Friday, July 29, 2011

താമരപ്പൂ നാണിച്ചു....

അനിവാര്യമായ പതനം

ബംഗളൂരു: രാഷ്ട്രീയമൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിലകല്‍പ്പിക്കാത്ത യദ്യൂരപ്പ സര്‍ക്കാരിന്റെ അനിവാര്യമായ പതനത്തിനാണ് കര്‍ണാടകം സാക്ഷ്യം വഹിക്കുന്നത്. നിസ്സാരമായ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചടക്കിയ ബിജെപി ഓപ്പറേഷന്‍ കമലയിലൂടെയും അനധികൃതഖനനത്തിലൂടെയും സമ്പാദിച്ച കോടികളുടെ അഴിമതിപ്പണത്തിന്റെ തോത് പുറത്തുകൊണ്ടുവരുന്നതാണ് ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയെന്ന് അഹങ്കരിച്ച ബിജെപി ഭരണം നിലനിര്‍ത്താന്‍ ഏത് തെറ്റായ മാര്‍ഗവും സ്വീകരിക്കുമെന്ന് പലതവണ തെളിയിച്ചു. അഴിമതിക്കെതിരെ നിരന്തരം പ്രസംഗിച്ച ബിജെപി കേന്ദ്രനേതാക്കള്‍ പക്ഷേ സ്വന്തം മുഖ്യമന്ത്രിയുടെ അഴിമതി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഈ നിസ്സംഗതയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായി ലോകായുക്തയുടെ റിപ്പോര്‍ട്ട്.

യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചു. ഭരണം നിലനിര്‍ത്താനുള്ള കുത്സിത തന്ത്രംമുതല്‍ സ്കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കിയുള്ള എല്ലാ നടപടിയും സംഘപരിവാറിന്റെ ഗൂഢ അജന്‍ഡകളുടെ ഭാഗമായിരുന്നു. സര്‍ക്കാരിനെത്തന്നെ വിലയ്ക്കെടുക്കാവുന്ന തരത്തിലേക്ക് റെഡ്ഡിമാര്‍ വളര്‍ന്നത് അനധികൃതഖനനത്തിന്റെ പിന്‍ബലത്തിലാണ്. ക്രൈസ്തവ വേട്ട, ഭൂമി ക്രമക്കേട്, ലൈംഗികാപവാദം, ഗോവധ നിരോധനബില്‍ , ഹാസന്‍ -മൈസൂരു മെഡിക്കല്‍ സര്‍വകലാശാലാ നിയമന ക്രമക്കേട്, ആഗോള നിക്ഷേപസംഗമത്തിലെ ധൂര്‍ത്ത് എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങളാണ് യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പതന്നെ തന്റെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കാന്‍ ഇടപെട്ടതും.

മൂന്നുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്ന യദ്യൂരപ്പ സര്‍ക്കാരിന് നാലു തവണയാണ് സ്വന്തം പാളയത്തില്‍നിന്നുള്ള പട നേരിടേണ്ടിവന്നത്. മൂന്നുതവണയും ഓപ്പറേഷന്‍ കമലയും കുതിരക്കച്ചവടവും നടത്തി അധികാരത്തില്‍ പിടിച്ചുതൂങ്ങിയ സര്‍ക്കാരിന് ഒടുവില്‍ കാലിടറി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയാകെ പരിഹസിക്കുന്നതായിരുന്നു. ശബ്ദവോട്ടെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ യെദ്യൂരപ്പയുടെയും കൂട്ടരുടെയും നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിനുശേഷം അഞ്ച് സ്വതന്ത്രര്‍ അടക്കം 16 വിമത എംഎല്‍എമാരുടെ അംഗത്വം സുപ്രീംകോടതി ശരിവച്ചതോടെ വീണ്ടും വിശ്വാസവോട്ട് പ്രഹസനം നടത്തി അധികാരം ഉറപ്പിച്ചു. സര്‍ക്കാരിന്റെ നീക്കത്തില്‍ അസംതൃപ്തനായ ഗവര്‍ണര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. ഏറ്റവുമൊടുവിലാണ് ഖനന അഴിമതിയില്‍ കുരുങ്ങിയത്.

വന്നത് അഴിമതിവിരുദ്ധനായി; മടക്കം ചെളിക്കുണ്ടില്‍ മുങ്ങി

ബംഗളൂരു: അഴിമതിക്കും കുതികാല്‍വെട്ടിനും എതിരെയുള്ള പോരാട്ടത്തിലൂടെയാണ് ബി എസ് യെദ്യൂരപ്പ കര്‍ണാടക രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. എന്നാല്‍ , തെക്കേ ഇന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച മുഖ്യമന്ത്രി പടിയിറങ്ങുന്നത് കോടികളുടെ അഴിമതിയില്‍ കുടുങ്ങി. ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കോടികളുടെ സ്വത്തും ഭൂമിയും തരപ്പെടുത്താനുള്ള തത്രപ്പാടും അധികാരം നിലനിര്‍ത്താന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും ഒടുവില്‍ യെദ്യൂരപ്പയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നു. എന്നും ആര്‍എസ്എസിന്റെ ശബ്ദമായിരുന്ന യെദ്യൂരപ്പയ്ക്കെതിരെ തെളിവു സഹിതം അഴിമതി പുറത്തുവന്നപ്പോള്‍ തള്ളാനും കൊള്ളാനും കഴിയാതെ ത്രിശങ്കുവിലായ ആര്‍എസ്എസ് ഒടുവില്‍ ഗത്യന്തരമില്ലാതെ കൈയൊഴിഞ്ഞു.

മാണ്ഡ്യജില്ലയിലെ സിദ്ധലിംഗപ്പ-പുട്ടതായമ്മ ദമ്പതികളുടെ മകനായ ബുക്കനെക്കെരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന ബി എസ് യെദ്യൂരപ്പ 1943 ഫെബ്രുവരി 27നാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം ശിവമോഗയിലേക്ക് (ഷിമോഗ) മാറിയ യെദ്യൂരപ്പ ബിഎ പഠനത്തിനുശേഷം മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ വീരഭദ്രശാസ്ത്രിയുടെ അനുയായിയായി. അദ്ദേഹത്തിന്റെ അരിമില്ലില്‍ ക്ലര്‍ക്കായി ജോലിചെയ്തുകൊണ്ടിരിക്കെ സാമൂഹ്യക്ഷേമവകുപ്പില്‍ ഫസ്റ്റ്ഗ്രേഡ് ക്ലര്‍ക്കായി. മൂന്നുവര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിനുശേഷം ജോലി ഉപേക്ഷിച്ച് ശിവമോഗയില്‍ സ്വന്തമായി ഹാര്‍ഡ്വെയര്‍ കട തുടങ്ങി. ഈ സമയത്താണ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായത്. പ്രതിപക്ഷ പാര്‍ടിയിലെയും സ്വന്തം പാര്‍ടിയിലെയും അഴിമതിക്കെതിരെ പരസ്യമായി പ്രതികരിച്ചതിന് മൂന്നു തവണ നേതൃത്വത്തിന്റെ ശാസന ഏറ്റുവാങ്ങേണ്ടിവന്നു. അടിയന്തരാവസ്ഥയില്‍ ബല്ലാരി, ശിവമോഗ ജയിലുകളില്‍ കഴിഞ്ഞ യെദ്യൂരപ്പ പുറത്തുവന്നശേഷവും ജനസംഘത്തിന്റെ അഴിമതിവിരുദ്ധ പ്രചാരകനായാണ് അറിയപ്പെട്ടത്.

1975ല്‍ ശിക്കാരിപുര ടൗണ്‍ മുനിസിപ്പാലിറ്റി ബിജെപി പ്രസിഡന്റായ യെദ്യൂരപ്പ മൂന്നുവര്‍ഷം ആര്‍എസ്എസിന്റെ പ്രമുഖ്, സംഘചാലക് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1985ല്‍ ബിജെപി ശിവമോഗ ജില്ലാപ്രസിഡന്റും പിന്നീട് 88 മുതല്‍ 99 വരെ സംസ്ഥാന പ്രസിഡന്റുമായി. 99ല്‍ പ്രതിപക്ഷനേതാവായ അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മാസങ്ങളോളം നീണ്ട പ്രചാരണം നടത്തി. 2007ലെ ജെഡിഎസുമായുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. 2008 മെയ് 30ന് കര്‍ണാടകത്തിന്റെ 25-ാമത്തെ മുഖ്യമന്ത്രിയും തെക്കേ ഇന്ത്യയിലെ ആദ്യ ബിജെപിമുഖ്യമന്ത്രിയുമായ യെദ്യൂരപ്പയ്ക്ക് പിന്നീട് സ്വന്തം പാര്‍ടിയിലെ വിമതനീക്കങ്ങള്‍ നിലയ്ക്കാത്ത തലവേദനയായി. ഭൂമികുംഭകോണത്തില്‍ യെദ്യൂരപ്പയ്ക്കെതിരെയുള്ള വിചാരണ നടപടി പുനരാരംഭിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇരട്ട പ്രഹരം ഏല്‍ക്കേണ്ടിവന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും കോടികളുടെ ഭൂമി സ്വന്തമാക്കാന്‍ വഴിവിട്ട് പ്രവര്‍ത്തിച്ച ഈ നേതാവിന്റെ രാഷ്ട്രീയഭാവിയും ഇതോടെ അസ്തമിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.
(പി വി മനോജ്കുമാര്‍)

ഖനിസമ്പത്ത് ഉപയോഗിച്ചത് സ്വന്തം കീശ വീര്‍പ്പിക്കാന്‍

ബംഗളൂരു: ഖനികളാല്‍ സമ്പന്നമായ ബല്ലാരിയെ സ്വന്തം കീശ നിറയ്ക്കാനുള്ള മാര്‍ഗമായി യദ്യൂരപ്പയും കൂട്ടരും കണ്ടതാണ് കര്‍ണാടകത്തില്‍ ഇന്നത്തെ രാഷ്ട്രീയപ്രതിസന്ധിക്ക് വഴിവച്ചത്. അഴിമതിക്കാരെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നടപടി ലോകായുക്ത തുറന്നുകാട്ടിയതോടെയാണ് ശതകോടികളുടെ കുംഭകോണം പുറത്തായത്. ഇരുമ്പയിര്, മാംഗനീസ്, റെഡ് ഓക്സൈഡ്, ചെമ്പ്, സ്വര്‍ണം എന്നിവയുടെ വന്‍ നിക്ഷേപമാണ് ബല്ലാരി ജില്ലയിലുള്ളത്. സന്ദൂര്‍ , ഹൊസ്പേട്ട്, ബല്ലാരി, കുഡ്ഗി എന്നിവിടങ്ങളിലാണ് ഖനികളിലേറെയും പ്രവര്‍ത്തിക്കുന്നത്.

1969ല്‍ ഭൗമവകുപ്പ് നടത്തിയ സര്‍വേയില്‍ പത്ത് കോടി ടണ്‍ ഇരുമ്പയിര് ശേഖരമുള്ളതായി കണ്ടെത്തിയിരുന്നു. വനംവകുപ്പ് അളന്നുതിട്ടപ്പെടുത്തിയ അതിര്‍ത്തിരേഖകള്‍ തകര്‍ത്താണ് ഖനനമാഫിയ ഇത്രയേറെ ഭൂമി സ്വന്തമാക്കിയത്. അതിര്‍ത്തിരേഖ മായ്ച്ചത് വന്‍വിവാദത്തിന് വഴിവച്ചപ്പോള്‍ സര്‍വേ ഓഫ് ഇന്ത്യയും വനംവകുപ്പും സംയുക്തമായി വീണ്ടും സര്‍വേ നടത്തി. പടിഞ്ഞാറുഭാഗത്ത് 732 മീറ്ററും തെക്കുഭാഗത്ത് 287 മീറ്ററും വനം കൈയേറിയതായി കണ്ടെത്തി. 2009 ഏപ്രില്‍ 28ന് ആന്ധ്ര വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും അതിര്‍ത്തിരേഖ തകര്‍ത്ത് ഹെക്ടര്‍കണക്കിന് ഭൂമി കൈയേറിയതായി കണ്ടെത്തി. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയും ബല്ലാരി, സന്ദൂര്‍ മേഖലകളില്‍ വന്‍തോതില്‍ അനധികൃത ഖനനം നടക്കുന്നതായി കണ്ടെത്തിയിരുന്നു. അനധികൃതഖനനത്തിലൂടെ സംസ്ഥാനത്തിന് 23,000 കോടിയുടെ നഷ്ടമുണ്ടായെന്ന് കഴിഞ്ഞവര്‍ഷം നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ഇരുമ്പയിരിന് വിദേശരാജ്യങ്ങളില്‍ വിപണി കൂടിയതോടെയാണ് കര്‍ണാടകത്തില്‍ അനധികൃതഖനനം വ്യാപകമായത്. ഇതിന് നേതൃത്വം നല്‍കിയത് മന്ത്രിമാരായ റെഡ്ഡിസഹോദരങ്ങളും. 2007ല്‍ ബെല്ലെക്കരെ തുറമുഖംവഴി 63,09,754 ടണ്ണും കാര്‍വാര്‍ തുറമുഖംവഴി 19,68,036 ടണ്ണും ഇരുമ്പയിരാണ് കയറ്റി അയച്ചത്. 2008-09ല്‍ 13,20,756ഉം 23,52,716ഉം ടണ്‍ വീതവും 2009-10ല്‍ 65,01,805 ഉം 16,05,051 ഉം ടണ്‍ വീതവും ഇരുമ്പയിരും കയറ്റി അയച്ചെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു.

കേന്ദ്രനേതൃത്വത്തിന്റെ കടുത്ത നിലപാട് മുഖം രക്ഷിക്കാന്‍

ന്യൂഡല്‍ഹി: ഖനനഅഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് സ്ഥാനമൊഴിയാന്‍ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ഗത്യന്തരമില്ലാതെ. 2008 മെയില്‍ അധികാരത്തില്‍ വന്ന യെദ്യൂരപ്പ സ്വത്ത്വിവാദത്തെ തുടര്‍ന്നും വിമതശല്യത്തെ തുടര്‍ന്നും രണ്ടുപ്രാവശ്യം രാജിയുടെ വക്കിലെത്തിയിരുന്നു. എന്നാല്‍ , അന്ന് ദേശീയ നേതൃത്വം തന്നെയാണ് തുടരാന്‍ അനുവദിച്ചത്. അനധികൃത ഖനനത്തിനു കൂട്ടുനിന്നുവെന്ന് തെളിവുകള്‍ നിരത്തി ലോകായുക്ത സ്ഥാപിച്ചതിനാല്‍ ഇക്കുറി യെദ്യൂരപ്പയ്ക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കഴിഞ്ഞില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ബിജെപി മുന്‍പ്രസിഡന്റ് രാജ്നാഥ്സിംഗും അരുണ്‍ജയ്റ്റ്ലിയും വെള്ളിയാഴ്ച ബംഗളൂരുവിലെത്തും.

ബുധനാഴ്ച രാത്രി ദേശീയാധ്യക്ഷന്‍ നിതിന്‍ഗഡ്കരിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. യോഗത്തോടനുബന്ധിച്ച് യെദ്യൂരപ്പയെ ന്യൂഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സ്ഥാനമൊഴിയണമെന്ന കാര്യം നിതിന്‍ഗഡ്കരി തന്നെ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. യോഗം പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. നേതൃത്വം പറയുന്ന ഏതുതീരുമാനവും അംഗീകരിക്കുമെന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരിലേക്ക് തിരിച്ച യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയിലെ നിയമസഭാകക്ഷിനേതാവിനെ മാറ്റാനുള്ള തീരുമാനം യെദ്യൂരപ്പ അംഗീകരിച്ചുവെന്നും പുതിയ നേതാവിനെ വെളളിയാഴ്ച തെരഞ്ഞെടുക്കുമെന്നും ബിജെപി വക്താവ് രവിശങ്കര്‍പ്രസാദ് പറഞ്ഞു.

അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമവും ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തിയ യെദ്യൂരപ്പ നടത്തിയിരുന്നു. ഖനനവുമായി ബന്ധപ്പെട്ട ആരോപണം പുതിയതല്ലെന്ന് യെദ്യൂരപ്പ ദേശീയനേതാക്കളോട് പറഞ്ഞു. കോടതിയില്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ തന്നെ കേസുണ്ട്. അതിനാല്‍ സ്ഥാനമൊഴിയണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് യെദ്യൂരപ്പ വാദിച്ചു. എന്നാല്‍ , പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം നടക്കാന്‍ പോകുന്ന സമയത്ത് യെദ്യൂരപ്പ തുടരുന്നത് കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കെതിരായ ബിജെപിയുടെ നീക്കം ദുര്‍ബലപ്പെടുത്തുമെന്ന് നേതാക്കള്‍ യെദ്യൂരപ്പയോട് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാമെന്ന ബിജെപിയുടെ മോഹത്തിനാണ് യെദ്യൂരപ്പയുടെ പതനം തിരശീലയിടുന്നത്.
(ദിനേശ് വര്‍മ)

deshabhimani 290711

1 comment:

  1. രാഷ്ട്രീയമൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിലകല്‍പ്പിക്കാത്ത യദ്യൂരപ്പ സര്‍ക്കാരിന്റെ അനിവാര്യമായ പതനത്തിനാണ് കര്‍ണാടകം സാക്ഷ്യം വഹിക്കുന്നത്. നിസ്സാരമായ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചടക്കിയ ബിജെപി ഓപ്പറേഷന്‍ കമലയിലൂടെയും അനധികൃതഖനനത്തിലൂടെയും സമ്പാദിച്ച കോടികളുടെ അഴിമതിപ്പണത്തിന്റെ തോത് പുറത്തുകൊണ്ടുവരുന്നതാണ് ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയെന്ന് അഹങ്കരിച്ച ബിജെപി ഭരണം നിലനിര്‍ത്താന്‍ ഏത് തെറ്റായ മാര്‍ഗവും സ്വീകരിക്കുമെന്ന് പലതവണ തെളിയിച്ചു. അഴിമതിക്കെതിരെ നിരന്തരം പ്രസംഗിച്ച ബിജെപി കേന്ദ്രനേതാക്കള്‍ പക്ഷേ സ്വന്തം മുഖ്യമന്ത്രിയുടെ അഴിമതി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഈ നിസ്സംഗതയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായി ലോകായുക്തയുടെ റിപ്പോര്‍ട്ട്.

    ReplyDelete