 വര്‍ഷമായി തൊഴില്‍സമരങ്ങളില്ലാത്ത ഈ സ്ഥാപനത്തിനുകീഴിലുള്ള മുഴുവന്‍ ഫാക്ടറികളിലും തിങ്കളാഴ്ച മുതല്‍ ആരും ജോലിക്ക് കയറിയില്ല. മുഴുവന്‍ സംഘടനാഭാരവാഹികളും ഒപ്പുവച്ച പരാതിയും വ്യവസായമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

    ReplyDelete
  2. ധനകാര്യ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ വിജയകരമായി നടപ്പാക്കിയ പൊന്നോണ, പ്രവാസി ബന്ധു ചിട്ടികള്‍ അട്ടിമറിക്കാന്‍ നീക്കം. കഴിഞ്ഞ അഞ്ചു വര്‍ഷവും സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ച പദ്ധതികളാണ് യുഡിഎഫ് ഭരണം ഉപേക്ഷിക്കുന്നത്. സ്വകാര്യ ചിട്ടിലോബിയെ സഹായിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി 380 ബ്രാഞ്ച് മാനേജര്‍മാരില്‍ 350 പേരെയും സ്ഥലം മാറ്റിയിരിക്കുകയാണ്. ചിട്ടികള്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായി നടന്‍ ശ്രീനിവാസനും മകനും ചേര്‍ന്നുള്ള പരസ്യം പുതിയ ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒഴിവാക്കി. മൊബൈല്‍ ഫോണിലെ കെഎസ്എഫ്ഇയെ വാഴ്ത്തുന്ന റിങ്ടോണും നിര്‍ത്തി. 2006ല്‍ സംസ്ഥാനത്തിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ആവിഷ്കരിച്ച ഗോള്‍ഡന്‍ ജൂബിലി ചിട്ടി വന്‍ വിജയമായിരുന്നു. ഇതേത്തുടര്‍ന്ന് 2006 മുതല്‍ പൊന്നോണച്ചിട്ടികളും പ്രവാസി ബന്ധു ചിട്ടികളും തുടങ്ങി. സുവര്‍ണ നാണയംമുതല്‍ കാര്‍വരെയുള്ള സമ്മാന പദ്ധതികളും ആകര്‍ഷകമായി. സ്വകാര്യ ചിട്ടികളുടെ ആസ്ഥാനമായ തൃശൂരിലടക്കം ഇവ വന്‍ വിജയമായിരുന്നു. കൂടുതല്‍ ജനകീയമാക്കുന്നതില്‍ നടന്‍ ശ്രീനിവാസനും മകന്‍ വിനീതും ചേര്‍ന്നുള്ള പരസ്യവും വലിയ പങ്ക് വഹിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. പുതിയ പൊന്നോണച്ചിട്ടികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഇതുവരെയും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല. പുതിയ ഭരണത്തില്‍ കെഎസ്എഫ്ഇക്ക് ഇതുവരെ ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡും വന്നിട്ടില്ല. മാനേജിങ് ഡയറക്ടര്‍ ഇന്‍ -ചാര്‍ജാണ് ഭരണം.

    ReplyDelete