Sunday, July 31, 2011

കരട് വ്യവസായനയം: സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍

യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുയര്‍ന്നു. ഘനധാതു ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് വ്യവസായവകുപ്പ് പ്രസിദ്ധീകരിച്ച കരട് നയം പറയുന്നു. എന്നാല്‍ ,മൂന്നുമന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് ചവറയില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലക്ക് അനുമതി നല്‍കിയതെന്ന് തെളിഞ്ഞു. സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവും കാര്യക്ഷമതയും യോഗ്യതയുമുള്ളവരെ നിയമിക്കാന്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ , കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടറായി മുസ്ലിംലീഗ് ജില്ലാസെക്രട്ടറിയെ നിയമിച്ചത് കരട് നയം പ്രസിദ്ധീകരിച്ച അതേ മന്ത്രിതന്നെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച യോഗ്യതയുള്ള ഉദ്യോഗസ്ഥനെ മാറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി രാഷ്ട്രീയ നിയമനമാക്കുകയായിരുന്നു. ഓട്ടോ കാസ്റ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ , കേരള ഓട്ടോ മൊബൈല്‍ എന്നീ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികളിലും യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയില്ലെന്ന് കരട് നയത്തില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റ ഉടന്‍ ഓട്ടോകാസ്റ്റിലെ ജീവനക്കാരുടെ ആനൂകല്യങ്ങള്‍ വെട്ടിക്കുറച്ചു. പുറമെ നിരുപദ്രവമെന്നു തോന്നുന്ന അപകടകരമായ നിര്‍ദേശങ്ങളും കരട് നയത്തില്‍ ഉണ്ട്. ഖനനമേഖലയില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന പരാമര്‍ശം അതുവഴി വിദേശനിക്ഷേപം ക്ഷണിച്ചുവരുത്താനാണെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പശ്ചാത്തലസൗകര്യ വികസനരംഗത്തടക്കം പൊതു സ്വകാര്യ സംരംഭങ്ങള്‍ക്കാണ് നയം പ്രാധാന്യം നല്‍കുന്നത്. ഡെവലപ്മെന്റ് ഏരിയകളും ഡെവലപ്മെന്റ് പ്ലോട്ടുകളും പൊതു സ്വകാര്യ സംരംഭ മാതൃകയില്‍ വ്യവസായ പാര്‍ക്കുകളാക്കുമെന്നും പ്രഖ്യാപനമുണ്ട്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തശേഷം അടിസ്ഥാന സൗകര്യവികസനം പിപിപി മാതൃകയില്‍ നടത്തുന്നത് ഭൂമി സ്വകാര്യമേഖലയുടെ കൈയില്‍ എത്താന്‍ മാത്രമേ സഹായിക്കൂ.

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; പദ്ധതി നിര്‍ത്തിയെന്ന് കമ്പനി

കൊല്ലം: കെഎംഎംഎല്ലിന്റെ കരിമണല്‍ ഖനന സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് എം ചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചത്. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) കരിമണല്‍ ഖനനത്തിന് പാട്ടം ലഭിച്ച ഭൂമിയില്‍ ഖനനം നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കി രണ്ടു ദിവസത്തിനു ശേഷമായിരുന്നു ഈ മറുപടി.

ജൂലൈ 11ന് നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കരിമണല്‍ ഖനനം ആരംഭിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിയത്. തുറമുഖമന്ത്രി കെ ബാബു, തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ , കെഎംഎംഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ജെ ജോര്‍ജ് എന്നിവരും സംബന്ധിച്ചതായി യോഗത്തിന്റെ മിനിറ്റ്സ് സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയതെന്നും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിയതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികള്‍ വഴി കരിമണല്‍ ശേഖരിക്കുന്ന നടപടി നിര്‍ത്തിയതായും മന്ത്രി പറഞ്ഞു. കെഎംഎംഎല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 8000 ടണ്ണിന്റെ ഇല്‍മനൈറ്റാണ് വേണ്ടത്. സ്വകാര്യ വ്യക്തികളില്‍നിന്ന് 3800 ടണ്ണാണ് ലഭിച്ചത്. ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് വ്യക്തികളില്‍നിന്ന് കരിമണല്‍ ശേഖരിക്കേണ്ടെന്ന് തീരുമാനിച്ചത്. കോവില്‍തോട്ടം പാക്കേജ് ഭേദഗതിയോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

deshabhimani 310711

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ കരട് വ്യവസായനയത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുയര്‍ന്നു. ഘനധാതു ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് വ്യവസായവകുപ്പ് പ്രസിദ്ധീകരിച്ച കരട് നയം പറയുന്നു. എന്നാല്‍ ,മൂന്നുമന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് ചവറയില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലക്ക് അനുമതി നല്‍കിയതെന്ന് തെളിഞ്ഞു. സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവും കാര്യക്ഷമതയും യോഗ്യതയുമുള്ളവരെ നിയമിക്കാന്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.

    ReplyDelete